Thursday, January 20

കേസ് അവസാനിക്കുന്നതുവരെ കുറവിലങ്ങാട് തുടരും; സഭയോട് വീണ്ടും കലഹം പ്രഖ്യാപിച്ച് കന്യാസ്ത്രീകൾ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകൾക്കെതിരെ പ്രതികാര നടപടികളുമായി സഭ. ബിഷപ്പിനെതിരെ സമരം ചെയ്ത നാല് കന്യാസ്ത്രീകളെ ഛത്തീസ്ഗഢ്, പഞ്ചാബ്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കായിരുന്നു സ്ഥലം മാറ്റിയത്. സ്ഥലംമാറ്റം നടന്നിട്ട് ഒരു മാസത്തിലധികം കഴിഞ്ഞിരുന്നു.  ഒരു മാസത്തിനുള്ളിൽ ഇവർ പുതിയ ജോലിസ്ഥലത്തു പോയി ചാർജ് എടുക്കണമെന്നതാണ് സഭാനിയമങ്ങള്‍ അനുശാസിക്കുന്നത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഇവർ ചാർജ് എടുക്കാൻ തയ്യാറായിരുന്നില്ല. കന്യാസ്ത്രീകൾ ഇപ്പോഴും കുറവിലങ്ങാട് മഠത്തില്‍ തന്നെ കഴിയുകയാണ്. സഭ നിർദ്ദേശം നൽകിയിട്ടും ചാർജ് എടുക്കാത്തത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

ഇതിന് ഇവർ നൽകിയിരിക്കുന്ന മറുപടി കേസ് സംബന്ധിച്ച നടപടികൾ തീരുന്നതുവരെ കുറുവിലങ്ങാട് മഠത്തിൽ തുടരാൻ അനുവദിക്കണം എന്നതാണ്. ബലം പ്രയോഗിച്ച് തങ്ങളെ നീക്കാൻ ശ്രമിച്ചാൽ പരസ്യഎതിർപ്പ് ഉള്‍പ്പെടെയുള്ള പ്രതിഷേധ നടപടികള്‍ ആരംഭിക്കുമെന്ന് കന്യാസ്ത്രീകൾ സഭാ നേതൃത്വത്തെ അറിയിച്ചു. ആഗോള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽതന്നെ അപൂർവമായാണ് സഭയ്‌ക്കെതിരെ പൊതുസമൂഹത്തിൽ ഇറങ്ങി സമരം നടത്തി വിജയം കണ്ടത്.

സിസ്റ്റർ അനുപമയ്‌ക്ക് ഉൾപ്പടെ വിവിധ ഘട്ടങ്ങളിലായി സഭ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതാണ്. സഭയുടേത് പ്രതികാര നടപടി ആണെന്നും തങ്ങൾ എവിടേക്കും പോകാൻ തയ്യാറല്ലെന്നും സിസ്റ്റർ അനുപമ പ്രതികരിച്ചിരുന്നു.

ലൈംഗികാരോപണ വിവാദത്തെ തുടര്‍ന്ന്  കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ അട്ടിമറിക്കാന്‍ സഭാ നേതൃത്വം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ശക്തമായ സമ്മർദ്ദത്തിനൊടുവിൽ  ലൈംഗിക പീഡനാരോപണ കേസിൽ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ  മൂന്ന് മാസത്തോളം നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് പോലീസ്  അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ബിഷപ്പ് ജാമ്യത്തിൽ  ഇറങ്ങിയത് മുതൽ സഭ  കന്യാസ്ത്രീകളെ വിവിധ കാരണങ്ങൾ പറഞ്ഞു വേട്ടയാടുന്നത് തുടരുകയാണ്.

Spread the love
Read Also  പി കെ ശശിയ്‌ക്കെതിരെ വനിതാ നേതാവ് കേന്ദ്ര കമ്മിറ്റിയ്ക്ക് പരാതി നല്കി

Leave a Reply