Monday, January 25

‘ഗോപാലകൃഷ്ണൻ്റെ വിവരക്കേടിനു മറുപടിയില്ല, ജയ് ശ്രീറാം കൊലവിളിയായി മാറരുത് ‘: അടൂർ ഗോപാലകൃഷ്ണൻ

തന്റെ വീടിന് മുന്‍പില്‍ വന്ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് മറുപടിയുമായി സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍.

ഗോപാലകൃഷ്ണന്‍ വിവരക്കേടാണു പറഞ്ഞതെന്നും അല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്നും അടൂരിന്റെ മറുപടിയിലൂടെ വ്യക്തമാക്കി. ഈ വിവരക്കേടിന് എന്ത് മറുപടിയാണ് പറയുക?

അഭിപ്രായം പറയുന്നവരെ ശത്രുക്കളായി കാണുന്നത് വിഡ്ഢിത്തമാണെന്ന് അടൂർ പറഞ്ഞു. ജയ് ശ്രീറാമിനെതിരെയല്ല, അത് കൊലവിളിയാക്കിയതിനെതിരെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ന്യൂനപക്ഷങ്ങളെ ആൾക്കൂട്ടം മർദ്ദിച്ചവശരാക്കി ജയ് ശ്രീറാം വിളിപ്പിക്കുന്നു. നിയന്ത്രിച്ചില്ലെങ്കിൽ രാജ്യം അരാജകത്വത്തിലേയ്ക്ക് നീങ്ങുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

പുതിയ അവാർഡുകളൊന്നും കിട്ടാനില്ല. ചന്ദ്രനിലേക്ക് പോകുന്നതിൽ സന്തോഷമാണുള്ളതെന്നും അടൂർ പറഞ്ഞു. ആൾക്കൂട്ട ആക്രമണം നടത്തുന്നവരെ മുഴുവൻ വധശിക്ഷക്ക് വിധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ. അവര്‍ക്കൊപ്പം താനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂര്‍ പറഞ്ഞു.

ആദരണീയനായ ശ്രീരാമനെ ഈ വഷളന്‍മാര്‍ അപമാനിക്കുകയാണ്. മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്റെ പേര് ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറഞ്ഞത്.

ശ്രീരാമൻ ബി.ജെ.പിക്കാരുടെ മാത്രം സ്വന്തമല്ല. എല്ലാജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാന്‍ വയ്യെങ്കില്‍ അങ്ങനെ കണ്ടാല്‍ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.- അടൂര്‍ ഗോപാലകൃഷ്ണൻ വിശദീകരിച്ചു.

പ്രധാനമന്ത്രിക്ക് കത്തയച്ചഅടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ജയ് ശ്രീറാം വിളിക്കുന്നത് കേള്‍ക്കേണ്ടെങ്കില്‍ അടൂരിന് ചന്ദ്രനിലേയ്ക്ക് പോകാമെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ജയ് ശ്രീറാം വിളിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിനെ വിമർശിച്ചാണു അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഫെയ്സ് ബുക്ക് പ്രതികരണത്തിലൂടെ രംഗത്തെത്തിയത്.

Spread the love
Read Also  മോദിയുടെ മേഘ സിദ്ധാന്തത്തെ തുടർന്ന് തന്റെ നായയ്ക്ക് സിഗ്നൽ ലഭിക്കുന്നതായി ഊർമ്മിള

25 Comments

Leave a Reply