Wednesday, January 19

എം. വി. ദേവൻ നിഷേധിയുടെ കാതൽ; സി. ടി. തങ്കച്ചന്‍ എഴുതുന്നു

ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ തുടക്കത്തിലാണ് ഞങ്ങൾ മൂന്നാലു യുവാക്കൾ എണാകുളം കാരിക്കാ മുറിയിലുള്ള കേരള കലാപീഠത്തിൽ എത്തുന്നത്. അന്ന് എണാകുളം മഹരാജാസ് കോളേജിൽ ഈവിനിങ്ങ് ക്ലാസിൽ പഠിക്കുന്ന ഇന്നത്തെ സിനിമ പി.ആർ .ഒ .എ, എസ് ദിനേശനാണ് ഞങ്ങളെ ആദ്യമായി കലാപീഠത്തിലേക്ക് നയിക്കുന്നത്. അതു വരെ അങ്ങനെയൊരു സ്ഥാപനത്തെക്കുറിച്ച് ഞാൻ കേട്ടിരുന്നില്ല. ആദ്യമായി ദിനേശനൊപ്പം കലാപീഠത്തിലെത്തുമ്പോൾ അവിടെ ബദാംമരച്ചോട്ടിൽ ഒരു ബുൾഗാൻ താടിയിരിപ്പുണ്ട്. അദ്ദേഹത്തിന്റെ കൈയ്യിലെ ഒരു വലിയ പുകവലിപൈപ്പാണ് എന്നെ ആകർഷിച്ചത്. സംഘ ഗാനം എന്ന സിനിമയിൽ രാമു കാര്യാട്ട് വലിക്കുന്ന പൈപ്പ്.

തന്റെ സഞ്ചിയിൽ നിന്ന് ഒരു ടുബാക്കോയുടെ നീണ്ട കവറെടുത്ത് അതിനിന്ന് സുക്കയെടുത്ത് പൈപ്പിൽ നിറക്കുന്ന രൂപത്തിലേക്കാണ് ആദ്യം ആ മനുഷ്യൻ എന്റെ കണ്ണുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഗൗരവക്കാരനായ മുട്ടാളനാണ് എന്റെ മുന്നിലിരിക്കുന്നത് എന്നെനിക്കു തോന്നി.

പൈപ്പ് കടിച്ചു പിടിച്ച് പൂകയൂതി വിടുന്ന കാഴ്ച്ച കൗതുകത്തോടും ഭയത്തോടുമാണ് ഞാൻ നോക്കി നിന്നത്.

ദിനേശൻ എന്റെ ചെവിയിൽ പറഞ്ഞു. ഇതാണ് എം.വി.ദേവൻ
അപ്പോഴാണ് എനിക്ക് അദ്ദേഹത്തെ പിടി കിട്ടിയത്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കഥകൾക്കും നോവലുകൾക്കും വരച്ചിരുന്ന എം.വി.ദേവൻ.
കുറച്ചു കഴിഞ്ഞ് കലാപീഠത്തിനകത്ത് ഒരു പരിപാടി നടക്കുകയാണ് .. “കഥ വായനയും വിമർശനവും “

ഞങ്ങൾ പതുക്കെ അകത്തേക്ക് കയറി അകത്ത് മഹാരാജാസ് കോളേജിലെ പ്രൊഫസർ എം കെ. സാനുമാഷും കഥാകൃത്ത് ടി. പത്മനാഭനുമിരിക്കുന്നുണ്ട്. സാനുമാഷാണ് ആദ്യം സംസാരിച്ചത്. കാഫ്ക യുടെ ഔട്ട്സൈഡർ എന്ന കഥയെക്കുറിച്ചും പിന്നെ ടി പദ്മനാഭന്റെ കഥയെക്കുറിച്ചുമൊക്കെ സംസാരിച്ചതിനു ശേഷം വിജയലക്ഷ്മിയെന്ന പെൺകുട്ടിയെ കഥ വായിക്കാൻ ക്ഷണിച്ചു. ” റുപ്പീസ് തേട്ടി വൈഫ് സാരികൾക്കിടയിൽ ” എന്ന കഥയാണ് വിജയലക്ഷ്മിയെന്ന സുന്ദരിപ്പെൺകുട്ടി വായിച്ചത്, അന്ന് വിജയലക്ഷ്മി കവയത്രിയായി അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല.

