Monday, January 17

ഇനിയും പശുക്കളെയും തെളിച്ച് ഈ വഴി വരരുത്: ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ പശു സംരക്ഷണ കേന്ദ്രം

കുടുതല്‍ പശുക്കളെ പണമോ ആള്‍ബലമോ തങ്ങള്‍ക്കില്ലെന്നും അതിനാല്‍ സംരക്ഷിക്കുന്നതിനായി കൂടുതല്‍ പശുക്കളെ കൊണ്ടുവരരുതെന്നും ഇന്ത്യയിലെ ആദ്യത്തെ ഗോശാല ഭാരവാഹികള്‍. 2017 സെപ്തംബറില്‍ മധ്യപ്രദേശില്‍ ആരംഭിച്ച ഗോശാലയുടെ അധികൃതരാണ് ദയനീയമായ ഈ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. തുടങ്ങി അഞ്ച് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ അഗര്‍ ജില്ലയിലെ സല്‍രിയ ഗ്രാമത്തിലുള്ള കാമധേനും ഗോ അഭയാരണ്യത്തിലേക്ക് പശുക്കളെ പ്രവേശിപ്പിക്കുന്നത് നിറുത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഉപേക്ഷിക്കപ്പെട്ടതും അലഞ്ഞുതിരിയുന്നതുമായ പശുക്കളെ സംരക്ഷിക്കുന്നതിന് പുറമെ പശുവിന്റെ മൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും കീടനാശിനികളും ഔഷധങ്ങളും നിര്‍മ്മിക്കുക തുടങ്ങിയ എടുത്താല്‍ പൊങ്ങാത്ത പദ്ധതികളുമായാണ് കാമധേനു ഗോസംരക്ഷണ കേന്ദ്രം ആരംഭിച്ചത്. 24 ഷെഡ്ഡുകളിലായി 6,000 പശുക്കളെ സംരക്ഷിക്കാനായിരുന്നു തുടക്കത്തിലുള്ള പദ്ധതി. എന്നാല്‍ നിലവിലുള്ള 4,120 പശുക്കള്‍ക്ക് കാലിത്തീറ്റ വാങ്ങിയപ്പോള്‍ തന്നെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അനുവദിച്ച പണമൊക്കെ തീര്‍ന്നു. ആവര്‍ത്തന ചിലവുകള്‍ പത്തു കോടിയില്‍ കൂടുതല്‍ വരുമെന്നും ബജറ്റ് വിഹിതം അതിന്റെ പകുതി മാത്രമാണെന്നും ഗോശാലയുടെ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനാവില്ലെന്നും അവര്‍ വിശദീകരിക്കുന്നു.

സംരക്ഷണ കേന്ദ്രത്തില്‍ എത്തുന്ന പശുക്കള്‍ പ്രായമായതും കറവ വറ്റിയതുമായതിനാല്‍ അവയില്‍ നിന്നും ഒരു വരുമാനവും ലഭിക്കുന്നില്ല. ഗോശാല നേരിടുന്ന പ്രശ്‌നങ്ങള്‍ താന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പണം ഉടനടി അനുവദിക്കുമെന്നും മൃഗ ക്ഷേമ മന്ത്രി അന്താര്‍ സിംഗ് ആര്യ പറയുന്നു. ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ക്ക് സംരക്ഷണകേന്ദ്രത്തിന്റെ ഉടമസ്ഥത കൈമാറുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പശുക്കളെ ശിശ്രൂഷിക്കുന്നതിന് ആവശ്യമായ ജോലിക്കാര്‍ ഗോശാലയിലില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മധ്യപ്രദേശിലെ പശു സംരക്ഷണകേന്ദ്രം അന്ത്യശ്വാസം വലിക്കുന്നതിനിടയില്‍ ബിക്കാനീറില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഗോ സംരക്ഷണശാല ആരംഭിക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനായിരം പശുക്കളെ സംരക്ഷിക്കാന്‍ സാധിക്കുന്ന സംരക്ഷണകേന്ദ്രത്തില്‍ വന്യജീവി സംരക്ഷ കേന്ദ്രങ്ങളുടെ മാതൃകയിലുള്ളതാവുമെന്ന് മന്ത്രി ഓട്ടാറാം ദേവാസി പറയുന്നു. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഹിന്ദുക്കളെ പ്രീണിപ്പിക്കാനുള്ള തന്ത്രമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പയറ്റുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

Spread the love
Read Also  രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

Leave a Reply