Monday, July 6

പി ഗംഗാധരൻ, ശ്രീനാരായണീയനായ കമ്മ്യൂണിസ്റ്റ് ; സി.ടി.തങ്കച്ചൻ എഴുതുന്നു

ചരിത്രത്തിൽ അത്രയൊന്നും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേതാവാണ് സഖാവ് പി.ഗംഗാധരൻ.തൊഴിലാളി വർഗ്ഗരാഷ്ട്രീയവും ജാതിവിവേചനത്തിനെതിരായ പോരാട്ടങ്ങളും സമന്വയിപ്പിച്ചു കൊണ്ട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ശരിയായ മാനം നൽകിയ കമ്മ്യൂണിസ്റ്റാണ് സഖാവ് ഗംഗാധരൻ.ശ്രീ നാരായണീയനായ കമ്മ്യൂണിസ്റ്റെന്നും കമ്മ്യൂണിസ്റ്റായ ശ്രീ നാരായണീയനെന്നും ചരിത്രം അടയാളപ്പെടുത്തേണ്ട ഗംഗാധരന്റെ ജീവിതവും പോരാട്ടങ്ങളും പുതിയ തലമുറയ്ക്ക് പുത്തൻ അനുഭവമാകും..

എറണാകുളം ബോട്ട് ജെട്ടിയിൽ ബഷീർ ബുക്സ്റ്റാൾ നടത്തിയിരുന്ന സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ തന്റെ ജൻമദിനം എന്ന കഥയിൽ തൊഴിലാളി നേതാവായ പി.ഗംഗാധരനെ അടയാളപ്പെടുത്തുന്നുണ്ട്. ബഷീർ തന്റെ ജനമ ദിനത്തിൽ ഒരു ചായ കുടിക്കാൻ പോലും കാശില്ലാതെ വലഞ്ഞിരിക്കുമ്പോഴാണ് ഒരു പണിമുടക്കു സമര സ്ഥലത്തേക്കു പോകാൻ കടത്തുകൂലി പോലുമില്ലാതെ ഗംഗാധരനെത്തുന്നത്. അതിങ്ങനെ..

” അപ്പോൾ സഖാവ് ഗംഗാധരൻ വന്നു.വെള്ള ഖദർ മുണ്ട് വെള്ള ഖദർ ജുബ്ബ മീതെ പുതച്ച ഷാളും കറുത്ത നീണ്ടുരുണ്ട മുഖവും കാര്യ ഗൗരവമുള്ള നോട്ടവും. ചാരുകസേരയിൽ ഗമയിലുള്ള എന്റെ കിടപ്പുകണ്ട് ആ നേതാവ് പറയുകയാണ്, അമ്പടാ! നീ വലിയ ബൂർഷ്വ ആയി ആയിപ്പോയല്ലോ?’
എന്റെ തലയ്ക്ക് നല്ല കറക്കം ഉണ്ടായിരുന്നെങ്കിലും എനിക്ക് ചിരി വന്നു. ആ നേതാവിന്റെ വസ്ത്രങ്ങളുടെ ഉടമസ്ഥാവകാശം ആർക്കുള്ളതായിരിക്കുമെന്ന് ഞാൻ പതുക്കെചിന്തിച്ചു പോയി:

കഥയിൽ ബഷീറിന്റെ അവസ്ഥയിൽ അലിവു തോന്നിയ അടുത്തുള്ള ഒരു പയ്യൻ ബഷീറിന് രണ്ടണ കൊടുക്കുന്നുണ്ട് അതിൽ ഒരണയ്ക്ക് ബഷീറും ഗംഗാധരനും ദോശയും ചായയും കഴിക്കും.  ബാക്കി ഒരണ കടത്തുകൂലിയായി ഗംഗാധരനും കൊടുക്കും. അക്കാലത്തെ രാഷ്ട്രീയ പ്രവർത്തകന്റെ ഒരു നേർ ചിത്രമാണ് ഗംഗാധരനിലൂടെ ബഷീർ രേഖപ്പെടുത്തുന്നത്.

“കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമെഴുതുമ്പോൾ മിഴിവോടെ ഉയർന്നു നിൽക്കേണ്ട പോരാളിയാണ് സഖാവ് ഗംഗാധരൻ. എന്തുകൊണ്ടാണ് ഗംഗാധരൻ കേരള രാഷ്ട്രീയ ചരിത്രത്തിൽ നിന്നും നിഷ്കാസിതനായത് എന്നു ചിന്തിക്കുന്നത് കൗതുകകരമാണ്.

