Thursday, January 20

ബന്ധു നിയമനത്തിൽ നൽകിയ പരാതി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പി. കെ. ഫിറോസ്

മന്ത്രി കെ. ടി. ജലീലിനെതിരെയുള്ള ബന്ധു നിയമന ആരോപണത്തിൽ ഇതുവരെ അന്വേഷണം നടത്താത്തതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസ് രംഗത്ത്. മന്ത്രി കെ.ടി. ജലീലിൽ ബന്ധുവായ കെ.ടി. അദീബിനെ ചട്ടങ്ങൾ മറികടന്ന് സ്വന്തം വകുപ്പിലെ പൊതുമേഖല സ്ഥാപനത്തില്‍ ജനറല്‍ മാനേജറായി നിയമിച്ചുവെന്നായിരുന്നു പരാതി. വിവാദങ്ങൾ ഉയർന്നതോടെ അദീബ് രാജി വെക്കുകയായിരുന്നു. നവംബര്‍ മൂന്നിന് നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ നവംബര്‍ 28ന് സര്‍ക്കാരിന് കൈമാറിയിട്ടും ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാത്തതെന്തെന്ന് വിജിലൻസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു.

വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ലന്നും അന്വേഷണം നടത്തി മന്ത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയത്താലാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ഫിറോസ്​ ആരോപിച്ചു.

ബന്ധുനിയമനത്തിൽ ജലീല്‍ മുഖ്യമന്ത്രിയേയും സി.പി.എമ്മിനെയും ബ്ലാക്ക് മെയിൽ ചെയ്തതായി സംശയിക്കുന്നതായും ഫിറോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റു വകുപ്പുകളിലെ ബന്ധു നിയമനങ്ങൾ ജലീൽ ചൂണ്ടിക്കാട്ടിയതായാണ് വിവരം. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി മന്ത്രിസഭ യോഗം പോലും ബഹിഷ്‌കരിച്ച സി.പി.ഐക്ക് ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് ഉള്ളതെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Spread the love
Read Also  മന്ത്രി കെ.ടി. ജലീലിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

Leave a Reply