Tuesday, July 7

കഥാകാലം കൈയടക്കുന്ന പുതിയ കഥകൾ -എം ടി രാജലക്ഷ്മി എഴുതുന്നു

പുതിയ ക്രാഫ്റ്റുകൾ നിരീക്ഷിക്കാനും, ആസ്വദിക്കാനും അവസരമൊരുക്കിക്കൊണ്ട് ആനുകാലികങ്ങളെ പുതുകഥകൾ കൈയടക്കുകയാണ്. തിരിച്ചുവരവാഘോഷിക്കുന്ന കഥാകാലത്തിൽ ഇന്ന് ചർച്ച ചെയ്യുന്നത് ശ്രീ. മുക്താർ ഉദിരം പൊയിലിന്റെ ‘പുഴക്കുട്ടി’, ശ്രീ.ഗോവിന്ദ്. ആർ.കുറുപ്പിന്റെ ‘ഹെൻസ് യൂ കാൻ കാൾ മീ’, ശ്രീ.ഇ.പി.ശ്രീകുമാറിന്റെ ‘പ്രതിലോമ ഗ്രന്ഥശാല ”, ശ്രീ.രാഹുൽ ശങ്കുണ്ണിയുടെ ‘വാഴ്‌വേമായം’ എന്നീ കഥകളാണ്‌.

പുഴക്കുട്ടി
………………..
മെയ് രണ്ടാംലക്കം ദേശാഭിമാനി വാരികയിൽ വന്ന ശ്രീ.മുക്താർ ഉദരംപൊയിലിന്റെ ‘പുഴക്കുട്ടി’ എന്ന കഥ ജീവിതത്തിന്റെ പുസ്തകത്തിൽനിന്ന് ചീന്തിയെടുത്ത, അരികുകളിൽ രക്തം കിനിയുന്ന, നേർച്ചിത്രങ്ങളുടെ യഥാതഥ ആവിഷ്കാരമെന്ന നിലയിലാണ് വായനക്കാരുടെ മനസ്സ് പിടിച്ചെടുത്തത്.
യത്തീംഖാനകളിലെ കഥകൾ പരിചയിച്ചിട്ടില്ലാത്തവരല്ലാ, മലയാളികൾ.എന്നാൽ ഒരു യത്തീംഖാനയുടെ ഏകദേശം എല്ലാ ഭാഗങ്ങളിലും ക്യാമറ ഫോക്കസ്സ് ചെയ്തുകൊണ്ട് ഓരോ രംഗവും തികച്ചും വൈകാരികമായി വായനക്കാരിലേക്ക് സംക്രമിപ്പിക്കുന്ന ആവിഷ്കാരരീതി ഈ കഥയെ വേറിട്ടതാക്കുന്നു.
ഒരു കഥയ്ക്കുള്ളിൽത്തന്നെ പേരുകളിട്ട മുപ്പത്തഞ്ചോളം സീനുകളിലായി പല കഥകൾ;ഓരോ കഥയിലൂടെയും കഥാകാരൻ ഒരു യത്തീംഖാനയുടെ അകത്തളങ്ങളിലെ ഒറ്റപ്പെടൽ, ഭയം, സ്നേഹരാഹിത്യം നിസ്സഹായത, അനീതി, വിശപ്പുകൾ, ചൂഷണം യാചനകൾ, മരുപ്പച്ച പോലെയെത്തുന്ന കാരുണ്യപ്പൊടിപ്പുകൾ, നഷ്ടപ്പെടലിന്റെ നെഞ്ചെരിച്ചിലുകൾ ഒക്കെ കടുംചായത്തിൽ മുക്കിയ കത്തികൊണ്ട് വായനക്കാരന്റെ അകത്തളങ്ങളിലേക്ക് കൊത്തിനിറയ്ക്കുന്നു. അപൂർവ്വമായിമാത്രം വന്നുചേരുന്ന യാതനാനിർഭരമായ ഒറ്റമുന്നേറ്റങ്ങളുടെ നോവിറ്റിക്കുന്ന വിജയങ്ങൾ… അവയിലേക്ക് പലപ്പോഴും അനാഥന്റെമേൽ സനാഥൻ നടത്തുന്ന തേരോട്ടങ്ങൾ…. യത്തീമിന്റെ വിലയില്ലാതെപോകുന്ന കണ്ണീർപ്പൊടിപ്പുകളിൽ നെഞ്ചരഞ്ഞ നോവിന്റെ ചോര കലർന്നിരിപ്പുള്ളതായി നമുക്ക് ചുവയ്ക്കുന്നു.
യത്തീംഖാനയിലെ ആരും അന്വേഷിച്ചു വരാനില്ലാത്ത, പുഴയിൽനിന്നു കിട്ടിയ ഇർഷാദ് എന്ന പുഴക്കുട്ടി യാതനകളിലൂടെ വളർന്ന് ഒടുവിൽ യത്തീംഖാനയുടെതന്നെ തണൽവൃക്ഷമായി മാറുമ്പോൾ, വായനക്കാരുടെ മനസ്സിൽ ഒരു കുഞ്ഞുപുഴ -പുഴക്കുട്ടി- മെലിഞ്ഞും തെളിഞ്ഞും കൈവഴികൾചേർന്നും ആഴംതേടിയും ഇരുകരയെ പുണർന്നും ക്രമേണ പുഷ്ടിപ്രാപിച്ച് ഒരു സ്നേഹപ്രവാഹിനിയായി മാറുന്നു.
സനാഥരുടെ നെറികേടുകൾക്കെതിരെ തീക്കണ്ണ് തുറക്കാനും പ്രതിബദ്ധതയോടെ വളരാൻ സനാഥത്വമെന്ന ഭൂഷണം വേണമെന്നില്ലായെന്ന് പുറംലോകത്തിന്റെ പൊള്ളത്തരങ്ങളോട് വിളിച്ചുപറയാനും അനാർഭാടമായി , തികച്ചും ഋജുവായി സാധിച്ചു എന്നിടത്താണ് മുക്താർ ഉദിരം പൊയിലിൽ എന്ന കഥാകാരന്റെ ‘പുഴക്കുട്ടി’ അടയാളപ്പെടുന്നത്.

