Tuesday, May 26

ഭ്രമാത്മകതയുടെ പ്രതലത്തെ തൊട്ടു നിൽക്കുന്ന മൂന്ന് കഥകൾ

നഗരവൽക്കരണത്തിന്റെ യാന്ത്രിക സംസ്കാരം കഥകളുടെ പ്രമേയങ്ങളാകുന്ന കാലത്തിൽനിന്ന് മാറി കഥകൾ വീണ്ടും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വ്യഥിത ജീവിതങ്ങളെ ഫോക്കസ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്ന കഥകൾ. പെൺവിചാരങ്ങളുടെ മുനയൊടിയാത്ത മുനമ്പുകളും പണമില്ലാത്തവന്റെ ആകാശംപോലെ പരന്ന നിസ്വതയും നാടില്ലാത്തവന്റെ കാടകം പിടയുന്ന നോവുകളും കഥയുടെ പ്രമേയങ്ങളായി തിരികെയെത്തുമ്പോൾ ജീവിതത്തിന്റെ യഥാതഥാവിഷ്കാരം നടത്തിയിരുന്ന ഒരു കഥാകാലം അതേപടി ആവർത്തിക്കുന്നില്ലാ എന്നതാണ് ആനന്ദം. കഥകളുടെ പ്രമേയം യഥാതഥമെങ്കിലും ആവിഷ്കാരം നൂതനസരണികളിലൂടെ സഞ്ചരിച്ച് ഭ്രമാത്മകതയുടെ പ്രതലത്തെ തൊട്ടു നിൽക്കുന്ന കാഴ്ചകളാണ് വായനക്കാരോട് സംവദിക്കുന്നത്.ആധുനിക ജീവിതം നൽകിയ ബൗദ്ധികവും മാനസികവുമായ സങ്കീർണ്ണതകൾ രചനകളെ വ്യാഖ്യാനാത്മകതയിലേക്ക് വളർത്തിയിട്ടുമുണ്ട്.

Image may contain: 1 person, text and close-up

കന്യാകുടീരം (കഥ)
…………………………….
ശ്രീ.മജീദ് സെയ്ദിന്റെ ‘കന്യാകുടീരം’ വാക്കുകളിൽ കുമ്പസാരരഹസ്യങ്ങൾ പതിയിരിക്കുന്ന കുടീരങ്ങളുടെ കൂട്ടായ്മയാണ്. രചനയ്ക്കുപയോഗിക്കുന്ന ഭാഷാകണങ്ങൾ ഓരോന്നും ചിറകുറച്ച ബിംബങ്ങളായി മാറുന്ന അനുഭവം അനുവാചകന് പകർന്നുകൊണ്ടാണ് ‘കന്യാകുടീരം’ പദാനുപദം മുന്നേറുന്നത്. വാക്കിന്റെ ഓരോ കുറ്റിയിലും ചുറ്റിച്ചുറ്റി വായനക്കാർ പുതിയ കഥകൾ മെനഞ്ഞു ചേർക്കുന്നു. കഥാകാരൻ കുറ്റിയും കയറുമെന്ന തന്റെ നിയന്ത്രണം നിലനിർത്തിക്കൊണ്ടുതന്നെ വായനക്കാരന് താൻ മേയേണ്ടതിനെക്കുറിച്ച് സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്ന അഭിവ്യഞ്ജനകളുടെ ഒരു കുടീരംകൂടെയായി കഥ മാറുമ്പോൾ, പുത്തൻ ആവിഷ്കാരസങ്കേതങ്ങളുടെ പ്രത്യാശാനിർഭരമായ നവകവാടങ്ങൾ കഥാലോകത്തിന് തുറന്നുകിട്ടുന്നു. മജീദ് സെയ്ദ് എന്ന കഥാകാരൻ ഉണർത്തുന്ന പ്രതീക്ഷകൾ വരുംതലമുറയുടെ ഉറച്ച അടിത്തറയായി മാറുന്നത് അതുകൊണ്ടാണ്.

