ചിന്നപ്പയലിന്റെ കുട്ടിക്കാലത്ത് അതീവസന്തോഷത്തോടെ പള്ളിക്കൂടത്തിൽ പോകാറുള്ള രണ്ട് ദിവസങ്ങൾ യുവജനോത്സവദിവസവും വാർഷികദിനവുമായിരുന്നു. ബാക്കി ദിനങ്ങളെല്ലാം ഏറെയും മന്ദബുദ്ധികളായ ചില മാഷു, മാഷിമാരുടെ കൈക്കരുത്തിന്റെയും ചൂരൽപ്പുളപ്പിന്റെയും തല്ലുകൊള്ളി ദിനങ്ങളായതിനാൽ പള്ളിക്കൂടം ഏറെയൊന്നും ആകർഷിച്ചിരുന്നില്ല.

പീഡനങ്ങളെ സാധൂകരിക്കാനായി സി.വി.കുഞ്ഞുരാമൻ എഴുതിയ വിദ്യാലയസ്മരണകൾ എന്നൊരു ലേഖനം അക്കാലത്തെ പത്താംക്ലാസ് മലയാള പാഠാവലിയിൽപെടുത്തി നമ്മെ ചിലകാര്യങ്ങൾ ഓർമ്മിപ്പിക്കുകകൂടി ചെയ്യുന്നുണ്ടായിരുന്നു. പഠിക്കാത്ത കുട്ടികളെ നാരായമുനയിൽ കയറ്റുക, കപ്പിയിലും കയറിലും കെട്ടിത്തൂക്കുക മുതലായ ചാമിപ്പിള്ളയാശാന്റെ പഴയശിക്ഷാവിധിയായിരുന്നു പാഠഭാഗത്തിന്റെ പ്രധാന ഉള്ളടക്കം എന്നുമാത്രമേ ചിന്നപ്പയലിന് ഓർക്കാൻ കഴിയുന്നുള്ളൂ. അതാലോചിക്കുമ്പോൾ ചൂരൽപ്പുളപ്പ് എത്രയോ നിസാരം എന്ന് കുട്ടികൾക്ക് സമാധാനിക്കുകയും ചെയ്യാമായിരുന്നു.

കഴിഞ്ഞ കാലത്തോടും ചരിത്രത്തോടും ഒരുതരം ആദരം നിറഞ്ഞ പ്രീതി സി.വി.രാമൻപിള്ളയ്ക്കും മുമ്പ് പണ്ടേ മിക്ക മലയാളിയുടെയും കാല്പനികമനസ്സ് ആഘോഷിക്കാറുള്ളതാണ്. അതിനെ കാല്പനികമനസ്സ്എന്ന് വിളിക്കാൻ അന്ന് കാല്പനികത പിറവി എടുത്തിട്ടില്ലായിരുന്നു എന്നതിനാൽ അതിനെ ഒരുതരം യാഥാസ്ഥിതികമനസ്സായാണ് ചിന്നപ്പയലിന് തോന്നിയിട്ടുള്ളത്. തിരിഞ്ഞു നോക്കുമ്പോഴൊക്കെ ആഞ്ഞുകൊത്തുന്ന ഇരുതലമൂരിയായി ചരിത്രത്തെ കാണുന്നതിനാലാണ് ചിന്നപ്പയലിന് അങ്ങനെ തോന്നിപ്പോകുന്നത്.
അതിന്റെ രസകരമായൊരു ആവിഷ്കാരം സ്കൂൾവാർഷികത്തിൽ എല്ലാവർഷവും ആവർത്തിക്കാറുണ്ടായിരുന്നു.

വാർഷിക പരിപാടികളുടെ ഇടനേരങ്ങളെ നിറവുള്ളതാക്കാൻ പരിപാടികൾക്കിടെ ടാബ്ലോ എന്നപേരിൽ ചില നിശ്ചലദൃശ്യങ്ങൾ രൂപപ്പെടുത്തുമായിരുന്നു. പാടത്ത് പണിചെയ്യുന്ന കുറെ അടിയാളരോട് വരമ്പിൽ ഓലക്കുടചൂടി നിന്ന് കൈചൂണ്ടി ആജ്ഞാപിക്കുന്ന നമ്പൂതിരിയുടേതായിരുന്നു അക്കാലത്തെ നിശ്ചലദൃശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. അക്കാലത്ത് ചിന്നപ്പയൽക്കൂട്ടങ്ങൾക്കതേറെ രസചിന്തനീയമായിരുന്നു. മേലാള കീഴാള ബന്ധത്തിലേക്കും കുടിയിറക്കലിന്റെ ചരിത്രബോധത്തിലേക്കുമുള്ള കൈചൂണ്ടലായുമായിരുന്നു ചിന്നപ്പയൽ അതിനെ കണ്ടിരുന്നത്.

