Monday, January 17

ഇസ്ലാമാഫോബിയയുമായി വാർത്ത റിപ്പോർട്ട് ചെയ്യുന്ന ന്യൂസ്റപ്റ്റ്; മതേതര മാധ്യമ ടാഗ് പൊളിച്ച് സോഷ്യൽ മീഡിയ

ഇസ്ലാമാഫോബിയ വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്സാരമല്ല. ലവ്ജിഹാദ് ഉൾപ്പടെ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ അജണ്ടകൾ, ഓരോ മുസ്ലീമിനും താൻ തീവ്രവാദിയല്ലെന്ന് ലോകത്തെ ബോധിപ്പിക്കേണ്ടയവസ്ഥയിലെത്തുന്നു. ഇസ്‌ലാം നാമധാരിയായ ഒരാൾ ഏതെങ്കിലും തരത്തിലുള്ള അതിക്രമം നടത്തിയാൽ ഇസ്‌ലാമിന്റെ പേരിൽ ഓരോ മുസ്ലീമും മാപ്പ് പറയുന്ന തലത്തിൽ വരെ കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിച്ചതിൽ മാധ്യമങ്ങൾക്കുള്ള പങ്കിനെ നിസ്സാരമായി കാണാൻ കഴിയില്ല. മുസ്ലീമുകളുടെ അറസ്റ്റിനെ തീവ്രവാദി ലേബലുകളും മറ്റ് മതസ്ഥരുടെ ആക്രമണങ്ങൾക്കും അറസ്റ്റുകൾക്കും സംഘടനയുടെ പ്രവർത്തകരെന്നുമുള്ള ടാഗുകൾ ദിവസവും കാണുന്നതാണ്.  ഏറ്റവും ഒടുവിൽ അഭിമന്യൂ വധം നടന്നപ്പോൾ രണ്ടു സംഘടനകൾ തമ്മിൽ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട അഭിമന്യൂവിന്റെ ഘാതകരായവരെ മാത്രമല്ല, മുസ്ലീമുകളെ മുഴുവൻ തീവ്രവാദികൾ ആക്കി ആഘോഷിക്കുന്ന സ്ഥിതിയാണ് കേരളം കണ്ടത്. ഓരോ മാധ്യമവും അക്കാര്യത്തിൽ മത്സരിക്കുകയായിരുന്നു. കാസർഗോഡ് സിദ്ധിക്ക് കൊല്ലപ്പെട്ടപ്പോൾ പക്ഷേ ആർഎസ്എസ് പ്രവർത്തകൻ കുത്തികൊലപ്പെടുത്തി എന്ന് മാത്രമാണ് നമ്മൾ വായിക്കുന്നത്.

ഏറ്റവും ഒടുവിൽ കേരളം പ്രളയക്കെടുതിയിൽ നിൽക്കുമ്പോൾ, കാസർഗോഡ് പടന്നയിൽ നിന്നും കുറച്ചു യുവാക്കൾ സന്നദ്ധ രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ അവർ തീവ്രവാദികൾ ആണോ എന്ന അന്വേഷണവുമായി പോയ ന്യൂസ്റപ്റ്റ് കേരളം എന്ന ഓൺലൈൻ മാധ്യമമാണ് ഇസ്ലാമോഫോബിയയുമായി രംഗത്ത് വന്നിരിക്കുന്നത്. “കാസർഗോഡ് ജില്ലയിലെ പടന്ന എന്ന ഗ്രാമത്തിന് ലോക മാധ്യമങ്ങളുടെ മുന്നിൽ ഒരു നെഗറ്റിവ് ടാഗ് ഉണ്ട്. ഐഎസ് ഭീകരതയുടെ യുദ്ധ ഭൂമിയിലേക്കുള്ള വഴികളിൽ കലർപ്പില്ലാത്ത ഇസ്‌ലാമിന്റെ മലഞ്ചെരുവുകളിൽ ആടുമേക്കാൻ പോയവരുടെ നാട്.” ഇങ്ങനെയാണ് നിമിഷ ടോം എന്ന ന്യൂസ്റപ്റ്റ് റിപ്പോർട്ടർ തന്റെ റിപ്പോർട്ടിംഗ് ആരംഭിക്കുന്നത്.

