Monday, January 17

പടയോട്ടം: കാള പെറ്റെന്ന് കേട്ട് കയറെടുത്തോടുന്ന സിനിമാനുഭവം

കാള പെറ്റെന്ന് കേട്ട് കയറെടുത്തോടുന്നവര്‍ എന്നൊരു പഴഞ്ചൊല്ലുണ്ട്. അത്തരം ഒരു ഗുണ്ടാസംഘത്തിന്‍റെ തമാശക്കഥയാണ് നവാഗതനായ റഫീക് ഇബ്രാഹിം സംവിധാനം ചെയ്ത ബിജുമോനോന്‍റെയും സംഘത്തിന്‍റെയും യാത്രക്കഥയായ പടയോട്ടം. നവാഗതസംവിധായകനിലും, റോസാപ്പൂ ഒരായിരം കിനാക്കളിലും അടിഞ്ഞുപോയ ബിജുമേനോന്‍റെ തിരിച്ചുവരവിലും പ്രതീക്ഷയര്‍പ്പിച്ച് തിയേറ്ററില്‍ കയറി ചിത്രം കണ്ടിറങ്ങിറങ്ങുമ്പോള്‍ പ്രേക്ഷകരില്‍ ചിലര്‍ക്കും ഇതു തോന്നിയേക്കാം.

പ്രതികാരത്തിനിറങ്ങുന്നവരുടെ കഥ എന്ന നിലയില്‍ ഒരു ഗാങ്സ്റ്റര്‍ ചിത്രമെന്നോ തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേയ്ക്കുള്ള യാത്ര എന്ന നിലയില്‍ റോഡ് മൂവി എന്നോ ഒക്കെ സംശയമുളവാക്കുന്നതാണ് പടയോട്ടം. രണ്ടും സിനിമയുടെ ഘടനയില്‍ ഉണ്ടു താനും. തമാശയുടെ മേമ്പൊടിയുമുണ്ട്. ഒടുവില്‍ നിസാരകാര്യത്തിനായിരുന്നു തങ്ങള്‍ ആവേശത്തോടെ ചാടിപ്പുറപ്പെട്ടതെന്ന ഗുണ്ടാസംഘത്തിന്‍റെ തിരിച്ചറിവിലെ അമളി തന്നെയാണ് കാണികള്‍ക്കും സംഭവിക്കുന്നത്. സംവിധായകനായാലും വിമര്‍ശകനായാലും കാണി ആയാലും അമളി ആര്‍ക്ക് സംഭവിച്ചാലും ചിരിക്കുള്ള വകയാണല്ലോ.

ആദ്യം നവാഗതസംവിധായകനിലേക്ക് പോകാം. കുറച്ചു കാലമായി മലയാളസിനിമയിലേക്ക് നവാഗത സംവിധായകരുടെ കുത്തൊഴുക്കാണ്. സിനിമ എന്തായിരിക്കണം എന്നതിനപ്പുറം എങ്ങനെയായിരിക്കണം എന്നാണ് നമ്മുടെ നവാഗതരില്‍ ഭൂരിപക്ഷത്തിന്‍റെയും പരീക്ഷണം. കൃത്യമായ വികാസപരിണാമങ്ങളോടെ കഥ പറയുന്ന പടയോട്ടത്തിന്‍റെ സംവിധായകന്‍ സിനിമ എങ്ങനെ പറയണം എന്നിടത്തുപോലും പതിവുകളെ ഒട്ടും തന്നെ തെറ്റിക്കുന്നില്ല. ആഖ്യാനം എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ സിനിമ എന്തായിരിക്കണം എന്ന സംവിധായകചിന്തയുടെ പ്രധാന്യത്തെക്കുറിച്ച് തന്നെ ചിന്തിക്കേണ്ടി വരും.

എന്തായിരിക്കണം തന്‍റെ സിനിമ എന്നത് സംവിധായകന്‍ നേരിടുന്ന ഒന്നാം ചോദ്യം തന്നെയാവണം. പ്രത്യേകിച്ചും ആദ്യസിനിമയിലെങ്കിലും. ലോകത്ത് ഇന്നോളമുള്ള സിനിമകള്‍ പരിശോധിച്ചാല്‍ പ്രമേയപരമായി വിപുലമൊന്നുമല്ല. ഇതിഹാസസ്വഭാവമുള്ള എല്ലാ ആഖ്യാനങ്ങളിലുമെന്നപോലെ സിനിമയിലും പ്രമേയങ്ങള്‍ സമാനങ്ങളായ വളരെ കുറച്ച് എണ്ണമേ ഉള്ളൂ. ഇതു വരെ ഉണ്ടായിരുന്നവ തന്നെയാണ് പുതുതെന്ന് തോന്നിപ്പിക്കുന്നവര്‍ പോലും പലപ്പോഴും ചെയ്യുന്നത്. അത് അങ്ങനെയാണെന്നിരിക്കെ തന്നെ ഉള്ളടക്കത്തിന്‍റെ വ്യതിരിക്തതയാണ് പലപ്പോഴും ചിലരുടെ ചില സിനിമകളെയെങ്കിലും മൗലികമാക്കുന്നത്. അങ്ങനെ കാണുമ്പോള്‍ 1982ല്‍ പുറത്തിറങ്ങിയ പടയോട്ടം സിനിമ ഇതിനെക്കാള്‍ എത്ര നന്നായിരുന്നുവെന്ന് ഒരാള്‍ക്ക് തോന്നിയാല്‍ 2018ലെ രണ്ടാം പടയോട്ടം സമകാലത്തുനിന്നും മലയാളസിനിമയെ എത്രത്തോളം പുറകോട്ടാണ് നയിക്കുന്നതെന്ന് മനസ്സിലാവും. ഇതിഹാസമെന്ന നിലയില്‍ സിനമയ്ക്ക് തലമുറകളുടെ കഥ വേണമെന്നില്ല. എന്നാല്‍ മൂന്നാലു ദിവസങ്ങളുടെ കഥയിലേക്കുള്ള കാലമാറ്റം തീവ്രമായ ദൃശ്യാനുഭവമാകാത്തിടത്തോളം ഇത്തരം കഥകള്‍ സമകാല സിനിമയിലെ തട്ടിക്കൂട്ടല്‍ പ്രവണതയായി കാണുവാനേ തരമുള്ളൂ.

