Thursday, February 25

മുട്ടത്തു വർക്കിയുടെ രാത്രി ; കെ രാജേഷ് കുമാർ എഴുതുന്നു

കവണി

മുട്ടത്തു വർക്കിയുടെ രാത്രി

വിനു ഏബ്രഹാം മുട്ടത്തു വർക്കിയെക്കുറിച്ചെഴുതിയ ‘രാത്രികളുടെ രാത്രി ‘ എന്ന കഥയ്ക്ക് ചില പുതുമകളുണ്ട്. ജീവിച്ചിരിക്കുന്നവരും കടന്നുപോയവരുമായ സാഹിത്യകാരന്മാരെ കഥയ്ക്കും കവിതയ്ക്കും വിഷയമാക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല എന്നോർത്തു കൊണ്ടു തന്നെയാണ് ആദ്യവാചകം എഴുതിയത്.

വളരെ റിയലിസ്റ്റിക്കായി കഥ പറഞ്ഞുകൊണ്ട് മുട്ടത്തു വർക്കിയുടെ സാഹിത്യ ജീവിതത്തിലെ തിളക്കമുള്ള ഒരു ഏട് വിനു ഏബ്രഹാം തുറന്നു കാട്ടുന്നു. പൈങ്കിളി സാഹിത്യത്തിൻ്റെ തലതൊട്ടപ്പനായിരുന്ന വർക്കിയുടെ നോവലുകൾക്ക് ഒരു കാലത്ത് മധുര നാരങ്ങായേക്കാൾ പ്രിയമായിരുന്നു.

ഖസാക്കിലെ രവിയുടെ പക്കൽ ഉള്ള പുസ്തകങ്ങളുടെ കൂട്ടത്തിൽ മുട്ടത്തു വർക്കിയുമുണ്ടായിരുന്നല്ലോ. അതോർക്കുമ്പോൾ നിങ്ങൾക്കു ചിരി വരുന്നുണ്ടല്ലേ.
അങ്ങനെ ചിരിച്ചു തള്ളേണ്ട ഒന്നല്ല സാഹിത്യത്തിലെ പൈങ്കിളിക്കാലം. വർക്കിയുടെ പൈങ്കിളികൾ മലയാള സാഹിത്യ നഭസ്സിൽ പാറികളിക്കുന്ന കാലം ജനകീയ വായനയുടെ കാലം കൂടിയായിരുന്നു. നമ്മുടെ നാട്ടിൻ പുറങ്ങളിലെ വായനശാലകളായ വായനശാലകളിലെല്ലാം വർക്കിയുടെ നോവലുകളിരിക്കുന്ന അലമാരയുടെ മുന്നിലായിരുന്നു തിരക്ക്. തെരുതെരെ തുരുതുരെ നോവലുകൾ ഒന്നിനു പിറകേ ഒന്നായി വർക്കി എഴുതിക്കൊണ്ടിരുന്നു. നോവലുകളുടെ തലക്കെട്ടിടാൻ പോലും സമയമില്ലാത്ത വിധം. വാരികകളുടെ പത്രാധിപൻമാരായിരുന്നു പലപ്പോഴും തലക്കെട്ടുകൾ ഇട്ടിരുന്നത്.

മുട്ടത്തു വർക്കിക്കും, പിന്നാലെ വന്ന പൈങ്കിളി നോവലിസ്റ്റുകൾക്കും ആരാധകർ ഇഷ്ടം പോലെയുണ്ടായിരുന്നു. ആരാധകർക്കാവശ്യമുള്ള രീതിയിൽ പ്രണയവും വൈകാരിക സംഘർഷങ്ങളും കരച്ചിലും സെക്സും ചാലിച്ച് നോവലുകൾ പടച്ച മുട്ടത്തു വർക്കിയുടെ സാഹിത്യ ജീവിതത്തിലെ ഒരു അത്ഭുതമാണ് ഡോക്ടർ ഷിവാഗോയുടെ പരിഭാഷ.