പടന്നയിൽ നിന്നും കേരളത്തെ സഹായിക്കാൻ ദുരിതാശ്വാസവുമായി വന്ന യുവാക്കളെ കാണാൻ ഇടപ്പള്ളിയിൽ ”ചില ചെറിയ മുൻവിധികളുമായാണ്” ന്യൂസ്റപ്റ്റ് ടീം പോയതെന്ന്  നിമിഷ തന്നെ റിപ്പോർട്ടിൽ പറയുന്നുണ്ട്. വാർത്തയുടെ തലക്കെട്ടിലാവട്ടെ ഓരോ വാക്കുകളിലും മുസ്ളീം സമൂഹത്തിനെതിരെ വിഷം കുത്തി നിറയ്ക്കുന്ന സയലന്റ് പോയിസണും. ന്യൂസ്റപ്റ്റ് പ്രസ്തുത സംഭവം റിപ്പോർട്ട് ചെയ്ത തലക്കെട്ട് നോക്കുക ഇപ്രകാരമാണത്”പടന്നക്കാര്‍ പറയുന്നു: ആടുമേയ്ക്കാന്‍ പോയ അഞ്ചുപേരല്ല, ആശ്വാസമെത്തിച്ച ആയിരങ്ങളാണ് ഞങ്ങള്‍” ഓരോ മുസ്ലീമിനും തങ്ങൾ തീവ്രവാദികളോ, ഭീകരവാദികളോ അല്ലെന്ന് എല്ലായ്പ്പോഴും വിളിച്ചു പറയണം എന്ന് തന്നെയാണ് റിപ്പോർട്ടറും ന്യൂസ്റപ്റ്റ് കേരളവും ഉദ്ദേശിച്ചതെന്ന് തോന്നും. നിമിഷയുടെ റിപ്പോർട്ടിംഗിൽ ഒരു യുവാവ് ചോദിക്കുന്നുമുണ്ട് “ആരെങ്കിലും ഐഎസിൽ പോയതിനു ഞങ്ങൾ എന്ത് പിഴച്ചു”വെന്ന്. കാസർഗോഡ് നിന്നും സേവനത്തിനായി എത്തിയ യുവാക്കളെ റിപ്പോർട്ട് ചെയ്യുകയായിരുന്നില്ല ഇവരുടെ ഉദ്ദേശം എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

സോഷ്യൽ മീഡിയയിൽ ഇതിനോടകം ശക്തമായ പ്രതികരണമാണ് ഇതിനെതിരെ ഉണ്ടായിരിക്കുന്നത്. ഇതേക്കുറിച്ച് മാധ്യമ പ്രവർത്തകൻ കൂടിയായ അസ്‌ലാ പറയുന്നത് ഇപ്രകാരമാണ്  “മുസ്ലിം സുഹൃത്തുക്കളേ.. നമ്മളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കാമറയും മൈക്കുമായി അവര്‍ വരുന്നത് ഒരു ‘ചെറിയ മുന്‍വിധി’യോടെയാണെന്ന് അവര്‍ തന്നെ സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒന്നൂല്ല. ഒരു ചെറിയേ മുന്‍വിധി. നമ്മളൊക്കെയും തീവ്രവാദികളാണോ എന്ന ഒരു ‘ചെറിയ മുന്‍വിധി'”

Read Also  മാർച്ച് 15-ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കണമെന്ന് ഇസ്ലാമിക ഉച്ചകോടി

