Thursday, January 20

സ്ഥാനാർഥിത്വം വഴി നമ്പി നാരായണനെ ഉപരാഷ്ട്രപതിയാക്കുന്നത് തടയുകയാണു സെൻ കുമാറിൻ്റെ ലക്ഷ്യം

രഘുനന്ദനൻ

ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനു പദ്മഭൂഷൺ ബഹുമതി നൽകിയത് അപ്രതീക്ഷിതമായല്ലെന്നു സെൻ കുമാറിനു തിരിഞ്ഞ സന്ദർഭത്തിലാണു അദ്ദേഹം കളത്തിലിറങ്ങിയതെന്നാണു സംസാരം. കോടതിവിധി അനുകൂലമായതോടെ നമ്പിനാരായണൻ്റെ ഗ്രാഫ് ഉയർന്നപ്പോൾ തന്നെ സെൻ കുമാറിനു മുട്ടിടി തുടങ്ങിയിരുന്നു. തിരുവനന്തപുരം സ്ഥാനാർഥിത്വം നമ്പി നാരായണനിൽ ചെന്നുമുട്ടാതിരിക്കുക എന്നതാണു സെൻ കുമാറിൻ്റെ ലക്ഷ്യം. കുറച്ചുദിവസങ്ങളായി നമ്പി നാരായണൻ്റെ പേരു തിരുവനന്തപുരം ലോക് സഭാ നിയോജകമണ്ഡലവുമായി ബന്ധപ്പെടുത്തി കേൾക്കുകയാണല്ലോ.

സംഘപരിവാർ ക്യാമ്പിൽ നുഴഞ്ഞുകയറിയ സെൻ കുമാറിൻ്റെ പുത്തരിക്കണ്ടം പ്രസംഗത്തിനുശേഷം നമ്പി നാരായണൻ്റെയും മോഹൻ ലാലിൻ്റെയും പേരു തിരുവനന്തപുരത്തുനിന്നും വെട്ടിമാറ്റുക എന്ന ദൗത്യം വിജയിച്ചു എന്നു കരുതിയതാണു. പക്ഷെ ഇരുവർക്കും പദ്മഭൂഷൺ ബഹുമതി നൽകിയതോടെ കഴിഞ്ഞ രാത്രിയിൽ ദുസ്വപ്നം പോലെ  ആ രണ്ടു പേരുകൾ അലട്ടാൻ തുടങ്ങി. 

മോഹൻ ലാൽ തന്ത്രപൂർവ്വം സ്ഥാനാർഥിത്വവിവാദത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാനാണു സാധ്യത. കാരണം അദ്ദേഹത്തിനു മലയാളിയുടെ മനശ്ശാസ്ത്രം നന്നായി അറിയാം. മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് അതും തീവ്രവർഗ്ഗീയവാദികളെന്നു ഖ്യാതി നേടിയ സംഘപരിവാറിൽ പരസ്യമായി അംഗത്വമെടുത്താൽ തൻ്റെ കഥ കഴിഞ്ഞു എന്നു അങ്ങേർക്ക് അറിയാം. കാരണം ഒരു നടനെന്ന വിലാസത്തിൽ  ജാതി- മത-രാഷ്ട്രീയഭേദമെന്യേ അദ്ദേഹം സ്വീകാര്യനാണു. നടന്മാർ സിനിമയിൽ അഭിനയിച്ചാൽ മതി. സജീവരാഷ്ട്രീയത്തിൽ വേണ്ട എന്നാണു മലയാളികളുടെ നിലപാട് എന്നു അദ്ദേഹത്തിനു നന്നായി അറിയാം. അതുകൊണ്ടുതന്നെ എല്ലാ മതവിഭാഗങ്ങളുടെയും അംഗീകാരം നഷ്ടപ്പെടുത്താൻ അദ്ദേഹം തുനിയില്ല എന്നുതന്നെയാണു കരുതുന്നത്. നടനെന്നതിലുപരി  ബൗദ്ധികതലത്തിൽ  ലാലിനു വലിയ രാഷ്ട്രീയബോധമൊന്നും തീണ്ടിയിട്ടില്ലെങ്കിലും കളത്തിലിറങ്ങുന്നതിനുമുമ്പ് പല വട്ടം ആലോചിക്കും 

പക്ഷെ നമ്പി നാരായണനെ സ്വാധീനിക്കാനായി സംഘപരിവാർ നേതാക്കൾ പല വഴിക്കും ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണു. ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായ എ പി ജെ  അബ്ദുൽ കലാമിനെ രാഷ്ട്രപതിയാക്കിയ പാർട്ടിയാണു ബി ജെ പി എന്നാണു നമ്പിയുടെ കാതുകളിലേക്ക് പ്രക്ഷേപിക്കുന്ന സന്ദേശം. അതുകൊണ്ട് വഴിയെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിത്വം ഉറപ്പിക്കാം. അടുത്ത ടേമിൽ രാഷ്ട്രപതി സ്ഥാനാർഥിയുമാക്കാം. അങ്ങനെ നഷ്ടപ്പെട്ടുപോയ കാലം വീണ്ടെടുക്കാം.  കോൺഗ്രസ്സ് ഗ്രൂപ്പുവഴക്കിൻ്റെ ഇരയായ നമ്പി നാരായണൻ തിരുവനന്തപുരം പാർലമെൻ്റ്  സ്ഥാനാർത്ഥിത്വത്തിലൂടെ രംഗത്തുവന്നാൽ  ബി ജെ പിയുടെ ഇമേജ് വർദ്ധിപ്പിക്കാം എന്നു അവർ കരുതുന്നു. 

പക്ഷെ ഇതൊക്കെ നടക്കണമെങ്കിൽ നമ്പി നാരായണൻ ജയിക്കണം. അതത്ര എളുപ്പമല്ലല്ലോ. എന്നാൽ ഇടതുമുന്നണിയുടെ സ്ഥാനാർഥി ശക്തനാണെങ്കിൽ ഇതെല്ലാം പരാജായപ്പെടാം. കോൺഗ്രസ്സിൻ്റെ രഹസ്യപിന്തുണ ലഭിച്ചാൽ പോലും ഇതൊന്നും നടക്കണമെന്നില്ല. ഒരു വർഗ്ഗീയ സംഘടനയുടെ സ്ഥാനാർഥിയാവുക വഴി പൊതുസമൂഹത്തിനുമുമ്പിൽ നമ്പി നാരായണനോടുള്ള സഹതാപവും കോടതിവിധിയിലൂടെ നേടിയ ഇമേജും തകർന്നടിയുമെന്ന് അദ്ദേഹത്തിനറിയാം.

ഇനി എന്തൊക്കെയായാലും സെൻ കുമാറിൻ്റെ നമ്പി വിരുദ്ധ പ്രസ്താവനയിലൂടെ നെയ്തുവെച്ച സ്വപ്നക്കോട്ടകൾ തകർന്നുവെന്നാണു കേൾക്കുന്നത്. ഗവർണർ സ്ഥാനം പോലുള്ള വലിയ പദവി തനിക്കു നൽകുമെന്ന് സെൻ കുമാർ സിൽബന്തികളെക്കോണ്ട് പ്രചരിപ്പിച്ച കഥ മലയാളികൾ മറന്നിട്ടില്ല.  

Spread the love
Read Also  മുസ്ലിം ജമാ അത്ത് കൗൺസിൽ ദേശദ്രോഹികളാണെന്ന് ബിജെപി നേതാവ് ടി. പി. സെൻകുമാർ

56 Comments

Leave a Reply