പിന്നെ ജോർജ്ജ് ജോസഫ് കെ. എന്ന യുവാവ് ” ചരിത്രം ” എന്ന കഥ വായിച്ചു. പി.എഫ് മാത്യൂസ് എന്ന സുമുഖനായ ഒരു യുവാവും അന്ന് കഥ വായിക്കാനുണ്ടായിരുന്നു കഥകളെക്കുറിച്ച് സാനുമാഷും ടി.പദ്മനാഭനുമാണ് സംസാരിച്ചത്. പദ്മനാഭൻ പി.എഫ് മാത്യൂസിന്റെ കഥയെക്കുറിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തിന് പി.എഫ്.മാത്യൂസിന്റെ കഥയാണ് ഇഷ്ടമായത്. ഇടയ്ക്ക് ഓഡിയൻസായി എത്തിയ ഞങ്ങൾക്ക് കലാധരൻ എന്ന ചിത്രകാരന്റെ നേതൃത്വത്തിൽ ചായയും വടയും തന്നു. വൈകുന്നേരം മൂന്നര മണിക്ക് പള്ളുരുത്തിയിൽ നിന്ന് 11 കിലോമീറ്റർ നടന്നാണ് ഞാനും ദിനേശനും സേവ്യർ ജെ.യും ജെ.പി. എന്നു വിളിക്കുന്ന ജയപ്രകാശും കൂടി
എറണാകുളത്ത് കാലാപീഠത്തിൽ എത്തിയത് അതുകൊണ്ടുതന്നെ നല്ല വിശപ്പും ദാഹവുമുണ്ടായിരുന്നു.

അവിടെ വായിച്ച കഥകളെക്കാൾ അന്ന് എനിക്കാസ്വാദ്യമായത് ചൂടൻ വടയും ചായയുമായിരുന്നു. കഥയെക്കുറിച്ചുള്ള ചർച്ച നടക്കുന്നതിനിടയിലും എന്റെ നോട്ടം വടയിലായിരുന്നു. ഞാൻ പതുക്കെ അവിടെ നിന്ന് എഴുന്നേറ്റ് ട്രേയുടെ സമീപമെത്തി ഒരു വട കൂടി എടുത്തു. അൽഭുതം ആരും ശ്രദ്ധിക്കുന്നില്ല എല്ലാവരും ടി.പദ്മനാഭന്റെ വാഗ്ധോരണിയിൽ മുഴുകിയിരിക്കുകയാണ്. അത് കഴിഞ്ഞ് ഒരു വട കൂടി തിന്നാണ് ഞാൻ വീണ്ടും തന്റെ സീറ്റിലെത്തിയത്.ആ പരിപാടി കഴിയുന്നതിനു മുൻപ് ഒരറിയിപ്പു വന്നു. നാളെ ഒരു ചിത്ര പ്രദർശനം ആരംഭിക്കുകയാണ് അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുന്നത്. ദേവൻ മാഷും പങ്കെടുക്കും. ഞങ്ങൾ സന്ധ്യയോടെ പള്ളുരുത്തിയിലേക്ക് തിരിച്ചു പോന്നു. അതൊരു തുടക്കമായിരുന്നു. എന്റെ ജീവിതത്തിന്റെ വായനയുടെയെല്ലാം ഗതി മാറ്റി വിട്ടത് കലാപീഠത്തിലെ ആ സാഹിത്യ സന്ധ്യയായിരുന്നു.

പിറ്റേന്ന് ഞാൻ ഒറ്റക്ക് തോപ്പുംപടിയിൽ നിന്ന് ബസ് പിടിച്ച് സൗത്തിലിറങ്ങി കലാപീഠത്തിലെത്തി. പിന്നീട് ഞാൻ കലാപീഠത്തിന്റെ ഭാഗമാവുകയായിരുന്നു.പുതിയ കൂട്ടുകാർ പുതിയ ആശയങ്ങൾ. പുതിയ കാഴ്ച്ചകൾ. അങ്ങനെയാണ് ഞാൻ ഒരു പുതിയ മനുഷ്യനായത്.