ബ്രാഹണമേധാവിത്വത്തിന് അന്ത്യവും ഭൂപരിഷ്കരണവുമൊക്കെ സംഭവിച്ചിട്ടും ജനകീയജനാധിപത്യ ഐക്യകേരളത്തിൽ പാമ്പുകൾക്ക് മാളമുണ്ട്… എന്ന ഗാനം ഇടയ്ക്കൊക്കെ റിക്കാർഡുകളിൽനിന്നും ഒഴുകിവന്നുകൊണ്ടിരുന്നു. അതിന്റെ കാരണം ആലോചിച്ചപ്പോഴാണ് ഉദാരസാമ്പത്തികഘടനകളിലെ മാറ്റങ്ങളും നവഅടിസ്ഥാനവർഗ്ഗങ്ങളും മുത്തങ്ങയിലും ചെങ്ങറയിലും മൂലമ്പള്ളിയിലുമൊക്കെയായി ചിന്നപ്പയലിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോളിതാ സാമ്പത്തികഘടനയുടെ മറ്റൊരുവശത്തെ കുടിയിറക്കൽ കൊച്ചിയെ ഇളക്കിമറിക്കുന്നു.

കൊച്ചി പഴയകൊച്ചിയല്ല

നാളിതുവരെയുമുള്ള കൊച്ചിയുടെ ചരിത്രം കുടിയേറ്റങ്ങളുടേതും കുടിയൊഴിക്കലുകളുടേയും തന്നെയായിരുന്നു. കുലശേഖരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക്ശേഷം,കൊച്ചിരാജവംശത്തിന്റെ ആധിപത്യത്തിൽ 1102ൽ സ്ഥാപിതമായതു മുതലുള്ള കൊച്ചിയുടെചരിത്രം അത് വ്യക്തമാക്കുന്നതാണ്. സാമൂതിരിയ്ക്കും മാർത്താണ്ഡവർമ്മയ്ക്കുമൊഴികെ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്കോളനി കൈയേറ്റങ്ങൾക്ക് അതതുകാലത്തെ കൊച്ചീരാജാക്കന്മാർ കൂട്ടും കാവലും നിന്നിട്ടുള്ളതുമാണ്. അത്തരം നിർമ്മാണങ്ങളുടെ എടുപ്പുകളാണ് പിൽക്കാലങ്ങളിൽ കൊച്ചിയുടെ ആകർഷണങ്ങളായിട്ടുള്ളതും. ഫോർട്ടുകൊച്ചി കോട്ട മുതൽ മട്ടാഞ്ചേരി പാലസും നവകാലലുലുവും ഹയാത്തുമൊക്കെ അതതുകാല ഭരണാധികാരികളുടെ കൈഅയഞ്ഞ സഹായത്താൽ വിദേശികൾ ഉയർത്തിയതുമാണല്ലോ. തത്ത്വദീക്ഷയില്ലാതെ, ഭൂമിക്ക്മേലുള്ള ഏത് നിർമ്മാണവും പാരിസ്ഥിതികലംഘനമാണെന്ന് വരുമ്പോൾ ഇവയൊക്കെ പൊളിച്ചാൽ പിന്നെ കൊച്ചി എന്തായിരിക്കും എന്നതിന് പഴയകാലചിത്രങ്ങൾ ചിലതെളിവുകളൊക്കെ തരുന്നുമുണ്ട്.

കൊച്ചുകൊച്ചൊരുകൊച്ചി
നീലക്കടലിന്റെമോള്…

എന്നതൊക്കെ കൊച്ചിയുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള പാട്ടാണ്. മോള് ഇപ്പോ അങ്ങ് വളർന്ന് വലുതായി. 440 സ്ക്വയർ കിലോമീറ്ററിൽ പന്തലിച്ച് മലർന്ന്കിടക്കുകയാണ്. ഭരണകർത്താക്കളുടെ ചില പ്രത്യേക അവകാശാനുമതികളോടെ ആർക്കുംകേറി അപരാധിക്കാമെന്ന മട്ടിൽ. അനിവാര്യമായ മാറ്റങ്ങളെപ്പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ലാതെയുമായി.

