വിശ്വപ്രസിദ്ധമായ ഗ്രീക്ക് ഇതിഹാസങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി പുന:സൃഷ്ടിച്ച് വിവിധലോകഭാഷകളിലും പ്രാദേശിക ഭാഷകളിലുമായി നിരവധി കൃതികൾ ജന്മം കൊണ്ടിട്ടുണ്ട്. യവനനാടകങ്ങൾക്ക് ചലച്ചിത്രഭാഷ്യം നൽകിയ മിക്ക  കൃതികളും ലോകമെമ്പാടുമുള്ള കാണികളെ ആകർഷിച്ചിട്ടുണ്ട്. 53 വയസ്സിനിടെ ഒരു ഡസൻ ഫീച്ചർ സിനിമകളും അതിലേറെ ഷോർട്ട് ഫിലിം – ഡോക്കുമെൻ്ററികളുമുൾപ്പെടെ നിരവധി ചിത്രങ്ങൾ ചലച്ചിത്രപ്രേമികൾക്ക് സമ്മാനിച്ച് ഇപ്പോഴും സജീവമായി ചർച്ച ചെയ്യപ്പെടുന്ന പ്രതിഭയാണു തികഞ്ഞ കമ്യൂണിസ്റ്റ് കൂടിയായിരുന്ന താരതമ്യത്തിനു വഴങ്ങാത്ത പിയർ പൗലോ പസോളിനി.

1975 ൽ ഇദ്ദേഹത്തെ ഇറ്റലിയിലെ മാഫിയകൾ കൊലപ്പെടുത്തിയ കാലത്തിനുശേഷമാണു ചലച്ചിത്രസങ്കല്പത്തിലെ  ഒറ്റയാനായിരുന്ന പസോളിനിയുടെ ചിത്രങ്ങൾ ലോകമെമ്പാടും കൊണ്ടാടപ്പെടാൻ തുടങ്ങിയത്. ഇതിൽ യവനദുരന്തനാടകങ്ങളെ അതിജീവിച്ചെഴുതിയ സോഫോക്ളീസിൻ്റെ ഈഡിപ്പസ് രാജാവും യൂറിപ്പിഡീസിൻ്റെ മീഡിയയും മാറ്റിനിർത്തിയാൽ മറ്റുള്ള സിനിമകളെല്ലാം സ്വന്തം കഥകളിലൂടെ മെനഞ്ഞെടുത്ത് അഭ്രഭാഷ്യം നൽകിയവയാണു. 1967 ലാണു ഈഡിപ്പസ് റെക്സ് പുറത്തുവരുന്നത്

