Friday, September 17

പാറശ്ശാല പൊന്നമ്മാളിന് വിട ; സംഗീതത്തിനായി സമർപ്പിച്ച ജീവിതം

ദക്ഷിണേന്ത്യയിലെ പ്രമുഖകർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ (96) വിടവാങ്ങിയിരിക്കുന്നു. കർണാടക സംഗീതത്തിനു വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു പൊന്നമ്മാളിൻ്റേത്. 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു

ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെയും മുത്തയ്യ ഭാഗവതരുടെയും സംഗീത പാരമ്പര്യം പിന്തുടർന്ന പൊന്നമ്മാളുടെ കച്ചേരികൾക്ക്
തെക്കേ ഇന്ത്യയിലെങ്ങും നിറഞ്ഞ സദസ്സുകളാണുണ്ടായിരുന്നത്. സംഗീതം പഠിച്ചും പഠിപ്പിച്ചുംകൊണ്ടും കേരളത്തിലെ കർണാടക സംഗീതജ്ഞരിൽ മുൻപന്തിയിൽ തന്നെ സ്ഥാനമുറപ്പിച്ച സംഗീതജ്ഞയായിരുന്നു പൊന്നമ്മാൾ. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത എന്ന റിക്കാർഡ് പൊന്നമ്മാൾക്കുണ്ട്. സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്കൃതികളും ഇടംചേരുന്നതാണ് അവരുടെ കച്ചേരികൾ

തിരുവനന്തപുരം ജില്ലയുടെ തെക്കേയറ്റത്ത് പാറശ്ശാല ഗ്രാമത്തിൽ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924-ൽ ജനിച്ച പൊന്നമ്മാൾ ഏഴാം വയസ്സിലാണ് സംഗീതം അഭ്യസിച്ചുതുടങ്ങിയത്. അച്ഛന്റെ സ്ഥലംമാറ്റത്തെ തുടർന്ന് ആദ്യം അടൂരിലും പിന്നീട് പാറശ്ശാലയിലുമായിരുന്നു പ്രാരംഭപഠനം.

കേരളത്തിലെ പ്രമുഖ സംഗീത പാഠശാലയായ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ  ആദ്യ വിദ്യാർഥിനിയായിരുന്നു. അവിടെ നിന്നും ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും ഒന്നാംറാങ്കോടെയും പാസ്സായി. പ്രസിദ്ധ സംഗീതജ്ഞൻ പാപനാശം ശിവൻ്റെ ശിഷ്യയായിരുന്നു. 18-ാം വയസ്സിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ സംഗീതാധ്യാപികയായ പൊന്നമ്മാൾ തുടർന്ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീത കോളേജിന്റെ പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചത്. നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി.കെ.രാമചന്ദ്രൻ, ഡോ. ഓമനക്കുട്ടി, എം.ജി.രാധാകൃഷ്ണൻ, കുമാരകേരള വർമ തുടങ്ങി പുതുതലമുറയിലെ പൂവരണി കെ.വി.പി.നമ്പൂതിരി വരെ സംഗീതത്തിൽ പൊന്നമ്മാളുടെ ശിഷ്യത്വം നേടിയവർ നിരവധിയാണ്.

നിരവധി പുരസ്കാരങ്ങൾ പൊന്നമ്മാളിനെ തേടിയെത്തിയിട്ടുണ്ട്. 2009ലെ കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങൾ, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്കാരം എന്നിവ കരസ്ഥമാക്കി.

Spread the love
Read Also  ഗെയിൽ ഓംവെദ് ; ജാതിവ്യവസ്ഥിതിക്കെതിരായ പോരാട്ടത്തിൻ്റെ അഞ്ച് പതിറ്റാണ്ടുകൾ