കന്യാകുടീരം പെൺജീവിതത്തിന്റെ, പെൺവിചാരങ്ങളുടെ നിറഞ്ഞു പന്തലിക്കുന്ന നിരവധി നിഗൂഢതകളിലേക്ക് വെളിച്ചം തെളിക്കുമ്പോൾ കഥാകാരന്റെ പരകായപ്രവേശസിദ്ധി അതിശയകരമായ വിധത്തിൽ നമ്മെ പിന്തുടരുന്നു.ഉറൂബ് എന്ന കഥാകാരൻ സ്ത്രീകഥാപാത്രങ്ങളുടെ മനോനില ഗ്രാഫിലെന്നോണം തിട്ടപ്പെടുത്തി വയ്ക്കാറുള്ളപ്പോഴുള്ള കൃത്യത ഓർമ്മയിലെത്തിക്കുന്ന പഴുതുകളടച്ച കഥാപാത്രാവിഷ്കാരം കന്യാകുടീരത്തിൽ കാണാനാവും.

രാഖി എന്ന കന്യകയുടെ, കർത്താവിന്റെ മണവാട്ടിയിലേക്കുള്ള രൂപാന്തരത്തിന്റെ ക്രമബദ്ധമായ വളർച്ചയാണ് കഥയുടെ പ്രമേയം. സ്വീകാര്യനാവാത്ത ഭർത്താവിനെയും മക്കളേയും പുറന്തള്ളി കാമനകൾക്കുപിമ്പേ പായുന്ന രാഖിയുടെ അമ്മ കാലികപ്രസക്തി കൊണ്ട് നമുക്ക് പരിചിതയാണ്.മകളെന്ന ‘കന്യാ’കുടീരത്തിൽ വിള്ളലുണ്ടാക്കാൻ കൂട്ടുനിൽക്കുന്ന ആ അമ്മ ഈ സമൂഹത്തിന്റെ ഇന്നത്തെ തിന്മകളുടെ പരിച്ഛേദമാണ്. വഴിയിൽ പ്രത്യക്ഷപ്പെടുന്ന നൈമിഷികചോദനകളെ കണ്ണുകെട്ടി മറികടന്ന് ‘പൊട്ടിത്തെറിക്കാറായ നെടുവീർപ്പായും വിങ്ങിപ്പൊട്ടാറായ കരുണ’രസമായും നിൽക്കുന്ന കോൺവന്റിലേക്ക് നടകയറിയതോടെ പേരുപോലും ആ പേക്ഷികമാകുന്നതും വീടും കോൺവൻറും ടോം ആന്റ് ജെറി കളിയാണെന്ന് തിരിച്ചറിയുന്നതും അടക്കിപ്പിടിച്ച പലതരം കാമനകളുടേയും രഹസ്യമായ പൊട്ടിത്തെറികൾ രഹസ്യമായിത്തന്നെ കുഴിച്ചുമൂടുന്നതും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു. മദർ ,സിസ്റ്റർ എസ്തേർ, ഫാദർ ബനഡിക്ട്, പണക്കൊഴുപ്പുള്ള അന്തേവാസികളായ പെൺകുട്ടികൾ തുടങ്ങിയവരുടെ സഹജവികാരങ്ങൾക്ക് മഠാധിപത്യം തന്നെ രഹസ്യമായ പുറംവാതിൽ പണിയുമ്പോൾ അവിടെ ഞെരിഞ്ഞമരാൻ വിധിക്കപ്പെട്ട അനാഥത്വത്തിലേക്ക് എടുത്തെറിയപ്പെട്ടവരിൽ അടിച്ചേൽപ്പിക്കപ്പെട്ട വിലക്കുകളാകുന്ന വിലങ്ങുകളുടെ നേർത്ത ചലനംപോലും ഭീകര ശിക്ഷകൾക്ക് കാരണമാകുന്ന കാഴ്ച, വിദേശത്തു പോകുമ്പോൾ അവിടെക്കാണുന്ന യുദ്ധക്കെടുതികളും പട്ടിണിയും എല്ലാം വേട്ടക്കാരനും ഇരയും തമ്മിലുള്ള ടോം ആന്റ് ജെറി കളികളാകുന്നത് വായനക്കാർക്ക് വിശ്വാസ്യതയുള്ള നേർക്കാഴ്ചകളാകുന്നു.