പറഞ്ഞു വന്നത് ദേവൻ മാഷിനെ കുറിച്ചായിരുന്നു. ദേവൻ മാഷിന്റെ പ്രഭാഷണങ്ങളിലൂടെയാണ് ഞാൻ ചിത്രകലയുമായ് കൂടുതലടുത്തത് മാഷിന്റെ പ്രസംഗത്തിനിടയിൽ ഉയർന്നു വരുന്ന ചില പേരുകളുണ്ടായിരുന്നു. സെസ്സാൻ, റന്വാർ, ഗൊഗെൻ, റംബ്രാന്റ്, മാനേ, മത്തീസ്, പോൾക്ലീ,മോൺഡ്രിയാൻ, ബ്രാക്, ദാലി, കെ.സി.എസ് പണിക്കർ. ജാമിനിറോയ്, അബിനീന്ദ്രനാഥ ടാഗോർ രാം കിങ്കർ ഡി.പി.റോയ് ചൗധരി ഈ പട്ടിക ഇങ്ങനെ നീളും, പുതിയ പുസ്തകങ്ങൾ വായിക്കാനും കൂടുതൽ അറിയാനും അറിഞ്ഞതിനെ ചോദ്യം ചെയ്യാനമുള്ള കരുത്തും ആവേശവും നിറച്ചു തന്നത് കലാപീഠത്തിലെ നിറഞ്ഞ സാഹിത്യ സന്ധ്യകളായിരുന്നു. കലാപീഠത്തിന്റെ നെടും തൂണായിരുന്നു. ദേവൻ മാഷ്. പതുക്കെപ്പതുക്കെയാണ് ദേവൻ മാഷുമായുള്ള അകലം നേർത്തുനേർത്ത് ഇല്ലാതെയായത്.സ്വന്തം മക്കളോടെന്നതു പോലെയാണ് മാഷ് ഞങ്ങളോട് സംസാരിച്ചിരുന്നത്. അന്നവിടെയുണ്ടായിരുന്ന കെ.ആർ സത്യനോടും ചിക്കുവിനോടും ജോർജ്ജിനോടും ഹരിദാസ് കക്കാടിനോടും പുത്ര നിർവിശേഷമായ വാൽസല്യത്തോടെയാണ് മാഷ് ഇടപെട്ടിരുന്നത്.

Read Also  ജീവിതം ആഘോഷമാക്കി മാറ്റിയ മനുഷ്യസ്നേഹി ; കാക്കനാടനെക്കുറിച്ച് സി ടി തങ്കച്ചന്‍

         രാം കിങ്കർ                    കെ.സി.എസ് പണിക്കർ       ജാമിനിറോയ്

ഇന്ന് കേരളത്തിലെ മികച്ച കാരിക്കേച്ചറിസ്റ്റും ചിത്രകാരനുമായ വി.കെ.ശങ്കരനെ മലപ്പുറത്തെ ഒരു കുഗ്രാമത്തിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവരുന്നതിന് മുൻകൈ എടുത്തതും ദേവൻ മാഷായിരുന്നു. ഒരു ദിവസം താൻ വരച്ച ചിത്രങ്ങളുമായ് ശങ്കരൻ കോഴിക്കോട്ടുള്ള നമ്പൂതിരിയെക്കാണാനെത്തി. ശങ്കരന്റെ ചിത്രങ്ങൾ കണ്ട നമ്പൂതിരി വല്ലാതെ സന്തോഷത്തിലായി. ശങ്കരന് ചിത്രമെഴുത്തിൽ വലിയ ഭാവിയുണ്ടെന്നു കണ്ടെത്തിയ നമ്പൂതിരി വിവരം ദേവനെ അറിയിക്കുകയായിരുന്നു. ഒപ്പം ശങ്കരൻ വരച്ച എം മുകുന്ദന്റെ കാരിക്കേച്ചറും. ശങ്കരൻ എറണാകുളത്തേക്ക് വരട്ടെയെന്ന് ദേവൻ നമ്പൂതിരിയോട് പറഞ്ഞു.

