ഒരിക്കൽ വെള്ളപ്പൊക്കത്തിൽ ഓടയിലെ മലിനജലം കയറി ഫയലുകൾ കുതിർന്ന് മലിനമാക്കപ്പെട്ട കല്ക്കട്ട ഹൈക്കോടതിയെക്കുറിച്ച് മലയാളി എഴുത്തുകാരൻ ആനന്ദിന്റെ ഇടവേളകളിൽ എന്ന പുസ്തകത്തിൽ നിന്നും വായിച്ചറിഞ്ഞതായി ചിന്നപ്പയൽ ഓർമ്മിക്കുന്നു (ഓർമ്മ തെറ്റിയെങ്കിൽ മറ്റാരും ക്ഷമിച്ചില്ലെങ്കിലും ആധുനികമലയാളിയുടെ മഹാനായ എഴുത്തുകാരൻ പി.സച്ചിദാനന്ദൻ എന്ന ആനന്ദ് ക്ഷമിക്കുമെന്ന് കരുതുന്നു.) അത് വായിച്ചതിനപ്പുറം ഭരണകൂടതാല്പര്യങ്ങൾ വിധിക്കുന്ന നൈതികേതരവിധികളിലെ പത്രവാർത്തകളിലും കാലങ്ങളായുള്ള നീതിനിർവ്വഹണത്തിലും പരമോന്നതനീതിപീഠങ്ങൾ മലിനമാക്കപ്പെട്ടവ തന്നെ എന്നായിരുന്നു ചിന്നപ്പയൽ ചിന്തിച്ചു പോന്നിട്ടുള്ളത്. പ്രസിദേന്തായാലും പരമോന്നതകോടതി ന്യായാസനസ്ഥനായേലും സ്വാധീനമോ, ഭരണകൂടതീരുമാനമോ ഇല്ലാതെയല്ലല്ലോ നീതിപീഠങ്ങളിൽ ആളുകൾ മൂടുറപ്പിക്കുന്നതെന്നതായിരുന്നു ചിന്നപ്പയലിന് അതിന് സ്വയമുള്ള ന്യായീകരണം.

പണ്ടത്തെ കാര്യം, ആളുകളെവല്യ ബോധ്യമില്ലേലും കസേര വിട്ട ശേഷം ഇറങ്ങി വന്ന തിരു നൈതിക (ടി.എൻ.)ശേഷൻ മുതൽ ഭരണകൂട,നീതിപീഠമിശ്രിതത്തിൽ നിന്ന് വിട്ടു മാറാതിരുന്ന (ദീപ…സ്തംഭം മഹാശ്ചര്യം മട്ട്) മിശ്ര വരെയുള്ളവർ ചിന്നപ്പയലിന്റെ ചിന്തയെ അങ്ങനെ തന്നെയാണ് നയിച്ചിട്ടുള്ളത്.