ഹെൻസ് യൂ കാൻ കാൾ മീ
……………………………….
പ്രതിപക്ഷം ഓൺലൈനിൽ വന്ന ശ്രീ.ഗോവിന്ദ്.ആർ.കുറുപ്പിന്റെ ‘ഹെൻസ് യു കാൻ കാൾ മീ’ , പരിചിതമായ ഒരു പ്രമേയത്തെ അവതരണമികവുകൊണ്ട് ഉജ്ജ്വലമാക്കിത്തീർത്ത കഥയാണ്. വർണ്ണവെറിയുടെ, ജാതിഭ്രഷ്ടിന്റെ കാലാന്തരഗമനം ശക്തമായി വരച്ചിടുന്ന കഥ, മല്ലന്റേയും മാതേവന്റെയും വനദേവതയുടേയും കോടാലിയുടേയും ആ പഴയ നാടൻകഥകളെ കൂട്ടിയിണക്കി കഥയ്ക്കനുയോജ്യമായ കഥാപരിസരനിർമ്മിതികൂടി നടത്തുന്നുണ്ട്.
ഉറ്റചങ്ങാതിമാരായിരുന്നിട്ടും, കാടിന്റെ മക്കളായിരിക്കേ ചതിപ്രയോഗത്തിലൂടെ വനദേവതയിൽനിന്ന് സ്വർണ്ണക്കോടാലി കരസ്ഥമാക്കി നാട്ടിലേക്ക് ചേക്കേറിയ, സായിപ്പിന് ദാസ്യപ്പണിചെയ്ത് സമ്പത്തും, പ്രമാണിത്തവും നേടിയെടുത്ത മല്ലന്റെ പിൻമുറക്കാരാണ് ഇന്നത്തെ നാട്ടുപ്രമാണിമാർ എന്ന് കഥാകാരൻ ചരിത്രമെഴുതുന്നു.മാതേവന്റെ പിൻമുറക്കാരാവട്ടെ കാട്ടിലെ പ്രതിസന്ധികളോട് പടവെട്ടി സ്വന്തം യത്നത്താൽ പടർന്നുപന്തലിച്ച്, വേരുകൾ ആഴ്ത്താൻ കഴിവുകളുടെ വെളിച്ചത്തിൽമാത്രം മനുഷ്യരെ അളക്കുന്ന ഹാരിസൺ സായിപ്പിന്റെ നാട്ടിലെത്തുന്നത് കഥാന്ത്യത്തിലെ വഴിത്തിരിവിനുള്ള ഇന്ധനമായിരുന്നു എന്ന് വായനക്കാരൻ പിന്നീടാണ് തിരിച്ചറിയുന്നത്.
മദാമ്മയെ വിവാഹം ചെയ്യുന്നതിനുപോലും തടസ്സമില്ലാത്ത, കാലാന്തരത്തിൽ വർണ്ണവെറി ഒഴിഞ്ഞുപോയ നാട്ടിൽനിന്ന് സകല പ്രതാപങ്ങളോടും തിരിച്ചെത്തുന്ന മണിക്ക് സ്വന്തം നാടിനെക്കുറിച്ച് സാമാന്യം ബോധമുണ്ട്: “ലോറ, എവരിത്തിംഗ് ഹാസ് ചേഞ്ച്ഡ്, ഇറ്റ് ഈസ് എ ന്യു വേൾഡ് ഔട്ട് ഹിയർ ” എന്ന് ഭാര്യയോടയാൾ പറയുന്നുമുണ്ട്.
