Tuesday, May 26

അക്കിത്തം ; ജ്ഞാനപീഠ ബഹുമതിക്കപ്പുറം കവിത്വം : കെ രാജേഷ് കുമാർ എഴുതുന്നു

അക്കിത്തത്തിന് ജ്ഞാനപീഠം കിട്ടിയതുവഴി ആ പുരസ്കാരത്തിനാണ് മികവ് ലഭിച്ചത്. കവി എന്ന നിലയിൽ അക്കിത്തം മലയാളത്തിൽ ഒറ്റയാനാണ്. എന്റെ കവിതാ വായനയുടെ തുടക്കക്കാലത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും മറ്റും അക്കിത്തത്തിന്റെ കവിത വരും. ഒളപ്പമണ്ണ, പാലാ, ബാലാമണിയമ്മ, നാലാങ്കൽ ഇവരുടെ ഒപ്പം നിൽക്കുന്ന ഒരു കവി എന്നേ തോന്നിയുള്ളു. ഒരു സംഘം കവികളിൽ ഒരാൾ.

ഒരു സവിശേഷ ഭാവുകത്വം പുലർത്തുന്ന ഒരു കൂട്ടം രണ്ടാം നിര കവികളിലൊരാൾ എന്ന് വായന കുരുത്തുവരുന്ന ആ പ്രായത്തിൽ തോന്നുക സ്വാഭാവികം. നിർമ്മിച്ചെടുത്ത കാവ്യഭാഷയും ശിൽപ്പവും. പോകെപ്പോകെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനെ തിരിച്ചറിയുന്നത്. കാവ്യാനുശീലനത്തിനൊപ്പം പറന്നുയർന്നു വരുന്ന കവിതയെയും കവിയെയും ഇഷ്ടപ്പെടാതിരിക്കുന്നതെങ്ങനെ? ഇതിഹാസം എന്നു പറഞ്ഞാൽ മലയാളിക്ക് രാമായണവും ഭാരതവും മാത്രമല്ല .ഖസാക്കും ഇരുപതാം നൂറ്റാണ്ടും കൂടിയാണ്. വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന് കേൾക്കാത്ത മലയാളികളുണ്ടോ?

അത്ര പ്രസിദ്ധമല്ലാത്ത അക്കിത്തത്തിന്റെ കവിതകൾ നിരൂപിച്ച് അപൂർവ്വ സുഷമയുള്ള കാവ്യബിംബങ്ങൾ വിടർത്തിക്കാട്ടുന്ന നിരൂപകർ എത്ര മാത്രമുണ്ട്. അത് അക്കിത്തം കവിതയുടെ മറ്റൊരു മഹത്ത്വം.
അക്കിത്തത്തിന്റെ പുകൾപെറ്റ കവിതയോടാണ് പക്ഷേ എന്നിലെ വായനക്കാരനു പ്രിയം. മൊബൈൽ ഫോണിലെ കോളർടോണായി അതിന്റെ പ്രചാര കാലത്ത് ഇടാൻ തോന്നിയത് അക്കിത്തത്തിന്റെ തൂലികയിൽ വിടർന്ന കാവ്യശകലം മാത്രം. ‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് പൊഴിക്കവേ ….’
വളരുന്ന കവിമനസ്സാണ് ഈ കവിയുടേത്. ഒളപ്പമണ്ണാദികൾ കറങ്ങുന്ന ഭ്രമണപഥത്തിൽ നിന്ന് അക്കിത്തം തെറ്റി തെറിച്ച് സൂര്യ വെളിച്ചം ചൊരിഞ്ഞതിനു കാരണം ആ വളർച്ചയാണ്. വളരെ സ്വാഭാവികമായ, പൂ വിടരുന്നതുപോലെയുള്ള വളർച്ച.

എന്റെയല്ലെന്റയല്ലീ കൊമ്പനാനകൾ…. എന്റെയല്ലീ മഹാക്ഷേത്രവും എന്ന അക്കിത്തിന്റെ വരികൾ മനസ്സിൽ ആയിരമായിരം പ്രാവശ്യം ഉരുവിട്ടത് ലഹരി ഭക്തിയുടെ കാലത്തായിരുന്നു. കവി അക്കാലത്ത് ഭാഗവതം വിവർത്തനം ചെയ്യുകയായിരുന്നു. ഭാഗവതീയമായ ഭക്തിയിൽ അക്കിത്ത സൂര്യൻ താണു പോയിരുന്നു

അതിവൃദ്ധനായ ഈ കവിയെ തപസ്യയുടെ പേരിൽ ഇനി ഒരു കോണിൽ നിന്ന് ആക്ഷേപിച്ചു തുടങ്ങാൻ സാധ്യതയുണ്ട്. ആർക്കെങ്കിലും അവാർഡ് ലഭിച്ചാൽ അത്രയ്ക്ക് അസഹിഷ്ണുത കാട്ടുന്ന സാംസ്കാരിക നായകൻമാരുടെ മാളം കൂടിയാണല്ലോ കേരളം .

മലയാളത്തിലെ വേറിട്ട ഒരു കാവ്യ ധാരയുടെ സ്രഷ്ടാവ് എന്ന നിലയിൽ അക്കിത്തത്തെ ആദരിക്കുന്നു. അക്കിത്തം എന്ന കാവ്യ വൃദ്ധനെ ( വൃദ്ധി പ്രാപിച്ചവൻ എന്ന നേരർത്ഥത്തിൽ ) അവാർഡുകളോ അതുൽപ്പാദിപ്പിക്കുന്ന ആദരവുകളോ വിവാദങ്ങളോ തീണ്ടില്ലെന്നറിഞ്ഞു കൊണ്ടു തന്നെ നമിക്കുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മർവൻ അലിയുടെ നാലു കവിതകൾ; പരിഭാഷ: പി.രാമൻ

Leave a Reply

Your email address will not be published.