പദ്മ ബഹുമതികൾക്കായി എം ടി, മമ്മൂട്ടി അടക്കമുള്ളവരുടെ പട്ടിക കേന്ദ്രം തള്ളി. പദ്മാപുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിർദ്ദേശിച്ച ലിസ്റ്റാണ് ഇത്തവണ കേന്ദ്രസർക്കാർ നിരാകരിച്ചത്. മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവന്‍നായര്‍ക്ക് പദ്മവിഭൂഷണ്‍ അടക്കം 56 പേരുടെ ലിസ്റ്റാണ് സംസ്ഥാന സർക്കാർ നല്‍കിയത്. ഈ പാനലിൽ നിന്നും ഒരാളെപ്പോലും ബഹുമതിക്കായി പരിഗണിക്കാതിരിക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ എക്സ്പ്രസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്

റിപ്പബ്ലിക് ദിനത്തിൽ സമ്മാനിക്കുന്ന പദ്മ ബഹുമതികൾ സംസ്ഥാനത്തിന്റെ നിർദേശമനുസരിച്ചാണ് സാധാരണയായി നൽകാറുള്ളത്. ചില പേരുകൾ ഒഴിവാക്കുകയും മറ്റു ചിലതു കൂട്ടിച്ചേർക്കുകയും ചെയ്യാറുണ്ട് എന്ന വ്യത്യാസമൊഴിച്ചാൽ ഈ കീഴ്വഴക്കമാണ് പിന്തുടരുന്നത്. പദ്മഭൂഷണ്‍ പുരസ്‌കാരത്തിനായി കലാമണ്ഡലം ഗോപി, സുഗതകുമാരി, മമ്മൂട്ടി, റസൂല്‍ പൂക്കുട്ടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍, മധു, ശോഭന എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്.

കൂടാതെ പദ്മശ്രീക്കായി സൂര്യ കൃഷ്ണമൂര്‍ത്തി, കെ. ഓമനക്കുട്ടി, രമേശ് നാരായണ്‍, സദനം കൃഷ്ണന്‍കുട്ടി നായര്‍, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ജി.കെ. പിള്ള, എം.എന്‍. കാരശേരി, ആര്‍ച്ച് ബിഷപ് സൂസെപാക്യം, കെ. മോഹനന്‍, എം.എസ്. മണി, എം.കെ. സാനു, ഡോ. എന്‍.വി.പി. ഉണിത്തിരി, ഡോ. ഖദീജാ മുംതാസ്, ഡോ. വി.പി. ഗംഗാധരന്‍, പി. ജയചന്ദ്രന്‍, ഐ.എം. വിജയന്‍ എന്നിവരടക്കം 47 പേരെയാണ് സംസ്ഥാന സർക്കാർ ശുപാര്‍ശചെയ്തത്.

കാബിനറ്റ്, ആഭ്യന്തര സെക്രട്ടറിമാർ, പ്രസിഡന്‍റിന്‍റെ സെക്രട്ടറി എന്നിവരോടൊപ്പം വിവിധ മേഖലകളിൽ പ്രശസ്തരായ നാല് മുതൽ ആറ് വരെ അംഗങ്ങളെ ചേർത്താണ് പത്മ അവാർഡ് കമ്മിറ്റി രൂപീകരിക്കുന്നത്. പ്രധാനമന്ത്രിയാണ് ഈ കമ്മറ്റി രൂപീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ശുപാർശകൾ പരിഗണിച്ച് അതിൽ നിന്നും തിരഞ്ഞെടുത്ത പേരുകൾ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമർപ്പിക്കുകയാണ് പതിവ്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  റിപ്പബ്ലിക് ദിനപരേഡിലും രാഷ്ട്രീയ വൈര്യം ; കേരളത്തിന്റെ ഫ്ളോട്ടുകൾ കേന്ദ്ര സർക്കാർ ഒഴിവാക്കി

LEAVE A REPLY

Please enter your comment!
Please enter your name here