യവനനാടകവേദിയുടെ ഏറ്റവും ശ്രദ്ധേയവും സങ്കീർണവുമായ കഥയെ അരീനയിലേക്ക് കൊണ്ടുവന്ന ദുരന്തനാടകമായ ഈഡിപ്പസ് റെക്സ് മലയാളികൾക്കുപോയിട്ട് യൂറോപ്പിനു പോലും അനഭിമതമായ ഗ്രീക്ക് മിത്തിനെയാണു സോഫോക്ളീസ് അതിവിശാലമായ കുന്നിൻ ചെരുവിലേക്ക് കലാരൂപത്തിലൂടെ പുന:സൃഷ്ടിച്ചത്. ഈ  വിശ്വപ്രസിദ്ധനാടകത്തിൻ്റെ അവതരണം നടക്കുന്ന കാലത്ത് വളരെ ഉയർന്ന നിലവാരത്തിലുള്ള കാണികളായിരുന്നു നമുക്കുണ്ടായിരുന്നത്. പക്ഷെ കാലം കഴിയുംതോറും നാം അവകാശപ്പെടുന്നതുപോലെ കലയിലുണ്ടായ ലളിതവത്കരണം വ്യാപകമായ പ്രവണതയായി മാറിയത് ചരിത്രമായി തന്നെ നിലനിൽക്കുകയാണു. ഭാഷാശൈലി മാറ്റിനിർത്തിയാൽ സി വി രാമൻ പിള്ളയുടെ ധർമ്മരാജയുടെയും മാർത്താണ്ഡവർമ്മയുടെയും രചനാരീതി പിന്നീടുള്ള കൃതികളിൽ കടന്നുവരാതിരുന്നതെന്നപോലെ യവന നാടകങ്ങളുടെയോ നമുക്കുണ്ടായിരുന്ന സംസ്കൃതനാടകങ്ങളുടെയോ പുതുരൂപങ്ങളോ തുടർച്ചയോ സൃഷ്ടിക്കപ്പെടാത്തതെന്തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇത്തരം കാഴ്ചയിലൂടെ പ്രാചീനമായ ഒരു കലാരൂപത്തെ വീണ്ടെടുക്കുമ്പോൾ പസോളിനി വളരെ കരുതലോടെയാണു ഈഡിപ്പസ് റെക്സിൻ്റെ തിരരൂപത്തെ സമീപിച്ചിരിക്കുന്നത്. അതിവിശാലമായ നീണ്ടുപരന്നുകിടക്കുന്ന സമതലപ്രദേശങ്ങളിലൂടെയും അനന്തമായ ചക്രവാളത്തിൻ്റെ അതിരുകളിലെ മലകളിലൂടെയും ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന പസോളിനിയുടെ ക്യാമറ ഈ ചലച്ചിത്രത്തിൻ്റെ ഭൂപ്രകൃതിക്ക് വളരെയേറെ പ്രാമുഖ്യം നൽകുന്നതായി നിരീക്ഷിക്കാൻ കഴിയും. സോഫോക്ളീസിൻ്റെ ഈഡിപ്പസിൻ്റെ അവതരണശൈലിയോ കഥാരൂപമോ അപ്പാടെ പകർത്തുകയല്ല ഇവിടെ പസോളിനി ചെയ്തിരിക്കുന്നത്. പകരം നാടകത്തിൽ നിന്നും തെന്നിമാറി മിത്തിൽ നിന്നും കടം കൊണ്ട് പുതിയ രംഗഭാഷ്യം തീർക്കുകയാണു ഈഡിപ്പസ് റെക്സിലൂടെ. നാടകരൂപത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ബന്ധങ്ങളുടെ സങ്കീർണമായ ട്വിസ്റ്റുകളെ അദ്ദേഹം വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണു തിരക്കഥാരൂപം ഒരുക്കിയിരിക്കുന്നത്.

തെബ്സിലെ രാജാവായ ലയൂസിനു ജനിക്കുന്ന കുഞ്ഞ് തൻ്റെ ഘാതകനാവുമെന്നും മാതാവിനെ വേൾക്കുമെന്നും പ്രവചനമുണ്ടാകുന്നു. ഇതെത്തുടർന്ന് രാജാവ് തൻ്റെ മകനെ വധിക്കാനായി ഒരു കർഷകനെ ചുമതലപ്പെടുത്തുന്നു. കർഷകൻ കുഞ്ഞിൻ്റെ കൈകാലുകൾ ബന്ധിച്ച് വിജനമായ മരുപ്രദേശത്ത് ഉപേക്ഷിക്കുന്നു. അയൽ രാജ്യമായ കോറിന്തിലെ രാജാവിൻ്റെ ഭൃത്യൻ യാത്രക്കിടയിൽ കുഞ്ഞിൻ്റെ നിലവിളി കേൾക്കുകയും ആ ശിശുവിനെ എടുത്ത് കൊട്ടാരത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. കോറിന്ത് രാജാവായ കാർമെലോ ബെനെയും രാജ്ഞി അലിഡ വല്ലിയും കുഞ്ഞിനെ ദത്തെടുത്തു വളർത്തുന്നു. കുഞ്ഞ് വലുതാവുമ്പോൾ തൻ്റെ മാതാപിതാക്കൾ തെബ്സിലെ രാജാവും രാജ്ഞിയുമാണെന്ന് തിരിച്ചറിയുന്നു . യൗവ്വനയുക്തനായ ഈഡിപ്പസ് തൻ്റെ ക്രൂരമായ വിധിയെ ശപിക്കുകയും അത് മറികടക്കാനായി ഈ ചരിത്രം തെറ്റാണെന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നുണ്ട്. തുടർന്ന് തെബ്സിലെത്തി നിരവധി ഭടന്മാരെ കൊന്നൊടുക്കിയശേഷം തന്നെ ചതിച്ച രാജാവിനെ വധിക്കുകയും  രാജാവായി വാഴുകയും അമ്മയുമായി ശയിക്കുകയും ചെയ്യുന്ന അതിസങ്കീർണമായ കഥയെയാണു പസോളിനി തൻ്റെ ചിത്രത്തിലേക്ക് കൊണ്ടുവരുന്നത്.

