Monday, January 24

നിപ: വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലെന്നു സ്ഥിരീകരണം

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ ഉറവിടം പഴം തീനി വവ്വാൽ തന്നെയാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പരിശോധനയിൽ തെളിഞ്ഞു. ആദ്യം പരിശോധനയ്ക്ക് വിധേയമാക്കിയ പഴം തിന്നുന്ന വവ്വാലുകളിൽ വൈറസ് ബാധ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നിപ ബാധിച്ച പ്രദേശമായ കോഴിക്കോട് ചങ്ങരോത്തെ ഒരു കിണറ്റിൽ നിന്നാണ് ആദ്യം വവ്വാലുകളെ പിടിച്ചു പരിശോധനയ്ക്കയച്ചത്. രോഗത്തിന്റെ ഉറവിടമായ മലേഷ്യയിൽ വവ്വാലുകളിൽനിന്നാണ് രോഗികൾക്ക് വൈറസ് ബാധയേറ്റത് എന്ന കണ്ടെത്തലിനെ തുടർന്നാണ് വവ്വാലുകളിൽ മാത്രം പരിശോധന തുടർന്നത്.

വൈറസ് കണ്ടെത്താൻ കഴിയാത്തത് ആരോഗ്യവിദഗ്ധരെ അലട്ടിയിരുന്നു. രണ്ടാം ഘട്ടത്തിൽ അതെ സ്ഥലത്തുനിന്നും പിടിച്ച 55 വവ്വാലുകളിലാണ് പരിശോധന തുടർന്നത്. ഇതിന്റെ പരിശോധനാഫലമാണ് ഐ സി എം ആർ പുറത്തുവിട്ടിരിക്കുന്നത്. നിപ വൈറസ് ലക്ഷണങ്ങൾ പഴം തീനി വവ്വാലുകളിൽ കണ്ടെത്തിയ വാർത്ത കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ സ്ഥിരീകരിച്ചിട്ടുണ്ട്

മെയ് 31 നാണ് നിപമൂലമുള്ള അവസാനമരണം റിപ്പോർട്ട് ചെയ്തത്. തുടർന്നും സംശയമുള്ള നിരവധിയാളുകളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം നെഗറ്റിവ് ആയിരുന്നു. കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപ ബാധിച്ചുമരിച്ചത്. നിപയുടെ നിരീക്ഷണകാലഘട്ടം 21 ദിവസമാണ്. അവസാനമായി രോഗബാധറിപ്പോർട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞു പുതിയ രോഗികൾ ഇല്ലെന്നു ഉറപ്പായപ്പോൾ കോഴിക്കോടും മലപ്പുറവും നിപ വൈറസ് മുക്തമേഖലയായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

വവ്വാലുകളിൽ വൈറസ് ബാധയുണ്ടാവുമെങ്കിലും അവയ്ക്ക് രോഗം ബാധിക്കാറില്ല. ഇവയുടെ ഉമിനീരിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് വൈറസ് പഴങ്ങളിലേക്കോ മൃഗങ്ങളിലേക്കോ പകരുന്നത്. വൈറസ് ബാധയുള്ള വവ്വാലുകൾ കടിച്ച പഴങ്ങൾ ഭക്ഷിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്

ഇപ്പോഴെന്തായാലും ആശങ്കപ്പെടേണ്ടതില്ല. എന്നാൽ ഡിസംബർ മുതൽ 2019 മെയ് വരെ അതീവ ജാഗ്രത പാലിക്കണമെന്നു ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Spread the love
Read Also  രാജ്യത്ത് വീണ്ടും നിപ ജാഗ്രതാ നിര്‍ദേശം; 19 ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി