Wednesday, June 23

നിലാസ്സാധകം എന്ന കലാനിരൂപണഗ്രന്ഥം

 

ഗഡാഗഡിയൻമാരായ സാഹിത്യ നിരൂപകർ മലയാളത്തിൽ ഒട്ടേറെയുണ്ടായിട്ടുണ്ട്. പല കാലങ്ങളിൽ പല നിലകളിൽ സാഹിത്യ കൃതികളെ വീക്ഷിച്ച് വിലയിരുത്തിയവർ. അസാമാന്യ പണ്ഡിതർ, കൃത്യമായ സൗന്ദര്യബോധം പുലർത്തിയവർ, സിദ്ധാന്ത പടുക്കൾ, നിരൂപണത്തെ സർഗ്ഗാത്മകമാക്കിയവർ. കേസരിയുടെയും കെ.ഭാസ്കരൻനായരുടെയും കാലം മുതൽ കെ.പി.അപ്പന്റെയും വി.സി.ശ്രീജന്റെയും കാലം വരെ എന്തെന്തു സാഹിത്യ നിരൂപകരെ മലയാളം കണ്ടു. ഒരു മാതിരിപ്പെട്ട നിരൂപകരെല്ലാം പടിഞ്ഞാട്ടു നോക്കി സാഹിത്യ കൃതികളെ നിരൂപിച്ചപ്പോഴും അവർക്കൊപ്പമോ അവരെക്കാളുമോ തലപ്പൊക്കത്തോടെ സാഹിത്യ വിചാരം നടത്തിയ കുട്ടിക്കൃഷ്ണമാരാരെപ്പോലെയുള്ള സഹ്യമാമലയുടെ സൗന്ദര്യ സന്ദോഹങ്ങൾ നമ്മുടെ നിരൂപണ ശാഖയിൽ പൊൻകോലമേറ്റി നിന്ന കാഴ്ച്ച ആർക്ക് വിസ്മരിക്കാനാകും.
എന്നാൽ കലാനിരൂപണത്തിന്റെ കാര്യത്തിൽ മലയാളം കഷ്ടി പിഷ്ടിയാണ്. ക്ലാസ്സിക്കലും അനുഷ്ഠാനപരവും നാടോടിയുമായ കലകളുടെ കേദാരമാണ് കൊച്ചു കേരളം . എന്നാൽ ഈ കലകളെ നിരൂപണം ചെയ്യുന്ന മികച്ച കൃതികൾ വിരളമാണ്. നിയോ ക്ലാസ്സിക് ഭാവുകത്വത്തിന്റെ തടവറയിൽ അകപ്പെട്ടുകിടക്കുന്ന ചില ആസ്വാദകരാണ് ഇവിടെ കലാനിരൂപകരായി വേഷമിട്ട മിക്കവരും.
സമ്പൂർണ്ണ കല എന്നു കേൾവിപ്പെട്ട കഥകളിയെക്കുറിച്ച് വിവരിക്കുന്ന കൃതികൾ കുറച്ചിമ്മിണിയൊന്നുമല്ല മലയാളത്തിൽ ഉണ്ടായിട്ടുള്ളത്. എണ്ണത്തിലും വണ്ണത്തിലും കുറവൊന്നുമില്ല. എന്നാൽ നിലവാരത്തിൽ ഈ കൃതികളിൽ മുക്കാലേമുണ്ടാണിയും ഒരു വകയാണ്. കെ.പി.എസ്. മേനോന്റെ ‘കഥകളി രംഗം’ പോലെയുള്ള കൃതികളുടെ ചരിത്രപരമായ പ്രാധാന്യത്തെ വിസ്മരിച്ചു കൊണ്ടല്ല ഇങ്ങനെ എഴുതുന്നത്.
ആട്ടക്കഥകൾ എന്ന കഥകളിയ്ക്കു വേണ്ടിയുള്ള സ്ക്രിപ്റ്റുകൾ ഏറെ ഉണ്ടായത് നിയോ ക്ലാസ്സിക് കാലത്താണ്. തൊള്ളാമ്പ്രയെണ്ണം സ്ക്രിപ്റ്റുകൾ ഉണ്ടായിട്ടുണ്ട്. ഇടത്തരം രാജാക്കൻമാർ പഞ്ചായത്തുകൾ തോറും ഭരണം നടത്തിയിരുന്ന കാലത്ത് കലയെ പോഷിപ്പിച്ച് തങ്ങളുടെ പ്രവിശ്യയെ നമ്പർ വൺ ആക്കുക എന്ന സദുദ്ദേശ്യത്തോടെ ആട്ടക്കഥ എന്ന ജനുസ്സിൽ കേറി മേഞ്ഞു കളിച്ചിട്ടുണ്ട്. കൊച്ചിക്കാരനൊരു തമ്പുരാൻ ദിവസവും ഓരോ ആട്ടക്കഥ എഴുതി ആടിക്കണ്ടു എന്നാണ് കഥ.