Read Also  പാരിസ്ഥിതികാഘാതം ഉണ്ടാകുമെന്നതിനാൽ ഫ്ളാറ്റുകൾ ഉടൻ പൊളിക്കില്ലെന്ന് എ സി മൊയ്തീന്‍

അതെ, കൊച്ചി ഇപ്പോൾ പഴയകൊച്ചിയല്ല എന്നത് ഒരു സിനിമാഡയലോഗ് മാത്രമല്ല. മലയാള സിനിമയെസംബന്ധിച്ചിടത്തോളം സിനിമവ്യവസായം കൊച്ചിയിലേക്ക് ചുവടുമാറിയതിന്റെ സൂചന കൂടിയായിരുന്നു. അത് സമകാലകൊച്ചിയുടെ വ്യവസായികവളർച്ചയുടെ ഒരുവശവുമാണ്.മിക്കവാറും അംഗപരിമിതനായി നടിച്ചുപോന്ന ഒരു മന്ദബുദ്ധി ഒരുനാൾ കൊച്ചിരാജാവായി സ്വയംഅവരോധിച്ച ചിരിയും കൊച്ചിയുടെസിനിമാ സാമ്രാജ്യവികാസമായി നാം കണ്ടതാണല്ലോ. പക്ഷെ ആ രാജാവ് നഗ്നനായിരുന്നുവെന്നല്ല പെണ്ണുങ്ങളെ ബലാൽക്കാരമായി നഗ്നനാക്കുന്നവനായിരുന്നു എന്ന പത്രക്കുട്ടികളുടെവിളിച്ചു പറയലിൽകേരളമാകെ ആർത്തുല്ലസിക്കുകയും ചെയ്തതാണല്ലോ.

സിനിമ മാത്രമല്ല, വ്യഭിചാരം, മയക്കുമരുന്ന്, കള്ളപ്പണം, കള്ളക്കടത്ത്, റിയൽഎസ്റ്റേറ്റ് എന്ന ഓമനപ്പേരിൽ വൻ എടുപ്പുകളുടെ അനധികൃതനിർമ്മാണങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിൽ കേരളത്തിന്റെ മറ്റ് പ്രദേശങ്ങളെയാകെ നിഷ്പ്രഭമാക്കി രാജ്യതലസ്ഥാനത്തെ മറികടന്ന് നാടിന്റെ സാമ്പത്തിക, വാണിജ്യ തലസ്ഥാനമാവുകയായിരുന്നു കൊച്ചി. അത്തരത്തിൽ കൊച്ചിരാജാക്കന്മാർക്ക് ഇപ്പോൾ ഒരുകുറവുമില്ല.

കൊച്ചിയിലെ പാലങ്ങളും മരടിലെ ഫ്ളാറ്റുകളും

കൊച്ചിയിലെ പാലങ്ങളും മരടിലെ ഫ്ളാറ്റുകളും കൊച്ചിയുടേ തെന്നല്ല,കേരളത്തിന്റെ തന്നെ ഗതി മാറ്റങ്ങളുടെ സൂചകങ്ങളാണ്.1967 നവംബർ ഒന്നിന് കൊച്ചിൻ കോർപ്പറേഷൻ രൂപീകരണത്തിന് കാലങ്ങൾ കഴിഞ്ഞപ്പോൾ കൊച്ചി മെട്രോആയി വളരുകയായിരുന്നു.

രണ്ട് ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന നഗരങ്ങളെയാണ് ഇന്ത്യയിൽ മെട്രോ നഗരമായി പരിഗണിക്കുന്നത്. കൊച്ചിയിലെ ജനസംഖ്യ കഴിഞ്ഞ സെൻസസ് പ്രകാരം 2.1 ദശലക്ഷമാണ്.440 ചതുരശ്രകിലോമീറ്റർവിസ്തീർണ്ണത്തിൽ ഈ ജനങ്ങളെയൊക്കെ ഉൾക്കൊള്ളാനും, എല്ലാവർക്കും കാറ് കടം കിട്ടുമെന്നതിനാൽ അവരെയൊക്കെ നഗരത്തിൽ വ്യാപിപ്പിച്ച് കൂട്ടിമുട്ടിക്കാനും ഫ്ളാറ്റുകളും പാലങ്ങളും അവശ്യഘടകങ്ങളാകുന്നു.

കാര്യം അവിടെ നില്കുന്നില്ല. ഫ്ളാറ്റ് വേണമെന്നല്ല; ഇടയ്ക്കിടെ പോയിരുന്ന് കാറ്റ്കൊണ്ട് അർമ്മാദിക്കാൻ പുഴക്കരയിലോ കായൽക്കരയിലോകടൽക്കരയിലോ എന്ത് വില കൊടുത്തിട്ടായാലും ഒരു ഫ്ളാറ്റ് വേണമെന്നത്കൊച്ചിയുടെ സമ്പന്ന പൊങ്ങച്ചമായി. കാറ്റേറ്റിരിക്കാവുന്ന വയൽക്കരകളിലെ വീടെന്ന പൊങ്ങച്ചപാരമ്പര്യം അതിനെ പുതുരൂപത്തിൽ വളർത്തുകയായിരുന്നു. കാശുള്ള വിദേശസ്വദേശവാസികൾ പലരും അവധിക്കാലത്തേക്ക് മാത്രമായി കൊച്ചിയിൽ എടുത്തിട്ടുള്ള ഫ്ളാറ്റുകളുടെ എണ്ണം രാത്രിയിൽ അങ്ങിങ്ങ് മാത്രം പ്രകാശിക്കുന്നവ നോക്കി അറിയാവുന്നതാണ്.

എന്തിന് ഫ്ളാറ്റ് എന്ന ഒരു പ്രതീതിയാഥാർത്ഥ്യം പോലുംകൊച്ചിയിൽ നിലനില്കുന്നുമുണ്ട്. ആവശ്യമാണ് സൃഷ്ടിയുടെ ഉമ്മുമ്മ എന്നൊക്കെ പറയും. ആവശ്യത്തിലധികം സൃഷ്ടിക്കുമ്പോൾ കുന്നുകൂടും. അത് മാലിന്യമാകും.അപ്പോൾ ജീർണ്ണതതുടങ്ങും.അപ്പോൾ അവ നീക്കംചെയ്യേണ്ടിവരും എന്നതൊക്കെ ഏത് ചിന്നപ്പയലിനും അറിയാവുന്നതാണെന്നിരിക്കെ നമ്മുടെ ഭരണാധികാരികൾക്ക് മാത്രംവകതിരിവില്ലാതെ പോകുന്നു. വകതിരിവില്ലാതെ പോകുന്നതാണെന്ന് കരുതാൻ വയ്യ; മറിച്ച്, പോക്കറ്റ് നിറയ്ക്കാനുള്ള വക കണ്ടെത്തലായി വേണം അതിനെ കരുതാൻ.

അങ്ങനെയിരിക്കെയാണ് കാര്യങ്ങൾ മാറിമറിയുന്നത്. ജീവനും കൊണ്ടോടാൻ വേണ്ടി പണിഞ്ഞ പാലം തകർന്ന് ജീവൻ ഒടുങ്ങുമെന്നായി. നിർമ്മാണം കഴിഞ്ഞ് കരാറുകാരൻ പണം പറ്റുന്നതിന് മുന്നേ പൊളിയുന്ന പാലത്തിന് പഞ്ചവടിപ്പാലം എന്നൊരു പരിഹാസപ്രതീകം കെജിജോർജ്ജ് മുന്നേ വെച്ചിട്ടുള്ളതാണ് നമ്മുടെ ജനങ്ങളും ബഹുമാനപ്പെട്ട കോടതിപോലും ഇപ്പോൾ അലക്കുന്നത്. കൊലപാതകശ്രമം ആരോപിക്കാവുന്ന നിർമ്മാണം നടത്തിയ ഉത്തരവാദപ്പെട്ടവർ രോഗമെന്നും പറഞ്ഞ് ആശുപത്രിയിൽ കിടക്കുന്നതല്ലാതെ ജയിലിൽ കിടക്കുന്നത് നമുക്ക് കാണാൻ കഴിയുമെന്ന്തോന്നുന്നില്ല.

Read Also  മരടിലെ പരിസ്ഥിതി ആഘാതപഠനത്തിനായുള്ള ഹർജി ഉടൻ പരിഗണിക്കില്ലെന്നു സുപ്രീം കോടതി

കായൽകയ്യേറിയുള്ള അനധികൃതനിർമ്മാണങ്ങൾ പൊളിക്കാൻ പരമോന്നത നീതിപീഠമാണ് ഉത്തരവിട്ടത്. എന്നാൽ അതിലെ വാസികൾ ആദിവാസികളോ ദളിതരോ മൂലമ്പള്ളി വാസികളോ അല്ലെന്നതിനാൽ നമ്മുടെ രാഷ്ട്രീയക്കാർക്ക് കയ്യൊഴിയാനാവില്ലല്ലോ. അതിനാൽ സാമൂഹ്യസാമ്പത്തിക പ്രത്യയശാസ്ത്ര വക്താക്കളായ കൊടിഭേദമില്ലാത്ത പാർട്ടിസെക്രട്ടറിമാരും എന്തിന് മുഖ്യൻ പോലും അവർക്കുവേണ്ടി രംഗത്തുണ്ട്. മുത്തങ്ങയിൽ വനഭൂമികയ്യേറി എന്നാരോപിച്ച് ആദിവാസികൾക്ക് നേരേ നിറയൊഴിച്ചവർ, ചെങ്ങറയിലും മൂലമ്പള്ളിയിലുമെല്ലാം പോലീസിനെ ഉപയോഗിച്ച് താമസക്കാരെ വലിച്ചിറക്കിയവർ മൂന്നാറിലും മരടിലുമൊക്കെ യാതൊരു ഉളുപ്പുമില്ലാതെയാണ് സംരക്ഷകരാവുന്നത്.

ഇത് കാണുമ്പോഴാണ് ഈ രാഷ്ട്രീയക്കാരൊക്കെ ആർക്കൊക്കെ വേണ്ടിയുംഎന്തിനൊക്കെ വേണ്ടിയും എന്ന് ചിന്നപ്പയൽ ആലോചിക്കാറുള്ളത്. ഉത്തരം ഒന്നുമാത്രമേ കിട്ടുന്നുള്ളൂ. സാമൂഹ്യ, രാഷ്ട്രീയ സേവനമെന്നാക്കൊ പറഞ്ഞിറങ്ങുന്ന ഞങ്ങൾക്കുമുണ്ട്കുടുംബവും അനന്തരതലമുറയുമൊക്കെ. അവരുടെകാര്യം ഞങ്ങൾ നോക്കിയില്ലെങ്കിൽ പിന്നെ ആരു നോക്കും എന്ന ചിന്ത. അതിനാൽ ഞങ്ങൾ രാഷ്ട്രീയത്തിന്റെ വെള്ളമുണ്ടുടുത്ത് കൊടിഭേദമില്ലാതെ സ്വാർത്ഥരായ സ്വയംസേവകരാവുകയാണ്. ഞങ്ങളെ നിങ്ങൾ തള്ളല്ലേ.കാരണംഇന്നു നിൻ കുടിയൊഴിഞ്ഞീടണമെന്ന് നിങ്ങൾ കാലാകാലം ഞങ്ങളെ കുടിയിറക്കാറുള്ളതാണല്ലോ. അതേകുടിയിറക്ക് ഭീഷണിയിൽ ഞങ്ങൾ നേടാവുന്നതൊക്കെ നേടിക്കോട്ടെ. അല്ലേൽ ഊഴം വരുമ്പോൾ പെട്ടീം കിടക്കയുമെടുത്ത് ഞങ്ങൾ എവിടെപ്പോകാൻ.

ഇങ്ങനെയൊക്കെ ആലോചിച്ച് മെട്രോയിലെ മഹാരാജകലാലയത്തിന് മുന്നിലൂടെ നടക്കുമ്പോഴാണ് ചിന്നപ്പയൽ ഒരു പോസ്റ്റർ കണ്ടത്. അധികാരംകൊയ്യണമാദ്യം… എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. പുരോഗമനവിദ്യാർത്ഥിപ്രസ്ഥാനം ഇപ്പോഴും ഇങ്ങനെ പോസ്റ്റർ എഴുതിയിക്കൊണ്ടേയിരിക്കുന്നു. അതേസമയം അധികാരത്തിലെത്താനും നിലനിർത്താനും നേതാക്കൾ അവിഹിതങ്ങൾ പാലിക്കുകയും ചെയ്യുന്നു. ഇതിനൊക്കെ പ്രതികാരം… എന്നത് ഒരു വ്യാമോഹമായതിനാൽ ചിന്നപ്പയലിന് ഈയിടെയായി അങ്ങനെ കാവ്യാത്മകമായി ചിന്തിക്കാനാവുന്നില്ല. അതിനാൽ അവിഹിതങ്ങളെ ചികയുന്നില്ല; പഴുത്ത് നാറുമ്പോൾ അവ സ്വയം പുറത്തുവരട്ടെ. അതുവരെ കായലിനരികെ, കൊച്ചിക്കായലിനരികെ… എന്ന പാട്ടും പാടിചിന്നപ്പയൽ മറൈൻ ഡ്രൈവിലെ ചീഞ്ഞകാറ്റ്കൊള്ളട്ടെ.

കവർ ചിത്രം കടപ്പാട് എ എസ് സജിത്ത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here