Monday, August 10

നെഹ്രുവിനും ഇന്ദിരയ്ക്കും ഭാരത രത്‌നയ്‌ക്ക്‌ ശുപാർശ നൽകിയതാര്?; സംഘപരിവാർ പ്രചാരണത്തിലെ വാസ്തവമെന്ത്?

വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ഇന്ത്യയിൽ ഒന്നാമത് നിൽക്കുന്നത് സംഘപരിവാർ ഫാക്ടറികൾ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തതാണ്. ബിജെപി-ആർഎസ്എസ് സംഘടനകൾ ഏറെക്കാലമായി പ്രചരിപ്പിച്ച് പോരുന്നതാണ് നെഹ്രുവിനും ഇന്ദിരാ ഗാന്ധിയ്ക്കും ലഭിച്ച ഭാരത രത്‌ന അവർ സ്വയം ശുപാർശ നൽകി നേടിയതാണെന്ന്. നെഹ്‌റു തന്റെ പേര് സ്വയം ഭാരത രത്‌നയ്‌ക്ക്‌ ശുപാർശ ചെയ്തിരുന്നോ? ഇന്ദിരാ ഗാന്ധി തനിക്ക് ഭാരത രത്‌ന ലഭിക്കാൻ വേണ്ടി തന്റെ പേര് സ്വയം നിർദ്ദേശിച്ചോ? എന്താണ് ഇതിന് പിന്നിലെ വാസ്തവം?

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ ദിവസം ഒരു അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരിഹാസം ആണ് ഭാരത രത്ന രാഹുലിന്റെ കുടുംബം സ്വയം ശുപാർശ നൽകി സ്വന്തമാക്കിയതെന്ന വ്യാജ പ്രചാരണം നടത്താൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പ്രേരിപ്പിച്ചത്.

“ലോകപ്രശസ്തമായ കോട്‌ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നേടിയ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ജൂറിയില്ലാത്തിനാല്‍ അത് പ്രശസ്തമാണ്, നേരത്തേ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതുമാണ്. പ്രശസ്തമായ ഈ പുരസ്‌കാരത്തിന് പിന്നില്‍ അലിഗഡിലെ അറിയപ്പെടാത്ത കമ്പനിയാണ്. ഇവന്റ് പാര്‍ട്ണര്‍ പതഞ്ജലിയും റിപ്പബ്ലിക് ടിവിയും” ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.

“സ്വന്തം കുടുംബത്തിലുള്ളവര്‍ക്ക് ഭാരതരത്‌നം കൊടുക്കാന്‍ തീരുമാനിച്ച കുടുംബത്തില്‍ നിന്നുവന്നയാളുടെതാണ് ഈ കമന്റ്” എന്നായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രാഹുലിന്റെ ട്വീറ്റ് ക്വാട്ട് ചെയ്ത് കുറിച്ചത്.

എന്നാൽ സ്മൃതി ഇറാനി ഉന്നയിച്ചതിൽ എന്തെങ്കിലും തരത്തിലുള്ള വാസ്തവം ഉണ്ടോ? ഇല്ല എന്നാണ് ഉത്തരം.

ഇന്ത്യയിലെ പരോമോന്നത സിവിൽ ബഹുമതിയായ ഭാരത രത്ന 1954 ജനുവരി രണ്ടിനാണ് നിലവിൽ വരുന്നത്. ഭാരത രത്‌ന അവാർഡിന് സാധാരണയായി പ്രധാ
നമന്ത്രി യോഗ്യതയുള്ള വ്യക്തികളുടെ പേര് രാഷ്ട്രപതിയ്ക്ക് ശുപാർശ ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതാണ് നെഹ്രുവിനെതിരെയും ഇന്ദിരാ ഗാന്ധിക്കെതിരെയും ഇവർ പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോൾ തങ്ങളുടെ പേര് തന്നെ ഭാരത രത്‌നയ്‌ക്ക്‌ ശുപാർശ ചെയ്തുവെന്ന ആരോപണം ഉന്നയിക്കപ്പെടാനുള്ള കാരണം. എന്നാൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന വ്യക്തിക്ക് മാത്രമാണ് ഭാരത രത്ന നൽകാവൂ എന്ന ഒരു നിയമവും ഇന്ത്യയിൽ ഇല്ല എന്നതാണ് വാസ്തവം. സാധാരണയായി പ്രധാനമന്ത്രിയോ കേന്ദ്ര ക്യാബിനറ്റോ നിർദ്ദേശിക്കുന്ന വ്യക്തികൾക്കാണ് രാഷ്ട്രപതി അവാർഡ് നൽകുന്നത്. ഭാരത രത്നയ്ക്കായി ഇറക്കിയ ഓർഡിനൻസിൽ ശുപാർശ ചെയ്യേണ്ടതാരാണ് എന്നത് സംബന്ധിച്ചു വ്യക്തമാക്കുന്നില്ല.