മലയാള വിമർശനത്തിലെ ദന്തഗോപുരങ്ങളായിരുന്ന മാരാരും മുണ്ടശ്ശേരിയും ക്ലാസ്സിക്കും കാല്പനികവുമായ തങ്ങളുടെ ഭാവുകത്വത്തിന്റെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് മലയാളത്തിലെ പ്രാചീന മധ്യകാല കൃതികളെ കശക്കിയെറിഞ്ഞ കൂട്ടത്തിൽ സാഹിത്യഭംഗി കുറഞ്ഞ ആട്ടക്കഥകളെല്ലാം അമർന്നു പോയി.എന്നാൽ ആ കൂട്ടത്തിൽപെട്ട നളചരിതം ആട്ടക്കഥ മാത്രം നരചരിതം ആയതിനാൽ പ്രാചീന മധ്യകാലത്തുണ്ടായ സകലവിധ പ്രസ്ഥാനങ്ങളിൽ പെട്ട കാവ്യങ്ങളിൽ നിന്നും ഉയർന്ന് തിളങ്ങി.
എങ്ങനെയോ കഥകളിയെ നിരൂപിക്കാൻ തുടങ്ങിയവരുടെ അബോധത്തിലും നളചരിതം ആട്ടക്കഥയുടെ സാഹിത്യ ഭംഗി അടിഞ്ഞുകിടന്നു. കഥകളിയെ നിരൂപിക്കുമ്പോൾ കലാരൂപം എന്ന നിലയിൽ പരിഗണിക്കാതെ അതിന്റെ അംശങ്ങളിൽ ഒന്നായ സാഹിത്യ കൃതിയ്ക്ക് മാത്രം മുന്തിയ പ്രാധാന്യം കൊടുത്തതു കൊണ്ട് നഷ്ടമായ ബാലൻസ് മൂലം കഥകളി നിരൂപണങ്ങൾ ഏറെയും ഓടാത്ത രഥങ്ങളായി. സങ്കീർണ്ണബദ്ധമായ ഈ കലയുടെ ഉൾപ്പൊരുൾ തിരിഞ്ഞു കിട്ടാതെ കഥകളിയെ ആക്ഷേപിച്ച മുണ്ടശ്ശേരിയോടും മഹാകവി ജി.ശങ്കരക്കുറുപ്പിനോടും വാഴേങ്കട കുഞ്ചുനായർ എന്ന മഹാനടൻ കലമ്പുന്നത് ഏതാണ്ട് ഈ പശ്ചാത്തലത്തിലാണ്. അതി തീക്ഷ്ണമായിരുന്നു കുഞ്ചുനായരുടെ പ്രതികരണങ്ങൾ .മുണ്ടശ്ശേരിയുടെയും ജി.യുടെയും വായടഞ്ഞു പോയി.
പട്ടിക്കാംതൊടി രാവുണ്ണി മേനോൻ എന്ന അതി പ്രതിഭാശാലിയായ കഥകളി ഗുരുവിന്റെ പ്രധാന ശിഷ്യരിലൊരാളായിരുന്നു കുഞ്ചുനായർ. നളചരിതമുൾപ്പടെയുള്ള കഥകളിലെ കഥാപാത്രങ്ങളെ നവമായി അരങ്ങിൽ വ്യാഖ്യാനിച്ച കുഞ്ചുനായരുടെ പേരിലുള്ള ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന കെ.ബി.രാജാനന്ദിന്റെ ‘നിലാസ്സാധകം ‘ എന്ന കഥകളി വിചാര ഗ്രന്ഥത്തെ പരിചയപ്പെടുത്താൻ ഇത്രയെങ്കിലും പീഠികയായി പറയണം.
കുഞ്ചുനായർ അഭിലഷിച്ച ,കുറേക്കൂടി കൃത്യമായി പറഞ്ഞാൽ കുഞ്ചുനായരുടെ ഗുരുനാഥനായ പട്ടിക്കാംതൊടി മനസ്സിൽ വിഭാവനം ചെയ്ത് സാക്ഷാൽക്കരിക്കാൻ ശ്രമിച്ച കഥകളി സങ്കല്പത്തെ വീണ്ടെടുക്കുക എന്ന ദൗത്യത്തിന് ചുക്കാൻ പിടിച്ചു എന്നതാണ് കെ.ബി.രാജാ നന്ദിന്റെ ചരിത്ര പ്രാധാന്യം. കഥകളി ആക്ടിവിസ്റ്റ് എന്നാണ് അദ്ദേഹത്തെ കെ.സി.നാരായണൻ വിശേഷിപ്പിക്കുന്നത്.

