Wednesday, January 19

ബന്ധു നിയമനത്തിന് പുറമേ മാനനഷ്ടക്കേസിനും മന്ത്രി ജലീൽ മറുപടി പറയണം

ബന്ധു നിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ. ടി. ജലീലിനെതിരെ മാനനഷ്ട കേസുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് കാണിച്ചാണ് നജീബ് കാന്തപുരം കെ. ടി. ജലീലിന് വക്കീൽ നോട്ടീസ് അയച്ചത്. പത്ര സമ്മേളനത്തില്‍ കൊടുവള്ളി ഭാഗത്തുള്ള നിരവധിയാളുകള്‍ ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാനുണ്ടെന്നും ഇവര്‍ വായ്പ എടുത്തത് നജീബ് കാന്തപുരത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നെന്നുമുള്ള ജലീലിന്റെ പരാമർശത്തിനെതിരെയാണ് വക്കീൽ നോട്ടീസ്.

കേരള സ്റ്റേറ്റ് മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താനോ തന്റെ കുടുംബാംഗങ്ങളോ ഇത് വരെ വായ്പക്ക് വേണ്ടി മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനെ സമീപിച്ചിട്ടില്ലെന്നും നജീബ് കാന്തപുരം വ്യക്തമാക്കി. താന്‍ ആര്‍ക്കു വേണ്ടിയും വായ്പക്കായി ശുപാര്‍ശ ചെയ്തിട്ടില്ലെന്നും തന്നെ വ്യക്തിഹത്യ നടത്തുന്നതിന് വേണ്ടി മനപ്പൂര്‍വ്വം അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം കെ. ടി. ജലീൽ വാർത്താ സമ്മേളനത്തിൽ നടത്തുകയുമായിരുന്നു എന്ന് കാണിച്ചാണ് വക്കീൽ നോട്ടീസ്.

കൊടുവള്ളി മേഖല ഉള്‍പ്പെടെ കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നും മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷന്‍ വഴി വായ്പ എടുത്ത നിരവധി പേരുണ്ട്. ഒരു പ്രദേശത്തെ മാത്രം മന്ത്രി ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നതും ദുരുദ്ദേശപരമാണെന്നും നജീബ് പറഞ്ഞു. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണത്തിന് ക്ഷമാപണം നടത്തിയില്ലെങ്കില്‍ ഒരാഴ്ചക്കകം കേസ് ഫയല്‍ ചെയ്യുമെന്നാണ് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അഡ്വ. എ.വി അന്‍വര്‍ മുഖേനയാണ് മന്ത്രി കെ.ടി ജലീലിന് നജീബ് നോട്ടീസ് അയച്ചിരിക്കുന്നത്.

യോഗ്യതയുള്ളവർ ആരും ഇല്ലാത്തതിനാലാണ് തന്റെ ബന്ധുവിനെ നിയമിച്ചത് എന്ന് വിശദീകരിക്കാനായിരുന്നു മന്ത്രി ജലീൽ വാർത്ത സമ്മേളനം വിളിച്ചത്.

Spread the love
Read Also  പ്രതിപക്ഷനേതാവ് പച്ചനുണപറയുന്നുവെന്ന് മന്ത്രി കെ ടി ജലീൽ

Leave a Reply