ചത്തീസ്ഗഡിലെ ഉദയ്പൂര്‍ ബ്ലോക്കിലുള്ള പര്‍സ ഗ്രാമത്തിലെ മധ്യവയസ്കയായ ബാന്‍മതി എന്ന സ്ത്രീ ശുദ്ധജലം കുടിച്ചിട്ട് മൂന്ന് ദിവസമായി. ഗ്രാമത്തില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഏക വ്യക്തിയല്ല ബാന്‍മതി. ഗ്രാമത്തിലെ ഏക കുഴല്‍ക്കിണറില്‍ നിന്നും ലഭിക്കുന്ന തവിട്ട് നിറത്തിലുള്ള ചെളിവെള്ളത്തെയാണ് ആ മലയോര ഗ്രാമം മുഴുവന്‍ ആശ്രയിക്കുന്നത്. കുടിക്കാന്‍ വെള്ളമില്ലാതെ അതിജീവനം തന്നെ തങ്ങള്‍ക്ക് വെല്ലുവിളിയാവുകയാണെന്ന് ബാന്‍മതി പറയുന്നു. വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പര്‍സയിലെ ഗ്രാമ പഞ്ചായത്തില്‍ കൂടിയിരിക്കുന്ന ജനങ്ങള്‍ ബാന്മതിയുടെ വാക്കുകള്‍ ശരിവെക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഗ്രാമത്തിലെ രണ്ടുപേര്‍ മരിച്ചു. സോന്‍ സായിയും അമര്‍ ദേവ് യാദവും. അമര്‍ ദേവ് യാദവ് ബാന്മതിയുടെ സഹോദരനാണ്. ഇരുവരും അദാനിയുടെ ഖനന കമ്പനിയുടെ കുടിള്ള വിതരണ പദ്ധതിയിലെ ജീവനക്കാരായിരുന്നു. ഇവരുടെ മരണകാരണം വ്യക്തമല്ലെങ്കിലും ഗ്രാമീണര്‍ തീവ്രദുഃഖത്തിലും രോഷത്തിലുമാണ്. പക്ഷെ, ചോദ്യം അതല്ല. ചത്തീസ്ഗഡിലെ കൊടുംകാട്ടിനുള്ളിലുള്ള പര്‍സ ഗ്രാമത്തിലെ ജനങ്ങള്‍ എന്തിനാണ് അദാനിയുടെ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരമാണ് thewire.in ല്‍ എഴുതിയ റിപ്പോര്‍ട്ടില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരായ ലാലന് സിംഗും ക്രാന്തി കുമാര്‍ റാവത്തും അന്വേഷിക്കുന്നത്.
അദാനിയുടെ കല്‍ക്കരി ഖനി ഉയര്‍ത്തിവിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഇരകളാണ് പര്സ് ഈസ്റ്റ്-കെന്റ ബാസെന്‍ (പിഇകെബി) ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പര്‍സ ഗ്രാമത്തിലെ ജനങ്ങള്‍. പിഇകെബി ബ്ലോക്കിലെ തെക്കന്‍ സുര്‍ഗുജ ഫോറസ്റ്റ് ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന ഹസ്ദിയോ-ആറന്റ് കല്‍ക്കരി പാടങ്ങള്‍ ഖനനത്തിന് തുറന്ന് കൊടുക്കരുതെന്ന് 2011 ജൂണ്‍ 22ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വന ഉപദേശക സമിതി റിപ്പോര്‍ട്ട് നല്കി. എന്നാല്‍ വനോപദേശക സമിതിയുടെ റിപ്പോര്‍ട്ട് അവഗണിച്ചുകൊണ്ട് അന്നത്തെ പരിസ്ഥിതി, വനം സഹമന്ത്രി ജയറാം രമേശ് തൊട്ടടുത്ത ദിവസം തന്നെ ഖനിക്ക് അനുമതി നല്കി.
