Thursday, January 20

നിതാഖാത്; പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ എട്ടു ശതമാനത്തോളം കുറവ്

വാണിജ്യമേഖലയില്‍ സമഗ്ര നിതാഖാത് കര്‍ശനമായി നടപ്പാക്കിയതോടെ സൗദിയില്‍നിന്ന് പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ എട്ടു ശതമാനത്തോളം കുറവ്. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. കേരളത്തെയും ഇത് നല്ലരീതിയില്‍ ബാധിച്ചിട്ടുണ്ട്. പ്രവാസിപ്പണത്തിന് നികുതി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമാകുന്നതിനുമുമ്പ് പണമയയ്ക്കലില്‍ ഇത്ര കുറവുണ്ടായത് ആശങ്കയോടെയാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. വാണിജ്യമേഖലയില്‍ സമഗ്ര നിതാഖാത് കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയതോടെയാണ് മലയാളികളടക്കമുള്ള പ്രവാസികളുട സ്ഥിതി ഗുരുതരമായത്. തൊഴില്‍ നഷ്ടപ്പെട്ടതോടെ പലര്‍ക്കും നാട്ടിലേക്ക് പണമയക്കാനാകുന്നില്ല.

വരുംദിവസങ്ങളില്‍ ഇവര്‍ നാട്ടിലേക്കുമടങ്ങാന്‍ നിര്‍ബന്ധിതരായേക്കും. നിതാഖാതിനു പുറമേ സൗദിയിലെ പ്രവാസി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതും തിരിച്ചടിയായിട്ടുണ്ട്. ലെവി താങ്ങാനാകാതെ മലയാളികളടക്കമുള്ള ഒട്ടേറെ പ്രവാസികുടുംബങ്ങള്‍ സൗദി വിട്ടുതുടങ്ങി. കഴിഞ്ഞ സെപ്റ്റംബറിലും സൗദിയില്‍നിന്ന് പ്രവാസികളയക്കുന്ന തുകയില്‍ കുറവുണ്ടായിരുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളമായിരുന്നു കുറവ്. ഈ മാസം അവസാനത്തോടെ പണമയക്കല്‍ വീണ്ടും ഇടിയുമെന്നാണ് സൂചനകള്‍. വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ വിശദപഠനവും കൂടുതല്‍ സര്‍ക്കാര്‍ വകുപ്പുകളുടെ അഭിപ്രായവും ആരാഞ്ഞശേഷം തീരുമാനമെടുക്കാനാണ് നീക്കം. എന്നാല്‍, നികുതിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത് ശൂറ കൗണ്‍സിലായിരിക്കുമെന്നാണ് ധനകാര്യസമിതി പറയുന്നത്.

 

Spread the love
Read Also  സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Leave a Reply