Monday, January 17

ഒരു നോവലിസ്റ്റിന്റെ പ്രതീകാത്മക ആത്മഹത്യ പുരോഗമന കേരളത്തോട് ചോദിക്കുന്നത്: ഒ.കെ. ജോണി

ഒ.കെ. ജോണി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ച എസ്. ഹരീഷിന്റെ നോവല്‍ ഹിന്ദുക്കളെ അപമാനിക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗമാളുകള്‍ ഉയര്‍ത്തിയ വിവാദവും, നോവലിസ്റ്റിനും മാതൃഭൂമി പത്രത്തിനുമെതിരെ നടക്കുന്ന ആക്രമണങ്ങളും ഇതരസംസ്ഥാനങ്ങളില്‍ ഇതിനകം എഴുത്തുകാര്‍ക്കെതിരെ ആരംഭിച്ചുകഴിഞ്ഞ ആക്രമണത്തിന്റെ ഒരു തുടര്‍ച്ചയാണോ എന്ന് സംശയിക്കണം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നോവലിസ്റ്റിനെതിരെ ഉയര്‍ന്ന സംഘടിതമായ ആക്രോശങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയാണിപ്പോള്‍. ഈ പശ്ചാത്തലത്തിലാണ് നോവലിസ്റ്റ് തന്റെ കൃതിയുടെ പ്രസിദ്ധീകരണം നിര്‍ത്തിവെക്കാന്‍ മാതൃഭൂമിയോട് ആവശ്യപ്പെട്ടത്.

നോവല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന കത്ത് ഹരീഷില്‍നിന്ന് ലഭിച്ചതായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ എഡിറ്റര്‍ കമല്‍റാം സജീവ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഹരീഷിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് ആ എഴുത്തുകാരനെ നിശ്ശബ്ദനാക്കുവാനുള്ള ശ്രമമായിരുന്നു ഒരു വിഭാഗം വര്‍ഗ്ഗീയവാദികള്‍ നടത്തിയത്. ആ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും കേരളത്തിലെ ഒരെഴുത്തുകാരന് വഴങ്ങേണ്ടിവന്നുവെന്നത് ആശങ്കാജനകമാണ്. വിവിധ ജാതികളുടെയും മതങ്ങളുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ പ്രയോക്താക്കള്‍ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ വരുതിയിലാക്കുവാന്‍ നടത്തുന്ന അത്യന്തം ഹീനമായ ശ്രമങ്ങളിലൊന്നായിട്ടേ ഈ എഴുത്തുകാരനും നോവലിനുമെതിരെയുള്ള യുദ്ധത്തെയും കാണാനാവൂ. ഹരീഷിന്റെ നോവല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ മലയാളിയായ ഒരു ബി.ജെ.പി ഭാരവാഹി മാതൃഭൂമിക്കയച്ച വക്കീല്‍ നോട്ടീസിന് സ്ഥാപനം മറുപടി നല്‍കുകയും നിയമപരമായ നടപടികളിലേക്ക് നീങ്ങുകയും ഇക്കാര്യത്തില്‍ കോടതിയുടെ ഉത്തരവ് വരികയും ചെയ്യുന്നതുവരെ ഹരീഷിന് വേണമെങ്കില്‍ കാത്തിരിക്കാമായിരുന്നു. എന്നാല്‍, സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും നേരിട്ടും നോവലിസ്റ്റിനും കുടുംബാംഗങ്ങള്‍ക്കും എതിരെ തുടര്‍ന്ന അസഭ്യവര്‍ഷങ്ങളായിരിക്കണം നോവല്‍ സ്വയം പിന്‍വലിക്കാന്‍ ഹരീഷിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

സ്വന്തം മരണം പ്രഖ്യാപിക്കേണ്ടിവന്ന പ്രശസ്ത തമിഴെഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ നിസ്സഹായതയാണോ ഇന്ത്യയിലെ എഴുത്തുകാരെയെല്ലാം ചൂഴ്ന്നുനില്‍ക്കുന്നതെന്ന സന്ദേഹം അസ്ഥാനത്തല്ല. എന്നാല്‍, ഈയവസ്ഥയിലും പ്രത്യാശയ്ക്ക് വക നല്‍കുന്നതാണ് പെരുമാള്‍ മുരുകനെതിരെയുള്ള കേസില്‍ തമിഴുനാട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും, എഴുത്തിലേക്ക് സധൈര്യം മടങ്ങിവരാന്‍ പെരുമാള്‍ മുരുകനോട് ആവശ്യപ്പെടുകയും ചെയ്യുന്ന ആ വിധിന്യായം, എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്വത്തെയും കുറിച്ചുള്ള ഗംഭീരമായൊരു രേഖയുമാണ്. ആ വിധിയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഹരീഷ് എന്ന എഴുത്തുകാരന്‍ അല്‍പ്പം ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ടാണെങ്കിലും ഈ ഭീഷണിയെ സധൈര്യം നേരിടേണ്ടിരുന്നുവെന്നാണ് എന്നെപ്പോലൊരു മാദ്ധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നതെന്ന് ഖേദത്തോടെ രേഖപ്പെടുത്താതെവയ്യ. ഏത് ജനാധിപത്യ സ്വാതന്ത്ര്യവും പോരാടി നേടേണ്ട ഇന്നത്തെ സാഹചര്യത്തില്‍, വിശേഷിച്ചും.
അതെന്തായാലും എസ്.ഹരീഷ് എന്ന എഴുത്തുകാരന്റെ പ്രതീകാത്മകമായ ഈ ആത്മഹത്യ വലിയ ചില മുന്നറിയിപ്പുകളാണ് പുരോഗമന കേരളത്തിന് നല്‍കുന്നത്.
(എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ് ഒ കെ ജോണി)

Spread the love
Read Also  വെറുക്കപ്പെടുന്ന പാർട്ടിയിലേക്കുള്ള റൂട്ട് മാപ്പുകൾ

Leave a Reply