Monday, January 24

ഇതൊക്കെയല്ലെ ‘എന്താവും കവി ഉദ്ദേശിച്ചത്?’ എന്ന് തമാശയായി ചോദിക്കാറുള്ളത്

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി ഇന്നലെയാണ് വന്നത്. ജൈവശാസ്ത്രപരമായി സ്ത്രീയെ മാറ്റിനിര്‍ത്താനാവില്ലെന്ന് തുല്യാവകാശം സ്ത്രീയ്ക്കും കല്പിച്ച കോടതിവിധി കേരളീയസമൂഹത്തില്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തുറന്നിരിക്കുകയാണ്. വിശ്വാസം, അവസരസമത്വം എന്നിവയിലധിഷ്ഠിതമായാണ് സാമൂഹ്യമാധ്യമങ്ങള്‍ ചര്‍ച്ചയിലും ട്രോളിലും കലഹത്തിലും മുന്നേറുന്നത്.

പാരമ്പര്യവാദവും പുരോഗമനവാദവും എക്കാലത്തും ആചാരാനുഷ്ഠാനങ്ങളുടെ ഇരുവശങ്ങളിലാണ്. യാഥാസ്ഥിതികപാരമ്പര്യവാദികള്‍ വിശ്വാസങ്ങള്‍ക്ക് നിയമപിന്‍ബലം കിട്ടാത്തതില്‍ വലിയ ദുരന്തത്തില്‍പെട്ട അവസ്ഥയിലാണ്. പുരോഗമനവാദികളെ സംബന്ധിച്ചിടത്തോളം കാലാനുസൃതം വരേണ്ട മാറ്റമായാണ് കോടതിവിധിയെ സ്വീകരിക്കുന്നത്.

ഇതേപ്പറ്റി കേരളീയരാഷ്ട്രീയ പൊതുമണ്ഡലം വിഷയത്തോട് വിവിധ രാഷ്ട്രീയനിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് വ്യവസ്ഥാപിത ഇടതുപക്ഷം സ്വീകരിച്ചതെന്നതാണ് സമകാലത്ത് അവരുടെ പുരോഗമനത്തെ വെളിവാക്കുന്നത്. എന്നാല്‍ സ്ത്രീവിഷയങ്ങളാണ് പ്രളയാനന്തര സാമൂഹ്യ സാഹചര്യങ്ങളുടെ വിലയിരുത്തലില്‍ നിന്നും ഭരണത്തിലുള്ള ഇടതുപക്ഷത്തിന് സമകാലരക്ഷയ്ക്കെത്തുന്നത് എന്നത് സാന്ദര്‍ഭികം മാത്രം. ബിഷപ്പിനെക്കൊണ്ട് പുത മൂടിയിരുന്ന ശശിയുടെ കാമം ചര്‍ച്ചയിലേക്കെത്തിയപ്പോഴേക്കും ഇടതുപക്ഷത്തിന് മങ്ങലേറ്റിരുന്ന സ്ത്രീപക്ഷം സജീവമാക്കാന്‍ കഴിഞ്ഞുവെന്നത് രാഷ്ട്രീയനേട്ടം.

കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ വ്യാപകമായ ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം മതവിശ്വാസരാഷ്ട്രീയത്തിന്‍റെ പത്തിക്കേറ്റ അടിയാണ് കോടതിവിധി. തങ്ങളുടെ മതാത്മക ആണധികാരങ്ങളെ മറി കടക്കുന്നത് അവര്‍ക്ക് ഒട്ടും സഹിക്കാന്‍ കഴിയുന്നതല്ല എന്ന് ചര്‍ച്ചകളില്‍ അവര്‍ വീണ്ടും വീണ്ടും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു വന്‍ തകര്‍ച്ചയിലേക്ക് കൂപ്പു കുത്താതിരിക്കാന്‍, കോടതിവിധിയെ ആശയപരമായ വിവാദങ്ങളിലേക്ക് കൊണ്ടു പോവരുതെന്ന് പ്രഖ്യാപിച്ച് ബി.ജെ.പിയുടെ പി എസ് ശ്രീധരന്‍പിള്ള രാഷ്ട്രീയചര്‍ച്ചകളില്‍ നിന്നും മുന്‍കൂര്‍ ജാമ്യം എടുത്തു കഴിഞ്ഞു.

കേരളരാഷ്ട്രീയത്തില്‍ ചിരിക്ക് ഏറെ പ്രാധാന്യം കല്പിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. ലീഡറുടെ ചിരി പിന്നീടു വന്ന നേതാക്കളും പാരമ്പര്യസ്വത്തായി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും മുഖം നേരേയാവാത്തതിനാല്‍ പലരുടെയും ചിരി കോടിപ്പോയതും ജനങ്ങള്‍ ചിരിച്ചു തള്ളുകയും ചെയ്തു. സത്യം, അഹിംസ എന്നിങ്ങനെയൊക്കെയുള്ള ഗാന്ധിയന്‍ ആശയങ്ങളെ മരിക്കാന്‍ വിട്ടിട്ട് ഇരട്ടത്താപ്പാണ് കാലമേറെയായി കോണ്‍ഗ്രസ് കേരളീയസമൂഹത്തില്‍ രാഷ്ട്രീയമായി പ്രയോഗിക്കുന്നത്. രാഷ്ട്രീയപ്രവേശനത്തിന്‍റെ ആദ്യകാലം മുതലേ ഇതേ ഇരട്ടത്താപ്പാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖമുദ്രയാക്കിയിരുന്നത്. അതേ ഇരട്ടത്താപ്പിന്‍റെ മുഖമാണ് അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പേജിലൂടെ വീണ്ടും ചിരി നേടുന്നത്. അതേ സമയം വ്യക്തത വായനക്കാരനോട് ആലോചനാമൃതമാക്കാനും പോസ്റ്റ് ആവശ്യപ്പെടുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ് ബുക് പോസ്റ്റ് ഇങ്ങനെയാണ്:

അമ്പരക്കേണ്ട വായനക്കാരെ. ഒടുവില്‍ പറഞ്ഞതാണ് മുന്‍മുഖ്യമന്ത്രി ഇത്ര കാലവും ഭരണത്തിലും എടുത്തിട്ടുള്ള നിലപാടെന്ന് നമുക്ക് ആശ്വസിക്കാം. അതേ, നിയമവും ആചാരാനുഷ്ഠാനങ്ങളും സമന്വയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം. എന്നാല്‍ രണ്ടു വള്ളത്തില്‍ കാല്‍ ചവുട്ടി പമ്പ കടക്കാനാവുമോ എന്ന് നാം സംശയിക്കേണ്ട. ആശയം വിശദമാക്കാനുള്ള ഇരട്ടത്താപ്പില്‍ ചിരിച്ചാല്‍ മതി.

Spread the love
Read Also  വിദ്യാലയങ്ങളിലെ അസ്സംബ്ലികളിൽ ഇനി മുതൽ ഭരണഘടനാ വായിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Leave a Reply