Tuesday, August 4

സുന്ദരന്മാരും സുന്ദരികളും ; നിഷി ജോർജ്ജ് എഴുതുന്നു

എഴുത്തുകാരി സുന്ദരിയെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന പ്രശസ്തസാഹിത്യകാരൻ എം. മുകുന്ദന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. സാഹിത്യമണ്ഡലം സർഗ്ഗാത്മകത പ്രധാനമായി പരിഗണിക്കപ്പെടുന്ന , പരിഗണിക്കപ്പെടേണ്ട ഒരു ആദർശലോകമാണെന്നോ ആകണമെന്നോ ഉള്ള സങ്കൽപ്പമാണ് ഈ പ്രസ്താവനയിൽ അന്തർലീനമായിരിക്കുന്നതും വിശകലനം ചെയ്യപ്പെടേണ്ടതുമായ ഒരു വസ്തുത. മറ്റൊന്ന് സുന്ദരിയായ എഴുത്തുകാരി എന്ന പ്രയോഗമാണ്. സൗന്ദര്യംകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരി എന്നത് പല മുനകളുള്ള ഒരു പ്രയോഗമാണ്.

മുകുന്ദന്റെ പ്രസ്താവന ഒരേ സമയം സാമൂഹ്യവിമർശനവും ലിംഗവിവേചനവുമായി പ്രവർത്തിക്കുന്നുണ്ട് എന്ന് ഈ പ്രസ്താവനയ്ക്കുണ്ടായ വിവിധ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ വ്യക്തമാകും. ഒരു ഭാഗത്ത് ഈ പ്രസ്താവന സാഹിത്യത്തിൽ അഹിതമായ ചില പ്രവണതകളെ വിമർശിക്കുന്നു. സൗന്ദര്യംകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരി എന്ന് വിമർശിക്കുമ്പോൾ സ്ത്രീയ്ക്ക് അർഹതയില്ലാതെ കിട്ടുന്നതായി സങ്കൽപ്പിക്കപ്പെടുന്ന അംഗീകാരം അവർക്ക് കൊടുക്കുന്നത് വായനക്കാരായ പുരുഷന്മാരാണ് എന്ന് വരുന്നു. അങ്ങനെ വരുമ്പോൾ ഈ വിമർശനത്തിന്റെ മുന നീളുന്നത് വായനക്കാരായ പുരുഷന്മാരുടെ നിലവാരമില്ലായ്മയിലേക്കാണ്.

m mukundan controversial statement on woman writers

ചിത്രം കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്

സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരെ ഇനം തിരിക്കുന്നതും സാഹിത്യത്തിലെ വിവിധകാലഘട്ടങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതും അതിൽ സ്ത്രീകളുടെ സ്ഥാനം നിശ്ചയിക്കുന്നതുമെല്ലാം സാഹിത്യരംഗത്തെ ചില അധികാരകേന്ദ്രങ്ങളാണ്. ഇതിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവുമാണ്.

പുരുഷനെ സംബന്ധിച്ച് ലിംഗപരമായസ്വത്വം സാമൂഹ്യമൂലധനമായി പ്രവർത്തിക്കുന്ന അനേകസന്ദർഭങ്ങളുണ്ട്. എന്നാൽ സ്ത്രീയെ സംബന്ധിച്ച് ലിംഗപരമായസ്വത്വം സാമൂഹ്യമൂലധനമായി പ്രവർത്തിക്കുന്നത് സൗന്ദര്യം ,മാതൃത്വം എന്നീ സങ്കൽപ്പങ്ങളോട് ബന്ധപ്പെടുത്തിക്കൊണ്ടുമാത്രമാണ്. അതിനാൽ സൗന്ദര്യം പ്രതീകാത്മക മൂലധനമായി പ്രവർത്തിച്ച് അവളുടെ സാമൂഹ്യപദവിയെ ഉയർത്തുകയോ താൻ പ്രവർത്തിക്കുന്ന മേഖലയിൽ കൂടുതൽശ്രദ്ധേയയായിത്തീരുന്നതിന് കാരണമാവുകയോ ചെയ്യാം. സ്ത്രീയെ സംബന്ധിച്ച് പ്രധാനമായതെന്തെന്ന് നിശ്ചയിക്കുന്നതും സ്ത്രീ സൗന്ദര്യമെന്തെന്ന് നിശ്ചയിക്കുന്നതും സ്ത്രീയുടെ സ്ഥാനം നിശ്ചയിക്കുന്നതും സാഹിത്യത്തിലേയും സമൂഹത്തിലെയും അധികാരകേന്ദ്രങ്ങളായിരിക്കുന്നിടത്തോളം ഈ വിമർശനത്തിന്റെ മുന പുരുഷനിലേക്ക് തന്നെ നീളുന്നു.