മലയാളനോവൽ തട്ടകത്തിന്റെ പീഠാധിപതി കോവിലൻ എഴുതിയ ഭരതൻ എന്ന നോവലും ചിന്നപ്പയലിനെ ന്യായാസനങ്ങളിൽനിന്നും അകലം പാലിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ ദിവംഗതനായ കോവിലനിൽ നിന്നും ഊർജ്ജം സ്വീകരിച്ചതിപ്പുറം ഭരതമഹാനായ കോവിലനെ ചിന്നപ്പയൽ കൂട്ടുപ്രതിയാക്കുകയല്ല. മറിച്ച്, തൊഴിൽ, അന്നം, പാർപ്പിടം മുതലായവ നിഷേധിച്ച നീതിനിഷേധത്തിനെതിരെ ചിന്നപ്പയൽ നീതിപീഠങ്ങളെ സമീപിക്കാതിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് വ്യക്തമാക്കുകയാണ്. എനിക്കെന്റെ തൊഴിൽ തരൂ, ഭക്ഷണം തരൂ, പാർപ്പിടം തരൂ എന്ന് ഭരതനിലെപ്പോലെ അപേക്ഷിക്കയല്ല വേണ്ടത്, നീയത് കണ്ടെത്തൂ എന്നാണല്ലോ സമകാലഭരണകൂടഭാഷ്യവും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ മറൈൻ ഡൈ്രവിനിപ്പുറം ഹൈക്കോടതി ബോട്ടുജട്ടിയിൽ സമകാലനിയമവിധികളിലെ നൈതികതയ്ക്ക് കാതോർത്തിരിക്കെ തൊട്ടപ്പുറം അഖിലലോകകേരളത്തിന്റെ പരമോന്നത നീതിപീഠത്തിൽനിന്നും ഒരു ചോദ്യം ചിന്നപ്പയലിന്റെ ചെവിയിൽ കൊച്ചിക്കായലോളത്തിൽ അലയടിച്ചോ കാറ്റിൽ അല തല്ലിയോ എത്തി. (പിറ്റേ ദിവസം, എന്ത് മ…യെങ്കിലും മലയാളിയുടെ മനോരമ ലേഖിക തെളിവ് സാക്ഷ്യപ്പെടുത്തി)
സ്വാധീനമുള്ളവർക്ക് എന്തുമാകാമോ? എന്നായിരുന്നു ആ ചോദ്യം.
ചോദ്യം കേട്ടതും ചിന്നപ്പയൽ ഒന്നു ഞെട്ടി.
പക്ഷെ എന്തു പറയാൻ.

കടലിൽ കായം കലക്കിയതുപോലെയായിരുന്നു ആ ചോദ്യം. ചിന്നപ്പയലിന് മാത്രമല്ല, സംസ്ഥാനഭരണകൂടത്തിനും. അതുകൊണ്ടാണല്ലോ വിശദമായ അന്വേഷണത്തിന് ഭരണകൂടതിട്ടൂരമുണ്ടാകാത്തതും. ഉണ്ടായാൽ വരാവുന്ന ഭവിഷ്യത്ത് ചിന്നപ്പയലിന് പറഞ്ഞറിയിക്കാനാവതല്ല; ബന്ധപ്പെട്ട ദുഷ്പ്രഭുപ്പുലയാടികൾക്കും. മറിച്ച് സങ്കല്പത്തിൽ, മുഖ്യവാതിലിലൂടെയല്ലാതെ ഇടനാഴികളിലൂടെ എത്തിയ പല അവസരവാദസേവകരും ചിന്നപ്പയലിന്റെയും കൂട്ടരുടെയും അടിവസ്ത്രം അലക്കാൻ പോലും യോഗ്യരായിരുന്നില്ല എന്ന സന്തോഷവും ചെറുതൊന്നുമല്ല.
ചിന്നപ്പയൽ പറയാൻ വന്നത് അതൊന്നുമല്ല.

അത് നമ്മുടെ വ്യവസ്ഥിതിയാകമാനം നമ്മെ നയിക്കുന്നതിലെ വൈകല്യങ്ങളെ ചോദ്യം ചെയ്യുക എന്നതിലേക്കൊക്കെ നീങ്ങുമെങ്കിലും പ്രഭാഷകർ പറയുംപോലെ തല്കാലം നീട്ടുന്നില്ല.
മറിച്ച്, പരീക്ഷ എന്ന വേതാളസങ്കലപ്നങ്ങളുടെ അസംബന്ധമെന്ന ചിന്നപ്പയലിന്റെ നോവൽചിന്തയുടെ അനുബന്ധം തന്നെയാണ്. അത്തരം അസംബന്ധങ്ങളെ വിട്ട് ചിന്നപ്പയലിന്റെ ചെറുക്ലാസ്സുകളിലേക്ക് പോകാം.

പരൂഷ വന്നിങ്ങ് തലയിലേറി
പഠിച്ചതെല്ലാം മറന്നുപോയി…

എന്നത് ഒരു പാട്ട് മാത്രമായിരുന്നില്ല; ചിന്നപ്പയൽ ഉൾപ്പെടുന്ന ചങ്ങാതിക്കൂട്ടത്തിന്റെ വേവലാതി തന്നെയായിരുന്നു. സംഗതി അങ്ങനെയാണെങ്കിലും തട്ടുമ്മേൽ കേറുമ്പം ആട്ടം വരും എന്ന ന്യായപ്രകാരം ചിന്നപ്പയൽക്കൂട്ടം പരീക്ഷകളിൽ പങ്കെടുത്തു പോന്നു. ജയിച്ചും തോറ്റും, തോറ്റും ജയിച്ചും, പിന്നെയും ജയിച്ചും ചിന്നപ്പയൽക്കൂട്ടം കാലങ്ങളും കോഴ്സുകളും കഴിച്ചു പോന്നു. ശേഷം തൊഴിലില്ലായ്മ വേതനം വാങ്ങാനുള്ള സാധ്യതയ്ക്കൊപ്പം തൊഴിൽ സാധ്യതയും ആലോചിച്ച് ചിന്തയാം മണിമന്ദിരങ്ങളിൽ ധൂമഗന്ധങ്ങളിൽ മയങ്ങി ഇരിപ്പായി.

എന്നാൽ ചിന്നപ്പയലിന്റെ അടുത്ത ചങ്ങാതി അങ്ങനെയായിരുന്നില്ല. ഒരുമിച്ചെഴുതിയ പരീക്ഷകളിൽ പോലും ചിന്നപ്പയൽ തോറ്റു തൊപ്പിയിട്ടു നടക്കവെ ജയിച്ചെന്ന് നാട്ടിലാകമാനം ഖ്യാതി നേടി തൊപ്പി അണിഞ്ഞ് നടന്നു അവൻ. പില്കാലത്താണ് ചിന്നപ്പയലിന് മനസ്സിലായത് അവന് വ്യവസ്ഥയുടെ സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലായിരുന്നുവെന്ന്. തോറ്റിട്ടും ജയിച്ച ഓമനക്കുട്ടനായി അവൻ എം.എ.ക്കാരനായതും കുട്ടികളെ പഠിപ്പിച്ചതും ഫീസിന്റെ പങ്ക് ചില്ലറ കിടച്ചിട്ടുള്ളതിനാൽ ചിന്നപ്പയലിനും സന്തോഷകാലജീവിതം.
ചിന്നപ്പയലിന്റെ ചങ്ങാതി പാലിച്ച വ്യവസ്ഥയുടെ ലംഘനം, വ്യവസ്ഥ തന്നെ പ്രാവർത്തികമാക്കുമ്പോൾ പരിഷ്കൃതരെന്ന് മിഥ്യാഭിമാനം കൊള്ളുന്ന ചിന്നപ്പയലിന്റെ ജനതയെ നാം എന്ത് വിളിക്കണം എന്ന് തോന്നിപ്പോകുന്നു. എന്തുകൊണ്ടെന്നാൽ കാല് നക്കീട്ട് പോയിട്ട് അതിലേക്ക് നോക്കുക കൂടിയില്ലാത്ത ചിന്നപ്പയൽക്കൂട്ടത്തെ പരിഹാസ്യരാക്കി മേലേ തമ്പ്രാന്മാരെ  പ്രതിഷ്ഠിച്ച ലോകമലയാളഭരണസിരാകേന്ദ്രത്തിലെ രണ്ട് കേന്ദ്രങ്ങൾ കാലങ്ങളായി പാലിക്കുന്ന പൊതുകാര്യങ്ങൾ ലോകം അറിഞ്ഞു തുടങ്ങിയല്ലോ.
ഒന്നാമതായി ചിന്നപ്പയൽ കടന്നുപോന്ന സകലകലാശാലയുടെ വിശേഷമാകാം.
പ്രത്യേകിച്ചൊന്നും പറയേണ്ടല്ലോ:

Read Also  ലോയ കേസിൽ ഇനി അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

അക്കാദമി സ്ഥാപിച്ച അരിസ്റ്റോട്ടിൽ നമ്പ്യാർ മുതൽ മേനോക്കി ഗലീലിയോ മോനോൻ, താഴേക്ക് വീണ ആപ്പിൾ കുറിയ്ക്ക് കിട്ടിയ ഐസക്ക് ന്യൂട്ടൺ കുറുപ്പ്, വേല ചെയ്വതും ചെയ്യിക്കലും എല്ലാം തുല്യമെന്ന ആൽബർട്ട് ഐൻസ്റ്റിൻ നായർ, നമുക്കായി ലോകപരിതാപാവസ്ഥകൾ മുണ്ടുപൊക്കി കാണിക്കുന്ന മിഷേൽ ഫൂക്കോ പിള്ള വരെ (കിട്ടിയാൽ ആക്കാം; തല്കാലം എന്നല്ല, കാലങ്ങളായി സെക്രട്ടറിയേറ്റിൽ ആരെന്നില്ലാതെ പപ്പനാവസേവക നായകുലത്തിനായി മാറ്റി വെച്ചിരിക്കുന്നത്) ആരെ വേണമെങ്കിലും വൈസ് ചാൻസലറാക്കാൻ സന്നദ്ധമായ തിരുവിതാംകൂർ സകലകലാശാലയാണ് ചിന്നപ്പയലിന്റെ പഠനത്തിന്റെയും പരിഹാസത്തിന്റെയും പ്രാഥമികകേന്ദ്രം.

ചിന്നപ്പയലിന്റെ കലാശാലാപഠനപ്രവേശനത്തോടൊപ്പം തന്നെ ഫലങ്ങളിലെ തമാശകളും ചിന്നപ്പയൽ കണ്ടു തുടങ്ങിയതാണ്.
കാലം ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ ആദ്യം. സമർത്ഥർ മാത്രം എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രമേഖലകളിൽ പഠനത്തിന് എത്തിയിരുന്നതിന് (അബ്ദുൾ കലാമൊക്കെ ഉണ്ടായി എന്ന അഭിമാനത്തിനും പിന്നാലെ നമ്മുടെ എഞ്ചിനീയറായ എഴുത്തുകാരൻ ആനന്ദിനും മെട്രോമാൻ ഇ.ശ്രീധരനും ചിന്നപ്പയലിന് അറിയാത്ത നിരവധി മിടുക്കർക്കും പിന്നാലെ) പിന്നീടുള്ള കാലം. പൂജ്യം അധികം പൂജ്യം അധികം രണ്ട്, മുന്ന്, നാല്,…..അല്ലെങ്കിൽ ഏഴേ സമം നാനൂറ്റി ഇരുപത്തിയേഴ് (0 + 0+ 2(3,4,5,6,7) = 427) എന്ന സകലകലാശാലാ സർട്ടിഫിക്കറ്റിൽ മെഡിക്കൽ കോളേജുകളിൽ അപ്പോത്തിക്കരിപഠനത്തിന് ചേർന്ന വലിയ വീടുകളിലെ മന്ദിപ്പുകളുടെ കാലം. കേസൊക്കെ ഉണ്ടായെങ്കിലും സമ്പത്തിനാൽ, ഇതേ സർട്ടിഫിക്കറ്റുകളുമായി ചൈനയിലും റഷ്യയിലുമൊക്കെ പോയി വന്ന് അവരൊക്കെ ഇപ്പോ വലിയ ജീവസേവകരായിരിക്കും.

