Saturday, January 29

ഒരു ഗിരീഷ് ഒാർമ്മ ; സന്ധ്യ മേരി എഴുതുന്നു

സന്ധ്യാമേരി

ഗിരീഷ് കുമാറിനെ ഞാനാദ്യം കാണുന്നത് കാർത്തികയിലെ ഷുജാദിൻ്റെ മുറിയിൽ വച്ചാണ്. അതിനുമുമ്പുള്ള കുടമാളൂർ ഗിരീഷിനെ എനിക്കറിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ തിരുവനന്തപുരത്തെ പ്രസിദ്ധമായ കാർത്തിക ലോഡ്ജിലേക്കുകയറിച്ചെല്ലുമ്പോൾ എനിക്കറിയില്ലായിരുന്നു അവിടെ പരിചയപ്പെടാൻ പോകുന്നവരൊക്കെ ജീവിതാവസാനംവരെ എൻ്റെയൊപ്പം ഉണ്ടാകുമെന്ന്, ബന്ധങ്ങളുടെ ആഴവും പരപ്പും അവരിലൂടെ ഞാനറിയുമെന്ന്, സൗഹൃദവും സ്നേഹവും അവരേപ്പോലെതന്നെ എന്നേയും ഉന്മാദിയാക്കി മാറ്റുമെന്ന്.

കാർത്തിക സംഘത്തിലെ ഏറ്റവും ഇളമുറക്കാരിയായിരുന്നു ഞാൻ. ഗിരീഷുൾപ്പെടെ മിക്കവർക്കും എന്നേക്കാൾ പത്തുവയസ്സോളം കൂടുതലുണ്ടായിരുന്നു. അവരേക്കാളൊക്കെ വല്ലാതെ ചെറുതായതുകൊണ്ടാവണം, ആദ്യം മുതൽതന്നെ അവരെനിക്ക് ഒത്തിരി സ്നേഹം തന്നു. ലോകത്തോടുമുഴുവനുള്ള സ്നേഹവും പരസ്പരമുള്ള സൗഹൃദവും ഒരാഘോഷമാക്കി മാറ്റിയ ആ ബൊഹീമിയൻ  സുഹൃദ് സംഘത്തിലെ അവസാനകണ്ണിയായി മാറാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി ഞാൻ കരുതുന്നു. അതിനൊപ്പം തന്നെ ചേർത്തുപറയേണ്ടതാണ് പട്ടത്തെ രാജീവിൻ്റെ ഫ്ളാറ്റ് കേന്ദ്രീകരിച്ചുള്ള സുഹൃദ് സംഘവും. ഗിരീഷും ഞാനുമുൾപ്പെടെ പലരും രണ്ടു സംഘങ്ങളിലും അംഗങ്ങളായിരുന്നു! പിന്നെ ഇൗ രണ്ടിടങ്ങളിലും സ്ഥിരമായി വരാത്ത എന്നാൽ ആ വലിയ സംഘത്തിന്റെ ഭാഗമായ ഒട്ടേറെപ്പേർ!

ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെയും  ചലച്ചിതസംയോജകയായ ബീന പോളിന്‍റെയും  വീട്ടിൽ ഒത്തുകൂടിയപ്പോൾ. 

ഉള്ളിൽനിന്നും വരുന്ന, ആ മുഖം നിറയെയുള്ള ചിരികൊണ്ടാവണം ഗിരീഷിനെ ആദ്യം പരിചയപ്പെട്ടത് വ്യക്തമായി എനിക്കോർമ്മയുണ്ട്. നിറയെ സൗഹൃദവും സ്നേഹവുമായി ഒരു മനുഷ്യൻ! ഒരുമാതിരി ഭ്രാന്തൻ എനർജിയായിരുന്നു ഗിരീഷിന്റേത്. എപ്പോഴും എന്തെങ്കിലും പ്രോജക്ടുകള്‍  വേണം. ഗിരീഷിന്റെ ‘ഏറ്റെടുക്കൽ’ ഭ്രാന്ത് കാരണം അക്കാലത്ത് ഒരു തമാശ തന്നെയുണ്ടായിരുന്നു, കരമനയാറ്റീക്കോടെ ഒരാന ഒഴുകിവന്നാലും സർക്കാര് പറയും, അത് ഗിരീഷ് കുമാറിനെ വിളിച്ചുപറഞ്ഞാമതി, പുള്ളിക്കാരൻ ഏറ്റെടുത്തോളും എന്ന്.