1957 ലാണ് ബോറിസ് പാസ്റ്റർനാക്കിൻ്റെ ഡോക്ടർ ഷിവാഗോ എന്ന നോവൽ പുറത്തിറങ്ങുന്നത്. 58ൽ നോബൽ പ്രൈസ് ലഭിച്ചത് ഈ ക്ലാസിക് നോവലിനാണ്. 1960 ൽ മുട്ടത്തു വർക്കി ഡോക്ടർ ഷിവാഗോ മലയാളത്തിലേക്ക് മൊഴിമാറ്റി. ഒന്നാന്തരം പരിഭാഷയായിരുന്നു അത്. പൈങ്കിളികളുടെ തമ്പുരാനിൽ നിന്നൊരിക്കലും ഇത്തരമൊരു വർക്ക് ആരും പ്രതീക്ഷിക്കയില്ല.

ഡോക്ടർ ഷിവാഗോ പരിഭാഷപ്പെടുത്താൻ മുട്ടത്തു വർക്കി നിയോഗിക്കപ്പെട്ടതിൻ്റെ കഥയാണ് വിനു ഏബ്രഹാം പറയുന്നത്. അക്കാലത്തെ കേരള രാഷ്ട്രീയവുമായി ഒരു കെട്ടുപിണച്ചിൽ അതിനു പിന്നിലുണ്ട്.കഥയുടെ അധികമാനം അവിടെയാണ് കിടക്കുന്നത്. വിമോചന സമരത്തിൻ്റെ ഭാഗമായി വർക്കി നാടകം എഴുതിയിരുന്നു. അത് കളിക്കുകയും ചെയ്തിരുന്നു. ഡോക്ടർ ഷിവാഗോയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ അപഭ്രംശങ്ങൾ തുറന്നു കാട്ടുന്നുണ്ട് എന്ന് വിമോചന സമരം നയിച്ച സഭ കേട്ടിരുന്നു.

അങ്ങനെയെങ്കിൽ ഈ നോവൽ ഉടനെ മൊഴി മാറ്റിയാൽ അത് ഇ. എം. എസ് സർക്കാരിനെ അടിക്കാൻ ഒരു വടിയാകുന്നെങ്കിൽ ആകട്ടെ എന്ന ലക്ഷ്യത്തിലാണ് എഡിറ്ററച്ചൻ മുട്ടത്തു വർക്കിയെ പരിഭാഷകനായി നിശ്ചയിച്ചതത്രേ.
വർക്കി ആ നിയോഗം ഏറ്റെടുത്തു. എന്നാൽ മൊഴി മാറ്റത്തിനു തുനിഞ്ഞപ്പോഴാണ് നോവലിൻ്റെ ഔന്നത്യവും ആഴവും വർക്കിക്ക് ബോധ്യമായത്.
തുടർന്ന് എഴുത്തുകാരൻ അനുഭവിക്കുന്ന അന്തർസംഘർഷങ്ങളെ രേഖപ്പെടുത്തുകയാണ് കഥാകൃത്ത്. നേർരേഖയിൽ അതു പറഞ്ഞു തീർക്കുന്നു. ഒരു സൗഹൃദ സദസ്സിലിരുന്ന് കഥ പറയുന്നതുപോലെ.

Read Also   കാടിന് ഞാൻ കവിയുടെ പേരിടും

സൗഹൃദക്കൂട്ടായ്മയിലിരുന്നുള്ള കഥ പറയലിൻ്റെ ആർജ്ജവവും ജീവനും പ്രസരിപ്പുമാണ് ഈ കഥയുടെ ഉണർവ്വ്. നഷ്ടനായികയുടെ കഥ പറഞ്ഞ വിനു ഏബ്രഹാം നഷ്ടമൊഴിമാറ്റത്തിൻ്റെ കഥ പറയുകയാണ് ഇവിടെ .
അർഹിക്കുന്ന അംഗീകാരം ഈ മൊഴി മാറ്റത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇടപ്പള്ളി കരുണാകരമേനോനും എൻ.കെ.ദാമോദരനും ചെയ്തതുപോലെ മഹത്തായ ഒരു സാഹിത്യ പ്രവർത്തനമാണ് ഡോക്ടർ ഷിവാഗോയുടെ പരിഭാഷ വഴി മുട്ടത്തു വർക്കി ചെയ്തത്.

