Wednesday, October 21

ഒരു പാലയും രണ്ടു മാണിയും

വരുന്ന തെരെഞ്ഞെടുപ്പ് നാളുകളിലേക്കുള്ള ചർച്ചയിലാണ് കേരളത്തിലെ ഇരു മുന്നണികളും. രമേശ് ചെന്നിത്തലയുടെ വക പരിപാടികളൊന്നും ഏശാതെ പോയെങ്കിലും യു ഡി എഫ് ക്യാമ്പുകൾ ഇപ്പോൾ ഏതാണ്ട് സജ്ജീവമാണ്. കത്തിനിൽക്കുന്ന പാലാ മണ്ഡലത്തെ ചൊല്ലിയും കേരളം കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എൽ ഡി എഫ് അഭിനിവേശത്തെ ചൊല്ലിയും അല്പം പരിഭ്രാന്തിയിലാണ് യു ഡി എഫ്. മലപ്പുറത്തെ പച്ചയും കോട്ടയത്തെ രണ്ടിലയുമാണല്ലോ നിലവിൽ കോറം തികയ്ക്കാൻ യു ഡിഎഫിനു സഹായമായത്. രണ്ടിലയെന്നു പറയുമ്പോൾ തന്നെ കെ എം മണിയെന്ന വന്മരത്തിന്റെ സാന്നിധ്യം തന്നെയാണ് കോട്ടയത്തെ തിരുവഞ്ചൂർ ഉൾപ്പടെയുള്ള നേതാക്കൾക്ക് ഗുണമായി നിന്നത്. അതുകൊണ്ടുതന്നെ യു ഡി എഫ് വിട്ടു പോകാൻ ഒരുങ്ങുന്ന ജോസ് കെ മാണിയുടെ നീക്കം പരിഭ്രാന്തിയിലേക്കു കോൺഗ്രസിനെ നയിക്കും. ജോസഫ് വിഭാഗത്തിന്റെ ശക്തി എത്രമാത്രമുണ്ടെന്നു കണ്ടറിഞ്ഞ യു ഡി എഫ് നിലവിൽ എൽ ഡി എഫിലെ സഖ്യകക്ഷിയും പാലായിലെ ഇപ്പോഴത്തെ എം എൽ എ ആയ മാണി സി കാപ്പൻ ഉൾപ്പെടുന്നതുമായ എൻ സി പി യെ പതിയെ കൂടെ കൂട്ടാനുള്ള ശ്രമം നടത്തുന്നത്. ജോസഫും മാണി സി കാപ്പനും ഒപ്പം ഉണ്ടെങ്കിൽ അല്പം ആശ്വാസം എന്ന ചിന്തയിലാകാം തിരുവഞ്ചൂർ കഴിഞ്ഞ ദിവസം മാണി സി കാപ്പനെ കാണാൻ തീരുമാനിച്ചതും, കാപ്പൻ പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയിലെന്നു പ്രഖ്യാപിച്ചതും.
എന്നാൽ പാലാ സീറ്റു കിട്ടാതെ ജോസ് ഒരു ഒത്തു തീർപ്പിനു വഴങ്ങുമോ എന്നുള്ള കാര്യം സംശയമാണ്. കാരണം പാല കേരളാകോൺഗ്രെസിന്റെ മാനസ പുത്രിയാണ്.കഴിഞ്ഞ ഒരു തവണ മാത്രമാണ് ഈ സീറ്റ് അവർക്കു നഷ്‍ടമായത്. അതും എൽ ഡി എഫിന്റെ കരുത്തുറ്റ പ്രചാരണത്തിന്റെ ഭാഗമായതുകൊണ്ട്. ജോസിനറിയാം എൻ സി പി എന്ന രാഷ്ട്രീയ കക്ഷിക്ക്‌ അവിടെ എത്രമാത്രം സ്വാധീനമുണ്ടെന്ന്. ഇനി മാണി സി കാപ്പൻ എത്രമാത്രം വോട്ടു പിടിക്കുമെന്നും അറിയാം. എൽ ഡി എഫിന്റെയോ സി പി എമ്മിന്റെയോ പൊതു സമ്മതിയാണ് മാണി സി കാപ്പൻ അവിടെ വിജയിക്കാൻ കാരണമായത്. ആ നിലയ്ക്ക് എൽ ഡി എഫിന്റെ ഭാഗമാകുമ്പോൾ മാണിയുടെ നിഴലും എൽ ഡി എഫിന്റെ തുണയും കൂടിയുണ്ടെങ്കിൽ പാലാ നിഷ്പ്രയാസം കൂടെ നിർത്താൻ കഴിയും എന്ന് ജോസിന് നന്നായി മനസ്സിലായിട്ടുണ്ട്.
ഇതിനിടെ എൻ സി പി യിൽ തന്നെവിമത ശബ്ദം ഉയർന്നു തുടങ്ങിയിട്ടുണ്ട്. ശശീന്ദ്രൻ വിഭാഗത്തിന് എൽ ഡി എഫ് വിട്ടുപോകാൻ താത്പര്യമില്ല എന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മാണി സി കാപ്പൻ ഒറ്റയ്ക്കു കോൺഗ്രസിലേക്കോ ജോസഫ് വിഭാഗത്തിലേക്കോ ചേക്കേറേണ്ടതായി വരും. ഇത് നിലവിൽ അദ്ദേഹത്തിന്റെ പാർലമെന്ററി സ്ഥാനത്തെ ബാധിക്കുകയും ചെയ്യും. എന്നിരുന്നാലും ഇനി വരൻ പോകുന്ന തെരെഞ്ഞെടുപ്പിൽ ഇത് തന്നെയാവാം സംഭവിക്കാൻ പോകുന്നത്.
പാലാ ഇനിവരുന്ന തെരെഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാകും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. അപ്പോഴും പ്രദേശിക സി പി എം നേതൃത്വമാകും ആശയ കുഴപ്പത്തിലാകുക. നയപരമായ തീരുമാനങ്ങൾക്കപ്പുറമാണല്ലോ ജനങ്ങൾക്കിടയിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സർവ ശക്തിയും സംഭരിച്ചുകൊണ്ട് എതിർത്ത ഒരാൾക്ക് വേണ്ടി രണ്ടു വർഷങ്ങൾക്കു ശേഷം നിലപാട് മാറ്റി രംഗത്തുവരണമെന്ന അവസ്ഥ പരിതാപകരമാണ്. ഇത് മാണി സി കാപ്പന് ഗുണകരമായി മാറും. എന്നിരുന്നാലും ജോസ് കെ മാണിയിലൂടെ കെ എം മാണി എഫക്ട്എത്രമാത്രം നിലനിർത്താൻ കഴിയുമോ അവിടെയായിരിക്കും എൽ ഡി എഫിന്റെ പ്രതീക്ഷ.നിലവിലെ വിജയം താത്കാലികമാണെന്ന വാദത്തിലാണ് എൽ ഡി എഫിലെ പലരും.

Spread the love
Read Also  പാലാ കൊട്ടിക്കലാശത്തിന്റെ രഹസ്യങ്ങൾ ; എന്തുകൊണ്ട് വെള്ളിയാഴ്ച തെരഞ്ഞെടുത്തു ?