Related image

സാഹിത്യമണ്ഡലത്തിനുള്ളിലും അതിനുപുറത്തും എഴുത്തുകാരിയുടെ/എഴുത്തുകാരന്റെ സ്ഥാനം നിശ്ചയിക്കുന്നതിൽ പല ഘടകങ്ങളും പങ്ക് വഹിക്കുന്നുണ്ട്. എഴുത്തുകാരുടെ സാമ്പത്തിക, സാംസ്കാരിക, സാമൂഹ്യ, പ്രതീകാത്മക മൂലധനങ്ങൾ, ഈ മൂലധനങ്ങളെ ഉപയോഗപ്പെടുത്താനുള്ള ശേഷി, ജാതീയവും ലിംഗപരവും ദേശപരവും മറ്റുമായ വിവിധ സ്വത്വങ്ങൾ, സാഹിത്യമണ്ഡലത്തിലെ ഒന്നാം നിര എഴുത്തുകാരുമായുള്ള പരിചയം, പ്രസാധകരുമായും എഡിറ്റർമാരുമായും ഉള്ള ബന്ധം, സാഹിത്യത്തിൽ അംഗീകൃതവും സ്വീകാര്യവുമായ പൊതുമാനദണ്ഡങ്ങളെക്കുറിച്ചുള്ള അവബോധം, പുതിയ ട്രൻഡുകളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള അറിവ്, പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ശേഷിയുള്ള സൗഹൃദവലയങ്ങൾ, സാഹിത്യത്തിന്റെ ആധികാരികത നിശ്ചയിക്കുന്ന കേന്ദ്രങ്ങളു(നിരൂപകർ, സാഹിത്യസംഘം പ്രസിഡന്റുമാർ എന്നിങ്ങനെ)മായുള്ള ബന്ധം, ആധികാരിക സാഹിത്യകേന്ദ്രങ്ങളു(സാഹിത്യ അക്കാദമി പോലെ )മായുള്ള രാഷ്ട്രീയ യോജിപ്പ് ഇവയൊക്കെ സാഹിത്യമണ്ഡലത്തിലെ സ്ഥാനനിർണ്ണയത്തിൽ പങ്കു വഹിക്കുന്നുണ്ട്.

പ്രശസ്തരായ എഴുത്തുകാരൊക്കെ സാഹിത്യേതരമായ കാരണങ്ങൾ കൊണ്ടാണ് സാഹിത്യമണ്ഡലത്തിലെ ഉയർന്നസ്ഥാനങ്ങളിലേക്ക് എത്തിയത് എന്ന് ഇതിനർത്ഥമില്ല. അതേസമയം പ്രതിഭയോടൊപ്പം സാഹിത്യേതരമായ കാരണങ്ങളും അവരുടെ സ്ഥാനലബ്ധിയിൽ പങ്കുവഹിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും ചിലരെങ്കിലും ശ്രദ്ധേയരായത് അത്തരം കാരണങ്ങൾ കൊണ്ട് മാത്രവുമാണ്.

Read Also  രണ്ട് കവിതകൾ ; ജോണി ജെ പ്ലാത്തോട്ടം

എഴുത്തുകാരുടെ സൗന്ദര്യവും സാഹിത്യമണ്ഡലത്തിലെ സ്ഥാനനിർണ്ണയത്തിൽ പങ്ക് വഹിക്കുന്നൊരു ഘടകം തന്നെയാണ്. എഴുത്തുകാരനോടോ എഴുത്തുകാരിയോടോ തോന്നാവുന്ന വ്യക്തിപരമായ ആകർഷണത്തിന്റെ കേന്ദ്രമായി തന്നെ സൗന്ദര്യം തീർന്നേക്കാം. ആകർഷകമായ കവറുകളും എഴുത്തുകാരുടെ സുന്ദരമായ ചിത്രങ്ങളുമായാണ് ഇന്ന് പുസ്തകങ്ങൾ വിപണിയിലെത്തുന്നത്. പല കച്ചവടതന്ത്രങ്ങളും ശ്രദ്ധനേടുന്നതിനായി പ്രസിദ്ധീകരണത്തിൽ ഉപയോഗപ്പെടുത്തുന്നുമുണ്ട്. എഴുത്തിനേക്കാൾ ഒാല പ്രധാനമായിത്തീരുന്ന കാലം എന്ന് ഇതിനെ എം.എൻ. വിജയൻ മാഷ് വിമർശിച്ചിട്ടുണ്ട്.