അതിനെയൊക്കെ മൂടി അതിനും തൊട്ടു പിന്നാലെ വന്നു അനന്തസിരാകേന്ദ്രമിളക്കി പ്രീ ഡിഗ്രി ബോർഡ് സമരം. ഉത്തരക്കടലാസുകൾ കപ്പലണ്ടിപ്പൊതികളായി, ശേഷം ശംഖുമുഖത്ത് കടൽത്തിരകളിലൊഴുകി. കാര്യമറിഞ്ഞ ചിലരൊക്കെ കലാശാലാ ആസ്ഥാനത്ത് പോയി കാര്യം തിരക്കി. അവരെ ജയിപ്പിച്ച് വിട്ടു. പോകാതിരുന്ന ചിലർ ഒന്നുമറിയാതെ തോറ്റവരായി, പിന്നോക്കം പോയി. അപ്പോഴും അനർഹർ ചിലർ മുന്നോട്ടു കേറി.പോയി ചോദിച്ച് ജയിച്ചവർ പില്കാലത്ത് എഞ്ചിനീയറും ഡോക്ടറും വക്കീലുമൊക്കെയായി. പോയി ചോദിക്കാതിരുന്ന പരാജയബോധിസ്വത്വർ തോറ്റ ജനതയായി പെയിന്റ് പണിയിലും കല്പണിയിലും മറ്റ് നിർമ്മാണമേഖലകളിലും തോൽവിയുടെ പ്രതികാരം പ്രതിദിനം തച്ച് പണിതു.

പിന്നീടൊരിക്കൽ സകലകലാശാലയിലേക്ക് പുതിയ പേനയുന്ത് തൊഴിലാളികളെ എടുക്കാനുള്ള അപേക്ഷ ക്ഷണിച്ചു. കേരളീയ സാമൂഹ്യ, സാമ്പത്തിക, സാങ്കേതിക, ശാസ്ത്ര, ഭാഷാ, രാഷ്ട്രീയമേഘലകളിൽ ഗവേഷണം നടത്തുകയായിരുന്നവർ ഉൾപ്പെടെ ചിന്നപ്പയലിന്റെ ചങ്ങാതികൾ അപേക്ഷകരായി, പരീക്ഷ എഴുതി, ലിസ്റ്റിൽ നൂറിൽ താഴെ നമ്പറിൽ വന്ന് സന്തുഷ്ടരായി. ജോലിക്കായി പ്രതീക്ഷ വെച്ചു. ചിലർ കുടുംബപ്രതീക്ഷയിൽ കല്യാണം കഴിച്ചു.

പക്ഷെ അഭിമുഖം കഴിഞ്ഞ് പട്ടിക വന്നപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. എഴുത്തുപരീക്ഷയിലെ മിടുക്കർ അഭിമുഖത്തിൽ പോരത്രെ. ആരൊക്കെയൊ ജോലി നേടി. ഒടുവിൽ ലോകായുക്ത(അങ്ങനെയൊന്ന് ഉള്ളതാണോ എന്നറിയില്ല) എന്നൊക്കെ പറയുന്ന ആരോ ഇടപെട്ട് ചോദിച്ചു. ഉത്തരക്കടലാസുകൾ തമിഴ്നാട്ടിൽ എവിടെയൊ കൊണ്ടു കളഞ്ഞതാണെന്നും കണ്ടെത്താനാവില്ലെന്നും കലാശാലയും സർക്കാരും ഉൾപ്പെടെ തെളിവ് നല്കി.അങ്ങനെ അവിടെ ജോലിയിൽ തുടരുന്ന തല്പരകക്ഷികളിൽ നിന്ന് മുകളിൽ നിന്നുള്ള സ്ഥാപിത താല്പര്യത്തിനപ്പുറം എന്താണ് നാം പ്രതീക്ഷിക്കേണ്ടത്.