      അബിനീന്ദ്രനാഥ ടാഗോർ                 ഡി.പി.റോയ് ചൗധരി 

ഒരു ദിവസം ഒരാവാർഡു സ്വീകരിക്കാൻ കോഴിക്കോട്ടെത്തിയ ദേവനെക്കാണാൻ ശങ്കരൻ എത്തി. ശങ്കരന്റെ ചിത്രങ്ങൾ ദേവനും നന്നായി ബോധിച്ചിരുന്നു. എണാകുളത്തു വന്നാൽ നന്നായിരുന്നുവെന്ന് ദേവൻ ശങ്കരനെ അറിയിച്ചു. അവിടെ കേരള കലാപീഠത്താൽ നിൽക്കാം ചിത്രകലയിൽ പരിശീലനം നേടാൻ അവിടെ നടക്കുന്ന സാഹിത്യ സാംസ്കാരിക പരിപാടിയിലും സംബന്ധിക്കാം, എറണാകുളത്തെത്താൻ ശങ്കരനും സമ്മതം. വഴിച്ചെലവിനായ് ദേവൻ ഇരുന്നൂറു രൂപ ശങ്കരനു നൽകി.? അങ്ങനെയാണ് വി.കെ ശങ്കരൻ എറണാകുളത്തെത്തുന്നത്. ശങ്കരന് മാസം ചെലവാനായി ദേവൻ മാഷ് നൂറു രൂപ നൽകും സ്റ്റൈപെന്റ് എന്ന നിലയിൽ 150 രൂപ കലാപീഠവും നൽകും.’ 1985 ൽ 250 രുപ കൊണ്ട് സുഖമായി ജീവിക്കാം ഒന്നര രൂപയാണ് അന്ന് ഊണിന്. കലാപീഠം ശങ്കരന്റെ മുന്നിൽ പുതിയൊരു ലോകമാണ് തുറന്നിട്ടത്. ഞാൻ ശങ്കരനുമായി ചങ്ങാത്തത്തിലാവുന്നതും കലാപീഠത്തിൽ വെച്ചാണ്. അങ്ങനെ മറ്റു പലരുടേയും എന്നതുപോലെ ശങ്കരന്റെ ജീവിതത്തിലും കലാപീഠം ഒരു ടേണിങ്ങ് പോയിന്റായിരുന്നു. അതിന്നു നിമിത്തമായത് എം.വി ദേവൻ എന്ന വലിയ മനുഷ്യന്റെ സ്നേഹമായിരുന്നു.

പക്ഷെ പിന്നിട് ഓർക്കാൻ ഇഷ്ടപ്പെടാത്ത ദുരനുഭവങ്ങളും കലാപീഠം ശങ്കരന് സമ്മാനിച്ചിട്ടുണ്ട്. അതൊക്കെ അപ്രിയ സത്യങ്ങളായി വിട്ടുകളയുകയാണ്,

സത്യത്തിൽ ദേവൻ മാഷ് കേരളം കണ്ട വലിയ നിഷേധികളിലൊരാളായിരുന്നു. ചിത്രകാരൻ പ്രഭാഷകൻ സംഘാടകൻ എന്നീ നിലകളിൽ പകരം വെക്കാൻ ഇല്ലാത്ത നിഷേധി.

മഠത്തിൽ വാസുദേവൻ എന്ന എം.വി.ദേവൻ സർഗ്ഗപരതയുടെ കാതലുള്ള ഒരു കമ്മാളന്റെ നട്ടെല്ല് ,മരണം വരെ വളക്കാതെ ജീവിച്ച കലാകാരനായിരുന്നു.
സ്വന്തം ജീവിത വീക്ഷണത്തിലും കലാസങ്കൽപ്പങ്ങളിലും അടിയുറച്ച് നിന്ന് പ്രവർത്തിച്ച ദേവൻ 1928ൽ ജനുവരി 15ന് തലശ്ശേരിക്കടുത്ത പന്ന്യന്നൂരിചൊക്ലി എന്ന കൊച്ചുഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ മoത്തിൽ ഗോവിന്ദൻ ഗുരുക്കം. അമ്മ മല്ലോളി മാധവിയമ്മ.

