18 ദിനരാത്രങ്ങളോളം ആ 12 കുട്ടികളും ഒരു കോച്ചും അപകടകരമാം വണ്ണം ജീവൻ കുരുക്കില്പെട്ട് കിടന്ന ഗുഹക്കുപിന്നിൽ മലയോരവാസികളുടെ രക്ഷകയായ അതിസുന്ദരിയായ ഒരു രാജകുമാരിയുടെ പ്രണയദുരന്തവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു മിത്തുണ്ട്

ലോകജനത ഒന്നടങ്കം  ആകാംക്ഷയോടെയും പ്രാർഥനയോടെയും  കാത്തിരുന്ന ആ ദിനങ്ങൾ നിങ്ങളുടെ ഓർമയിലവശേഷിക്കുന്നുണ്ടോ ? ലോകത്തിലെ സകലമാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായിരുന്ന വടക്കൻ തായ് ലാൻഡിലെ നിബിഡവനത്തിൻ്റെയും തടാകത്താലും ആവരണം ചെയ്യപ്പെട്ട ആ നെടുനെടുങ്കൻ ഗുഹാകവാടം ഇന്ന് വൻ തോതിൽ വിനോദസഞ്ചാരികളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. മിത്തുകൾ ഉറങ്ങിക്കിടക്കുന്ന ആ ഗുഹ ലോകത്തിൻ്റെ മുഴുവൻ കണ്ണുകളും കേന്ദ്രീകരിക്കുന്ന ഒരു ബിന്ദുവായി മാറിയപ്പോൾ നമ്മളും അസ്വസ്ഥതയോടെ ഉറ്റുനോക്കുകയായിരുന്നു. അതെ കഴിഞ്ഞ വർഷം ജൂലൈ 10 ആം തീയതിയായിരുന്നു  താം ലുങ്  ഗുഹയിലെ അത്യന്തം ആപത്കരമായ 18 ദിനരാത്രങ്ങൾ പിന്നിട്ടശേഷം കുടുങ്ങിക്കിടന്ന 12 വൈൽഡ് ഫുട്ബാൾ ടീമംഗങ്ങളിലെ അവസാനത്തെ കുട്ടി  പുറത്തേക്കുവന്നത്. 

അതിസാഹസികവും നാടകീയവുമായ രംഗങ്ങൾക്കുശേഷം 12 കുട്ടികളെയും  ഒരു ഫുട്ബോൾ കോച്ചിൻ്റെയും രക്ഷിച്ചെടുത്തപ്പോൾ ലോകം മുഴുവൻ ഉയർത്തിവിട്ട ആ  വിലപിടിച്ച നെടുവീർപ്പാണു ഒരു ദുരന്തമുണ്ടാകുമ്പോൾ മനുഷ്യരിൽ ഇന്നും ഭൂതദയ ബാക്കിനിൽപ്പുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിൽ ഒന്നിച്ചുനിൽക്കുമെന്നുമുള്ള ആ തോന്നൽ വീണ്ടും മുളപ്പിച്ചുകൊണ്ടുവന്നത്. എപ്പോഴോ നഷ്ടപ്പെട്ടുപോയ മനുഷ്യസഹജമായ ആ അകൽച്ച  ഐക്യത്തിൻ്റെ വിലപിടിച്ച ഖനിയായി ഒരു മറുചിന്തയായി, അതിൻ്റെ അപാരത സൂചകമായി ഓരോ ഹൃദയത്തിലും പറ്റിപ്പിടിച്ചുകിടക്കുന്നു എന്ന തോന്നലുണ്ടാക്കിയത്.

അന്നു ഗുഹാകവാടത്തിൽ നിന്നും പുറത്തേക്കെത്തിച്ച അവസാനത്തെ കുട്ടിയെയും മാധ്യമങ്ങളുടെ വിചാരണയ്ക്ക് വിട്ടുകൊടുക്കാതെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത് വിശ്വപൗരൻമാരുടെ വിട്ടുവീഴ്ചയില്ലാത്ത സ്നേഹത്തിൻ്റെ കണിക അവശേഷിച്ചതുകൊണ്ടുതന്നെയാണു. ഇതാണു മനുഷ്യൻ കാണിക്കേണ്ട മാതൃക എന്നുതന്നെയായിരുന്നു വർഗ്ഗഭേദമില്ലാതെ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളിൽ നിന്നും സംഘടിതമായി ഉയർന്നുവന്ന ആ പ്രാർഥനാ മന്ത്രത്തിൻ്റെ ആന്തരാർഥം.

ഒരു വർഷം ആകെ 5000 പേർ സന്ദർശിച്ചുകൊണ്ടിരുന്ന ആ ഗുഹ ഇന്ന് സന്ദർശിക്കാനെത്തുന്നത് എത്രയാണെന്നറിയാമോ ദിനം പ്രതി 10000 വിനോദസഞ്ചാരികൾ എന്ന ക്രമത്തിലാണു അത് വർദ്ധിച്ചിരിക്കുന്നത്. അതായത് ഒരു വർഷമാകുമ്പോഴേക്കും 33 ലക്ഷം സഞ്ചാരികൾ ആ വിവാദമായ ഗുഹാകവാടം സന്ദർശിക്കുമെന്നാണു കണക്കുകൂട്ടൽ. ഒരു വാണിജ്യസ്ഥാപനം പോലുമില്ലാതിരുന്ന താം ലുങിൽ ഇന്ന് 200 വഴിയോരക്കടകൾ സഞ്ചാരികളിലേക്ക്  കണ്ണുകൾ തുറന്നുപിടിച്ചിരിക്കുന്നു. 

