നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നല്ലൊരു ശതമാനം ആളുകളും എ ടി എം സേവനം പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെ എ ടി എം പ്രവര്‍ത്തനം ആകെ താറുമാറാവുകയാണ്.
പ്രവര്‍ത്തനക്ഷമതയിലെ ന്യൂനതകള്‍ മൂലം 2019 മാര്‍ച്ചോടെ രാജ്യത്തെ അമ്പത് ശതമാനം എ ടി എമ്മുകളും അടച്ചു പൂട്ടാന്‍ നീക്കം. എ ടി എമ്മുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് എ ടി എം ഇന്‍ഡസ്ട്രി (സി എ ടി എം ഐ) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ രാജ്യത്താകമാനം 2,38,000 എ ടി എമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 1,00,000 ഓഫ്സൈറ്റ് എ ടി എമ്മുകളും 15,000ത്തോളം വൈറ്റ് ലേബല്‍ എ ടി എമ്മുകളും അടച്ചു പൂട്ടുമെന്നാണ് സി എ ടി എം ഐ വക്താവ് പറയുന്നത്.
ഇത് നഗരമേഖലയ്ക്ക് പുറത്തുള്ളവരെയാവും ഏറെ ബാധിക്കുക. ഗ്രാമീണമേഖലയില്‍ പ്രധാനമന്ത്രി ജന്‍ ധന് യോജനയുടെ ഉപഭോക്താക്കളെല്ലാം എ ടി എമ്മുകളിലൂടെയാണ് സബ്സിഡി തുക കൈപ്പറ്റുന്നത്. പകുതിയിലധികം എ ടി എമ്മുകള്‍ അടച്ചു പൂട്ടുന്നതോടെ അത്തരം മേഖലകളില്‍ നോട്ടുനിരോധനകാലത്തെ എ ടി എം നിരകളും കുഴപ്പങ്ങളും ആവര്‍ത്തിക്കുമെന്നും സി എ ടി എം ഐ വക്താവ് വ്യക്തമാക്കുന്നുണ്ട്.
ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ നവീകരണത്തിലെ പോരായ്മകളാണ് അടച്ചു പൂട്ടലിന് കാരണമായി പറയുന്നത്. പകുതിയിലധികം എ ടി എമ്മുകള്‍ അടച്ചു പൂട്ടുമ്പോഴുണ്ടാകുന്ന തൊഴില്‍ നഷ്ടം സാമ്പത്തികരംഗത്തെ ധനസേവനമേഖലയെ നിര്‍ണ്ണായകമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.