Monday, January 17

സന്മാർഗ്ഗ ക്ലാസ് മുറികളിലെ പ്രകാശന്മാർ… ഈ ബര്‍ഗറിനെന്താ കൊമ്പുണ്ടോ?

എന്തുപറഞ്ഞാലും ഇപ്പോഴും കുടുംബക്കാർക്കിഷ്ടമാണ് സത്യൻ അന്തിക്കാടൊരുക്കുന്ന ‘ക്ലാസ്” സിനിമകൾ. തെറ്റിദ്ധരിക്കരുത്, ഹെഡ്മാസ്റ്ററായി ശ്രീനിവാസനും കൂടിയുണ്ടെങ്കിൽ പിന്നെ ഡിസിപ്ലിന്‍ ശക്തമാകും. അങ്ങ് ലാൽ മുതൽ തുടങ്ങിയതാണീ ക്ലാസ് റൂം കൺസപ്റ്റ്. അതിങ്ങനെ കറങ്ങിത്തിരിഞ്ഞു കുറച്ചു നാൾ ജയറാമിലൂടെ ദിലീപിലെത്തിയിരുന്നു. ഒടുവിൽ ഇപ്പോൾ ഫഹദ് ഫാസിലിൽ എത്തിനിൽക്കുന്ന പുതിയ ജനറേഷൻ “കുട്ടി”കളാണിപ്പോൾ പഠിക്കാനും കാശുമുടക്കിക്കേറുന്നവരെ പഠിപ്പിക്കാനുമെത്തുന്നത്.

ഓരോ കഥയിലും പുതിയ കാലികമായ സാഹചര്യങ്ങൾ ഒരുക്കുന്നതിലുള്ള വളർച്ച അന്തിക്കാടൻ സിനിമയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് സമാനകാലത്തെത്തി ആട്ടം തുടങ്ങിയ പല സംവിധായകരും കരയ്ക്കിരിക്കുമ്പോഴും സത്യൻ അന്തിക്കാട് ക്ലാസിൽ നിറയുന്നതും പെന്‍ഷനാകാതെ നില്‍ക്കുന്നതും.

ശ്രീനിവാസൻ- സത്യൻ കൂട്ടുകെട്ടിലെ വലിയ കോൺ വെൻ്റായിരുന്ന സന്ദേശം പറഞ്ഞുവച്ച അരാഷ്ട്രിയതയിപ്പോഴും കേരളത്തിൻ്റെ പൊതു മണ്ഡലത്തിൽനിന്നും മാഞ്ഞു പോയിട്ടില്ല. . ഇത്തരം കാഴ്ചപ്പാടുകളിലൂടെയാണ് മലയാളിയുടെ പൊതു ബോധം പലപ്പോഴും രാഷ്ട്രീയ അഭിപ്രായങ്ങള്‍  നടത്തുന്നത്. അതവിടെ നില്‍ക്കട്ടെ നമുക്ക് ഇതിന് മുന്‍പുള്ള പ്രകാശന്മാരെ ഒന്ന് തിരയാം.അയ്മനം സിദ്ധാര്‍ത്ഥനെങ്ങനെയായിരുന്നു എന്ന്‌ ചോദിച്ചാല്‍ അത് പ്രകാശനേപ്പോലെയായിരുന്നുവെന്ന് നമുക്ക് കാണിച്ചു കൊടുക്കാം.  അയാള്‍ ഖദറുടുക്കുകയും ഉത്തരവാദിത്തമില്ലാതെ നടക്കുകയും ഒടുവില്‍ ഒരു പെണ്ണിന്‍റെ ജീവിതത്തിലൂടെ പഠിച്ച പണിയായ വക്കീല്‍ ജോലിയിലേക്ക് എത്തുകയും ചെയ്യുന്നു. ഒടുവില്‍  നേതൃത്വ പഠനക്ലാസ് എടുക്കുകയുമൊക്കെ ചെയ്യുന്ന സിദ്ധാര്‍ത്ഥന്‍ തന്നല്ലേ ഈ പ്രകാശന്‍.

നമ്മുടെ വിനോദ യാത്രയിലെ വിനോദോ? അയ്യോ അതുമിങ്ങനായിരുന്നു. .മീരാ ജാസ്മിന്‍റെ ഇടപെടല്‍ വേണ്ടിവന്നു അയാള്‍ക്കും സമൂഹത്തെ മനസിലാക്കാന്‍. ഇനിയിപ്പോ ഭാഗ്യദേവയിലെ ബെന്നിയെങ്ങനെ അതുമിങ്ങനെ തന്നെ. ഹേയ് ലോഹിതദാസ് കഥയെഴുതിയ വീണ്ടും ചില വീട്ടുകാര്യം ? ജയറാമിന്‍റെ റോയി ….? ഒന്നാലോചിച്ചാല്‍ റോയിയും പ്രകാശനും ഒരച്ഛന് പിറന്നവര്‍…പെണ്ണിന്‍റെ ജീവിതം കണ്ടു നന്നായവര്‍. അയ്മനം സിദ്ധാര്‍ത്ഥനെപ്പോലെ…. ഇതെന്താ ഇങ്ങനെ …ഇതാണ് സത്യന്‍സ് ക്ലാസ് റും ഇവിടെ പഠിപ്പിക്കുന്ന വിഷയം എക്കാലവും ഒന്ന് തന്നെ …

അപ്പോള്‍ ആരും നന്നായിക്കാണില്ല. അതുകൊണ്ടല്ലെ ഈ സാറ്  ഇങ്ങനെ ക്ലാസെടുത്തുകൊണ്ടിരിക്കുന്നത്. അസഹനീയമാണു മാഷുമ്മാരെ ഈ ഒരേ വിഷയം തന്നെ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നത്.

ശ്രീനിവാസന്‍ സര്‍ അല്പം ജൈവികതയുടെയാളായത് കൊണ്ട് അല്പം കൃഷിയും കാര്യങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട് പ്രകാശന്‍റെ കഥയില്‍. അപ്പോഴും കല്ലുകടിയായി നില്‍ക്കുന്ന ഒരു ചോദ്യം … ഈ ബര്‍ഗറിനെന്താ കൊമ്പുണ്ടോ?

Spread the love
Read Also  മാണിക്യകല്ലിൽ തുടങ്ങി മാണിക്യകല്ലിൽ ഒടുങ്ങിയ ചലച്ചിത്ര ജീവിതം ; സി .ടി .തങ്കച്ചൻ.

58 Comments

Leave a Reply