ഇന്ത്യൻ ജനത സ്വാതന്ത്ര്യത്തിന്റെ ആവേശത്തിലേക്കു കടന്നു കയറിയത് ഒരർദ്ധരാത്രിയിലായിരുന്നു. എന്നാൽ പിൽക്കാല ചരിത്രത്തിൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ധ്വംസിക്കുവാനും പൗരത്വാവകാശത്തെ നിഷേധിക്കുവാനും പല രാത്രികളും പിന്നീട് വന്ന ഇന്ത്യയുടെ സ്വന്തം ഭരണാധികാരികൾ ഉപയോഗിച്ചുവെന്നുള്ളതാണ് സത്യം.

വീണ്ടും ഒരർദ്ധരാത്രി ഇന്ത്യൻ ജനതയ്ക്കു മേൽ ഭീതിയുണർത്തുന്നു. കഴിഞ്ഞ രാത്രിയിലാണ് ആഭ്യന്ത്രമന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങങ്ങളിലൊന്നായ ദേശീയ പൗരത്വ ബിൽ പാസ്സാക്കിയെടുത്തത്. പൗരത്വം എന്ന ആശയം പരിശോധിച്ചാൽ ആദ്യകാല ജനാധിപത്യ രാജ്യങ്ങളിലെ അടിമകളുടെയും സ്ത്രീകളുടെയും ‘ പൗരത്വ അവകാശങ്ങൾ – പുരാതന നഗരിക സംസ്കാരം നിലനിന്നിരുന്ന ഏഥൻസിലും റോമൻ സാമ്രാജ്യത്തിലും – കർശനമായി പരിമിതപ്പെടുത്തിയിരുന്നുവെന്നു ചരിത്രപരമായ വായനയിൽ മനസിലാക്കാം.

അതിനും മുൻപുണ്ടായിരുന്ന കാടത്വ നീതിയെപ്പറ്റി പറയുന്നില്ല. എന്നാൽ
നിയമത്തിനു മുന്പിലുള്ള ഔപചാരിക സമത്വം എന്നത് ഇന്ത്യൻ പൗരത്വത്തിന്റെ സവിശേഷതയാണ്. ഇത് ഇന്ത്യക്കാരുടെ സിവിലിയൻ ജീവിതത്തെ രണ്ട് തരത്തിൽ പ്രതിഫലിപ്പിക്കുന്നു. ഒന്ന്, വിവേചനത്തിൽ നിന്നും ഏകപക്ഷീയമായ ചില ഇടപെടലുകളിൽ നിന്നും സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഒരു നിയമവാഴ്ചയെ അത് ഉയർത്തിപ്പിടിക്കുന്നു. രണ്ട്, ഇത് വൈവിധ്യത്തിലെ ഐക്യത്തിന്റെ സത്തയെ പ്രതിഫലിപ്പിക്കുന്നു,

നമുക്കറിയാം തുല്യതയില്ലാത്ത സാമൂഹികാവസ്ഥ രാജ്യത്തെ അനൈക്യത്തിലേക്കു മാത്രമേ നയിക്കുകയുള്ളൂ എന്ന്. 1955 ലെ പൗരത്വ നിയമത്തിലെ നിർദ്ദിഷ്ട ഭേദഗതി ഈ രണ്ട് തത്വങ്ങളുടെയും അടിസ്ഥാനത്തിലാണ്. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യൻ പൗരത്വം നേടുന്നതിൽ നിന്ന് പൗരത്വ നിയമം വിലക്കി. 2019 ലെ പൗരത്വ ബിൽ ഇത് ഭേദഗതി ചെയ്യുകയും അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരെ അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കാൻ വിസമ്മതിക്കുകയും പൗരത്വം നൽകുകയും ചെയ്യുന്നു.

ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് മാത്രമായി പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് ദക്ഷിണേഷ്യൻ മുസ്‌ലിംകളോടുള്ള ഇന്ത്യയുടെ ശത്രുത പരസ്യമായി പ്രകടിപ്പിക്കുകയാണ്. അയൽരാജ്യമായ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള അമുസ്‌ലിം കുടിയേറ്റക്കാർ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും സ്വാഭാവിക ഇടപെടലിലൂടെ ഇന്ത്യൻ പൗരത്വം നേടാൻ ഇത് ഒരു വഴി തുറക്കുന്നു എന്നതാണ് സത്യം.

ഇവിടെയാണ് ബില്ലിലെ ഒരു വംശീയ വിരോധം നിലനിൽക്കുന്നത്. ദക്ഷിണേഷ്യയിലെ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ അമുസ്‌ലിം ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിന്റെ ഭീഷണി ഇപ്പോഴത്തെ ഇന്ത്യൻ സർക്കാർ ഉയർത്തുന്നുണ്ടെങ്കിലും ബില്ലിൽ ഒരിടത്തും ഇത്തരം മതപരമായ പീഡനത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. ശ്രീലങ്കയിലെ ഹിന്ദു പീഡനങ്ങളും മ്യാൻമറിലെ റോഹിംഗ്യൻ മുസ്‌ലിംകൾക്ക് മേലുള്ള കൊടിയ പീഡനങ്ങളും ഇതിനനുബന്ധമായി വായിക്കാം. ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളാണ് ഈ ഗ്രൂപ്പുകൾ. എന്നാൽ അവർക്ക് ബുദ്ധതത്വമായ ഈ ദയയും മര്യാദയും നിഷേധിക്കപ്പെടുന്നു.