ഗോവിന്ദൻ നായർ എന്ന മല്ലന്റെ പിൻഗാമിയാൽ ക്ഷണിക്കപ്പെട്ട് അയാളുടെ വീട്ടിലെത്തുമ്പോൾ കിട്ടുന്ന സ്വീകരണമെന്നത് ഒരു പൊള്ളത്തരമാണെന്ന് മണി മനസ്സിലാക്കുന്നത് തന്റെ എച്ചിലിലയ്ക്കുപോലും ഭ്രഷ്ട് കല്പിച്ച് അത് മാറ്റിക്കുഴിച്ചിടുമ്പോഴാണ്. ഊണിന് തൂശനില എന്ന പദവി നൽകിയത് ഭ്രഷ്ടായതിനെ തിരിച്ചറിയാനുള്ള അടയാളപ്പെടുത്തലാണെന്ന് അയാൾ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. വളരുന്ന നാട്ടിലെ വളരാത്ത മനസ്സുകളെ ഉപേക്ഷിച്ച് വിദേശത്തേക്കു മടങ്ങുമ്പോൾ ലോറ എന്ന മദാമ്മയുടെ തിരിച്ചറിവ് നമ്മെ പൊള്ളിച്ചുകൊണ്ട് അകത്തെളിച്ചം നിറയ്ക്കുന്നു: “ആക്സസ് എവരി വെയർ. സം ആർ ബ്ലാക്ക് സം ആർ വൈറ്റ് ; ഐറോണിക്കലി എവരിത്തിംഗ് കട്ട്സ് ദി സെയിം ട്രീ “…
പോകുന്നതിനുമുമ്പ് മണി, ഗോവിന്ദൻ നായർക്ക് കരണത്തടിപോലെ ഒരു മറുകൃതി കൊടുക്കുന്നുണ്ടെങ്കിലും, അതും ‘ആസനത്തിലെ ആലായി ‘മാറുന്ന കാഴ്ച നമ്മുടെ നാട്ടിന്റെ സാംസ്കാരിക പൊള്ളത്തരത്തിന്റെ തെളിവാകുന്നു.
നവോത്ഥാനവും, പുരോഗമനവുമൊക്കെ പുറന്തൊലിയിൽ മാത്രമാകുന്ന ദുരവസ്ഥയ്ക്കെതിരെ തൂലിക ചലിപ്പിക്കുമ്പോൾ കഥാകാരൻ സോദ്ദേശ്യ രചയിതാവായിക്കൂടി മാറുന്നുണ്ട്.
ഓരോ കണ്ണിയും കഥാന്ത്യത്തിലേക്ക് ക്രമാനുഗതം ഇണക്കിക്കൊണ്ടുപോകാനുള്ള കഥാകാരന്റെ പാടവം ശ്രദ്ധേയമാണ്. അനുകരണ ഭ്രമത്തിൽ അകപ്പെട്ടു പോകുന്ന പൊക്കൻ എന്ന കഥാപാത്രം ആ പേരിന്റെ വിപരീത ധ്വനിയുള്ള ദാസൻ എന്ന പേരു സ്വീകരിക്കുന്നതൊക്കെ കഥാകൃത്തിന്റെ ലക്ഷ്യത്തോടുള്ള അവധാനതയ്ക്ക് തെളിവാണ്. വായനാസുഖം പകരുന്ന നവഘടനയുള്ള ഒരു സോദ്ദേശ്യകഥയായിത്തന്നെ ‘ഹെൻസ് യൂ കാൾ മീ’ വായനയിൽ ഇടം പിടിക്കാതിരിക്കില്ല.

