Monday, January 17

ആള്‍ക്കൂട്ടക്കൊല: മൂന്ന് നിയമനിര്‍മ്മാണ സാധ്യതകളുമായി ഉദ്യോഗസ്ഥ സമിതി

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലകള്‍ തടയുന്നതിന് മൂന്നുതരത്തിലുള്ള നിയമനിര്‍മ്മാണ സാധ്യതകളാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി പരിശോധിക്കുന്നത്. ഓരോ സംസ്ഥാനങ്ങള്‍ക്കും ആള്‍ക്കൂട്ടക്കൊലകള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേകം, പ്രത്യേകം നിയമനിര്‍മാണം, സംസ്ഥാനങ്ങള്‍ സ്വന്തമായി നിയമനിര്‍മ്മാണം നടത്തുന്ന തരത്തിലുള്ള ഒരു കേന്ദ്ര നിയമം, ക്രിമിനല്‍ നടപടി ക്രമങ്ങളുടെ ഭേദഗതി എന്നീ സാധ്യതകളാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അദ്ധ്യക്ഷനായുള്ള സമിതി പരിശോധിക്കുന്നത്.

ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നത ഉദ്യോഗസ്ഥ സമിതി വെള്ളിയാഴ്ച ആദ്യ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടക്കൊലകള്‍ നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ തെഹ്‌സീന്‍ പൂനവാലയുമായി ശനിയാഴ്ച സമിതി കൂടിക്കാഴ്ച നടത്തിയതായി സൂചനകളുണ്ട്. മനുഷ്യ സംരക്ഷണ നിയമം എന്ന പേരില്‍ പുതിയ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സമിതിയുടെ മുന്നില്‍ പൂനെവാല അവതരണം നടത്തിയതായാണ് വിവരം.

ഉദ്യോഗസ്ഥ സമിതി നാല് ആഴ്ചയ്ക്കുള്ളില്‍ നിയമത്തിന്റെ കരട് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷനായുള്ള മന്ത്രിസഭ ഉപസമിതിക്ക് സമര്‍പ്പിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി തവാര്‍ ചന്ദ് ഗലോട്ട് എന്നിവര്‍ അംഗങ്ങളായുള്ള മന്ത്രിസഭ സമിതി ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പിന്നീട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.

രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നതിനെതിരെ കടുത്ത നടപടികള്‍ ആവശ്യമാണെന്ന് ഈ മാസം ആദ്യം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. മേയ് ആദ്യ ആഴ്ചയ്ക്ക് ശേഷം മാത്രം രാജ്യത്ത് 30 ഓളം ആളുകളെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ഇത്തരം സംഭവങ്ങളില്‍ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് കര്‍ക്കശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ആള്‍ക്കൂട്ടക്കൊലപാതകള്‍ നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമാണെന്നാണ് തെഹ്‌സീന്‍ പൂനെവാല വാദിക്കുന്നത്. ന്യൂനപക്ഷ സംരക്ഷണത്തിന് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ കാര്യത്തില്‍ ജാതിക്കതീതമായ ഘടകങ്ങളും പരിഗണിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഭാഷപരവും സാംസ്‌കാരികവും ലിംഗാധിഷ്ടിതവുമായ ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ന്യൂനപക്ഷങ്ങള്‍ എന്നതിന് പകരം എളുപ്പം ആക്രമിക്കപ്പെടാവുന്നവരായി ഇത്തരക്കാരെ നിര്‍വചിക്കണമെന്നാണ് പൂനെവാല ആവശ്യപ്പെടുന്നത്. പശുവിനെ മോഷ്ടിച്ചുവെന്ന പേരില്‍ രാജസ്ഥാനിലെ ആല്‍വാറിലെ റക്ബര്‍ ഖാന്‍ എന്നയാളെ ആള്‍ക്കൂട്ടം ജൂലൈ 22ന് തല്ലിക്കൊന്നതാണ് ഇത്തരത്തില്‍ രാജ്യത്ത് നടന്ന ഏറ്റവും ഒടുവിലത്തെ ദാരുണ സംഭവം.

ആള്‍ക്കൂട്ടക്കൊലകള്‍ക്ക് നിയമസാധുത നല്‍കുന്ന തീവ്രഹിന്ദു രാഷ്ട്രീയം: അപൂര്‍വാനന്ദ്

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അക്ബറിനെ തല്ലിക്കൊന്നിട്ട് ഏത് പശുവിന്റെ പ്രീതിയാണ് നിങ്ങള്‍ നേടിയത്?

കൊല്ല്, കൊല്ല്, കൊല്ലെന്ന് ജനക്കൂട്ടത്തോടലറുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ പുതിയ നിയമം കൊണ്ടെന്ത് കാര്യം?

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും ഹിന്ദുക്കള്‍ക്കും രക്ഷയില്ല: യുപിയില്‍ എരുമയെ കടത്തിയെന്ന പേരില്‍ ആക്രമണം

Spread the love
Read Also  ഒടുവില്‍ മോദി സര്‍ക്കാര്‍ അനങ്ങി: ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെ നിയമം നിര്‍ദ്ദേശിക്കാന്‍ മന്ത്രിസഭ സമിതി

Leave a Reply