അതുക്കും മേലേ അവിടെ സാറന്മാരായിരിക്കുന്നവർ ഏതൊക്കെയൊ സഹരാഷ്ട്രീയബന്ധമോ ഏതൊക്കെയോ സംബന്ധവഴി അടുക്കളബന്ധമോ ഉള്ളവർ മാത്രമായിരിക്കുന്നതും, ചില ചങ്ങായികളാണെന്നതിനാൽ അപകീർത്തികളിലും ചിന്നപ്പയലിന് ഇരവിൻ സത്താനന്തം…തന്നെ (ആനന്തം എന്നെഴുതുന്നതിൽ മഹാകവി ബാലചന്ദ്രൻ ചുള്ളിക്കാട് ചിന്നപ്പയലിനോട് പൊറുക്കുമാറാകട്ടെ). സിൻഡിക്കേറ്റ് മെമ്പർ മുതൽ അതാത് രാഷ്ട്രീയഭരണകാലത്തെ ഏതെങ്കിലും വാർഡോ കുടുംബമോ ഒക്കെയായ മെമ്പറന്മാരുടെ മകനോ മകളോ, മരുമകനോ മരുമകളോ അല്ലെങ്കിൽ വെപ്പാട്ടിയോ വെപ്പാട്ടനോ അല്ലാത്ത ഏതെങ്കിലും പ്രൊഫസർമാർ ഈ കലാശാലയിലെ പഠനവകുപ്പുകളിൽ ഉണ്ടാവില്ല എന്നത് തിരുവിതാംകൂർ ഭരണക്കാരുടെ പപ്പനാവരോടുള്ള ആശ്രിതസേവന തല്പരത മാത്രമാണെന്നേ ചിന്നപ്പയൽ ചിന്തിച്ചിട്ടുള്ളൂ.

ഇനീം…
സായുധകലാപങ്ങൾ പ്രത്യയശാസ്ത്രശുദ്ധതയിൽ എപ്പോഴും നൈതികത തന്നെയാണ് ഉല്പാദിപ്പിച്ചിട്ടുള്ളത്.
അനന്തപുരികലാശാലാ കലാലയത്തിലും അതു തന്നെയാണ് സംഭവിച്ചത്. ഒരു സഖാവ് സഖസഖാവിനെ കുത്തി വീഴ്ത്തുന്നു. കുലംകുത്തികളെ കുത്തി വീഴ്ത്തുക തന്നെ വേണം, എന്നല്ല പറ്റുമെങ്കിൽ തുണ്ടം തുണ്ടം ആക്കുക തന്നെ വേണ്ടേ. കുത്തുകൊണ്ട സഖൻ മരിച്ചില്ലെന്നതിനാൽ നാൻ പെറ്റ മകൻ കേഴലൊന്നുമുണ്ടായില്ല.
പക്ഷെ മീനൊന്ന് പോയാലെന്താ പൂച്ചേടെ തനിനിറം മനസ്സിലായി. അതേ, മീൻ കൊണ്ടു പൊയ്ക്കൊണ്ടിരുന്ന പൂച്ചകൾ ഏതാണെന്ന് വിലക്കയറ്റത്തിനാൽ കണ്ണിൽ എണ്ണയൊന്നും ഒഴിക്കാതെ കാത്തിരുന്ന മലയാളിയുടെ മുന്നിൽ പൂച്ച് പുറത്തായി.
ടെസ്റ്റ് എഴുതി പാസ്സായി പി എസ് സി വഴി നിയമനം കിട്ടിയതാണെന്ന മലയാളി മേലുദ്യോഗസ്ഥരുടെ അഭിമാനം ചെറുതൊന്നുമായിരുന്നില്ല. അത് വെച്ചായിരുന്നു അവർ ഒൗദ്യോഗികകാര്യസാധ്യത്തിനെത്തുന്ന നടു നിവരാത്ത പൊതുജനമലയാളിയെ കുനിച്ച് നിർത്തി മുതുകിൽ കയറി നിന്നിരുന്നതും. അതങ്ങ് പോയി.