Read Also  രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് പാർട്ടിയുടെ നേതാവെന്ന് വിടി ബൽറാം

nehru എന്നതിനുള്ള ചിത്രം

ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയനിലെത്തി ചർച്ച നടത്തിയ നെഹ്‌റു അന്താരാഷ്ട തലത്തിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം അറിയിക്കുകയുണ്ടായി. തിരികെ ഇന്ത്യയിൽ മടങ്ങിയെത്തിയ നെഹ്‌റുവിന് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ അത്താഴ വിരുന്ന് നൽകുകയും തുടർന്ന് ഭാരത രത്ന അവാർഡ് നെഹ്‌റുവിനാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. 1955 ജൂലായ് 16-ന് പുറത്തിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യയിൽ ഈ കാലഘട്ടത്തിലെ സമാധാനത്തിന്റെ ഏറ്റവും വലിയ ശില്പിയാണ് നെഹ്‌റുവെന്ന് രാജേന്ദ്ര പ്രസാദ് വിശേഷിപ്പിച്ചതായും അതെ എഡിഷനിൽ തന്നെ ഭരണഘടനയ്ക്ക് വിരുദ്ധമായി താൻ പ്രവർത്തിച്ചുവെന്നും ക്യാബിനറ്റോ പ്രധാനമന്ത്രിയോ ശുപാർശ ചെയ്യാതെ താൻ നെഹ്‌റുവിന് ഭാരത രത്‌ന പ്രഖ്യാപിക്കുകയായിരുന്നുവെന്ന രാജേന്ദ്ര പ്രസാദിന്റെ വാക്കുകളും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നെഹ്‌റുവിന് ഭാരത രത്ന നൽകിയത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന്റെ സ്വമേധയാ ഉള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നുവെന്ന് ഇതിനാൽ വ്യക്തമാണ്.

നെഹ്രുവും രാജേന്ദ്ര പ്രസാദും 

കർണ്ണാടകയിൽ നിന്നുള്ള സിവിൽ എഞ്ചിനീയർ സർ എം. വിശ്വേശ്വരയ്യ, സ്വാതന്ത്ര സമര പോരാളിയും സാഹിത്യകാരനുമായിരുന്ന ഭഗ്‌വാൻ ദാസ്, എന്നിവർക്കൊപ്പം ഇന്ത്യയുടെ പ്രധാനമന്ത്രിയും സ്വതന്ത്ര സമര പോരാളിയുമായ നെഹ്രുവും ഭാരത രത്ന പങ്കിടുകയായിരുന്നു.

ഇനി ഇന്ദിരാഗാന്ധിയുടെ കാര്യമോ?

indira gandhi എന്നതിനുള്ള ചിത്രം

1971ലാണ് ഇന്ദിര പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോൾ തന്നെ ഭാരത രത്ന ലഭിക്കുന്നത്. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി 14 ദിവസം നീണ്ടുനിന്ന പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന്റെ ചുക്കാൻ പിടിച്ച് വിജയക്കൊടി പാറിച്ചതിനാണ് ഇന്ദിരാ ഗാന്ധിയ്ക്ക് പ്രസിഡന്റ് വി. വി. ഗിരി ഭാരത രത്‌ന സമ്മാനിക്കുന്നത്. എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ദിരാഗാന്ധിയ്ക്ക് ഭാരതര്തന നൽകുന്നത് സംബന്ധിച്ച ആലോചനയോഗത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് വി. വി. ഗിരി പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.

സംഘപരിവാർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ വാർത്ത നിർമ്മാണങ്ങളുടെ ഭാഗം ആയിത്തന്നെയാണ് ഇപ്പോഴത്തെ വിവാദത്തിന് സ്മൃതി ഇറാനി തുടക്കം കുറിച്ചിരിക്കുന്നത്.

Spread the love

Leave a Reply