കുമ്പസാരരഹസ്യങ്ങൾപോലെ അവിശുദ്ധമായ തൊക്കെ കഥാകൃത്ത് ബോധപൂർവ്വം അപൂർണ്ണതയിൽ പറഞ്ഞവസാനിപ്പിക്കുമ്പോൾ വിത്തിൽനിന്ന് വൃക്ഷമെന്നതു പോലെ വായനക്കാരുടെ മനസ്സിൽ അവ പൂർണ്ണത പ്രാപിക്കുന്നു.
വ്യവസ്ഥിതിയുടെ ചീഞ്ഞ വശങ്ങൾ എന്നും ദുർബലർക്കും ദരിദ്രർക്കും മേലേയാണെന്ന പ്രതിഷേധസ്വരം കഥ പുറപ്പെടുവിക്കുന്നുണ്ട്.രാജാവ് നഗ്നനാണ് എന്ന് കണ്ടവരെ അത് വിളിച്ചു പറയാതെ നാടുകടത്തിയും കുഴിച്ചുമൂടിയും വായടപ്പിക്കുന്ന മതാധിപത്യ തന്ത്രങ്ങൾ സാമൂഹ്യ വ്യവസ്ഥിതിയായി മാറുന്നതിനോടുള്ള അമർഷം കഥയെ ആന്തരികമായി ശബ്ദായമാനമാക്കുന്നുണ്ട്.
പ്രമേയത്തിലുപരി ഒരു നൂതന ആവിഷ്കാര വഴി തുറന്നു വയ്ക്കാൻ കഥാകാരനു കഴിയുന്നുണ്ട്. ഓരോ കഥാപാത്രത്തിന്റെയും ബാഹ്യവും ആന്തരികവുമായ മുഖം ചുരുക്കംചില വാക്കുകളിലൂടെ വിസ്മയകരമായി അവതരിപ്പിക്കുന്ന കഥാകാരന്റെ കൈയടക്കം ശ്ലാഘനീയംതന്നെ.

Read Also  വടുകൻ്റെ പാട്ട് ; വി ഷിനിലാലിൻ്റെ കഥ

“എന്റെ പേര് എസ്തർ” എന്ന് ഇളംചൂടു സ്വരത്തിൽ കാതിൽ മന്ത്രിക്കുന്ന സിസ്റ്ററിന്റെ ചൂടുമായി ബന്ധപ്പെട്ട സ്വഭാവപ്രകടനങ്ങളും, മദറിന്റെ കാൽവണ്ണ തിരുമ്മിക്കലും, ഫാദർ ബനഡിക്ടിന്റെ പച്ച നാരകത്തെ ഞെക്കലും എന്നു വേണ്ടാ ,ഓരോ വാക്കിലും വരികൾക്കിടയിലെ നൂറായിരം നാവിന്റെ പ്രകടനശേഷി അനുഭവിക്കാതെ കടന്നുപോകാൻ ഒരു അനുവാചകനും കഴിയില്ല. കൊച്ചു കുട്ടികൾ തമ്മിലുള്ള ഒരു കളിപോലും മറ്റ വരുടെ സ്വന്തമായ ഒന്നിനെ ചികഞ്ഞു കണ്ടെത്തി സാറ്റടിക്കുന്നതു പോലും പ്രമേയത്തോട് വല്ലാതെ ഇഴുകിച്ചേർന്നിരിക്കുന്നത് രസാവഹമാണ്. പ്രാദേശികത്വത്തെ പുണർന്നു നിൽക്കുന്ന പ്രൗഢഭാഷ കഥയ്ക്ക് ആന്തരിക സൗന്ദര്യം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കന്യാകുടീരത്തിലൂടെ ‘ഇതാ ഞാൻ ‘ എന്നു തൊട്ടുകാണിച്ച് കഥാലോകത്ത് പ്രസരിപ്പുള്ള സാന്നിദ്ധ്യമറിയിക്കാൻ കഴിഞ്ഞുവെന്നതിൽ കഥാകാരന് അഭിമാനിക്കാം.