സാഹിത്യമണ്ഡലത്തിൽ മാത്രമല്ല രാഷ്ട്രീയമണ്ഡലത്തിൽപ്പോലും (രാഷ്ട്രീയമണ്ഡലം രാഷ്ട്രീയനിലപാടുകൾക്ക് പ്രാധാന്യമുള്ള ആദർശലോകമാകണമെന്ന കാഴ്ചപ്പാടിൽ) സൗന്ദര്യം ഒരു മൂലധനമായി പ്രവർത്തിക്കുന്നുണ്ട് എന്ന് കാണാം. തെരഞ്ഞെടുപ്പ് കാലങ്ങളിൽ വലിയ ഫ്ളക്സുകളിൽ ചിരിച്ച് നിൽക്കുന്ന നേതാക്കന്മാരുടെ ചിത്രങ്ങൾനോക്കൂ. ചാനൽചർച്ചകളിൽ തിളങ്ങുന്ന മുഖവുമായി പങ്കെടുക്കുന്ന നേതാക്കന്മാരെ ശ്രദ്ധിക്കൂ. സൗന്ദര്യത്തിന് കിട്ടുന്ന അമിതപ്രാധാന്യത്തെക്കുറിച്ചുള്ള വിമർശനം ഇവരിൽ നിന്ന് തുടങ്ങണ്ടേ? ബ്യൂട്ടിപാർലർ സംസ്കാരമെന്ന വിമർശനം നമ്മുടെ ആൺനേതാക്കന്മാരിൽ നിന്ന് ആരംഭിക്കേണ്ടിവരില്ലേ?

കാണികളുടെ,വോട്ടർമാരുടെ, വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കുന്നതിൽ സൗന്ദര്യത്തിന് ഉണ്ടാകുന്ന പ്രാധാന്യം ഇന്ന് എല്ലാ മേഖലകളിലുമുള്ളവർ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാണ് പറഞ്ഞുവന്നത്. ഇതിലെ വിപണിയുടെ ഇടപെടലും സാംസ്കാരിക അധിനിവേശവും കാണാതിരിക്കരുത് എന്നും. ഇല്ലായ്മകളിലും വല്ലായ്മകളിലും തളരാതെ മുന്നേറി തന്റേയും മറ്റുള്ളവരുടെയും ജീവിതത്തിൽ വസന്തങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന മനുഷ്യരെയാണ് ഉറൂബ് സുന്ദരികളും സുന്ദരന്മാരുമായി കാണുന്നത്. സൗന്ദര്യത്തെ നാം പുതുക്കി നിർവ്വചിക്കേണ്ടതുണ്ട്.

Image result for uroob p c kuttikrishnan

സാഹിത്യരംഗത്ത് പ്രതിഭയുടെ കരുത്തിലും സ്വപ്രയത്നത്താലും എത്തിപ്പെട്ട, വിജയിച്ച ധാരാളം സ്തീകൾ ഉണ്ടെന്നിരിക്കെ(ഈ വിജയത്തിൽ മറ്റ് ഘടകങ്ങളും പ്രവർത്തിച്ചിരിക്കാമെങ്കിലും) മുകുന്ദന്റെ വിമർശനം സ്ത്രീ രചനകളെല്ലാം ശ്രദ്ധിക്കപ്പെടുന്നത് സ്ത്രീകളുടെ സൗന്ദര്യം കൊണ്ടാണ് എന്ന് വ്യാഖ്യാനിക്കുന്നതിനും കാരണമായിത്തീരാം.

അങ്ങനെവരുമ്പോഴാണ് ഈ പ്രസ്താവന ലിംഗവിവേചനസ്വഭാവം പ്രകടിപ്പിക്കുന്ന പ്രസ്താവനയായി മാറുന്നത്. അതൂകൊണ്ട് തന്നെ എഴുത്തുകാരി സ്ഥാനലബ്ധിക്കായി സൗന്ദര്യം ഉപയോഗപ്പെടുത്തുന്നു എന്നത് സ്ത്രീയുടെ തെറ്റ് എന്ന മട്ടിൽ ലഘൂകരിച്ച് കാണാതെ കാഴ്ചകളിൽ മയങ്ങിപ്പോകുന്ന സാമൂഹ്യാവസ്ഥയേയും അതിന് പ്രേരകമാകുന്ന വിപണിസംസ്കാരത്തേയും ഇവയെയൊക്കെ നിശ്ചയിക്കുന്ന അധികാരവ്യവസ്ഥയേയും ആത്മവിമർശനത്തോടെ വിലയിരുത്തുകയാണ് വേണ്ടത്.

views personal 

Spread the love

Leave a Reply