Monday, January 24

അണുകുടുംബങ്ങളാണ് ആർത്തവ ‘അശുദ്ധിയെ’ ഒരു പരിധിവരെ ഇല്ലാതാക്കിയത്; നിഷി ജോർജ് എഴുതുന്നു

ബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച കോടതിവിധി പ്രതിഷേധങ്ങൾക്കെന്ന പോലെ ധാരാളം ചർച്ചകൾക്കും ചരിത്രാന്വേഷണങ്ങൾക്കും വഴിയൊരുക്കുകയുണ്ടായി. ഹൈന്ദവവിശ്വാസികൾക്കിടയിൽ തന്നെ യാഥാസ്ഥിതികരും പുരോഗമനസ്വഭാവമുള്ളവരും രണ്ട് ചേരികളിലായിത്തിരിഞ്ഞ് സ്വീകരിക്കുന്ന നിലപാടുകളും അതുമായി ബന്ധപ്പെട്ട് മതത്തിനുള്ളിലും പുറത്തുമായി നടക്കുന്ന അനേക ചർച്ചകളും മതത്തെ കൂടുതൽ തുറന്ന ഒന്നാക്കി തീർക്കുന്നതിന് സഹായകരമായേക്കാം. ശബരിമലയിൽ സ്ത്രീകൾ കയറുമോ എന്നതിലും പ്രധാനമാണ് മതങ്ങളിലെ സ്ത്രീകളുടെ സ്ഥാനവുമായി ബന്ധപ്പെട്ടും ആർത്തവത്തെ അശുദ്ധിയായി കരുതുന്ന സമ്പ്രദായത്തിനെതിരായും നടക്കുന്ന ചർച്ചകളും പ്രയോഗങ്ങളും എന്നതിനാൽ ശബരിമലയിലെ സ്ത്രീപ്രവേശനത്തിനനുകൂലമായ കോടതിവിധിക്ക് കൂടുതൽ ചരിത്രപ്രാധാന്യമുണ്ട്.

ചരിത്രം പരിശോധിച്ചാൽ ആർത്തവവുമായി ബന്ധപ്പെട്ട് മനുഷ്യർക്കിടയിൽ നിലനിന്നിരുന്ന പല വിശ്വാസങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചത് അറിവില്ലായ്മ ആയിരുന്നെന്ന് കാണാം. ആദിമ മനുഷ്യർ ആർത്തവത്തെ ഭയത്തോടെയും അത്ഭുതത്തോടെയുമാവാം കണ്ടത്. ആർത്തവദിവസങ്ങളിൽ സ്ത്രീ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന രക്തത്തെ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ വളരെ പിന്നീട് മാത്രമാണ് വികസിച്ചുവന്നത്. തുണിയും പഞ്ഞിയും ആശുപത്രിയിലുപയോഗിക്കുന്ന ബാന്റേജും മറ്റും ആർത്തവരക്തത്തെ കൈകാര്യം ചെയ്യുന്നതിനായി സ്ത്രീകൾ കാലക്രമത്തിൽ ഉപയോഗിച്ച് തുടങ്ങിയെങ്കിലും 1888 ൽ മാത്രമാണ് ഉപയോഗിച്ചു നശിപ്പിക്കാവുന്ന രീതിയിലുള്ള പാഡുകൾ പ്രയോഗത്തിൽ വന്നത്.

എത്ര ദിവസം വരെ “അശുദ്ധി’ നിലനിൽക്കും എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും പ്രയോഗങ്ങളും കാണാം. 7 ദിവസങ്ങൾ അശുദ്ധിയായി കരുതുന്നവരും 3-4 ദിവസം മാത്രം മാറിനിൽക്കുന്നവരും ഉണ്ട്.

