Wednesday, January 19

നമുക്ക് വേണ്ടത് ബുള്ളറ്റ് ട്രെയിനല്ല – ഇ. ശ്രീധരന്‍

ബുള്ളറ്റ് ട്രെയിനുകളല്ല, ആധുനികവും സുരക്ഷിതവുമായ റെയില്‍വേ സംവിധാനങ്ങളാണ് നമുക്ക് വേണ്ടതെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി, കൊച്ചി മെട്രോകളും നിര്‍മ്മിച്ച റിട്ടയേര്‍ഡ് സിവില്‍ എഞ്ചിനീയറായ ഇ.ശ്രീധരന്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാന്‍ ടൈംസിലെ അഭിമുഖത്തിലാണ് കാര്യങ്ങള്‍ തുറന്ന് പറയുന്നത്. ബുള്ളറ്റ് ട്രെയിനുകള്‍ സമ്പന്നവര്‍ഗ്ഗത്തിനു വേണ്ടിയുള്ളതാണ്. അത് കൂടുതല്‍ ചിലവേറിയതും സാധാരണക്കാരന് അടുക്കാന്‍ കഴിയാത്തതുമാണെന്നും ശ്രീധരൻ പറഞ്ഞു.

ആധുനികവും സുരക്ഷിതവുമായ റെയില്‍വേ സംവിധാനത്തിന്‍റെ അഭാവങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇ- ടോയിലറ്റുകള്‍ സ്ഥാപിക്കുകയെന്ന പുരോഗതി ഇന്ത്യന്‍ റെയില്‍വേ ഇനിയും കൈവരിച്ചിട്ടില്ല. വേഗത വര്‍ദ്ധിപ്പിച്ചിട്ടില്ല. പല പ്രധാന ട്രെയിനുകളുടെയും വേഗത വളരെ കുറഞ്ഞിരിക്കുകയാണ്. സാധാരണ 70 ശതമാനവും സ്ഥിരമായി 50 ശതമാനം വണ്ടികളും വൈകിയാണ് ഓടുന്നത്.

റെയില്‍ അപകടനിരക്ക് ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. നാട്ടുമ്പുറങ്ങളിലെ ട്രാക്കുകളിലും ലെവല്‍ ക്രോസുകളിലും നിരവധി പേര്‍ മരിക്കുന്നു. വര്‍ഷംതോറും 20,000 പേരോളമാണ് ട്രാക്കുകളില്‍ മരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ വികസിതരാജ്യങ്ങളുടെതിനെക്കാള്‍ 20 വര്‍ഷം പിന്നിലാണെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കുന്നു.

വിവരാവകാശനിയമപ്രകാരം മുംബൈ – അഹമ്മദാബാദ് റൂട്ടില്‍ ദിവസേന 40ശതമാനത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പാണ്. അവിടെയാണ് കേന്ദ്രം ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ വേണ്ടി ഒരു ലക്ഷം കോടി മുടക്കുന്നത്. അത്തരമൊരു സംരഭത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബേയ്ക്കൊപ്പം അഹമ്മദാബാദില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ തറക്കല്ലിട്ടത്. ജപ്പാനില്‍ നിന്നും ഇതിനുവേണ്ടി 88,000 കോടിയാണ് കടമെടുക്കുന്നത്. പത്തു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് പ്ലാന്‍.

Spread the love
Read Also  വേഷം മുണ്ടും തോര്‍ത്തും; ശതാബ്ദി എക്‌സ്പ്രസില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചതായി പരാതി