         ‘കെ.സി.എസ് പണിക്കർ’ – ദേവന്‍റെ രചന  

സ്ക്കുൾ ഫൈനൽ കഴിഞ്ഞ് മദിരാശി സ്ക്കുൾ ഓഫ് ആർട്സ് ആന്റ് ക്രാഫ്റ്റ്സിൽ ഡി.പി.റോയ് ചൗധരിയുടേയും.കെ.സി.എസ് പണിക്കരുടേയും കീഴിൽ ചിത്രകലാ പരിശീലനം. മദിരാശി ജീവിതകാലത്ത് കവി.എം.ഗോവിന്ദനുമായുള്ള സൗഹൃദം ദേവന്റെ സാഹിത്യ ജീവിതത്തിലേക്കുള്ള വഴി തുറക്കലായി.ഗോവിന്ദന്റെ ഹാരിസൻ റോഡിലുള്ള സായാഹ്ന സാഹിത്യ ചർച്ചകളിൽ ദേവനും സജീവ സാന്നിദ്ധ്യമായി.ആ കാലം മുതൽ ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങി.അയ്യപ്പപ്പണിക്കരുടെ തെരെഞ്ഞെടുത്ത കവിതകൾക്ക് അവതാരിക എഴുതിയതോടെയാണ് ചിത്രകാരനായ ദേവനെ സാഹിത്യലോകവും ശ്രദ്ധിച്ചു തുടങ്ങിയത്.

മദിരാശിലെ ചിത്രകലാപഠനത്തിനു ശേഷം കോഴിക്കോട്ടെത്തി മാതൃഭൂമിയിൽ ചേർന്നു. ഉറൂബിന്റെയും ബഷീറിന്റെയും തകഴിയുടേയും കഥാപാത്രങ്ങൾ ദേവന്റെ രേഖാചിത്രങ്ങളിലൂടെ പുനർജ്ജനിച്ചു.

മാതൃഭൂമി വിട്ട ശേഷം കലാ രസികനായിരുന്ന എം.കെ.കെ.നായരുമായുള്ള ബന്ധമാണ് ദേവനെ കൊച്ചിയിലെത്തിച്ചത്. ഫാക്ടിൽ ആർട്ട് കൺസൾട്ടന്റായി ദേവൻ നിയമിക്കപ്പെട്ടു.ടി.പദ്മനാഭനും ഫാക്ടിലെ ജീവനക്കാരനായി കൊച്ചിയിലെത്തി.

Read Also  സി. എൻ കരുണാകരൻ കൃഷ്ണഭക്തനായ കമ്മ്യൂണിസ്റ്റ് ; സി.ടി.തങ്കച്ചൻ

ഇക്കാലത്താണ് ഗോവിന്ദന്റെയും നാടകകൃത്ത് സി എൻ ശ്രീകണ്ഠൻ നായരുടേയും എം.കെ.കെ.നായരുടേയും നേതൃത്വത്തിൽ ആൾ ഇന്ത്യാ റൈറ്റേഴ്സ് കോൺഫറൻസ് കൊച്ചിയിൽ നടക്കുന്നത്. കേരളത്തിന്റെ കലാ സാഹിത്യ സാംസ്കാരിക മേഖലയിൽ അതൊരു പുത്തൻ ഉണർവായി.ഇതിനു ശേഷമാണ് കലാപീഠം എന്ന സാംസ്കാരിക സ്ഥാപനത്തിന്റെ പിറവി, ആദ്യം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് എന്നായിരുന്ന അറിയപ്പെട്ടിരുന്നത്. അന്ന് പുല്ലേപ്പടിയാലായിരുന്നു. ഈ ചിത്രകലാ വിദ്യാലയം ആരംഭിച്ചത്. ഇവിടുത്തെ പ്രധാന പരിശീലകനായിരുന്നു എം.വി.ദേവൻ..
സി.എൻ.കരുണാകരൻ ‘ എ സി.കെ.രാജ കാനായി കുഞ്ഞിരാമൻ എന്നിവരായിരുന്നു കലാദ്ധ്യാപകർ, റൈറ്റേഴ്സ് കോൺഫറൻസിനു ‘ശേഷമാണ് സ്ഥാപനം എറണാകുളം പുല്ലേപ്പടിയിൽ നിന്ന് കാരക്കാമുറിയിലേക്ക് മാറ്റുന്നത്.ഇതോടെയാണ് കേരള കലാപീഠം എന്ന പേരു സ്വീകരിക്കുന്നത്. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും പ്രശസ്തമായ സാംസ്കാരിക കേന്ദ്രമായിരുന്നു കേരള കലാപീഠം,

