Thursday, January 20

ഓസ്കാര്‍ ഷ്ലെമ്മര്‍ക്ക് ഗൂഗിള്‍ ആദരം, പ്രതിപക്ഷത്തിന്‍റെയും

ഓസ്കാര്‍ ഷ്ലെമ്മര്‍

 

ജര്‍മ്മന്‍ ചിത്രകാരനും ശില്പിയും നൃത്തസംവിധായകനും കലാശില്പസംവിധായകനുമായിരുന്ന ഓസ്കാര്‍ ഷ്ലെമ്മറുടെ 130ാം ജന്മദിനമാണിന്ന്. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍.

ട്രെപ്പെന്‍സിന്‍ (സ്റ്റെയര്‍വേ സീന്‍) 1932

1888 സെപ്റ്റംബര്‍ 4ന് സ്റ്റുട്ട്ഗാര്‍ച്ചിലാണ് ഓസ്കാര്‍ ഷ്ലെമ്മര്‍ ജനിച്ചത്. 1923ല്‍ ബവാഹൗസ് സ്കൂളിലെ തിയേറ്റര്‍ വര്‍ക്ക്ഷോപ്പിലെ രൂപങ്ങളുടെ മാസ്റ്ററായി അദ്ദേഹം. അദ്ദേഹത്തിന്‍റെ പ്രധാന കലാസൃഷ്ടിയായ ട്രയാഡിക് ബാലറ്റ് വിന്യസനമികവിന്‍റെ മഹനീയ മാതൃകയായി. രൂപങ്ങളുടെയും വര്‍ണ്ണങ്ങളുടെയും കൂട്ടം എന്ന് അദ്ദേഹം വിശേഷിപ്പിച്ച ആ കലാസൃഷ്ടി അഭിനേതാക്കളെ വസ്ത്രധാരണത്തിലൂടെ ജ്യാമിതീയ രൂപങ്ങളാക്കി മാറ്റി.

ട്രയാഡിക് ബാലറ്റ് ദൃശ്യങ്ങള്‍

 

 

 

 

 

 

 

 

സങ്കീര്‍ണ്ണവും വെല്ലുവിളികളുയര്‍ത്തുന്നതുമായിരുന്നു ഷ്ലെമ്മറുടെ ബവാഹൗസ് പ്രസ്ഥാന കലാസൃഷ്ടികള്‍. 1919 മുതല്‍ 1933 വരെ ശക്തമായിരുന്ന ബവാഹൗസ് സ്കൂള്‍ ശില്പചിത്രകലകളെ കൂട്ടിക്കലര്‍ത്തുകയുണ്ടായി. ഇരു ജര്‍മ്മനികളിലും രാജ്യത്തിന് പുറത്തും അദ്ദേഹത്തിന്‍റെ കലാസൃഷ്ടികള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

കലയിലെ ശുദ്ധ അമൂര്‍ത്തതയ്ക്ക് എതിരായിരുന്നു ഷ്ലിമ്മറുടെ കലാസൃഷ്ടികള്‍. മനുഷ്യന്‍റെ വൈകാരികലോകത്തെക്കാള്‍ ഷ്ലെമ്മര്‍ മനുഷ്യന്‍റെ ശാരീരികഘടനയ്ക്കാണ് പ്രാധാന്യം നല്കിയത്. ശരീരങ്ങളെയും വാസ്തുവിദ്യാഘടനകളെയുമാണ് അദ്ദേഹം കൂടുതലായി പ്രതിനിധീകരിച്ചത്. ഉത്തല, അവതല, പരന്ന പ്രതലങ്ങളില്‍ രൂപങ്ങളെ താളാത്മകമായി വിന്യസിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ കലാസിദ്ധാന്തങ്ങള്‍ പുസ്തകരൂപത്തിലും പ്രസിദ്ധീകൃതമായിട്ടുണ്ട്.

1943ല്‍ ബേഡന്‍-ബേഡനിലായിരുന്നു ഷ്ലെമ്മറുടെ മരണം. ഈയവസരത്തില്‍ ഗൂഗിളിനൊപ്പം പ്രതിപക്ഷവും ഓസ്കാര്‍ ഷ്ലെമ്മറെ സ്മരണകളിലൂടെ ആദരിക്കുന്നു.

 

Spread the love