അതിസുന്ദരിയായ ഒരു രാജ കുമാരിയുടെ പ്രണയദുരന്തവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു മിത്ത് ഈ ഗുഹക്കുണ്ട്. രാജകുമാരി ഈ ഗുഹാകവാടത്തിൽ വെച്ച് സന്ധിച്ച ദരിദ്രനും ശിലാസമാനമായ കരുത്തുറ്റവനും ഉറച്ച മനോബലമുള്ളവനുമായ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു  കൗമാരക്കാരനെ കണ്ടുമുട്ടുന്നു. അവർ ലോകത്തുള്ള സകലവിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അങ്ങനെ ക്രമേണ  അവർ പ്രണയബദ്ധരായി.  രാജകുമാരി ഗുഹയ്കുള്ളിൽ ശയ്യയൊരുക്കി അവനുമായി പ്രണയകേളികളിൽ മുഴുകി. അവൾ ഗർഭിണിയായി. പിന്നെ അവൾ കൊട്ടാരത്തിലേക്കോ അവൻ വീട്ടിലേക്കോ മടങ്ങിയില്ല. അവൻ പകൽ സമയം എന്തെങ്കിലും ഭക്ഷ്യവസ്തുക്കൾ തേടാനായി ഗുഹക്കുപുറത്തേക്കിറങ്ങുക പതിവായി.

Read Also  ചികിത്സാവിശ്യത്തിനായി തായ്‌ലാന്‍ഡില്‍ കഞ്ചാവ് നിയമവിധേയമാകും

അങ്ങനെയൊരു ദിവസം രാജാവിൻ്റെ ഭടന്മാർ അവനെ കാണുകയും ചോദ്യം ചെയ്തശേഷം ശിരച്ഛേദം ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ് രാജകുമാരി തൻ്റെ നിറവയറിലേക്ക് ഒരു കത്തി ആഴത്തിൽ കുത്തിയിറക്കി. അന്നു കണക്കറ്റ് ചോരപ്പുഴയൊഴുകി എന്നാണു ഐതിഹ്യം. ആ ചോരപ്പുഴയാണത്രേ ഗുഹക്ക് ചുറ്റും തടാകമായി രൂപപ്പെട്ടിരിക്കുന്നത്. നിദ്ര കൊള്ളുന്ന രാജകുമാരിയുടെ ശരീരം മലമുകളിൽ ചുറ്റിനടക്കുന്നുവെന്നാണു തായ് ലാൻഡുകാരുടെ വിശ്വാസം.  

മലയോരവാസികളുടെ സങ്കല്പങ്ങളിൽ ഒരു രക്ഷകയാണു ഈ രാജകുമാരി. തങ്ങളുടെ 12 കുട്ടികളെയും ഫുട്ബോൾ കോച്ചിനെയും രാജകുമാരി രക്ഷിക്കും എന്നാണു ബുദ്ധമതവിശ്വാസികളായ നാട്ടുകാർ അന്ന് ആശ്വസിച്ചത്. പർവ്വതങ്ങളിലും തടാകങ്ങളിലുമെല്ലാം ദേവതകൾ കുടിയിരിപ്പുണ്ട് എന്നാണു അവരുടെ വിശ്വാസം. അവർ സഞ്ചാരികളെ രക്ഷിക്കും എന്നാണു തദ്ദേശീയരുടെ ബുദ്ധമതഹിതം. പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ നരവംശശാസ്ത്രം പ്രൊഫസറും ഗ്രന്ഥകാരനുമായ ആൻഡ്രൂ അലൻ ജോൺസൺ പ്രേതങ്ങളുടെ നഗരം എന്നാണു വടക്കൻ തായ് ലാൻഡിനെ വിശേഷിപ്പിക്കുന്നത്. ധാരാളം ഐതിഹ്യങ്ങളുറങ്ങുന്ന താം ലുങിലെ ഏതെങ്കിലും ദുർദ്ദേവത തങ്ങളുടെ കുട്ടികളെയും കോച്ചിനെയും അപകടപ്പെടുത്തിയോ എന്ന സംശയത്തിനറുതി വരുത്താനായി പ്രദേശത്തുടനീളം അവർ അന്ന് വിവിധതരത്തിലുള്ള ആചാരക്രിയകൾ ചെയ്തിരുന്നു. 

മനുഷ്യൻ്റെ അസാമാന്യമായ ധീരതയും വിവേകവും ഇച്ഛാശക്തിയോടെ വിനിയോഗിച്ചതുകൊണ്ടാണു ആ പന്ത്രണ്ട് കുട്ടികളെയും കോച്ചിനെയും നമുക്ക് ജീവിതത്തിലേക്ക് ആനയിച്ചുകൊണ്ടുവരാനായത്.  മിത്തുകളുടെയും പ്രേതങ്ങളുടെയും അനിശ്ചിതവും സാങ്കല്പികവുമായ ഒരു ഉത്ക്കണ്ഠ ജനിപ്പിച്ചുകൊണ്ടിരുന്ന ആ 18 ദിനരാത്രങ്ങളെ അതിജീവിക്കാൻ മനുഷ്യശക്തിക്ക് കഴിഞ്ഞത് അന്നുണ്ടായ മനുഷ്യൻ്റെ ഒത്തൊരുമ കൊണ്ടുമാത്രമാണു  എന്നതിൽ അഭിമാനിക്കാം. അതുവഴി ഒരു പറ്റം മനുഷ്യർക്ക് ജീവനോപാധി ഒരുക്കുന്നതിനു പാതയൊരുക്കാനും  താം ലുങ് നിമിത്തമായി എന്നതിൽ ആശ്വസിക്കുകയും ചെയ്യാം. 

നോട്ട് കൊണ്ടുപോയ ട്രക്കിന്റെ വാതിൽ തുറന്നു; റോഡിൽ നോട്ട് മഴ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here