ചാവിളിയൻ (ദേശാഭിമാനി )
……… …………………………
ശ്രീ.ഡി.പി.അഭിജിത്തിന്റെ ‘ചാവിളിയൻ’പാർശ്വവൽക്കരണംകൊണ്ടു തമസ്കരിക്കപ്പെട്ട ,മനുഷ്യരൂപമുണ്ടായിട്ടും മനുഷ്യരായി അംഗീകരിക്കപ്പെടാത്ത കാടകത്തിന്റെ മക്കളുടെ തീവ്രനൊമ്പരങ്ങൾ കടുംനിറങ്ങളോടെ വിടർത്തിക്കാട്ടുന്ന കഥയാണ്. ചില മിത്തുകളും പഴമയുടെ നൻമകളും പ്രകൃതിയിലേക്കുള്ള മടക്കവുമൊക്കെ മനുഷ്യന്റെ വേരുകളാണെന്ന തിരിച്ചറിവ് പൊളളിക്കുമ്പോഴാണ് കഥയിലെ ഡോക്ടറെപ്പോലെ നമ്മളും ഒരുപക്ഷേ കാടിന്റെ മക്കളെ അറിയാൻ മുതിരുന്നത്.

രോഗപീഡയാൽ മരണപ്പെട്ട മകനെക്കുറിച്ചുള്ള കടുംനൊമ്പരമാണ് നഗരത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ രമേശനെ ശിശു മരണങ്ങൾ പതിവു മാത്രമായ അട്ടപ്പാടിയിലേക്ക് വണ്ടി കയറ്റുന്നത്. താൻമൂലം ഭൂമി കാണാതെപോയ നിരവധി കുഞ്ഞുങ്ങളെ ഓർത്തുള്ള ഇടനെഞ്ചു പൊട്ടുന്ന കുറ്റബോധം മനുഷ്യരുടെ ചൂഷണത്തിനുമാത്രം എന്നും വിധേയരായ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ ഡോക്ടറെ പ്രേരിപ്പിക്കുന്നുണ്ട്. അട്ടപ്പാടിയിലെ ശിശുമരണനിരക്കിന്റെ അന്തംവിട്ട കണക്കാണ് അയാളെ പുന്നയിലേക്ക് സ്വാഗതം ചെയ്തതു തന്നെ.അതിൽ കുഞ്ഞുങ്ങൾ തുടർച്ചയായി മരണപ്പെട്ടുകൊണ്ടിരിക്കുന്ന ചോമനേയും കാളിയേയും തേടിയുള്ള യാത്രയും, അവരെ കണ്ടെത്തുമ്പോൾ തന്റെ ദുഃഖത്തിന്റെ ഉൾച്ചൂട് പുറത്തെത്തി അവിടെ നിൽക്കാൻ കഴിയാത്ത വിധത്തിൽ അയാളെ പൊള്ളിക്കുന്നതുമാണ് പ്രമേയം. പോഷകാഹാരക്കുറവിനാൽമാത്രം മരണപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഉത്തരമാകേണ്ട റേഷൻകട മാസത്തിൽ ഒന്നോ രണ്ടോ തവണ പാതിരാത്രിയിൽ തുറക്കുന്നത് ഭക്ഷണ സാമഗ്രികൾ ജീപ്പിൽ കടത്തിക്കൊണ്ടു പോകാൻ മാത്രമാണെന്ന് പറയുമ്പോൾ ചൂഷണത്തിന്റെ ആഴം നമുക്ക് തിരിയുന്നു.ചാവിളിയൻ പക്ഷിയുടെ നിരന്തരമായ മുന്നറിയിപ്പു മുഴങ്ങിക്കൊണ്ടിരിക്കുന്ന ആ കാടകത്തിൽ രോഗവും മരണവും താവളമാക്കിയെങ്കിൽ അതും നഗരത്തിന്റെ തിന്മ മാത്രമാണെന്ന് കഥാകൃത്ത് വെളിച്ചപ്പെടുത്തുന്നു.പത്തു മക്കളെ നഷ്ടപ്പെട്ടവരുടെ പതിനൊന്നാമത്തെ കുഞ്ഞിനായുള്ള നിസ്സഹായമായ പ്രത്യാശയ്ക്കു മേൽ കാടു നിറയെ മുഴങ്ങുന്ന ചാവിളിയന്റെ മറുപടി.