അക്കാലത്ത് കലാപീഠത്തിന് ഒന്നും അന്യമായിരുന്നില്ല. ഭാരതത്തിലെ അറിയപ്പെടുന്ന കവികളും എഴുത്തുകാരും സംഗീതജ്ഞരും നർത്തകരും ചലച്ചിത്രകാരൻമാരും ചിത്രമെഴുത്തുകാരും എണാകുളം വഴി കടന്നു പോകുമ്പോൾ കലാപീഠത്തിന്റെ സന്ധ്യകളിലെത്തുമായിരുന്നു.ടി.പദ്മനാഭൻ സേതു സി.രാധാകൃഷ്ണൻ ടി.ആർ.ബാലചന്ദ്രൻ ചുള്ളിക്കാട് ഡോ: കെ.എസ് രാധാകൃഷ്ണൻ എം കെ .സാനു കെ.എൽ മോഹനവർമ്മ ഞങ്ങളെല്ലാം ബാലേട്ടൻ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന കെ.ബാലകൃഷ്ണൻ നായർ തുടങ്ങി പ്രശസ്തരും പ്രഗൽഭരുമായിരുന്നു കലാപീഠത്തിലെ കാഴ്ച്ചക്കാരും കേൾവിക്കാരും.

ആരൊക്കെയാണ് കലാപീഠത്തിന്റെ ആഥിഥ്യം  സ്വീകരിച്ച് കലാപീഠത്തിൽ എത്തിയിട്ടുള്ളത് എന്നു തിരിഞ്ഞു നോക്കുമ്പോൾ നാം അൽഭുതപ്പെട്ടു പോകും ലോകപ്രശസ്ത വെസ്‌റ്റേൺ മ്യൂസിക് ബാൻഡായ ഒസിബിസി തുടങ്ങി “സ്ക്കുൾ ഗേൾസ് എന്നു പേരുള്ള പടിഞ്ഞാറൻ പാട്ടുകാർ വരെ കലാപീഠത്തിലെ ബദാംമരച്ചുവട്ടിൽ ഉറഞ്ഞു തുള്ളി തിമിർത്ത് പാടിയിട്ടുണ്ട്. അക്കാലത്തെ ഇന്ത്യയിലെ ഏതാണ്ട് എല്ലാ സാഹിത്യകാരൻമാരും കലാപീഠത്തിന്റെ ആതിഥ്യം സ്വീകരിച്ച് ഒരിക്കലെങ്കിലും ഇവിടെ എത്തിയിട്ടുണ്ട്. ഡോ: ബാലമുരളീകൃഷ്ണ എം ഡി രാമനാഥൻ എസ് രാമനാഥൻ തുടങ്ങി യേശുദാസ് വരെ ഇവിടെ കച്ചേരിയും മുഖാമുഖവും നടത്തിയിട്ടുണ്ട്. പണ്ഡിറ്റ് ജെസ്രാജ് ഗുലാം അലി തുടങ്ങായ പ്രശസ്തരായ ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ വേദിയായി വളരാനും കലാപീഠത്തിനു കഴിഞ്ഞു.പത്മാസു ബ്രഹ്മണ്യം സോനൽമാൻസിങ്ങ് തുടങ്ങിയ ലോകപ്രശസ്ത കളായ നർത്തകിമാരുടെ നൃത്തങ്ങൾ എന്തിന്.കടമ്മനിട്ടയിലെ പടയണിയും വടക്കേമലബാറിലെ തെയ്യക്കോലങ്ങളും കല്ലും ത്തിന്റെ തിരുമുറ്റത്ത് അരങ്ങു തകർത്ത ഉറഞ്ഞാടിയിട്ടുണ്ട്.