കേരളത്തിലേക്ക് വന്നാൽ ആർത്തവദിവസങ്ങളിൽ സ്ത്രീകൾ വീടിനു പുറത്തോ വീടിനുള്ളിൽ തന്നെ പ്രത്യേകമുറിയിലോ താമസിക്കുന്ന സമ്പ്രദായം പല സമുദായങ്ങളിലും നിലനിന്നിരുന്നു. ആദ്യ ആർത്തവദിവസത്തെ അക്കാലത്ത് ആഘോഷമാക്കിയിരുന്നു. പെൺകുട്ടികൾ യൗവനയുക്തരും വിവാഹബന്ധത്തിന് പ്രാപ്തരുമായതിന്റെ അടയാളമായി ആദ്യആർത്തവത്തെ കരുതിയിരുന്നു. തുണിയോ പാഡുകളോ ഒന്നും ആർത്തവദിവസങ്ങളിൽ ഉപയോഗിക്കുന്ന ശീലമീല്ലാത്തവരായിരുന്നു ഒരു 40-50 വർഷം മുമ്പുവരെ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളും എന്ന് കാണാവുന്നതാണ്. ആർത്തവദിവസങ്ങളിൽ വീടിനു പുറത്ത് ഇറങ്ങേണ്ടി വന്ന സ്ത്രീകൾ തങ്ങൾ ഉടുത്തിരുന്ന വസ്ത്രങ്ങൾകൊണ്ട് തന്നെ ആർത്തവരക്തം തുടച്ചുകളഞ്ഞുകൊണ്ടിരിക്കാറുണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ആർത്തവദിവസങ്ങളിൽ സ്ത്രീകൾക്ക് വീടിനു പുറത്തേക്കുള്ള യാത്രകൾ ക്ലേശകരം ആയിരുന്നുവെന്ന് വേണം കരുതാൻ. വിദ്യാലയങ്ങളും വായനശാലകളും മറ്റ് പൊതുവിടങ്ങളും രൂപപ്പെടുന്നതിന് മുമ്പ് സാമൂഹ്യജീവിതത്തിന്റെ കേന്ദ്രവും പ്രധാന പൊതുവിടവും ആരാധനാലയങ്ങളായിരുന്നു. ആർത്തവദിവസങ്ങളിൽ വീടിനു പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കേണ്ടിവന്ന സ്ത്രീകൾ അമ്പലങ്ങളിലേക്കുള്ള യാത്രകളും ഇൗ ദിവസങ്ങളിൽ ഒഴിവാക്കി. ആർത്തവരക്തത്തെ പുറത്ത് കാണാതെ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പഠിച്ചെടുക്കുകയും മറ്റ് പൊതു ഇടങ്ങളിലേക്കെല്ലാം പ്രവേശിക്കുകയും ചെയ്തിട്ടും അമ്പലങ്ങൾ മാത്രം സ്ത്രീകൾക്ക് ആർത്തവദിനങ്ങളിൽ പ്രവേശനം നിഷിദ്ധമായ സ്ഥലമായി നിലകൊണ്ടു.