സ്വന്തം ആചാരങ്ങളും നാടിന്റെ കടന്നുകയറ്റവും നശിപ്പിച്ചടുക്കിയ ഒരു കൂട്ടം പച്ചമനുഷ്യർക്കു മുമ്പിൽ ഒരാൾക്കായി എന്തു ചെയ്യാനാവും എന്ന പ്രതിഷേധത്തിന്റെ സ്വരമാണ് കഥ നിറയെ. കഥാദ്യത്തിലെ വാക്യക്കുരുക്കിൽ നിന്ന് രമേശന്റെ ദൗത്യം വേർതിരിച്ചെടുക്കാൻ പ്രയാസം തോന്നി. കാടകത്തിന്റെ വാങ്മയ ചിത്രങ്ങൾ കഥയുടെ കാൻവാസിന് മിഴിവ് കൂട്ടുന്നുണ്ട്. കഥയുടെ ആദ്യ പകുതിക്ക് രണ്ടാം പകുതിയോളം ആർജ്ജവം വന്നിട്ടില്ലാത്ത പ്രതീതി. കാടകം നേർക്കാഴ്ചയാക്കുന്ന വിവരണങ്ങളും വിശ്വാസ്യതയ്ക്കായി കൂട്ടിച്ചേർക്കപ്പെടുന്ന അനുബന്ധങ്ങളും കഥയെ വായനക്കാരിലേക്ക് വഴിനടത്തിച്ചു എന്നത് യാഥാർത്ഥ്യം. കണ്ണിനു കാണാൻ കൂട്ടാക്കാത്ത ചില പൊള്ളിക്കുന്ന ജീവിതക്കാഴ്ചകളിലേക്ക് വെളിച്ചം തെളിക്കാനായി എന്നതുതന്നെയാണ് ഇക്കഥയെ വേറിട്ട താക്കുന്ന ഘടകം. എങ്കിലും ഭാഷാപരമായ വൈകാരിക സാധ്യതകളും മനോനിലകളിലെ സൂക്ഷ്മാംശാവതരണവും ഈ കഥ ഇനിയും ആവശ്യപ്പെടുന്നുണ്ട് എന്ന തോന്നലുണ്ടാക്കി.

Read Also  കെ എൻ പ്രശാന്തിൻ്റെ പെരടിയും മറ്റ് രണ്ട് കഥകളും ; എം ടി രാജലക്ഷ്മി എഴുതുന്നു

No photo description available.

മലിനജലത്തിലെ ഉടലുകൾ (ചന്ദ്രിക)
………………………………….
ശ്രീ.ജ്യോതിബസു കീഴാറൂരിന്റെ ‘മലിനജലത്തിലെ ഉടലുകൾ’ സാധാരണക്കാരന്റെ സാധാരണനോവുകളുടെ അസാധാരണ പര്യവസാനം കൊണ്ട് ശ്രദ്ധേയമായ കഥയാണ്.ലളിതസുഭഗമായ ശൈലിൽ തികച്ചും തീക്ഷ്ണമായ ജീവിതസന്ത്രാസങ്ങളാണ് വായനക്കാരോട് പങ്കുവയ്ക്കപ്പെടുന്നത്.സ്ത്രീനോവുകളുടെ പുരുഷവീക്ഷണമായി കണക്കാക്കാവുന്ന വിധത്തിൽ കഥാനായകന്റെ സ്വഗതാഖ്യാനമായാണ് കഥ മുന്നേറുന്നത്.അനപത്യദു:ഖത്തിന്റെ ആർദ്രവും ആഴവുമാർന്ന അവതരണങ്ങൾ പെൺപക്ഷ വിചാരങ്ങളായി പൊതുവിൽ പ്രത്യക്ഷപ്പെടുമ്പോൾ, ആൺജീവിതത്തിലെ അതിന്റെ ഹൃദയ ദ്രവീകരണാവിഷ്കാരം വേറിട്ടുനിൽക്കുന്നുണ്ട്.