ഈ വനം അരികു പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും അതിനാല്‍ തന്നെ ജൈവവൈവിദ്ധ്യത്തിന് ഭീഷണിയല്ലെന്നുമായിരുന്നു അനുമതി നല്‍കുന്നതിന് കാരണമായി മന്ത്രാലയം ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഈ വനത്തില്‍ 29 ഇനം മത്സ്യങ്ങളും 14 തരം ഇഴജന്തുക്കളും 111 ഇനങ്ങളില്‍പെട്ട പക്ഷികളും, 34 തരം സസ്തിനികളും 51 തരം ഔഷധസസ്യങ്ങളും 86 വ്യത്യസ്ത ഇനങ്ങളില്‍പെട്ട മരങ്ങും 38 തരം കുറ്റിച്ചെടികളും ഉണ്ടെന്ന് തെക്കന്‍ സുര്‍ഗുജ ഫോറസ്റ്റ് ഡിവിഷന് തന്നെ ഔദ്ധ്യോഗികമായി തയ്യാറാക്കിയ പട്ടികയില്‍ വിശദീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് വനോപദേശക സമിതി വിഷയം ഗഹനമായി പഠിച്ചിട്ടില്ലെന്നും സമിതിയുടെ പുതിയ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം പരിസ്ഥിതി, വനം മന്ത്രാലയം നീതിയുക്തമായ ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിച്ചു. വിഷയം പുനഃപരിശോധിക്കും വരെ ഖനനം നിറുത്തിവെക്കാനും ട്രിബ്യൂണല്‍ ഉത്തരവിട്ടു.
രാജസ്ഥാന് വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് ഖനിയുള്ളത്. അദാനി മൈനിംഗ് ഖനി വികസനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്ന കമ്പനിയാണ്. ചത്തീസ്ഗഡ് ബ്ലോക്കിലെ ഈ ഖനിക്ക് വേണ്ടി മാത്രം പ്രതിവര്‍ഷം 3,000 കോടിയുടെ മൂലധന മുടക്കുമുതലാണ് അംബാനിയുടെ കമ്പനി നടത്തുന്നതെന്നാണ് കണക്ക്, പ്രതിവര്‍ഷം 15 ദശലക്ഷം ടണ്‍ കല്‍ക്കരി ഉല്പാദിപ്പിക്കുന്നുണ്ടെന്നാണ് ഔദ്ധ്യോഗിക കണക്കെങ്കിലും യഥാര്‍ത്ഥ ഇതിലും വളരെ കൂടുതലായിരിക്കുമെന്ന് പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഏതായാലും ചത്തീഗഡ് സര്‍ക്കാരിന്റെ ഒത്താശയോടെയും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയും 2012 മാര്‍ച്ച് 28ന് അദാനി മൈനിംഗ് ഇവിടെ ഖനനം പുനഃരാരംഭിച്ചു.
ഖനനത്തിന്റെ അടുത്ത ഘട്ടത്തില്‍ ചുറ്റുപാടുമുള്ള പ്രദേശങ്ങളും ചൂഷണം ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ 2014ല്‍ സുപ്രീം കോടതി പ്രദേശത്തെ ഖനനം താല്‍ക്കാലികമായി നിറുത്താന്‍ ഉത്തരവിട്ടു. മൊത്തമുള്ള 218 ഖനന ലൈസന്‍സുകളില്‍ 214ഉം റദ്ദാക്കാനും കോടതി നിര്‍ദ്ദേശം നല്കി. 2014 ഒക്ടോബര്‍ 20ന് സുര്‍ഗുജ, കോര്‍ബ, റയിഗഡ് ജില്ലകളില്‍ നിന്നുള്ള 20 ഗ്രാമ കൗണ്‍സിലുകള്‍ യോഗം ചേര്‍ന്ന് കെഇപിബി ബ്ലോക്കിലെ ഖനനം നിറുത്തലാക്കാനുള്ള പ്രമേയം പാസാക്കി. പര്‍സ ഗ്രാമ പഞ്ചായത്ത് ഇതിന്റെ ഭാഗമായിരുന്നില്ലെങ്കിലും പ്രമേയത്തിന്റെ ഗുണം അവര്‍ക്കും ലഭിക്കുമായിരുന്നു. എന്നാല്‍ 2014 ഡിസംബറില്‍ കല്‍ക്കരി ഖനികള്‍ (പ്രത്യേക വ്യവസ്ഥകള്‍) ഓര്‍ഡിനന്‍സിലൂടെ മോദി സര്‍ക്കാര്‍ ഗ്രാമ കൗണ്‍സില്‍ നിരോധനത്തെ മറികടന്നു.