ഈ സാഹചര്യത്തിനുള്ള ജനാധിപത്യ രാജ്യത്ത് നിന്നുള്ള മറുപടിയായി മാത്രമേ പുതിയ ബില്ലിനെ വായിക്കാൻ പറ്റൂ. അങ്ങനെയാണെങ്കിൽ ഇന്ത്യൻ ജനാധിപത്യം അതിന്റെ അവസാനത്തിലേക്കു വളരെ പെട്ടെന്ന് തന്നെ കടന്നു ചെല്ലുന്നുവെന്നുള്ള തിരിച്ചറിവാണുണ്ടാകേണ്ടത്. ഇതിന്റെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയപരമായ വായന മനസ്സിലാകണമെങ്കിൽ ചിലതു കൂടി അറിയേണ്ടതുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം എല്ലാവർക്കും ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശം പുതിയ ബിൽ ലംഘിക്കുന്നത് പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള ഹിന്ദു കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ വോട്ടെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങളിൽ നിന്നാണ്.

Read Also  എൻ ആർ സി യെയും സി എ ബി യെയും ന്യായീകരിക്കുമ്പോൾ അടുത്തുള്ള മുസ്ലിം സുഹൃത്തിൻ്റെ മുഖത്തേക്ക് കൂടി ഒന്ന് നോക്കുക.

അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്കെതിരെ ‘നുഴഞ്ഞുകയറ്റക്കാർ’ എന്ന പേരിൽ ഉള്ള ആരോപണമാണ് മറ്റൊന്ന്. അങ്ങനെ മൊത്തത്തിൽ ഹിന്ദുക്കളുടെ സ്വാഭാവിക മാതൃരാജ്യമെന്ന നിലയിൽ ഇന്ത്യയെക്കുറിച്ചുള്ള ഹിന്ദു ദേശീയവാദ ആശയം അംഗീകരിക്കുന്നതിനാണ് ഈ ബിൽ ഉദ്ദേശിക്കുന്നത്.

ഈ ഘട്ടത്തിൽ പോലും, കിഴക്കൻ പാകിസ്ഥാനിൽ താമസിക്കുന്ന ബംഗ്ലാ ഇതര ഭാഷ സംസാരിക്കുന്ന എല്ലാ മുസ്‌ലിംകളും പശ്ചിമ പാകിസ്ഥാനിലേക്ക് തിരിച്ചയക്കാൻ അഭ്യർത്ഥിക്കുന്ന സ്ഥിതിയും നിലവിലുണ്ട്, പശ്ചിമ പാകിസ്ഥാനിൽ ജനിച്ച സർക്കാർ ജീവനക്കാർ ഒഴികെയുള്ളവരെ മാത്രമേ അവിടെ പൗരന്മാരായി സ്വീകരിച്ചിട്ടുള്ളൂ. ഇന്ത്യയിലെ മുസ്‌ലിംകളെ പലപ്പോഴും അവിടേക്ക് പോകാൻ പറഞ്ഞിട്ടുണ്ടെങ്കിലും പാകിസ്ഥാൻ ഇന്ത്യൻ മുസ്‌ലിംകൾക്ക് പ്രത്യേക പൗരത്വം വാഗ്ദാനം ചെയ്തിട്ടില്ല എന്നതും ഓർമ്മിക്കേണ്ടതാണ്.

ബിൽ പാസാകുന്നതോടെ രണ്ടാം ക്ലാസ് പൗരത്വത്തിലേക്ക് ചുരുക്കപ്പെടുമെന്ന മുസ്‌ലിംകൾക്കിടയിലുള്ള ഉത്കണ്ഠയെക്കുറിച്ച് പലരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഇവിടെ ഓർമ്മിക്കേണ്ട മറ്റൊരു കാര്യം ഇന്ത്യൻ പരിതസ്ഥിതിയിൽ പാർശ്വവൽക്കരണം, വിവേചനം, അക്രമം എന്നിവയുടെ ഇരകളായി മാറുന്ന ദരിദ്രർ, ദലിതർ, സ്ത്രീകൾ എന്നിവരെപ്പറ്റിയുള്ള ബോധവും കൂടിയാകണം. ദേശീയ പൗരന്മാരുടെ രജിസ്റ്ററിൽ, ഡോക്യുമെന്ററി രേഖകളുപയോഗിച്ച് പൗരത്വം തെളിയിക്കേണ്ട ബാധ്യത പ്രതികൂല സാഹചര്യങ്ങളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ഇത്തരം ആളുകൾക്ക്
വലിയ കടമ്പകൂടിയായിരിക്കും . അങ്ങനെ ചിന്തിക്കുമ്പോൾ മുസ്‌ലിംകൾ‌ക്ക് മാത്രമല്ല, അസംഖ്യം മറ്റ് പൗരന്മാർക്കും – തീർച്ചയായും ഇത് ഭീഷണിയായി മാറും. നിയമത്തിനുമുന്നിൽ സമത്വം എന്ന വാഗ്ദാനത്തിന്റെ ആവർത്തിച്ചുള്ള ലംഘനമായി മാറുന്നു പുതിയ ബിൽ.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here