പ്രാകൃതമായ വിധിയെ തിരുത്താൻ അന്ധവിശ്വാസത്തിലധിഷ്ഠിതമായി ജീവിതം നയിക്കുന്ന മനുഷ്യനു ഇന്നും കഴിയുന്നില്ലെന്ന് ബോധ്യപ്പെടുത്താനാവാം കമ്യൂണിസ്റ്റായ പസോളിനി ഇത്തരമൊരു കഥ ചലച്ചിത്രമായി ആവിഷ്കരിക്കാനായി തെരഞ്ഞെടുത്തത്. പ്രവചനങ്ങളിൽ വിശ്വസിച്ചുകൊണ്ട് സദാചാരവിരുദ്ധമായ വിധിയെ പിന്തുടരുന്ന വൈകാരികതയിലധിഷ്ഠിതമായ നിമിഷങ്ങളിലൂടെ ചിത്രത്തിലുടനീളം നീങ്ങുന്ന ഈഡിപ്പസ് എന്ന  മനുഷ്യൻ്റെ പരാജയവും  ഈ മനുഷ്യൻ്റെ ജീവിതകഥയെ വിചാരണയ്ക്കായി സമൂഹത്തിനു മുന്നിലേക്ക് എറിഞ്ഞുകൊടുക്കുക എന്ന ദൗത്യവുമാകാം ഒരു ഗ്രീക്ക് ദുരന്തപര്യവസായിയിലേക്ക് അദ്ദേഹത്തെ ആകർഷിക്കുന്നതിനുള്ള നിമിത്തമായത്.

മരുഭൂമിയുടെ അനന്തസാധ്യതകളെ അസാധാരണമായ ദൃശ്യഭംഗിയിലൂടെ പകർത്തിയിരിക്കുന്ന പസോളിനി ചിലയിടങ്ങളിൽ കഥയിലും സ്വതന്ത്രമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തത്വശാസ്ത്രപരമായ സംഭാഷണങ്ങളുടെ തുടർച്ചയുള്ള ഈ ചിത്രത്തിൻ്റെ പ്രതിപാദനരീതി അവലംബിച്ചിരിക്കുന്നത് പലപ്പോഴും മെലോഡ്രാമയിലൂടെയാണ്. സിനിമയിലുടനീളം ജാപ്പനീസ്, റൊമേനിയ തുടങ്ങിയ ദേശങ്ങളിലെ വന്യവും ഹൃദ്യവുമായ പരമ്പരാഗതമായ നാടോടിസംഗീതം ഉപയോഗിച്ചിട്ടുണ്ട്. ഈഡിപ്പസിൻ്റെ യാത്രകളിലും കഥയിലെ നിർണായകമുഹൂർത്തങ്ങളിലും സിനിമയുടെ പൊതുസ്വഭാവമായി നിഴലിക്കുന്ന ഈ സംഗീതം ലയിച്ചുചേരുന്നുണ്ട്.

