Wednesday, June 23

ശൈലീമാറ്റത്തിലൂടെ അപശബ്ദങ്ങളെ നിഗ്രഹിക്കാനാവുമോ അധ്യക്ഷന്

കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി നിയമിച്ചതോടെ വലിയൊരു ഭാരം ഇറക്കിവച്ചിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അടിക്കടി വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന് ഭരണം നഷ്ടമായതിൽ വിഭാഗീയതയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. നേതാക്കളുടെ ബാഹുല്യവും പരസ്യമായ വിഴുപ്പലക്കലും കോൺഗ്രസ്സ് ഹൈക്കമാൻഡിന് എന്നും തലവേദനയായിരുന്നു.

കെ പി സി സി അധ്യക്ഷസ്ഥാനം സംബന്ധിച്ച ഹൈക്കമാന്റ് തീരുമാനം രാഹുല്‍ ഗാന്ധി തന്നെ സുധാകരനെ അറിയിക്കുകയായിരുന്നു. കേരളത്തിലെ ഗ്രൂപ്പുപോര്, ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് പ്രശ്നം, താൻപോരിമ എന്നിങ്ങനെ മാധ്യമങ്ങൾക്ക് നിത്യവിഭവങ്ങൾ സമ്മാനിക്കുന്ന നേതാക്കളുടെ വാക്പോരിനെ പിടിച്ചുകെട്ടാൻ ഇതുവരെ പി സി സി അധ്യക്ഷന്മാർക്കോ ഹൈക്കമാൻഡിനോ കഴിഞ്ഞിട്ടില്ല.

കെ സുധാകരൻതന്നെ പല തവണ പരസ്യമായി നേതൃത്വത്തിനെതിരെ നിരവധി പ്രസ്താവനകൾ നടത്തിയിട്ടുള്ള ആളാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതടക്കം വിവാദമായതുമാണ്. പക്ഷെ  സുധാകരൻ്റെ സ്ഥാനലബ്ധി തീരുമാനമായതോടെ പക്വത വീണ്ടെടുത്തതുപോലെയായിരുന്നു അദ്ദേഹത്തിൻ്റെ ശരീരഭാഷ. മാധ്യമങ്ങളെ നേരിട്ടത് മിതഭാഷിയായ സുധാകരനായിരുന്നു.

പ്രതിയോഗികൾ ‘ഗുണ്ടാസുധാകരൻ’ എന്നാക്ഷേപിച്ച ഈ നേതാവിൻ്റെ കാർക്കശ്യവും ഉറപ്പുമുള്ള മനോവീര്യത്തെ മുതലെടുക്കാൻ കോൺഗ്രസ്സിന് കഴിയുമോ എന്നുള്ളതാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും ഗ്രൂപ്പു വ്യത്യാസം മറന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും എല്ലാ നേതാക്കളെയും ഒന്നിച്ചു ഒരു കുടക്കീഴില്‍ കൊണ്ടുപോകുമെന്നുമാണ് അധ്യക്ഷ സ്ഥാനത്ത് നിയമിക്കപ്പെട്ട സുധാകരന്‍ പ്രതികരിച്ചത്.

പുതിയ അധ്യക്ഷൻ ശൈലീമാറ്റത്തിലൂടെ, പക്വമാർന്ന സമീപനത്തിലൂടെ കോൺഗ്രസ്സിൻ്റെ സംഘടനാതലത്തിലെ അച്ചടക്കം മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞാൽ മാത്രമെ പാർട്ടിയ്ക്ക് ജനവിശ്വാസം ആർജിക്കാൻ കഴിയുകയുള്ളൂ.

നേതൃത്വത്തിനെതിരെ വാളോങ്ങുന്നവരെ താക്കീത് ചെയ്താൽ ബി ജെ പിയിൽ ചേരും എന്ന ഉമ്മാക്കി കാട്ടി ഭീഷണിപ്പെടുത്തലാണ് ഈയിടെയായി കോൺഗ്രസ്സ് നേതാക്കളുടെ ട്രെൻഡ്. ഇക്കൂട്ടരായിരിക്കും പുതിയ അധ്യക്ഷൻ്റെയും തലവേദന. പ്രതിപക്ഷ നേതാവിനെ ഒപ്പം നിർത്തി കലാപകാരികളെ നേരിടാനും മുൻനിര നേതാക്കളെപ്പോലും നിയന്ത്രിക്കാനും കഴിഞ്ഞാൽ മാത്രമെ കോൺഗ്രസ്സിൻ്റെ തിരിച്ചുവരവ് സാധ്യമാവുകയുള്ളു. മറിച്ചായാൽ സംസ്ഥാനത്ത് മികച്ചൊരു പ്രതിപക്ഷം പോലുമില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാവും ഫലം.

Spread the love
Read Also  ആത്മവിശ്വാസം നഷ്ടമായി, സ്ഥാനമൊഴിയുന്നതായി കെ സുധാകരൻ