Wednesday, January 19

ജൈവകൃഷിയുടെ മിശിഹ ; നമ്മാൾവാറുടെ ജീവിതം ഒരോർമ്മക്കുറിപ്പ്.

 

ജൈവകൃഷി ആചാര്യൻ ഡോ: ജി.നമ്മാൾവാറുടെ അഞ്ചാം ചരമവാർഷിക ദിനമാണ് ഡിസം 30. രാസവളങ്ങളില്ലാത്ത കാർഷിക രീതിയുടെ പ്രചാരണത്തിലൂടെയാണ് അദ്ദേഹം പ്രസിദ്ധനായത്.

ജീവിതവും കർമ്മമണ്ഡലവും പ്രകൃതിക്കും കാർഷിക വൃത്തിക്കും വേണ്ടി ഉഴിഞ്ഞു വച്ച നമ്മാൾവാറിൻ്റെ ജീവിതം ഒരു പാഠപുസ്തകമാണ്.

1938 ൽ തഞ്ചാവൂർ ജില്ലയിലെ ഇളങ്കാട്ട് ജനിച്ച നമ്മാൾവാർ അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നും കൃഷിശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കോവിൽപ്പട്ടിയിലെ അഗ്രി റീജണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തു. കൃഷിയിടങ്ങളിൽ വൻതോതിൽ രാസ കൃഷിരീതി പിൻതുടരുവാൻ കർഷകരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന തമിഴ് നാട് സർക്കാരിന്റെ നയത്തിനെതിരെ വിയോജിച്ചു കൊണ്ട് അദ്ദേഹം ജൈവകൃഷി രീതിയുടെ സാധ്യത മനസ്സിലാക്കുവാനുള്ള പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.കർഷകരുടെ ഇടയിൽ രൂപത്തിലും ഭാവത്തിലും അവരിലൊരാളായി മാറിക്കൊണ്ട് നിരന്തരം നമ്മാൾവാർ അദ്ദേഹത്തിൻ്റെ ആശയങ്ങൾ പ്രായോഗികതലത്തിൽ തന്നെ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ ഏറെ വിയർപ്പൊഴിക്കി. അത്ഭുതകരമായിരുന്നു ഫലം. നൂറു കണക്കിന് യുവാക്കളെ കാർഷിക രംഗത്ത് സജീവമാക്കിയെടുത്തു കൊണ്ട് കാർഷിക രംഗത്ത് ചടുലമായ മാറ്റങ്ങൾ കൈവരിക്കുവാൻ ആ പ്രവർത്തനത്തിന് സാധിച്ചു.

2007-ൽ ദിണ്ഡിഗൽ ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് ഡോക്ടറേറ്റ് നൽകി നമ്മാൾവാരെ ആദരിച്ചു. ബഹുരാഷ്ട്ര വിത്തു കുത്തകൾക്കെതിരെയുള്ള കർഷകസമരങ്ങൾക്ക് നേതൃത്വ പരമായ പങ്കുവഹിച്ചിട്ടുണ്ട്.കൃഷി ഭൂമി കാർഷികേതര പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുന്ന സർക്കാർ നയങ്ങളെ തുറന്നെതിർക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും നമ്മാൾവാർ തയ്യാറായില്ല.തഞ്ചാവൂരിൽ കാവേരി തടത്തിൽ സ്വകാര്യ കമ്പനി കൽക്കരി – മീഥേൻ പദ്ധതി നടപ്പാക്കുന്നതിരെ നടത്തിയ സമരം പ്രത്യേക പരാമർശം അർഹിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ സംസ്ക്കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് സേഫ് ഫുഡ് അലയൻസ് എന്ന സംഘടനയും രൂപീകരിച്ചു. ഓർഗാനിക് കൃഷി രീതി പഠിപ്പിക്കാൻ “വണങ്ങം ” എന്ന സംഘടനയ്ക്കും അദ്ദേഹം രൂപം നൽകി. ജൈവകൃഷിയുടെ മിശിഖ ആയ അയ്യാ നമ്മാൾ വാരുടെ ജീവിതം നിസ്വാർത്ഥതയുടെ ഓർമ്മപ്പെടുത്തൽ തന്നെയാണ്.

Spread the love

1 Comment

Leave a Reply