Sunday, January 16

നിർഭയ കേസിൽ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

നിര്‍ഭയക്കേസില്‍ ജയില്‍വാസമനുഭവിക്കുന്ന പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് എന്നിവരുടെ ശിക്ഷ ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

2013 സെപ്റ്റംബറിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച കോടതി ഉത്തരവിൽ പ്രതികൾ പുനഃ പരിശോധന ഹർജി നൽകിയെങ്കിലും 2017 മേയില്‍ സുപ്രീംകോടതി ഇവ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അലോക് ശ്രീവാസ്തവ കോടതിയെ സമീപിച്ചത്.

വധശിക്ഷ നടപ്പിലാക്കാന്‍ വരുത്തുന്ന കാലതാമസം തെറ്റായ കീഴ്വഴക്കമാണെന്നും ഇത് ഇത്തരം കുറ്റകൃത്യങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. പീഡനക്കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ചൂണ്ടിക്കാണിച്ച ഹർജിക്കാരൻ ബലാല്‍സംഗ-കൊലപാതകക്കേസുകളില്‍ എട്ടു മാസത്തിനുള്ളില്‍ ശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ സുപ്രീം കോടതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നിഷ്ഠൂരമായ കുറ്റകൃത്യത്തിന് ഒരു പ്രതിക്ക് ലഭിക്കുന്ന ശിക്ഷ നടപ്പാക്കാന്‍ അഞ്ചു വര്‍ഷത്തിലധികമുണ്ടാകുന്ന കാലതാമസം അത്തരം കുറ്റകൃത്യത്തിന് പ്രേരണയാകുമെന്നും വധശിക്ഷ പോലുള്ളവ നടപ്പിലാക്കാനുള്ള സമയക്രമത്തെ കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായത്. ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29 ന് മരിച്ചു. ആറു പേരായിരുന്നു പ്രതികള്‍. മുഖ്യപ്രതി രാംസിങ് കസ്റ്റഡിയിലിരിക്കെ മരിച്ചു. മറ്റൊരു പ്രതി മുഹമ്മദ് അഫ്രോസിനെ പ്രായപൂര്‍ത്തിയാകാത്തതു കാരണം ജുവനൈല്‍ നിയമപ്രകാരം മൂന്നു വര്‍ഷത്തെ തടവുശിക്ഷ നല്‍കി വിട്ടയച്ചു.

രാജ്യം മുഴുവനും ബലാൽസംഗത്തിനെതിരെ ശക്തമായ പ്രതിഷേധം നിർഭയ സംഭവത്തെ തുടർന്ന് സംഘടിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ബലാൽസംഗ കണക്കുകളിൽ യാതൊരു കുറവുകളും ഇത്തരം സംഭവങ്ങൾ കൊണ്ടോ ശിക്ഷകൾ കൊണ്ടോ ഉണ്ടാവുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Spread the love
Read Also  കത്വ കേസ്:പൂജാരി ഉൾപ്പടെയുള്ള മൂന്ന് പ്രതികൾക്ക് ജീവപര്യന്തം

Leave a Reply