കലാപീഠം മുൻകൈയ്യെടുത്ത് നിരവധി ചിത്ര ശിൽപ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാറ്റിന്റെയും മേൽനോട്ടം ദേവൻ മാഷി നായിരുന്നു.
ഈ ക്യാമ്പുകളിൽ കേരളത്തിനകത്തും പുറത്തുമുള്ള കലാകാരൻമാരാണ് ഒത്തുചേരുന്നത്. അന്ന് കലാപീഠത്തിന്റെ രാത്രികൾ അനന്തമായി നീണ്ടുപോകും. തർക്കങ്ങളും തമാശകളും കവിതാലാപനവും നിർദ്ദോഷങ്ങളായ പരദൂഷണവും കൊണ്ട് ഏറെ സജീവമായിരുന്ന ഒരു കാലം ഇന്നും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു.

കലാപീഠത്തോടൊപ്പം മാഹിയാലും ഒരു കലാകേന്ദ്രം സ്ഥാപിക്കാൻ മുൻകൈ എടുത്തത് ദേവനായിരുന്നു. എം.വി ദേവന്റെ ശ്രമഫലമായാണ് കേരള സർക്കാർ കേരള ലളിതകലാ അക്കാദമിക്കു രൂപം നൽകിയത്‌.

എഴുത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ ഭാരതത്തിലെ മികച്ച എഴുത്തുകാരിൽ ഒരാളായി ദേവൻ മാറുമായിരുന്നു. അദ്ദേഹത്തിന്റെ “ദേവസ്പന്ദം” എന്ന പുസ്തകം മാത്രം മതി എം.വി.ദേവനെത് സ്മരണ നിലനിർത്താൻ .മലയാറ്റൂർ പുരസ്കാരവും വയലാർ അവാർഡും ദേവസ്പന്ദത്തെത്തേടിയെത്തി. വാസ്തുശിൽപ്പ കലാരംഗത്തും ശിൽപ്പ നിർമ്മാണത്തിലും തന്റെ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു ദേവൻ.യുവ ചിത്രകാരൻമാരോട് പുത്രനിർവ്വി ശേഷമായ അടുപ്പവും സ്നേഹവും പ്രകടിപ്പിച്ച ഗുരുസ്ഥാനയനായിരുന്നു മാഷ്.

അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ സർക്കാറുകൾക്ക് പലപ്പോഴും അലോസരമുണ്ടാക്കിയിരുന്നു. കമ്യൂണിസത്തിന്റെ എക്കാലത്തേയും വലിയ വിമർശകനായിരുന്നു എം.വി.ദേവൻ ..
റാഡിക്കൽ ഹ്യൂമനീസത്തോടായിരുന്നു ആഭിമുഖ്യം. കലാകാരന്റെ സർഗപരതയുടെ ഗർവ്വും ആരേയും കൂസാത്ത മനസ്സും ദേവനെയെന്നും ഒറ്റയാനാക്കി. അതുകൊണ്ടു തന്നെ ഭാരതത്തിലെ വലിയ ബഹുമതികളായ പത്മാ പുരസ്കാരങ്ങളൊന്നും അദ്ദേഹത്തെത്തേടി വന്നില്ല.

എഴുപതിറ്റാണ്ടോളം നീണ്ടു നിന്ന ഈ നിഷേധിയുടെ സ്വർത്ഥകമായ സർഗ്ഗ ജീവിതത്തിന് ഏപ്രിൽ 29ന് തിരശ്ശീല വീണു

Spread the love

21 Comments

Leave a Reply