പലതവണ മലിനജലത്തോടൊപ്പം ഒഴുകിപ്പോയ സന്താനസൗഭാഗ്യത്തെ കരഗതമാക്കാൻ തത്രപ്പെടുന്ന ഭാര്യയും ഭർത്താവും. സ്വന്തം സമ്പാദ്യമെടുത്ത് ആടിനെ വാങ്ങി അതിന്റെ കുഞ്ഞിനെ താലോലിച്ച് അനപത്യദുഃഖത്തെ ആട്ടിയകറ്റാൻ ശ്രമിക്കുന്ന ഭാര്യ. പ്രായോഗികമായി അതു മറികടക്കാൻ ചികിത്സാവഴികൾ തേടുന്ന ഭർത്താവ്. അതിനു വേണ്ടിവരുന്ന സാമ്പത്തികം കണ്ടെത്താനാവാതെ എന്തുപണിക്കു പോകാനും തയ്യാറെടുക്കുന്ന അയാൾ പണത്തിന്റെ അഭാവത്തിൽ, ഏകാശ്വാസമായിരുന്ന ആടുകളെ വിൽക്കുന്നു. എന്നിട്ടും തികയാതെ വരുന്ന പണം കണ്ടെത്താനായി ഡ്രെയിനേജ് വൃത്തിയാക്കാൻ തയ്യാറാവുകയും, വളരെ ആയാസപ്പെട്ട് നീക്കിയ തടസ്സം ഒരു ചോരക്കുഞ്ഞിന്റെ മിടിപ്പു നിലച്ച ശരീരമാവുകയും ചെയ്യുമ്പോൾ അത് മക്കളില്ലായ്മയുടെ പാരമ്യത്തിലെ വേദനാനിർഭരതകൾക്ക് ആഴവും അർത്ഥവും വ്യാപ്തിയും പ്രസക്തിയും വർദ്ധിപ്പിക്കുന്നു.

പ്രാദേശികത്വത്തോടൊട്ടി നിൽക്കുന്ന ഭാഷാരീതി കഥാനായകനുമായി നേരിട്ടൊരു സംവേദനം നടത്തിയ അടുപ്പം വായനക്കാരിൽ ജനിപ്പിക്കുന്നു. കഥാവതരണത്തിനിടയിൽ നമ്മളറിയാതെ തിരുകിവയ്ക്കുന്ന ചില ആന്തരാർത്ഥങ്ങൾ കഥാവസാനമെത്തുമ്പോൾ സസ്പെൻസ് നീക്കി, കൂട്ടിവായിക്കപ്പെടാനാകുന്നത് പ്രമേയത്തിന്റെ കൈയടക്കത്തിലുള്ള മികവാണ്. മാൻഹോൾ വൃത്തിയാക്കാനെത്തുന്ന അയാൾക്കു മുന്നിലൂടെ വീട്ടിലേക്കു കയറിപ്പോകുന്ന കാറിനുള്ളിലിരിക്കുന്ന യുവതിയായ മകൾക്ക് പനിയായതുകൊണ്ട് ആശുപത്രിയിൽ പോയി മടങ്ങുന്ന വിവരം സ്വഭാവികമായി സെക്യൂരിറ്റി പറയുന്നത് അവരുടെ ഡ്രെയിനേജ് പൈപ്പിലെ ബ്ലോക്കുമായി അവസാനം കൂട്ടി വായിക്കപ്പെടുമ്പോൾ അതൊരു നല്ല കഥാതന്ത്രമായി മാറുന്നുണ്ട്.
നിരവധി തവണ കേട്ടുശീലിച്ച ഒരു സന്ദർഭത്തെ അനായാസവും സ്വാഭാവികവുമായി മറ്റൊരു ക്യാൻവാസിലേക്ക് മാറ്റിയെഴുതിയ കഥാകൃത്ത് പ്രമേയത്തെ വേറിട്ടതാക്കുന്നതെങ്ങനെയെന്ന് നമുക്ക് കാണിച്ചുതരുന്നു. കഥമെനയലിന്റെ വിശ്വാസ്യതയെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞതാണ് കഥാകാരന്റെ മികവ്. കഥാലോകത്തെ പുത്തൻ പ്രതീക്ഷകളിലേക്ക് നോട്ടംവയ്ക്കുന്ന കഥാകാരനെ കാലം അടയാളപ്പെടുത്തട്ടേ .

views personal 

2 Comments

Leave a Reply

Your email address will not be published.