Read Also  ഇന്നു ഭാഷയതും വന്നുപോം പിഴയും

അതെ, ഒരു കഠാര നിരവധി തെളിവുകൾ കൊണ്ടു വന്നു. അതായത് കഠാരക്കാരനാണത്രെ നിയമപാലകനാവാനുള്ള അടുത്ത, ഒന്നാമൂഴം. വിവരമറിഞ്ഞ മലയാളികൾക്ക് പൊതുവായി ഇപ്പോഴാണ് ഞണ്ടിന്റെ മാതിരി കണ്ണു തള്ളിയത്.
ജനകോടി മലയാളയുവതയുടെ വിശ്വസ്തസ്ഥാപനം അങ്ങനെ സമ്മതിക്കാൻ തയ്യാറല്ല. കാരണം വിശദമായ അന്വേഷണം വന്നാൽ പലരും ജീവപര്യന്തം അകത്താവാൻ വേണ്ട കാര്യങ്ങൾ ചെയ്തു കൂട്ടുകയായിരുന്നല്ലോ കാലാകാലങ്ങളിൽ പൊതു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതു അജണ്ട. അതെ, നിങ്ങൾക്ക് സ്വാധീനമുണ്ടോ.

ചോദ്യപേപ്പർ മുൻകൂറായി നിങ്ങൾക്ക് കിട്ടും. അതും പോരേൽ ഹാളിൽ അത്യാധുനികസൗകര്യങ്ങളിൽ മൊബൈൽ സഹായമെത്തും. അതും പോരേൽ മൂല്യനിർണ്ണയത്തിൽ നിങ്ങളുടെ മൂല്യം ഉയർത്തും. എന്നിട്ടും മൂല്യമുയരാത്ത മന്ദബുദ്ധി(ഒന്നും ചെയ്യാതെ പിന്തുണച്ചവരെ മനസ്സിൽ ധ്യാനിച്ച് തല കുമ്പിട്ടിരുന്നാൽ മതി)കളെ അഭിമുഖത്തിൽ തലയെടുപ്പിക്കും. അതാത് കാലത്തെ രാഷ്ട്രീയതരവാർ ഇതിൽ നിന്നൊക്കെയാണ് ചില്ലറകൾ വാങ്ങി കാറും ബംഗ്ലാവുമൊക്കെ ഉണ്ടാക്കുന്നതെന്ന് എല്ലാവർക്കും അറിയാവുന്നതുമാണല്ലോ. ഒന്നുമില്ലാത്ത ചിറ്റപ്പനിയമനങ്ങളും അസാധാരണമല്ല.

ഇനി അവിടത്തെ ഭരണസംവിധാനത്തെ ഇഴ പിരിക്കാതെ ഒന്നു ചിറക് വിടർത്തി നോക്കാം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സീറ്റ് പോലും ലഭിക്കാതിരുന്ന ചില തേരാപ്പാരാ നേതാക്കളുടെ ഭാര്യമാരെയെങ്കിലും സന്തോഷപ്പെടുത്താനായി (ഭർത്താവിനൊപ്പം പോയി യാത്രാബത്ത വാങ്ങാമെന്ന്) മന്ത്രിപദവി തുല്യമായി ഒരു എരപ്പാളിയെ ചെയർമാനാക്കും. പിന്നെ വാലാട്ടികളായി കുറെ അംഗങ്ങളും.
ചോദ്യകർത്താവ് മുന്നേ തന്നെ ചോദ്യം സ്വന്തം പഠനകേന്ദ്രത്തിലെ അഭിമതർക്ക് നല്കിയിട്ടുള്ളതൊന്നുമറിയാതെ ചോദ്യങ്ങളിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് പരാതി പറയാൻ ചെന്ന ഉദ്യോഗാർത്ഥിയോട് ഗുണ്ടാ രീതിയിൽ കസേരയിൽ നിന്നെഴുന്നേറ്റ് ആക്രോശിച്ച ഒരു സഖാവ് കുറുപ്പ് ഏമാൻ ചെയർമാനെ ചിന്നപ്പയൽ കണ്ടിട്ടുമുണ്ട്. അഭിമുഖത്തിന് വന്നേരെ കാണിച്ചു തരാം എന്നായിരുന്നു അടുത്ത ഉത്സവത്തിന് കാണാം എന്ന് പറയുന്ന പ്രാദേശികഗുണ്ടയുടേത് പോലെ അന്ന് കുറുപ്പേമാന്റെ ആക്രോശം. സമകാലജീവിതാവസ്ഥകളിലെ സങ്കടവ്യവ്യവസ്ഥയുടെ ചുടുകണ്ണീർ പരിഹാസകവി കെ. ആർ.ടോണി അതിന്റെ നേർസാക്ഷ്യം ഇപ്പോഴും അന്നത്തെ സങ്കടച്ചിരിയോടെ ഓർക്കുന്നുണ്ടാവും.
പോരേ പൂരം.

