പഞ്ഞിമരം
രാജേഷ് വർമ്മ .

കുട്ടിക്കാലം തൊട്ടേ
ആകാശമാണ് അവളെ
ഏറ്റവും കൊതിപ്പിച്ചത്
പ്രത്യേകിച്ച്‌ തന്റെ ചില്ലകളിൽ
വന്നിരിക്കുന്ന കിളികളേക്കാൾ
സ്വതന്ത്രരായി ഒഴുകുന്ന
മേഘങ്ങൾ.
മേഘങ്ങളെ തൊടാനായി
ആഞ്ഞാഞ്ഞ് , അവൾ
പൊക്കത്തിൽ വളർന്നു.
അതിനും മേലേ
അവളെ കൊതിപ്പിച്ച്‌
മേഘങ്ങൾ പറന്നു
കൊണ്ടിരുന്നു.

കായ്കളുണങ്ങി നിറഞ്ഞ
ഒരു കൊടുംവേനലിന്റെ
നട്ടുച്ചയിൽ
അവളുടെ ക്ഷമ കെട്ടു.

ഒറ്റയും പെട്ടയുമായി
അവൾ തന്റെ കായ്കളെ
പൊട്ടിത്തെറിപ്പിച്ചു.

കുഞ്ഞുമേഘങ്ങൾ
അവളുടെ കൈകളിൽ നിന്നും
കക്ഷങ്ങൾക്കിടയിലൂടെയും
നെറ്റിയിലുമ്മവച്ചും
അരക്കെട്ടിനെ തഴുകിയും
ഒഴുകി നടന്നു….

“”എന്റെ ആകാശമേ
എന്റെ മേഘങ്ങളേ ”
അവൾ വിളിച്ചു
ആ വിളിയൊരു കാറ്റായി
കായകളെ ഞെക്കിപൊട്ടിച്ചും
മേഘങ്ങളെ കൂടുതുറന്നു
വിട്ടുകൊണ്ടുമിരുന്നു.

 

Read Also  നിഘണ്ടു ; ഡോ. സുരേഷ് നൂറനാടിന്റെ കവിത

LEAVE A REPLY

Please enter your comment!
Please enter your name here