2018ലും ഭരണകൂടങ്ങൾ എഴുത്തിനെ ഭയപ്പെടുന്നുവെന്ന സൂചനകൾ നൽകി മദ്രാസ് ഹൈക്കോടതി. ‘തമിഴ് ഈഴം ശിവക്കിറത്’ എന്ന പേരിൽ തമിഴ് ഈഴത്തെക്കുറിച്ച് തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരൻ എഴുതിയ എല്ലാ പുസ്തകങ്ങളും നശിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി.
നെടുമാരന്റെ പുസ്തകത്തിൽ ഇന്ത്യൻ സൈന്യത്തെക്കുറിച്ചും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെക്കുറിച്ചും പരാമർശമുണ്ടെന്നും ഇത് പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നുമുള്ള തമിഴ്നാട് സർക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
പി. നെടുമാരൻ
തമിഴ് ഈഴത്തെ പിന്തുണച്ച് പുസ്തകമെഴുതിയതിന് 2002-ൽ നെടുമാരനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നെടുമാരന്റെ പുസ്തകങ്ങൾ കണ്ടുകെട്ടുകയും ഒടുവിൽ 2006-ൽ കേസ് പിൻവലിക്കുകയും ചെയ്തിരുന്നു. കേസ് പിൻവലിച്ച സ്ഥിതിക്ക് പുസ്തകങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് അയക്കേണ്ടതുണ്ടെന്ന് നെടുമാരന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിക്കുകയും പിടിച്ചെടുത്ത പുസ്തകങ്ങൾ തിരികെ
ലഭിക്കാൻ നെടുമാരൻ ഹർജി ഫയൽ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഹർജിയിൽ സർക്കാരിന്റെയും നെടുമരന്റെയും വാദം കേട്ട കോടതി തമിഴ് ഈഴത്തെക്കുറിച്ച് എഴുതിയ പുസ്തകങ്ങൾ നശിപ്പിക്കാൻ ജസ്റ്റിസ് എം.വി. മുരളീധരൻ സർക്കാരിനോട് ആവശ്യപെടുകയായിരുന്നു.
ശ്രീലങ്കയിലെ ഉൾപ്പടെ തമിഴരെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്ന ആവശ്യമാണ് തമിഴ് ഈഴം മുന്നോട്ട് വെയ്ക്കുന്നത്. നിരോധിത സംഘടനയായ എൽടിടിഇയെ പിന്തുണയ്ക്കുന്ന ആളാണ് നെടുമാരൻ.