ഞാൻ ദേവസ്വം ബോർഡ് ജംഗ്ഷനിൽ താമസിക്കുമ്പോൾ ഗിരീഷ് പലപ്പോഴും ബാങ്കിൽ നിന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വരുമായിരുന്നു. എനിക്കും ഗിരീഷിനും കോമണായിട്ടുള്ള ഒരു കാര്യമായി എനിക്കുതോന്നിയിട്ടുള്ളത്, ഞങ്ങൾക്ക് എല്ലാം എക്സ്ട്രീം ആയിരുന്നു. സന്തോഷമാണെങ്കിൽ പെരുത്തു സന്തോഷം, വിഷമമാണെങ്കിൽ പിന്നങ്ങു വിഷമം. എളിയാണെങ്കിൽ അങ്ങ് എളി! ആദിവാസികൾ ക്ലിഫുഹൗസിനുമുമ്പിൽ സമരം തുടങ്ങിയ രാത്രി അവർക്കു താമസസൗകര്യമൊരുക്കാനായി അവരിൽ കുറേയധികംപേരേയും കൂട്ടി ഗിരീഷ് എന്റെ വീട്ടിലേക്കുവന്നു. എനിക്കാണെങ്കിൽ ഞങ്ങളുടെ കൂട്ടത്തിലുള്ള സ്ഥിരം പട്ടിണിക്കാർക്ക് വച്ചുവിളമ്പുമെന്നതൊഴിച്ചാൽ ഇത്രേം വലിയ ഒരാൾക്കൂട്ടത്തെ മാനേജ് ചെയ്ത് തീരെ ശീലമില്ലായിരുന്നു! പിന്നെ ഞാനും അങ്ങ് രണ്ടും കൽപ്പിച്ച് ‘ഏറ്റെടുത്തു!’

ഗിരീഷിന്റെ കോട്ടയത്തുവച്ചുനടത്തിയ എക്സിബിഷനും മനോഹരമായ ഒാർമ്മയാണ്. പ്രദർശനത്തിനുശേഷം ഗിരീഷ് കൂട്ടുകാർക്ക് ചിത്രങ്ങൾ വീതിച്ചുകൊടുത്ത കൂട്ടത്തിൽ എനിക്കും കിട്ടി ഒന്ന്. എന്റെ ഏറ്റവും വിഷമം നിറഞ്ഞ സമയങ്ങളിൽ എന്റെ മറ്റു കൂട്ടുകാരേപ്പോലെ ഗിരീഷും ഒപ്പം നിന്നു, ഒരുപക്ഷേ എന്നേക്കാൾ വിഷമിച്ചു. കുടുംബവുമായി പ്രത്യേകിച്ചൊരു അടുപ്പവുമില്ലാത്തയാളാണു ഞാൻ. എത്രവലിയ ശക്തിയാണ് സൗഹൃദം എന്ന തിരിച്ചറിവ് ആ വിഷമഘട്ടങ്ങളിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാർ എനിക്കുതന്നു.

Read Also  കരയാമ്പൂവിന്‍റെ രുചിയും കറുവാപ്പട്ടയുടെ മണവുമായി ഗബ്രിയേല ; സന്ധ്യ മേരി

ഗിരീഷ്‌ സുഹൃത്തുക്കളുമൊത്ത് 

എന്റെ ആദ്യത്തെ കഥ മാതൃഭൂമിയിൽ വന്നപ്പോൾ ഗിരീഷ് പറഞ്ഞതിപ്പോഴും ഒാർമ്മയുണ്ട്. ‘എടീ, ഒരു സംശയോം വേണ്ട, ഇതാ നിനക്ക് പറഞ്ഞിട്ടൊള്ള പണി!’ എഴുത്തിനോടുള്ള എന്റെ അലസതയും താൽപ്പര്യമില്ലായ്മയും ഗിരീഷിനെ പലപ്പോഴും ശുണ്ഠി പിടിപ്പിച്ചിട്ടുണ്ട്. ഒരു മയവുമില്ലാതെ അക്കാര്യത്തിൽ ഗിരീഷ് എന്നെ ചീത്ത വിളിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാൻ ചിരിച്ചുകാണിക്കും.

ആറേഴുമാസം മുമ്പ് എന്റെ നോവൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചപ്പോ അതിന്റെ കവർ ചെയ്യണമെന്ന് ഗിരീഷ് വലിയ ആഗ്രഹം പറഞ്ഞു. നിന്റെ പുസ്തകത്തിന് എന്റത്രേം   നന്നായിട്ട് കവർ ചെയ്യാൻ ആർക്കും പറ്റില്ല എന്നുതുടങ്ങി കീറിന് ഒരു കുറവുമുണ്ടായിരുന്നില്ല! പക്ഷേ മാതൃഭൂമിയിൽ വിളിച്ച് അക്കാര്യം പറയാൻ എനിക്ക് ഒരിദ് ഇല്ലാതിരുന്നതുകൊണ്ട് ഞാനത് നിഷ്കരുണം നിരസിച്ചു.

