Sunday, January 16

സിസ്റ്റർ അഭയയുടേതിന് സമാനമായ രീതിയിൽ കന്യാസ്ത്രീയുടെ മൃതദേഹം കോണ്‍വെന്റ് കിണറ്റില്‍

ക്രിസ്ത്യൻ സഭകളെ പ്രതിക്കൂട്ടിലാക്കുന്ന ലൈംഗീക ആരോപണങ്ങൾ ഉയരുന്നതിനിടെ പത്തനാപുരം മൗണ്ട് താബൂര്‍ ദേയ്‌റ കോണ്‍വെന്റ് കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സിസ്റ്റർ അഭയുടേതിന് സമാനമായ രീതിയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് സൂചനകൾ. കൊല്ലം കല്ലട സ്വദേശിയായ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപിക സൂസന്‍ മാത്യുവിന്റെ മൃതദേഹമാണ് കിണറ്റിൽ ദുരൂഹമായ സാഹചര്യത്തിൽ കണ്ടെത്തിയത്. കിണറിന് സമീപം രക്ത പാടുകളും വലിച്ചിഴച്ചരീതിയിലുള്ള പാടുകളും കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഇവർ താമസിച്ചിരുന്ന മുറിയിലും രക്തപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

പുനലൂർ ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമാണ് ഇക്കാര്യത്തിൽ കൂടതൽ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് പത്തനാപുരം പൊലീസ് പ്രതിപക്ഷം ന്യൂസിനോട് പ്രതികരിച്ചു. ഇന്ന് രാവിലെ കോണ്‍വെന്റിലെ അന്തേവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കിണറില്‍ കമിഴ്ന്ന്‌ കിടക്കുന്ന രീതിലായിരുന്നു മൃതദേഹം. മാത്രവുമല്ല ഇവരുടെ മുടി മുറിച്ച രീതിയിലാണ് കണ്ടെത്തിയത്.

മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിലുള്ള ക്രിസ്ത്യൻ കോൺവെന്റിലാണ് സംഭവം നടന്നിരിക്കുന്നത്. ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിലുള്ള പുരോഹിതന്മാരാണ് നേരത്തെ കുമ്പസാര രഹസ്യം ഉപയോഗിച്ച് പീഡനം നടത്തി എന്ന ആരോപണത്തിന്മേൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നത്.

Spread the love