Read Also  ഇതിഹാസം ; രാഹുൽ ശങ്കുണ്ണിയുടെ കഥ

പ്രതിലോമ ഗ്രന്ഥശാല
…………………………….
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ശ്രീ. ഇ .പി .ശ്രീകുമാറിന്റെ ‘പ്രതിലോമ ഗ്രന്ഥശാല ‘ എന്ന കഥ വായനക്കാരെ ഒരു പ്രതിലോമവായനാലോകത്തേക്ക് ഞെട്ടടർത്തിയിടുന്നു. ഭ്രമാത്മകതയും സന്ത്രാസങ്ങളും നിറഞ്ഞൊരു സാങ്കല്പിക ലോകത്തേക്ക് എടുത്തെറിയപ്പെടുന്ന വായനക്കാരൻ അവിടെ ചുറ്റിത്തിരിഞ്ഞ് പ്രതിലോമകമായ ഒരു ലോകത്തെ സാധാരണീകരിക്കുന്ന അനുഭവമാണ് കഥ നൽകുന്നത്.
ഉപേക്ഷിക്കപ്പെട്ടവന്റെ ലിഖിതങ്ങളോ ഉപേക്ഷിക്കപ്പെട്ട ലിഖിതങ്ങളോ പീഡിപ്പിക്കപ്പെട്ട പദങ്ങളോ അല്പായുസ്സുക്കളായ വാക്കുകളോ ചിന്തകളുടെ പ്രകടനങ്ങളോ ഒക്കെ ചരിത്രത്തിന്റെ ഭാഗമാകേണ്ടതാണെന്ന തിരിച്ചറിവിലൂടെ പുനർജ്ജനിക്കുന്ന പ്രതിലോമ ഗ്രന്ഥാലയം ജ്ഞാന നിർമ്മിതികൾ ചിലയിടങ്ങളിൽ കേന്ദ്രീകരിച്ചതിന്റെ പിന്നാമ്പുറ ഗവേഷണംകൂടിയാകുന്നു. അറിവ് അധികാരത്തെ അടിച്ചമർത്തുമെന്നതുകൊണ്ട് ഭരണ വർഗ്ഗമായി നിലകൊള്ളുന്ന ഏതൊരു വിഭാഗത്തിനും ഭയാശങ്ക ജനിപ്പിക്കുന്നതെന്തും പ്രതിലോമഗണത്തിൽപ്പെടുമെന്ന തിരിച്ചറിവിലേക്ക് വായനക്കാരൻ എടുത്തെറിയപ്പെടുന്നു.പുസ്തകം എന്ന പ്രതീകത്തിലൂടെ അവഗണിക്കപ്പെട്ട വിമർശനാത്മകമായ മുഴുവൻ അറിവുകളേയും ചേർത്തു വയ്ക്കുകയും, അവയെ സനാഥമാക്കുന്ന തണലായി പ്രതിലോമ ഗ്രന്ഥശാല എന്ന ബിംബം ഉരുത്തിരിയുകയും ചെയ്യുന്നു.
തികച്ചും പ്രതിലോമകരമായ ജീവിതം നൽകുന്ന തിരിച്ചടികളിൽനിന്ന് ഉയിർത്തെഴുന്നേൽക്കാനാവാതെ വരുന്ന കുടുംബ പരിസ്ഥിതിയിൽപ്പെട്ടവരുടെ ,കീഴാള വ്യവസ്ഥിതിയിൽപ്പെട്ടവരുടെ, അടിച്ചമർത്തപ്പെട്ടവരുടെ, സംഘാടനത്തിന്റേയും നിലനിൽപ്പിന്റേയും പുത്തൻഗാഥകൾ രചിക്കാനുള്ള ഇന്ധനമായ അറിവിന്റെ പ്രകാശകേന്ദ്രമാകുകയാണ് പ്രതിലോമ ഗ്രന്ഥശാല. അത് അറിവ് കൈമാറ്റം ചെയ്യാതെ തമസ്കരിക്കുന്നവരിൽനിന്നും തീവ്രജ്ഞാന സ്വാർത്ഥരിൽനിന്നും അടർന്നുമാറി പടർന്നുപന്തലിക്കാനായുമ്പോൾ പുതു ശാസ്ത്രത്തിന്റെ അപ്പോസ്തലൻമാർ വീണ്ടുമെത്തി അവയ്ക്ക് മൊത്തമായി വിലയിട്ടു സ്വന്തമാക്കാൻ ശ്രമിക്കുന്നിടത്ത് കഥാകാരൻ തനിയാവർത്തനം അവസാനിക്കുന്നില്ലാ എന്ന കണ്ടെത്തൽ നടത്തുന്നു.യാന്ത്രികതയുടെമാത്രം പ്രതീകമായ റോബോട്ടായി ആ കുത്തകമുതലാളിത്തം പ്രത്യക്ഷപ്പെടുന്നത് ഒട്ടും യാദൃച്ഛികമായല്ലാ.
സങ്കീർണ്ണമായ ഭാഷാരീതി, അരാഷ്ട്രീയ വാദങ്ങളിലെ രാഷ്ട്രീയ മുഖങ്ങളുടെ ആവിഷ്കാരം, തികച്ചും വ്യംഗ്യാ ത്മകമായ പ്രമേയാഖ്യാനം എന്നിവകൊണ്ട് വ്യത്യസ്തമായ ‘പ്രതിലോമ ഗ്രന്ഥശാല’ കഥാപന്ഥാവിലെ പുത്തൻ ഗവേഷണ സാധ്യതകൾ തുറന്നിടുന്നുണ്ട്.