അണുകുടുംബങ്ങൾ നിലവിൽ വന്നതോടെ ആർത്തവദിവസങ്ങളിൽ സ്ത്രീ വീട്ടുജോലികളിൽ നിന്ന് മാറിനിൽക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ടാക്കി. വീട്ടിൽ മറ്റ് സ്ത്രീകളില്ലാത്ത സാഹചര്യത്തിൽ ഗൃഹജോലികൾ പുരുഷൻ ചെയ്യേണ്ടിവരുമെന്ന സാധ്യതയും ഇൗ ആചാരത്തിൽ മാറ്റമുണ്ടാകുന്നതിന് കാരണമായി. ആർത്തവരക്തം പുറത്തുകാണാതെ മറച്ചുവെക്കാനും, ആ ദിവസങ്ങളിൽ മറ്റ് ദിവസങ്ങളിലേതു പോലെതന്നെ സ്വതന്ത്രമായി ഇടപെടാനും, സഹായകമായരീതിയിൽ രൂപപ്പെട്ടുവന്ന ഫലപ്രദമായ മാർഗ്ഗങ്ങളോടൊപ്പം കൂട്ടുകുടുംബത്തിന്റെ തകർച്ചയും ആർത്തവദിവസങ്ങളിലെ സ്ത്രീ ജീവിതത്തിൽ മാറ്റം വരുത്തി എന്ന് കാണാം. ആർത്തവദിവസങ്ങളിൽ സ്ത്രീകൾക്ക് ലഭിച്ചിരുന്ന വിശ്രമിക്കാനുള്ള അവസരം ഇല്ലാതായി എന്ന മറുപുറവും ഇതിനുണ്ട്. ആചാരങ്ങളിൽ മാറ്റം വരുത്താൻ തയ്യാറല്ലാത്ത കുലസ്ത്രീ/പുരുഷൻമാർ വീടുകളിലേക്ക് കൂടി ഇൗ ആചാരത്തെ തിരിച്ചുകൊണ്ടുവരുവാൻ തയ്യാറാകുമെന്ന് തോന്നുന്നില്ല. ആർത്തവദിവസങ്ങളിലെ അശുദ്ധിയെ സംബന്ധിച്ച ആചാരങ്ങളിൽ കാലക്രമത്തിൽ മാറ്റം വന്നിട്ടുണ്ട് എന്നെങ്കിലും അവർക്ക് സമ്മതിക്കേണ്ടിവരും. ഇപ്പോഴും അത് ഏക രൂപമായല്ല നിലനിൽക്കുന്നത്. എത്ര ദിവസം വരെ “അശുദ്ധി’ നിലനിൽക്കും എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും പ്രയോഗങ്ങളും കാണാം. 7 ദിവസങ്ങൾ അശുദ്ധിയായി കരുതുന്നവരും 3-4 ദിവസം മാത്രം മാറിനിൽക്കുന്നവരും ഉണ്ട്. ആർത്തവത്തിന്റെ ആദ്യ നാളുകളിലെ അശുദ്ധി രക്തപ്രവാഹം കുറയുന്ന പന്നീടുള്ള ദിവസങ്ങളിൽ കുറഞ്ഞുവരുന്നതായി കരുതുന്നവരുണ്ട്. ആചാരങ്ങൾ സാമാന്യമായി പാലിക്കുക പരസ്യമായി ധിക്കരിക്കാതിരിക്കുക എന്ന രീതി ഇക്കാര്യത്തിൽ പല സ്ത്രീകളും പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കാം.

Read Also  ശബരിമല: സുപ്രീം കോടതി വിധിക്കെതിരെ തിങ്കളാഴ്ച ശിവസേനയുടെ ഹർത്താൽ


പണ്ട് കാലത്തേതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് പെൺകുട്ടികൾ ആർത്തവത്തെക്കുറിച്ചും പാഡുകളെക്കുറിച്ചും മടിയില്ലാതെ സംസാരിക്കുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും പാഡുകൾ വാങ്ങിക്കാനും നശിപ്പിക്കാനുമുള്ള സംവിധാനങ്ങളുണ്ട്. ആർത്തവത്തെ ജീവശാസ്ത്രപരമായ ഒരു സാധാരണപ്രക്രിയയായി നാമിന്ന് മനസ്സിലാക്കുന്നു. ചരിത്രത്തിലുടനീളം അവളുടെ ജീവിതത്തിന് തുടർച്ചയില്ലാതാക്കിയ, പൊതുസ്ഥലങ്ങളിൽ നിന്ന് അവളെ അദൃശ്യയാക്കിയ ആർത്തവദിവസങ്ങളെ തന്റെ വരുതിയിൽ നിർത്താൻ ഇന്നവൾക്ക് കഴിയുന്നുണ്ട്. കേരളത്തിലെ സാമൂഹ്യനവോത്ഥാനത്തിന്റെ ആരംഭം തന്നെ സ്ത്രീകൾ മാറുമറയ്ക്കാനായി നടത്തിയ പ്രക്ഷോഭത്തിൽ നിന്നാണ്. ആയതിനാൽ തന്നെ ശബരിമലയിലെ സ്ത്രീപ്രവേശനത്തിനനുകൂലമായ വിധി ഒരു രണ്ടാം വിമോചനസമരത്തിലേക്കല്ല രണ്ടാം നവോത്ഥാനസമരത്തിലേക്കാണ് വഴിതുറക്കേണ്ടത്. വന്യവും ആയാസകരവും നിഷിദ്ധവുമായ ഉയരങ്ങളെന്ന അവളുടെ ലക്ഷ്യം അടുക്കളയിലും അരങ്ങിലും അവൾ നടത്തുന്ന അനേകസമരങ്ങളോട് കണ്ണിചേർന്ന് ഒരു രണ്ടാം നവോത്ഥാനസമരമായിത്തീരട്ടെ.

Spread the love

Leave a Reply