മാതാവുമൊത്തുള്ള രതികളിൽ തൻ്റെ ആത്മസംഘർഷം കൂടി ജ്വലിപ്പിച്ചുനിർത്താനായി തീവ്ര കമ്യൂണിസ്റ്റായ പസോളിനിയെന്ന മനുഷ്യൻ കഥയിൽ നിന്നും വഴുതിമാറി സ്വാതന്ത്ര്യം വീണ്ടെടുക്കാൻ ചിത്രത്തിലുടനീളം ശ്രമിക്കുന്നുണ്ട്. വിസ്മരിക്കാനാവാത്തവിധം  അതു നാം കാണുന്നത് സ്വയം മറന്ന ഭൂതകാല യാഥാർഥ്യം തിരിച്ചറിഞ്ഞിട്ടും ഭ്രാന്തമായ രതിയുടെ ആവർത്തനവും അതിനൊടുവിൽ യാഥാർഥ്യം തിരിച്ചറിയുന്ന അമ്മയുടെ ആത്മഹത്യക്കുശേഷം തൻ്റെ കണ്ണുകളെ കുത്തിപ്പൊട്ടിക്കുന്നതിനു മുമ്പുള്ള ആത്മസംഘർഷവേളയിലുമാണു

ബി സി നാലാം നൂറ്റാണ്ടിലാണു സോഫോക്ളീസിൻ്റെ നാടകത്തിൻ്റെ രചനാകാലം. എന്നാൽ കഥ നടക്കുന്നത് വളരെ പ്രാചീനമായ കാലത്താണു. മരുഭൂമിയിൽ പസോളിനി സമർഥമായി പുന:സൃഷ്ടിച്ചിരിക്കുന്ന കൊട്ടാരത്തിൻ്റെയും രാജസദസ്സിൻ്റെയും കമ്പോളത്തിൻ്റെയും കോറിയോഗ്രാഫി  ദൃശ്യങ്ങളിലൂടെ കാണികളെ തികച്ചും  ചരിത്രാതീതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ആ കാലഘട്ടങ്ങളിലെ അനുഷ്ഠാനങ്ങളിലൂടെയും സാംസ്കാരികമായ തനതുരീതികളിലൂടെയുമുള്ള നൈരന്തര്യവും ആവിഷ്കരിക്കുന്നതിലൂടെയാണു പസോളിനി എന്ന വലിയ പ്രതിഭയിൽ അന്തർലീനമായിരിക്കുന്ന സൗന്ദര്യം സിനിമയിലൂടെ നാം തിരിച്ചറിയുന്നത്. പല ഘട്ടങ്ങളിലും ദ്വന്ദ്വയുദ്ധങ്ങളുടെയോ മാനസികാഘാതങ്ങളിൽ നിന്നും ഉടലെടുക്കുന്ന മുഹൂർത്തങ്ങളുടെയോ ഷോട്ടുകൾ പുന:സൃഷ്ടിക്കുമ്പോൾ സിനിമക്ക് സബ് ടൈറ്റിൽ പോലുമില്ലെങ്കിലും നമ്മെ ആ വലിയ കാൻ വാസിൽ തന്നെ തളച്ചുനിർത്താൻ അദ്ദേഹത്തിനു കഴിയുന്നു.

‘ഉനാ വിറ്റ വൈലൻ്റാ’ എന്ന തൻ്റെ നോവലിനെയാണു പസോളിനി ചലച്ചിത്രരൂപത്തിലേക്ക് മാറ്റിയിരിക്കുന്നത്. സോഫോക്ളീസിൻ്റെ ഈഡിപ്പസ് കൊളോണസിൽ എന്ന കൃതിയെ ആധാരമാക്കി എഴുതിയ നോവലിനെ ഒന്നുകൂടി പരിഷ്കരിച്ചാണു പസോളിനി തിരക്കഥക്ക് രൂപം നൽകിയിരിക്കുന്നത്.

1 COMMENT

  1. ചലച്ചിത്രം നേരിൽക്കണ്ട വായനയനുഭവം… നന്നായി.

LEAVE A REPLY

Please enter your comment!
Please enter your name here