ഈ വാലാട്ടിപ്പട്ടികൾക്ക് തങ്ങളെ അവിടെ എത്തിച്ച ഉന്നതരുടെ കാൽനക്കികളാകനല്ലാതെ എന്ത് കഴിയും എന്നാണ് ചിന്നപ്പയൽ ചിന്തിച്ചു പോന്നിട്ടുള്ളത്.
അവിടെയൊക്കെ സംഭവിക്കുന്നത് ഇത്ര മാത്രം.
അവനോ അതോ അവളോ ആരായാലും, മണ്ണ് തൊട്ടിട്ടില്ലാത്തവർ കൃഷി ഒാഫീസറാകും (മണ്ണില്ലാതെയും കൃഷി ആകാമെന്ന് യു ട്യൂബ് വഴി ചിന്നപ്പയലിനറിയാത്തതല്ല), മൃഗങ്ങളെ യു ട്യൂബിൽ പോലും കണ്ടില്ലാത്തവർ മൃഗസംരക്ഷകരാകും. റിയൽ എസ്റ്റേറ്റ് ലോബികളുടെ സമ്മതപത്രങ്ങളിൽ ഒപ്പിടുക മാത്രം ചെയ്യേണ്ടവർ റവന്യൂ അധികാരികളോ ഠൗൺ പ്ലാനർമാരോ ആകും. മരുന്നു കമ്പനിക്കാർ നിർദ്ദേശിക്കുന്നവർ ആരോഗ്യസംരക്ഷകരാവും. ഇത്തരം മേഖലകളിൽ പണ, രാഷ്ട്രീയസമ്മർദ്ദങ്ങളില്ലാതെ നിസ്വാർത്ഥസേവനമനുഷ്ഠിക്കുന്ന ചങ്ങായികളോട് ക്ഷമാപണസ്വരത്തിൽ ചിന്നപ്പയൽ പറഞ്ഞ് പോവുകയാണ്,
ങ്ങനങ്ങനെ… പിടിപ്പുള്ള പലരും പലതുമാകും.
അതൊക്കെ അങ്ങനെ ആണെന്ന് മുല വിട്ട പിഞ്ചു കുഞ്ഞിന് പോലും അറിയാമെന്നിരിക്കെയാണ് ബഹുമാനപ്പെട്ട കോടതിയുടെ ചോദ്യം:
സ്വാധീനമുള്ളവർക്ക് എന്തുമാകാമോ എന്ന്?
ഈ വഴികളിൽ കൂടി കടന്നു വന്നവരല്ലെങ്കിൽ ബഹുമാനപ്പെട്ട കോടതി കൈകർത്താക്കളോട് ചിന്നപ്പയലിന്റെ അന്തരംഗം ഇങ്ങനെ ചോദിച്ചു പോകുന്നു:
ഇതൊക്കെ ഇങ്ങനൊക്കെയല്ലാതെ എന്താണിവിടെ നടക്കുന്നതെന്റെ ബഹുമാനപ്പെട്ട കോടതീ…

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here