അത് കമ്യൂണിസ്റ്റു പാർടിയിൽ നിന്നും പുറത്താക്കപ്പെട്ടതുകൊണ്ടാണെന്ന് തിരിച്ചറിയാൻ സമാന്യ രാഷ്ട്രീയ ബോധം മതി.

ഇടതുപക്ഷമെന്നും വലതുപക്ഷമെന്നും വിലയിരുത്തപ്പെടുന്ന വിവിധ തത്വങ്ങൾക്കും സിദ്ധാന്തങ്ങൾക്കുമൊപ്പം അംബേദ്കറിസവും ദലിദ് വാദങ്ങളും ചർച്ച ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് പി.ഗംഗാധരൻ സ്വീകരിച്ച സ്വത്വരാഷ്ട്രീയ നിലപാടുകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഒരു പക്ഷെ കമ്മ്യൂണീസത്തേയും അംബേദ്കറീസത്തേയും തുല്യ പ്രാധാന്യത്തോടെ സ്വാംശീകരിച്ച് പ്രവർത്തിക്കുക എന്ന ശരിയായ രാഷ്ട്രീയ നിലപാടെടുത്ത ആദ്യ കമ്മ്യൂണിസ്റ്റുകാരനാണ് പി.ഗംഗാധരൻ.

 

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനു മുൻപ് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായും നടരാജഗുരുവിന്റെ ആശ്രമത്തിലെ അന്തേവാസിയായും കഴിഞ്ഞ ഒരു ഭൂതകാലത്തിൽ നിന്നാണ് ഗംഗാധരന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ടി.കെ.മാധവന്റെയും സഹോദരൻ അയ്യപ്പന്റേയും ആശയങ്ങളും ആദ്യകാലത്ത് പി.ഗംഗാധരനെ സ്വാധീനിച്ചിരുന്നു.

1910 ആഗസ്റ്റ് പത്താം തിയതിയാണ് ഗംഗാധരൻ പള്ളുരുത്തിയിൽ ജനിച്ചത്. കടേഭാഗം പാണ്ഡിക ശാലപ്പറമ്പിൽ കുഞ്ഞുണ്ണിയുടെയും നാരായണിയുടേയും രണ്ടാമത്തെ മകനായിരുന്നു ഗംഗാധരൻ. അക്കാലത്ത് ആലുവ അദ്വൈതാ ശ്രമമത്തിൽ നിന്ന് കായലിലൂടെ സഞ്ചരിച്ച് പള്ളുരുത്തി നടക്കടവിൽ വള്ളമിറങ്ങുന്ന ശ്രീനാരായണഗുരു വിശ്രമിച്ചിരുന്നത്   പി.ഗംഗാധരന്റെ തറവാട്ടുവീട്ടിലായിരുന്നു. ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ കാലത്തായിരുന്നു പി.ഗംഗാധരന്റെ ജനനം. അതിനു ശേഷമാണ് ഗുരു പള്ളുരുത്തിയിലെത്തി ശിവക്ഷേത്രവും പള്ളിക്കൂടവും സ്ഥാപിക്കുന്നത്.

Read Also  ഏറ്റവും തീവ്രമായി മുസ്ളീം ലീഗ് വർഗീയവൽക്കരിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ

പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ക്കുളിലാണ് ഗംഗാധരൻ വിദ്യയഭ്യസിച്ചത്. നാലാം ക്ലാസ്സുവരെയായിരുന്നു വിദ്യാഭ്യാസം. പഠനത്തിനുശേഷം ജേഷ്ഠൻ ജോലി ചെയ്ത വെളിച്ചണ്ണ മില്ലിൽ ജോലിക്കു ചേർന്നു. ഇവിടെ കൊപ്ര ഉണക്കാനിട്ടിരിക്കുന്ന സ്ഥലത്ത് കാക്കയെ ഓടിക്കുന്ന ജോലിയായിരുന്നു ആ ബാലന് ലഭിച്ചത്. ഒരു കുസൃതി കാക്ക ഗംഗാധരന്റെ കണ്ണുവെട്ടിച്ച് ഒരു കൊപ്രയുമെടുത്തു പറന്നതോടെ ആ ജോലിയും നഷ്ടപ്പെട്ടു. കൊപ്ര കാക്ക കൊത്തിക്കൊണ്ടു പോകുന്നത് ഗംഗാധരൻ കണ്ടില്ലെങ്കിലും മുതലാളികണ്ടിരുന്നു. അങ്ങനെയാണ് ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നത്.

ഇതിനു ശേഷമാണ് ഗംഗാധരൻ ശിവഗിരി മഠത്തിൽ ശ്രീനാരായണന്റെ ശിഷ്യനാവുന്നത്. ആശ്രമജീവിതത്തിനു ശേഷം സ്വാതന്ത്ര്യ സമരവുമായ് ബന്ധപ്പെട്ട് കോൺഗ്രസ്സായും  സോഷ്യലിസ്റ്റായും പിന്നീട് കണ്ണൂരിലെ പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാർടി രൂപവൽക്കരിച്ചപ്പോൾ സ്ഥാപകാംഗമായും തുടങ്ങിയതാണ് ഗംഗാധരന്റെ തൊഴിലാളി വർഗ്ഗ പ്രവർത്തനങ്ങൾ.

 

നാലാം ക്ലാസ്സുവരെ പഠിച്ച ഒരു കാക്ക നോക്കി പയ്യൻ ക്ഷേത്രപ്രവേശനത്തിനും വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നവോത്ഥാന സമരങ്ങളുടെ നായകനായി വളരുകയായിരുന്നു. കമ്മ്യൂണിസ്റ്റു പാർടിയിൽ നിന്നു കൊണ്ട് അദ്ദേഹം നടത്തിയ എണ്ണമറ്റ സമരങ്ങൾ ചരിത്രത്തിൽ ഇടം നേടി.കൊച്ചിയിൽ ആദ്യമായ് നടന്ന പണിമുടക്കു സമരം ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു. അന്ന് എഴുത്തുകാരൻ പി.കേശവദേവും ഒപ്പമുണ്ട്. കൊച്ചിൻ ടിൻ ഫാക്റ്ററിയിലായിരുന്നു ആ പണിമുടക്ക് നടന്നത്.

അതിനു ശേഷമാണ് ചേന്ദമംഗലത്തെ പാലിയത്തച്ചന്മാരു കോവിലകത്തിനു സമീപത്തെ പൊതുവഴിയിലൂടെ എല്ലാ മനുഷ്യർക്കും നടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ചരി പ്രസിദ്ധമായ പാലിയം സമരം നടക്കുന്നത്. കമ്മ്യൂണിസ്റ്റു പാർടിയുടെ നിർദ്ദേശമനുസരിച്ച് ഒളിവിലിരുന്നു അല്ലാതെയും സമരത്തിന് നേതൃത്വം നൽകിയത് സഖാവ് പി.ഗംഗാധരനായിരുന്നു.  ഈ സമരത്തിനെതിരെ കൊടിയ മർദ്ദനമാണ് അധികാരികൾ നടത്തിയത്. സമര സഖാവായിരുന്ന എ.ജി.വേലായുധൻ രക്തസാക്ഷിയായി. 97 ദിവസം നീണ്ടു നിന്ന ഈ സമരം ഒടുവിൽ പാർട്ടി പിൻവലിക്കുകയായിരുന്നു.

ഇതു പോലെ പി.ഗംഗാധരൻ നേതൃത്വം നൽകിയ മറ്റൊരു സമരമായിരുന്നു ഇരിഞ്ഞാലക്കുടയിലെ കുട്ടങ്കുളം സമരം. കൂടൽമാണിക്യ ക്ഷേത്രത്തിനുസമീപമുള്ള വഴിയിലൂടെ അയിത്തജാതിക്കാരെ വഴി നടക്കാൻ സവർണ്ണർ അനുവദിച്ചിരുന്നില്ല. ഇതിനെതിരെയായിരുന്നു ചരിത്രപ്രസിദ്ധമായ കുട്ടങ്കുളം സമരം.

പറപ്രക്ഷോഭം പുലയ സ്ത്രീകൾക്കു നേരെയുണ്ടായ അധിക്ഷേപം തുടങ്ങിയ സംഭവങ്ങളാണ് സമരത്തിനാധാരമായത് ഇരിഞ്ഞാലക്കുടയിൽ നടന്ന ഈ സമരത്തേയും പോലീസിനെ വിട്ട് അടിച്ചമർത്തുകയാണ് ചെയ്തത്.

ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ അടയാളപ്പെടുത്തപ്പെട്ട രണ്ടു സമരങ്ങളായിരുന്നു. വൈക്കം സത്യാഗ്രഹവും ഗുരുവായൂർ ‘ സത്യാഗ്രഹവും.എന്നാൽ കുട്ടകളം സമരവും പാലിയം സത്യാഗ്രഹവും അതുപോലെ പ്രാധാന്യമർഹിക്കുന്ന സമരങ്ങളായിരുന്നു.എന്നിട്ടും വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങൾക്ക് ലഭിച്ച വാർത്താപ്രാധാന്യവും ചരിത്ര പ്രാധാന്യവും കുട്ടങ്കുളം -പാലീയം ‘ സമരങ്ങൾക്ക് ലഭിച്ചില്ല. വൈക്കം -ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് സവർണ്ണ നേതാക്കളായിരുന്നു. കെ.കേളപ്പൻ’ എ കെ.ജി., പി. കൃഷ്ണപിള്ള തുടങ്ങായവരായിരുന്നു സമര നേതൃത്വത്തിൽ. അതുകൊണ്ട് ബൂർഷാ മാധ്യമങ്ങളും പിന്നീടു വന്ന സർക്കാരുകളും ആ സമരത്തെ ചരിത്രമാക്കി പാഠപുസ്തകങ്ങളിൽ വരെ പാഠ്യവിഷയമാക്കി. പി.ഗഗാധരനും പി കെ. ചാത്തൻ മാസ്റ്ററും കെ.കെ.മാധവനുമടക്കമുള്ള അവർണ്ണരുടെ നേതൃത്വത്തിലായിരുന്നു. കുട്ടങ്കുളം-പാലീകം സമരങ്ങൾ നടന്നത്. അതുകൊണ്ടാണ് ഈ സമരങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കാതെ പോയതെന്ന് പാലിയം സമര ചരിത്രമെഴുതിയ പയ്യപ്പള്ളി ബാലൻ നിരീക്ഷിക്കുന്നത്. എന്നാൽ കുട്ടങ്കുളം സമരവും പാലിയം സമരവും കമ്മ്യൂണിസ്റ്റു പാർടിയുടെ നേതൃത്വത്തിൽ നടന്നതുകൊണ്ടാണ് ചരിത്രത്തിൽ ഇടം പിടിക്കാതെ പോയതെന്നാണ് സഖാവ് ഇ.എം.എസ്.അഭിപ്രായപ്പെട്ടത്. രണ്ടു തവണ കേരള മുഖ്യമന്ത്രിയായിട്ടും ഇ. എം.എസ് മന്ത്രിസഭ നമ്മുടെ പാഠപുസ്തകങ്ങളിൽ ഈ സമരം പാഠ്യവിഷയമായി ഉൾപ്പെടുത്തിയില്ലെന്ന കാര്യം അദ്ദേഹവും ബോധപൂർവ്വം മറച്ചുവെക്കുന്നു.

Read Also  കൊന്നിട്ടല്ല പാർട്ടിയുണ്ടാക്കേണ്ടതെന്ന് സിപിഐഎമ്മിനോട് കാസറഗോഡ് സ്ത്രീകൾ

പാലിയം -കുട്ടങ്കുളം സമരങ്ങൾക്ക് ശേഷം ജാതീയമായ ഉഛനീചത്വങ്ങൾക്കെതിരായ പോരാട്ടം കമ്യൂണിസ്റ്റു പാർട്ടി ഏറ്റെടുക്കണമെന്ന നിലപാടാണ് പാർട്ടിയിൽ ഗംഗാധരൻ കൈക്കൊണ്ടത്. ജാതി വിവേചനമാണ് കേരളവും ഭാരതവും നേരിടുന്ന വലിയ വിപത്ത് എന്ന നിലപാടിലായിരുന്നു ഗംഗാധരൻ. പാർടി പ്രവർത്തനത്തോടൊപ്പം ജാതി വിരുദ്ധ
പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി.ഇതിന് പാർടിയുടെ അനുവാദവും അദ്ദേഹത്തിണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ ടി.കെ.രാമകൃഷ്ണനും SNDP പ്രവർത്തനത്തിൽ സജീവമായിരുന്നു. പിന്നീട് പാർട്ടി സംവരണവുമായ് ബന്ധപ്പെട്ട് സാമ്പത്തിക സംവരണത്തിന് അനുകൂലമായ നാലപാടെടുത്തപ്പോൾ ഗംഗാധരൻ പരസ്യമായി ഇതിനെതിരെ രംഗത്തുവരുകയായിരുന്നു. ഇതോടെയാണ് പാർടിയും ഗംഗാധരനും അഭിയായ ഭിന്നതയിലാകുന്നത്.