ഞാൻ എറണാകുളത്തേക്കു മാറിയപ്പോൾ കാണൽ സ്വാഭാവികമായും കുറഞ്ഞു. വെഞ്ഞാറമൂട്ടെ ഉണ്ണിയുടെ കല്യാണം കഴിഞ്ഞ് ആ വലിയ സുഹൃദ്സംഘം മുഴുവൻ മൈലത്തെ വേണുചേട്ടന്റെ സ്ഥലത്ത് ഒത്തുചേർന്നതാണ് എന്റെ അവസാനത്തെ ‘മനോഹരമായ’ ഗിരീഷ് ഒാർമ്മ. പിന്നെ പട്ടത്തു ജോസിന്റവിടെവച്ചുകണ്ടപ്പോ he was kind of depressed  ‘അടീപ്പോയടീ…’ എന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ഞാൻ പൊതുവേ ഫോൺ തീരെ ഉപയോഗിക്കാത്ത ആളാണ്. അതിന്റെ പേരിലും തിരുവനന്തപുരത്തു ചെല്ലാത്തതിന്റെ പേരിലും കൂട്ടുകാർ എന്നെ സ്ഥിരം ചീത്ത വിളിക്കാറുണ്ട്. ഇപ്പോ വരാം ഇപ്പോ വരാം എന്നു പറഞ്ഞ് ശശിയെ ഞാൻ കുറേ പറ്റിച്ചിട്ടുണ്ട്.

ചലച്ചിത്രപ്രവര്ത്തകനായ ശശി 

ഒടുക്കം ശശിയങ്ങുപോയി. ഒരോണദിവസം എടീ ശശി പോയീന്നുപറഞ്ഞ് വിനയൻ വിളിച്ചപ്പോ ‘എവിടെപ്പോയീന്ന്? പിന്നേം വഴക്കിട്ടുപോയോ’എന്നായിരുന്നു എന്റെ പ്രതികരണം. ശശീം വിനയനും തമ്മിൽ സ്നേഹം കൂടീട്ടുള്ള വഴക്കായിരുന്നൂല്ലോ സ്ഥിരം! അന്നാദ്യമായിട്ടായിരുന്നു അത്രക്ക് അടുപ്പമുള്ളയാളുടെ മരണം ഒരു യാഥാർത്ഥ്യമായി എന്റെ മുന്നിൽ വന്നു നിൽക്കുന്നത്. മരണത്തേക്കുറിച്ച് എന്റെ കൂട്ടുകാർക്കുള്ള ഫിലോസഫിക്കൽ പ്രാക്റ്റിക്കൽ റിയലിസ്റ്റിക് അപ്രോച്ചൊന്നുമല്ല എനിക്കുള്ളത്. ഞാനോ എനിക്കിഷ്ടമുള്ളവരോ മരിക്കുന്നത് എനിക്കാലോചിക്കാനേ വയ്യ. അതു ഞാൻ എന്തുചെയ്താ സമ്മതിച്ചുതരില്ല എന്നതായിരുന്നു മരണത്തോടുള്ള എന്റെ അതുവരെയുള്ള ആറ്റിറ്റ്യൂഡ്. മരിച്ച ശശിയെ കാണാൻ ഞാൻ പോയില്ല. ഇക്കാര്യം പറഞ്ഞപ്പോ അൻവർ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു, എനിക്കും അവിടെപോണംന്ന് ഒട്ടും ഇല്ലായിരുന്നു. പക്ഷേ നമ്മളവിടെ വേണംല്ലോന്നു കരുതീട്ടാ. അതെനിക്ക് വല്ലാതെ strike ചെയ്തു. ശരിയാണ്, പരസ്പരം താങ്ങാവാനെങ്കിലും നമ്മളവിടെവേണം. ഗിരീഷിനെ ഒറ്റക്ക് ശാന്തികവാടത്തിലെ മുറിയിലേക്കു കയറ്റിവിടുമ്പോ ആ വലിയ സംഘം അവിടെനിന്നു, നിറയെ സ്നേഹത്തോടെ, പരസ്പരം താങ്ങായി.

തിരിച്ചുപോരുമ്പോ എന്റെ മനസ്സിലേക്കുവന്ന ആദ്യ തോന്നൽ ഇതായിരുന്നു, ശശിക്ക് പെരുത്തു സന്തോഷാവും. ഇനീപ്പോ രണ്ടിനുംകൂടെ കുത്തി മറിഞ്ഞുനടക്കാല്ലോ!

ഗിരീഷ് കുമാർ, ഇടതുപക്ഷനന്മയുടെ പ്രതീകം; സുരേഷ് കുറുപ്പും എസ് ജോസഫും അനുസ്മരിക്കുന്നു… 

Read Also  കരയാമ്പൂവിന്‍റെ രുചിയും കറുവാപ്പട്ടയുടെ മണവുമായി ഗബ്രിയേല ; സന്ധ്യ മേരി

 

Spread the love

Leave a Reply