Sunday, November 29

പുതിയ വിദ്യാഭ്യാസനയം : കോര്പറേറ്റുവൽക്കരണവും നിഷേധിക്കപ്പെടുന്ന അവസരസമത്വവും ; സച്ചു സോം എഴുതുന്നു

29/07/2020 ൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്കാരർ 34 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ  കാതലായ മാറ്റങ്ങൾ  വരുത്തിക്കൊണ്ടുള്ള രൂപരേഖ പുറത്തിറക്കുകയുണ്ടായി.

കശ്‍മീരിന്റെ കാര്യത്തിൽ സംഭവിച്ചതിനു സമാനമായികൊണ്ട്   തികച്ചും ഏകാധിപത്യപരമായി  ഒരു ഭരണകൂടത്തിന് പെരുമാറാൻ എങ്ങനെ കഴിയും എന്നുള്ളതിന്റെ മറ്റൊരു മാതൃക കൂടി നമുക്ക് ഇവിടെ കാണാൻ സാധിക്കും.  പ്രതിപക്ഷ പാർട്ടികളുമായി യാതൊരു കൂടിയാലോചനകളുമില്ലാതെ ,  ചർച്ചകളില്ലാതെ സംസ്ഥാനങ്ങളെ  പാടെ അവഗണിച് കൊണ്ടാണ് ഈ പുതിയ വിദ്യാഭ്യാസ നയത്തിന്റെ രൂപരേഖ കേന്ദ്രം  പുറത്തിറക്കിയത്

പുതിയ വിദ്യാഭ്യാസനയം  തികച്ചും നിയോലിബറൽ മൂല്യങ്ങളിൽ അധിഷ്ഠിതമായി ചങ്ങാത്തമുതലാളിത്തത്തിന് അനുകൂലമാംവിധമാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഒപ്പം കേന്ദ്രസർക്കാരിന്റെ ഏകാധിപത്യം ഉറപ്പിക്കുന്നതിനായും. NEP(New Education Policy ) യിലൂടെ വിദ്യാഭാസത്തെ കച്ചവടവൽക്കരിവാനും  വർഗ്ഗീവൽക്കരിക്കുവാനുമാണ് ശ്രമിക്കുന്നത്.

മുതലാളിത്തത്തിനു വേണ്ടി പണിയെടുക്കുക അവർക്ക് ലാഭമുണ്ടാക്കി കൊടുക്കുക എന്നതിൽ കവിഞ്ഞു പുതിയ വിദ്യാഭ്യാസനയത്തിന് പ്രിത്യേകിച് ലക്ഷ്യങ്ങളൊന്നുമില്ല. അതിനു വേണ്ടിയാണു 6ആം ക്ലാസ്സ്‌ മുതൽ തന്നെ പഠനം തൊഴിലധിഷ്ഠിതമാക്കുന്നത്.  കുട്ടികളെ കണ്ടിഷൻ  ചെയ്തു മുതലാളിത്തത്തിന് ഗുണകരമാം വിധം വളർത്തുക അവരുടെ ചിന്താശേഷി നശിപ്പിക്കുക, ചോദ്യം ചോദിക്കലിൽ നിന്നും അനുസരിക്കുന്ന നല്ലകുട്ടി ആയി മാത്രം വളരുക  എന്നതാണ് പുതിയ നയത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ ഉദ്ദേശിക്കുന്നത്

ഉന്നതവിദ്യാഭ്യാസ മേഖലയുടെ കാര്യമെടുക്കുകയാണെങ്കിൽ കോളേജ്കളെ ഓട്ടോണോമസ് ആക്കുകയെന്നത് വളരെ  അപകടംപിടിച്ച ഒന്നാണ് . അങ്ങനെ ചെയ്യുന്നതിലൂടെ  മാനേജ്മെന്റ്കൾ ഫീസുകൾ കുത്തനെ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ആ ഫീസ്  സാധാരണക്കാരുടെ കുട്ടികൾക്ക് താങ്ങാൻ സാധിക്കുന്നതിലും അപ്പുറമാണെങ്കിൽ പണമുള്ളവർക്ക് മാത്രം ഉന്നതവിദ്യാഭ്യാസം ലഭിക്കും. മാത്രവുമല്ല യൂണിവേഴ്സിറ്റികൾ അപ്രസക്തമാവുകയും ചെയ്യും. കോളേജുകൾ ഓട്ടോണോമസ് ആയാൽ ക്യാമ്പസ് രാഷ്ട്രീയവും അവസാനിക്കും. ഇതുവഴി രാഷ്ട്രീയബോധമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കും.