“അമ്പത് ട്രക്ക്‌ സാധന സാമഗ്രികള്‍ ശേഖരിച്ചു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്തുകൊണ്ട് ‘ആട് മേക്കാന്‍ പോകുന്ന മുസ്ലിം തീവ്രവാദികളുടെ നാട്’ എന്ന ടാഗില്‍ നിന്ന് രക്ഷപ്പെട്ട് good muslim certificate നേടിയിരിക്കുകയാണ് പടന്നക്കാര്‍, അതല്ലെങ്കില്‍ Newsrupt Keralam സ്വഭാവ certificate നല്‍കിയിരിക്കുന്നു. റിപ്പോര്‍ട്ടര്‍ തന്നെ പറയുന്നു: മുന്‍വിധിയോടു കൂടിയാണ് പടന്നയിലെ സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളുടെ അടുത്തേക്ക് പോയതെന്നും പക്ഷേ അവിടെയെത്തിയപ്പോള്‍ മുന്‍വിധിയൊക്കെ ഇല്ലാതായെന്നും. ഈ വംശീയതയുടെ മുന്‍വിധിയും പേറി ക്യാമറയും കൊണ്ട്ചെന്ന മാധ്യമ പ്രവര്‍ത്തകയ്ക്കു മുന്‍പില്‍ ദയനീയ മുഖത്തോടു കൂടി തങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് കണ്ടപ്പോള്‍ ഇങ്ങനെ ദുആയിരന്നു ” അല്ലാഹുവേ അപോളജറ്റിക്ക് മുസ്ലിങ്ങളുടെ ശ്ശറില്‍ നിന്നും ഈ സമുദായത്തെ കാക്കണേ…” ആമീന്‍”. ലുഖ്മാനുൽന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ബാസിത്ത് എഴുതിയത് “മുസ്‌ലിം പേരിലുള്ള ക്ഷമാപണ സാഹിത്യങ്ങൾക്ക് പഴയ മാർക്കറ്റ് ഇല്ലാത്തത് കൊണ്ട് പുതിയ ഒരു ശാഖാ വിന്യാസം കൂടി ഉണ്ടായിരിക്കയാണ്. അതാത് നാടുകളുടെ പേരിൽ അതാതു നാട്ടുകാർ തന്നെ മുൻകൈ എടുത്തു പ്രത്യേകം, പ്രത്യേകം മുസ്‌ലിം ക്ഷമാപണ സാഹിത്യം. പാനായികുളത്തുകാർക്ക് സിമി ക്യാമ്പിന്‍റെ പേരിൽ, മൂവാറ്റുപുഴക്കാർക്ക് കൈ വെട്ടിന്‍റെ പേരിൽ, കോഴിക്കോട്ടുകാർക്ക് ബസ് സ്റ്റാൻഡ് സ്ഫോടനം തുടങ്ങി ആടു മേക്കൽ, കാശ്മീർ റിക്രൂട്ട്മെന്‍റ് കഥകൾ മുതൽ വാക്സിൻ തടഞ്ഞതും, ‘എന്നെ എന്‍റെ ഇക്ക രക്ഷിച്ചാൽ മതി’ എന്നു പറഞ്ഞ ഇത്തയുടെ കഥ വരെ വിഷയമാക്കാവുന്നതാണ്. അങ്ങിനെ ഓരോ നാടും പറയട്ടെ തങ്ങളുടെ അപ്പോളജെറ്റിക് മുസ്‌ലിം കഥകൾ. അതും ബോറടിച്ചു തുടങ്ങുമ്പോൾ തങ്ങളുടെ ഓരോ സോഷ്യൽ ലൊക്കേഷൻ ഉപയോഗിച്ചും അപ്പോളജെറ്റിക് മുസ്‌ലിമായി നോക്കാവുന്നതാണ്. വായനക്കാർക്ക് ഏതെങ്കിലും തരത്തിൽ ഒരു പുതുമ അനുഭവപ്പെടുന്നുണ്ട് എന്നു ഉറപ്പ് വരുത്തുക. അതെങ്കിലും ചെയ്തില്ലെങ്കിൽ ഈ സാഹിത്യ ശാഖ തന്നെ കുറ്റിയറ്റു പോവുമെന്നുള്ളത് മനസ്സിലാക്കി എല്ലാവരും ഉണർന്നു പ്രവർത്തിക്കേണ്ടതാണ്.”  

ഇത് ആദ്യമായല്ല ന്യൂസ്റപ്റ്റിൽ നിന്നും വംശീയ വിദ്വേഷം പുറത്ത് വരുന്നത്. മുഹമ്മദ്‌ അഖ്ലാഖി നെയും ഖാസിമിനെയും ഹിന്ദുത്വ തീവ്രവാദികള്‍ പശുവിൻ്റെ പേരില്‍ തല്ലിക്കൊന്നപ്പോൾ ആൾക്കൂട്ട കൊല എന്നാണ് ന്യൂസ്റപറ്റ് എഴുതിയത്. കൂടാതെ കേരളത്തിലെ ശൈശവ വിവാഹങ്ങളെ സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ കണക്കുകള്‍ വ്യാജമായി ഇവര്‍ പെരുപ്പിച്ച് കാണിച്ചിരുന്നു.

എല്ലായ്പ്പോഴും ഇത്തരം മാധ്യമ ഇസ്ലാമോഫോബിയക്കെതിരെ നിതാന്ത ജാഗ്രത കേരളം പുലർത്തേണ്ടതുണ്ട്. അതല്ലെങ്കിൽ സാഹിത്യകാരനായ എ എസ് അജിത് കുമാർ സൂചിപ്പിക്കുന്നതുപോലെ`NEWSRUPT ഒക്കെയുള്ള ഒരു മാധ്യമകേരളത്തില്‍ നിന്നും ആടുമേയ്ക്കാന്‍ ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍ അവര്‍ ഭാഗ്യമുള്ളവര്‍` എന്നു പറയേണ്ടതായി വരും.   പ്രസ്തുത റിപ്പോർട്ടിന്റെ വീഡിയോ ലിങ്ക് ഇവിടെ കാണാം

Spread the love