കുറെ മികച്ച നടന്മാരെ വെച്ച് ഒരു മിമിക്രി ട്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് കഥാപാത്രനിര്‍മ്മിതി എന്ന് തോന്നുന്നു. നായകന് സകലവീരപരിവേഷങ്ങളും നല്കി പതിവുരീതിയില്‍ തന്നെ അവതരിപ്പിക്കുന്നു. എന്നാല്‍ പേടിയും നായകന്‍റെ മനോഘടനയില്‍ സ്ഥാപിക്കുന്ന പാത്രസ്വഭാവത്തിലെ വൈചിത്ര്യമാണ് നായകനെക്കൂടി മിമിക്രി ടീമിലെത്തിക്കുന്നത്. മികച്ച നടന്മാര്‍ എന്ന നിലയില്‍ എല്ലാവരും മെച്ചപ്പെട്ട മിമിക്രി തന്നെയാണ് കാഴ്ച വെക്കുന്നത്. എങ്കിലും പ്രതികാരമെന്ന ദൗത്യ നിര്‍വ്വഹണത്തില്‍ വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ച് അന്ത്യം വരെയും അത് മികവുറ്റതായി നില നിര്‍ത്തുന്ന സുധി കോപ്പയുടെ കഥാപാത്രം തന്നെയാണ് സിനിമയില്‍ കാണികളുടെ കൈയ്യടി കൂടുതല്‍ നേടുക. ഗുണ്ടാസംഘത്തെ സഹായിക്കാന്‍ പുറപ്പെട്ട് നിസ്സഹായനാവുന്ന ഹരീഷ് കണാരനും കൂടിയാവുമ്പോള്‍ ചിരി ഏറെയാവുന്നു.

സിനിമ സംവിധായകന്‍റെ കല ആവുമ്പോഴും അതിനെ മികവുറ്റ കലാസൃഷ്ടിയാക്കുന്നതില്‍ ഛായാഗ്രാഹകനുള്ള പങ്ക് പ്രധാനമാണ്. കാരണം സിനിമയുടെ ദൃശ്യഭാഷ്യം ഛായാഗ്രാഹകന്‍റെ കൂടി പങ്കാണ്. അക്കാര്യത്തില്‍ സംവിധായകന്‍ റഫീക് ഇബ്രാഹിമിന് ചായാഗ്രാഹകന്‍ സതീഷ് കുറുപ്പ് ഒട്ടും തന്നെ സഹായകമാവുന്നില്ല. പല ദൃശ്യങ്ങളും കാഴ്ചയുടെ കോണുകളില്‍ കണ്ണിന് കുറുകെ പോലുമാവുന്നുണ്ട്. ഒറ്റ ഷോട്ടില്‍ ദീര്‍ഘകാലത്തെ ദൃശ്യപ്പെടുത്തുമ്പോള്‍ മികച്ച കല്യാണ വീഡേയോഗ്രാഫറായി പോലും ഛായാഗ്രാഹകന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സിനിമയുടെ ദൃശ്യപരമായ പരാജയം.

കാഴ്ചയ്ക്കൊപ്പം ശബ്ദം കൂടി ചേരുമ്പോഴാണ് സിനിമ അനുഭവമാകുന്നത്. അവ രണ്ടും സിനിമയെ സംബന്ധിച്ചിടത്തോളം പരസ്പരപൂരകമാവണം. നവാഗതരില്‍ പലരും കാഴ്ചയെ മറയ്ക്കാനുള്ള ആവരണമായാണ് സംഗീതത്തെ ഉപയോഗിക്കുന്നത്. അതാവട്ടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് സംവിധായകന്‍ പെടുന്ന ഗതികേടില്‍ നിന്നുള്ള രക്ഷപെടല്‍ തീരുമാനമായാണ് സിനിമയെ ശ്രദ്ധാപൂര്‍വ്വം കാണുന്നവര്‍ക്ക് തോന്നുക. എഡിറ്റിംഗ് കഴിഞ്ഞ് സിനിമ കാണുമ്പോള്‍ താന്‍ നേരിടുന്ന ദൃശ്യപരമായ തകര്‍ച്ചയെ മറികടക്കാനാണ് അവിടെ സംഗീതത്തിന്‍റെ അലറിച്ചയെ സ്ഥാപിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാക്കാം.

കണ്ണിനെ മൂടി കാതടപ്പിക്കല്‍ സമകാല സിനിമാ സംഗീതത്തിലെ നവീനപ്രവണതയാണ്. അത് പടയോട്ടത്തിലും കൃത്യമായി പാലിക്കപ്പെടുന്നുണ്ട്. സര്‍ക്കസിലെ ചെണ്ട കൊട്ടുകാര്‍പോലും അരങ്ങിനനുസരിച്ച് ചിലപ്പോള്‍ ശബ്ദം താഴ്ത്താറുണ്ടല്ലോ.  

Spread the love