വാഴ്‌വേമായം
………………………
രാഹുൽ ശങ്കുണ്ണിയുടെ ‘വാഴ്‌വേമായം’ കൃത്രിമമായ വ്യത്യസ്തതകളിലൂടെ ഫിക്ഷൻ സാധ്യത തിരയുന്ന കഥയാണ്. ജേക്കബ്ബ് എന്ന കഥാപാത്രത്തിന് പൊക്കിളിൽ ഉണ്ടാകുന്ന ദ്വാരം ,അമാവാസി നാളിൽ അതിലൂടെ പുറത്തെത്തുന്ന കുടലുകളുടെ നൃത്തം, മുത്തശ്ശിയുടെ സ്വപ്നാടനം, ജേക്കബ്ബിന്റെ സവിശേഷത കാണുന്ന കളളൻ, കരാറിൻപ്രകാരം കള്ളൻ കൊടുക്കുന്ന കഥ ഗവേഷിക്കാനെത്തുന്ന പത്രക്കാരൻ, വൃദ്ധ പറയുന്ന കഥയിലെ കഥാപാത്രമാണെന്ന തോന്നലിൽ അഹം ഒഴിയുന്ന അയാൾക്ക് ജേക്കബ്ബിനെപ്പറ്റി സംശയനിവാരണം നടത്തിക്കൊടുക്കുന്ന വൃദ്ധ, പൂർവ്വികരെല്ലാം നിയോഗംമൂലം ഇങ്ങനാണെന്നുള്ളിടത്ത് പുത്തൻ സൗന്ദര്യദർശനം നടത്തുന്ന പത്രക്കാരൻ ഇങ്ങനെ കുറേ കണ്ണികളെ പരസ്പരം വിളക്കാൻ ശ്രമിക്കുന്നുണ്ട് കഥാകാരൻ. എന്നാൽ വിശ്വാസ്യതയുടെ മണ്ണിൽ വേരാഴ്ത്തി കഥയെ വളർത്തിക്കൊണ്ടു വരുന്നതിൽ കഥാകൃത്തിന് പാളിച്ച സംഭവിച്ചുവോ? കഥാന്ത്യത്തിലെ ദർശനത്തിന് വ്യാപ്തിയും, ശക്തിയും ഇല്ലാതെ പോയതും, ആഖ്യാനശൈലി ദൃഢമാകാത്തതും കഥയെ ദുർബലപ്പെടുത്തി.

ബൗദ്ധികവും വൈകാരികവുമായ വിശപ്പിന് ഉത്തരമായി പുത്തൻ കഥകളെത്തുമ്പോൾ എല്ലാത്തരം വായനക്കാർക്കും ആസ്വദിക്കാനാവശ്യമായ വിധത്തിൽ കഥകളുടെ ലോകം വിപുലപ്പെടുകയാണ് എന്നതാണ് പ്രതീക്ഷ നൽകുന്ന വസ്തുത.

Spread the love

2 Comments

Leave a Reply