Wednesday, October 21

പിച്ചച്ചട്ടിയുമായി മോദിയുടെ അടുക്കൽ പോയി യാചിക്കില്ല ; മുന്നറിയിപ്പുമായി ഒമർ

കാശ്മീർ ജനതക്കെതിരെ നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുക്കലേയ്ക്ക് തങ്ങൾ ‘പിച്ചച്ചട്ടി’യുമായി പോകില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തങ്ങളുടെ പോരാട്ടം സുപ്രീംകോടതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരികളുടെ അവകാശം പുനസ്ഥാപിക്കാനായി ഗുപ്കാര്‍ കമ്മീഷന് കീഴില്‍ പീപ്പിള്‍ അലയന്‍സ് രൂപീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് യാചിക്കാന്‍ താത്പര്യപ്പെടുന്നില്ല. ഞങ്ങളുടെ യുദ്ധം സുപ്രീം കോടതിയിലാണ്. മോദിയുടെ അടുത്തേക്ക് പിച്ചച്ചട്ടിയുമായി പോകാന്‍ ഞാന്‍ തയ്യാറല്ല.

നമ്മുടെ രാജ്യത്ത് ഏറെ കാലമൊന്നും ഒരു സര്‍ക്കാരും വാഴുന്ന ചരിത്രമില്ല. ഞങ്ങള്‍ ഇനിയും കാത്തുനില്‍ക്കും. പാത്രത്തിലുള്ളതിനെ തിളപ്പിച്ച് കൊണ്ടേയിരിക്കും. ഒരിക്കലും വിട്ട് കൊടുക്കില്ല,’ ഒമര്‍ അബ്ദുള്ള പറഞ്ഞു.

ഏറെ നാള്‍ തുറങ്കലിലടയ്ക്കപ്പെട്ട ശേഷം പുറത്ത് വരുന്ന ഒരാള്‍ക്ക് സന്തോഷം ഉണ്ടാവുമോ എന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു. കേന്ദ്രത്തിനെതിരെ ഒമര്‍ അബ്ദുള്ളയുടെ ദേഷ്യം കാണാനാകുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘എന്നെയും മറ്റ് നേതാക്കളെയും
പൊതു സുരക്ഷാ നിയമത്തിന്റെ പേരുപറഞ്ഞ് കാലങ്ങളായി തടവിലാക്കി. അത് എന്റെ ജനതയ്‌ക്കെതിരായ ഭീഷണിയായി ഞാന്‍ കണക്കാക്കുന്നു. എന്റെ ദേഷ്യത്തെ ചോദ്യം ചെയ്യരുത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളെ തുറങ്കിലടച്ചവരെക്കുറിച്ചൊന്നും ചോദിക്കാത്തത്?,’ ഒമര്‍ അബ്ദുള്ള ചോദിച്ചു.

മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തി 14 മാസത്തോളവും താന്‍ ഒന്‍പത് മാസത്തോളവും തന്റെ അച്ഛന്‍ മാസങ്ങളോളവും തടവിലായിരുന്നു. ഇത്രയും സമയം തന്നെ ധാരാളമായിരുന്നു ഒരു ബദല്‍ നീക്കം നടത്താനെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതിയ സഖ്യം രൂപീകരിച്ചത്. സഖ്യത്തിൽ മെഹ്ബൂബ മുഫ്തി, സജാദ് ഗനി ലോൺ എന്നിവരുമുണ്ട്

Spread the love
Read Also  'ബന്ധങ്ങൾ നഷ്ടമാകുന്നതിന്റെ വേദന എനിക്ക് നന്നായി അറിയാം': ഇസ്രോ മേധാവിയ്ക്ക് ഒരു കാശ്മീരിയുടെ കത്ത്