എന്നാൽ വർക്കി അവഗണിക്കപ്പെട്ടു. ഈ കഥയിലൂടെ വർക്കിയുടെ മൊഴിമാറ്റത്തെ വീണ്ടെടുക്കുന്നു. പ്രതിഷ്ഠിക്കുന്നു.
വർക്കിയുടെ ഉള്ളിലെ കവി ഈ പരിഭാഷയെ എങ്ങനെ മിഴിവുറ്റതാക്കാൻ സഹായിച്ചു എന്നതുൾപ്പടെ നിരവധി കാര്യങ്ങൾ ഉദാഹരണ സഹിതം കഥയിൽ പരാമർശിക്കപ്പെടുന്നുണ്ട്. കഥയുടെ ഘടനയ്ക്ക് കോട്ടം തട്ടാതെ തന്നെ. രസം പിടിച്ച് വായിച്ചു പോകാവുന്ന ഈ കഥയ്ക്ക് ഒരു വശ്യതയുണ്ട് എന്ന് ആവർത്തിക്കട്ടെ.

ഭഗവദ്ഗീത, പ്രിൻസ് തിരുവങ്കുളം, റിൽക്കെ, മുട്ടത്തു വർക്കി, ബോദ്ലേർ എന്നീ പുസ്തകങ്ങളാണല്ലോ ഖസാക്ക് രവിയുടെ കൈയിലുണ്ടായിരുന്നത്. ഈ പുസ്തകങ്ങളിൽ പ്രകടമാവുന്ന ഭിന്നസ്വരം ഇതിഹാസത്തിൻ്റെ ബഹുരൂപത്തിൻ്റെ മുന്നോടിയാണ് എന്ന് വി.സി. ശ്രീജൻ എഴുതിയിട്ടുണ്ട്. ഇതിഹാസത്തിനു വ്യത്യസ്തമായ

അർത്ഥങ്ങൾ വായനക്കാർ അന്നും ഇന്നും എന്നും ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുകയാണല്ലോ. മുട്ടത്തു വർക്കിയുടെ ഡോക്ടർ ഷിവാഗോയുടെ പരിഭാഷയാണ് രവിയുടെ പക്കൽ എന്ന് ഒരു വായനക്കാരനും ഇതുവരെ കരുതിയിട്ടുണ്ടാകില്ല. വിജയനും ആ പരിഭാഷ ഗൗനിച്ചിട്ടുണ്ടാകില്ല. പ്രിൻസ് തിരുവാങ്കുളത്തിൻ്റെ പിന്നാലെ വരുന്നത് മുട്ടത്തു വർക്കിയുടെ പൈങ്കിളി തന്നെയാണ്.

വർക്കി എഴുതിയ എണ്ണിയാൽ തീരാത്ത പൈങ്കിളി നോവലുകൾക്കിടയിൽപ്പെട്ട് ‘ഡോക്ടർ ഷിവാഗോ ‘യുടെ പരിഭാഷ മുങ്ങിപ്പോയി. മുട്ടത്തു വർക്കി എന്ന പൈങ്കിളിയുടെ അപ്പച്ചൻ പരിഭാഷയുടെ അപ്പച്ചനും കൂടിയായിരുന്നു എന്നത് ആരും കണ്ടില്ല. അത് കാണിച്ചു തന്ന് ഓർമ്മപ്പെടുത്താൻ ഈ പരിഭാഷയുടെ വജ്രജൂബിലിക്കാലത്തിറങ്ങിയ ഒരു ചെറുകഥയ്ക്കു സാധിച്ചു. അത് ഒരു ചെറിയ കാര്യമല്ല. നമ്മുടെ കമ്മ്യൂണിസ്റ്റ് നിരൂപകർ ഒരുപാടു കാലം ഖസാക്കിനെയും ഒരു പൈങ്കിളിയായാണ് കണ്ടിരുന്നത് എന്നത് ഒരു അധിക വാചകമായി ഇവിടെ കിടക്കട്ടെ.

Spread the love