സാമ്പത്തിക സംവരണം ഭരണഘടന ഉറപ്പു നൽകുന്ന അടിസ്ഥാന തത്വങ്ങൾക്കെതിരാണെന്ന നിലപാടിലായിരുന്ന ഗംഗാധരൻ.
തൊഴിലാളി വർഗ്ഗം മുതലാളി വർഗ്ഗം എന്ന വിഭജനത്തിൽ ഊന്നി നിന്നുകൊണ്ടുള്ള വർഗ്ഗ വിശകലനത്തോടൊപ്പം താണ ജാതിക്കാർ ഉയർന്ന ജാതിക്കാർ എന്ന രീതിയിലുള്ള വർണ്ണ വിശകലനത്തിനും പ്രാധാന്യം നൽകണമെന്ന ഗംഗാധരന്റെ സുനിശ്ചിതമായ അഭിപ്രായമാണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് ദഹിക്കാതെ വന്നത്. വർഗ്ഗവും വർണ്ണവും ഒരു പരിധി വരെ ഒന്നാണെന്നും സമ്പന്നർ ജാതി ശ്രേണിയിൽ ഉയർന്നവരാണെന്നും അദ്ദേഹം നിരീക്ഷിച്ചു.ദരിദ്രരെല്ലാം പൊതുവെ താണ ജാതിക്കാരും.

എന്നാൽ എസ്.എൻ.ഡി.പി സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നും കമ്മ്യൂണിസ്റ്റുകാർ പങ്കെടുക്കരുതെന്ന് പാർടി സർക്കുലർ പുറപ്പെടുവിച്ചു. ഈ വിലക്കു ലംഘിച്ചുകൊണ്ട് എസ്.എൻ.ഡി.പി. സംഘടിപ്പിച്ച പിന്നോക്ക സമുദായ കൺവെൻഷനിൽ ഗംഗാധരൻ പ്രസംഗിച്ചു.ഇതോടെ പാർടി ഗംഗാധരന് ഷോ കോസ് നോട്ടീസ് നൽകി ഗംഗാധരനെ സി.പി.എം പുറത്താക്കുന്നത്. ഇതിനു ശേഷമാണ് കമ്മ്യൂണിസ്റ്റു പാർടിയിലും ബ്രാഹ്മണാധിപത്യമാണെന്ന വിവാദ പ്രസ്താവന ഗംഗാധരൻ ഇറക്കുന്നത്. ഇത് വിശദീകരിക്കുന്നതിനായ് ‘ബ്രാഹ്മണാധിപത്യം” എന്ന ശീർഷകത്തിൽ ഒരു പുസ്തകം തന്നെ അദ്ദേഹം പുറത്തിറക്കി.

അരനൂറ്റാണ്ടിനു മുൻപു തന്നെ ഇന്ത്യയുടെ ഭരണ രംഗത്ത് നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യത്തിനെതിരെ അദ്ദേഹം ശബ്ദമുയർത്തി. പരസ്പരം ഇടകലരാൻ അനുവദിക്കാതെ ഇന്ത്യയിലെ വിധിധ ജാതിയിൽപ്പെട്ടവരെ തമ്മിലടിപ്പിച്ചും പണിയെടുപ്പിച്ചും മുതലെടുപ്പു നടത്തുന്ന പൗരോഹിത്യ മേധാവിത്വത്തെയാണ് ബ്രാഹ്മണ്യം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ന ശരിയായ വിശകലനം നടത്തിയ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് പി.ഗംഗാധരൻ.. ജാതിക്കെതിരായ പോരാട്ടത്തിലൂടെ മാത്രമെ ബ്രാഹ്മണ്യത്തെ തകർക്കാൻ കഴിയൂ എന്ന നിലപാടെടുത്തതോടെയാണ് കമ്മ്യൂണിസ്റ്റു പാർട്ടി സഖാവ് പി.ഗംഗാധരനെ പുറത്താക്കുന്നത്. ഇന്ന് ബ്രാഹ്മണ്യം അതിന്റെ എല്ലാ മുഖംമൂടിയുമഴിച്ചു കളഞ്ഞ് സവർണ്ണ ഫാസിറ്റ് രാഷ്ടീയ രൂപം പൂണ്ട് അധികാരശക്തിയായ് ഇന്ത്യയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ അദ്ദേഹം മുന്നോട്ടുവെച്ച ദളിത് പിന്നോക്ക രാഷ്ട്രീയം ഏറെ പ്രസക്തമാണ്..

അവലംബം:

നിഷ്കാസിതനായ നവോത്ഥാന നായകൻ.
വി.എൻ പ്രസന്നൻ.

ബ്രാഹ്മണാധിപത്യം
പി.ഗംഗാധരൻ.
പാലിയം സമര ചരിത്രം
പയ്യപ്പള്ളി ബാലൻ.

Spread the love

Leave a Reply