Read Also  വീടൊരുക്കം - എം.എസ്.ബനേഷിന്റെ കവിതയ്ക്ക് ഒരു ആസ്വാദനം.


കഥകളിയുടെ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള ഭദ്രമായ ദർശനമാണ് രാജാനന്ദിന്റെ പ്രവർത്തനങ്ങളെയും എഴുത്തിനെയും ചൈതന്യഭരിതമാക്കുന്നത്. കഥകളി എന്ന കലാരൂപത്തെ അതിന്റെ സമഗ്രതയിൽ അദ്ദേഹം കണ്ടു. സ്ക്രിപ്റ്റിന് അത് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകിയുള്ള കലാനിരൂപണമാണ് അദ്ദേഹം നിർവ്വഹിക്കുന്നത്. കല്യാണ സൗഗന്ധികത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സാഹിത്യ വിചാരങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കല്യാണസൗഗന്ധികങ്ങളെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ മലയാള നിരൂപണമായി അതു മാറുന്നു.
പട്ടിക്കാന്തൊടിയുടെ ശിഷ്യ പ്രശിഷ്യരിലൂടെയുള്ള കഥകളിയുടെ വികാസപരിണാമ ചരിത്രത്തിലൂന്നിയാണ് അദ്ദേഹം കഥകളിയുടെ സൗന്ദര്യ ദർശനത്തെ ഇഴപിരിച്ചു കാട്ടുന്നത്. പട്ടിക്കാന്തൊടിയുടെ കളരിയിൽ നിന്നാണ് കൃഷ്ണൻ കുട്ടിപ്പൊതുവാൾ കൊട്ടു പഠിച്ചതെന്ന് രാജാനന്ദ് ആവർത്തിക്കുന്ന പ്രസ്താവനയിൽ അദ്ദേഹത്തിന്റെ കഥകളിയോടുള്ള നോട്ടപ്രകാരം എങ്ങനെയുള്ളതാണെന്ന് വ്യക്തമാകുന്നുണ്ട്. അതേ സമയം കഥകളിക്കൊട്ടിൽ കോട്ടയ്ക്കൽ കുട്ടൻ മാരാർ ചെലുത്തിയ പ്രഭാവത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്. കീഴ്പ്പടത്തെയും രാമൻകുട്ടിനായരെയും ഗോപിയെയും ഹരിദാസിനെയും ഹൈദരാലിയെയും കുറിച്ചുള്ള ലേഖനങ്ങളിലും രാജാനന്ദിന്റെ കഥകളി ദർശനം വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. കപ്ലിങ്ങാടൻ പരമ്പരയിൽ പെട്ട കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കരെ അദ്ദേഹം നിരാകരിക്കുന്നുമില്ല.
നിലാസ്സാധകം വായിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട ഒരു കലാനിരൂപണ ഗ്രന്ഥമാണ്. സമ്പന്നമായ കലാപാരമ്പര്യമുണ്ടെങ്കിലും ഏറെ മലയാളികൾക്കും കല എന്നത് സാഹിത്യം മാത്രമാണെന്നത് വിസ്മരിച്ചുകൊണ്ടല്ല ഇങ്ങനെ എഴുതുന്നത്.

Spread the love

24 Comments

Leave a Reply