ഇതിന്റെ ഫലമായി രാജ്യത്ത് ഏറ്റവും ബൗദ്ധിക നിലവാരം കാഴ്ചവെക്കുന്ന യൂണിവേഴ്സിറ്റികൾ നശിപ്പിച്ചുകൊണ്ട് വിമര്ശനാത്മകത ഇല്ലാത്ത ചിന്താശേഷിയില്ലാത്ത കുട്ടികളെ മാത്രം നിർമിക്കും. ഇങ്ങനെ എതിർസ്വരങ്ങൾ ക്രമേണ ഇല്ലാതെയാകും.

സംസ്ഥാനങ്ങളിൽ നിന്നും പൂർണമായും വിദ്യാഭ്യാസ അധികാരം കേന്ദ്രം കൈയ്യടക്കി  എന്നതാണ് മറ്റൊരു ആശങ്ക. മുകളിൽ നിന്നും വരുന്ന സംഘ്പരിവാര അജണ്ടകളെല്ലാം  സംസ്ഥാനങ്ങൾക്ക് അപ്പാടെ  നടപ്പിലാക്കേണ്ടി വരും.

ഇവിടെ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്ന്  5 ആം ക്ലാസ്സ്‌ വരെ മാതൃഭാഷ  നിർബന്ധമാക്കുകയും ഓപ്ഷണൽ ആയി സംസ്‌കൃതം ഉൾപ്പെടുത്തുകയും ഒപ്പം ആംഗലേയ ഭാഷ ഒഴിവാക്കുകയും ചെയ്തുവെന്നതാണ്.  ഇതിലൂടെ ശ്രമിക്കുന്നത്  സംസ്കൃതവൽക്കരണം വ്യാപകമാക്കുവാനും  ആംഗലേയ ഭാഷയെ പുറത്ത് നിർത്തുവാനുമാണ്.  ആംഗലേയ ഭാഷ പ്രാഥമികതലത്തിൽ ലഭ്യമായില്ലയെങ്കിലും സവർണ  സമ്പന്നരെ സംബന്ധിച് അത് സ്വായത്തമാക്കുവാനുള്ള സാധ്യത  നിലനിൽക്കുന്നുണ്ട്.  അവിടെയും ആദിവാസി ദളിത് മറ്റ് പിന്നോക്കാർക്ക് മാത്രമാണ്  അവസരം നിക്ഷേധിക്കപ്പെടുന്നത്.

പ്രാചീന ഇന്ത്യയിലെ ഗുരുകുലവിദ്യാഭ്യാസ  സമ്പ്രദായം മതവുമായി ബന്ധപ്പെട്ടാണ് കിടന്നിരുന്നത്.  വേദങ്ങളെ അടിസ്ഥാനപ്പെടുത്തിക്കണ്ടുള്ള വിദ്യാഭ്യാസത്തിൽ സവർണസമൂഹത്തിനു മാത്രമേ വിദ്യാഭ്യാസത്തിനു അവകാശമുണ്ടായിരുന്നുള്ളു. ശൂദ്രര്ക്കും ചതുർവണ്യത്തിനു പുറത്തു നിൽക്കുന്നവർക്കും വിഭ്യാഭ്യാസത്തിനു അവകാശമുണ്ടായിരുന്നില്ല.  സമാനമായി  മുതാളിത്തത്തിനു അനുകൂലമായികൊണ്ട് സവർണ  സമ്പന്നസമൂഹത്തിന് മാത്രം ഉന്നതവിദ്യാഭ്യാസം സാധ്യമാവുകയും മറ്റുള്ളവർ  പുറത്ത് നിക്കേണ്ട അവസ്ഥയുമാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ സംഭവിക്കുവാൻ പോകുന്നത്.

Spread the love
Read Also  വിജയിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിര്ണായകമാകുമോ ബിജെപി യുടെ ഈ പകപോക്കൽ? ; സച്ചു സോം എഴുതുന്നു