അതിന് ശേഷം വെറും രണ്ട്, മൂന്ന് വര്‍ഷം കൊണ്ട് കുടിവെള്ളം തങ്ങളുടെ ദൃഷ്ടിയില് പോലുമില്ലാതെ ആയെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമത്തിലെ സുസ്ഥിരവും ഇടതടവില്ലാത്തതുമായ കുടിവെള്ള വിതരണത്തിന് കുടിവെള്ള ടാങ്കുകള്‍ നിര്‍മ്മിക്കുമെന്ന് പദ്ധതിയുടെ തുടക്കത്തില്‍ അദാനി ഗ്രൂപ്പ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുകയും, ഗ്രാമത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിച്ചിട്ടുള്ള ടാപ്പുകളിലൂടെ ദൈനംദിന രീതിയില്‍ കുടിവെള്ളം വിതരണം ചെയ്യുകയുമാണ് അദാനി ഗ്രൂപ്പ് ചെയ്തത്. ചുരുക്കത്തില്‍ കുടിവെള്ളത്തിന് അദാനിയുടെ കമ്പനിയെ പൂര്‍ണമായും ആശ്രയിക്കേണ്ട ഗതികേടിലാണ് വനത്തിന്റെ നടുക്കുള്ള ഈ ഗ്രാമത്തിലെ ജനങ്ങള്‍.

വളരെ മോശമായി സ്ഥാപിച്ചിരിക്കുന്ന കമ്പനിയുടെ കുടിവെള്ള പൈപ്പുകള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം. അതുകൊണ്ടുതന്നെ സ്ഥിരമായി കുടിവെള്ളം മുടങ്ങുന്നു. ഗ്രാമത്തിലെ ഒരു ഭാഗത്തുള്ളവര്‍ പരാതി പറയുമ്പോള്‍ മറുഭാഗത്ത് നിന്നും വെള്ളം തിരിച്ചുവിടുക എന്ന തന്ത്രമാണ് കമ്പനി പയറ്റുന്നത്. പിന്നീട് പരാതി പറഞ്ഞ വീട്ടുകാരുടെ അടുത്തേക്ക് കമ്പനിയുടെ ജീവനക്കാര്‍ എത്തുകയും വീട്ടുകാരോട് ടാപ്പ് തുറക്കാന്‍ പറഞ്ഞ ശേഷം വെള്ളം വരുന്ന ചിത്രമെടുത്ത് മടങ്ങുകയും ചെയ്യും. ജലവിതരണം തിരിച്ചുവിടുകുയും വിഭജിക്കുകയും ചെയ്യുന്നതിനാല്‍ ഗ്രാമത്തിലെ ആര്‍ക്കും സ്ഥിരമായി കുടിവെള്ളം ലഭിക്കാറില്ല. എന്നാല്‍ ഗ്രാമവാസികള്‍ക്ക് ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നുണ്ടെന്നും പശ്ചാത്തല സൗകര്യങ്ങള്‍ക്ക് യാതൊരു തകരാറുമില്ലെന്നുമാണ് കമ്പനിയുടെ ഭാഷ്യം.
ഹതാശയരായ ഗ്രാമീണര്‍ ഇപ്പോള്‍ പഞ്ചായത്ത് അധികൃതരോടാണ് തങ്ങളുടെ ദേഷ്യം തീര്‍ക്കുന്നത്. ഒരിക്കല്‍ കല്‍ക്കരി ഖനിയുമായി ബന്ധപ്പെട്ട വികസനത്തെ കുറിച്ച് കൊട്ടിഘോഷിച്ചിരുന്ന പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. ജലവിതരണം ഏറ്റെടുക്കാന്‍ കമ്പനി പഞ്ചായത്ത് അധികൃതര്‍ക്ക് മേല്‍ തുടര്‍ച്ചയായി സമ്മര്‍ദം ചെലുത്തുകയാണ്. ആജീവനാന്തം ശുദ്ധജലം വിതരണം ചെയ്യാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് കമ്പനിയുടെ ന്യായീകരണം. എന്നാല്‍, ഖനനത്തിലൂടെ ഭൂഗര്‍ഭജലം മുഴുവന്‍ നഷ്ടപ്പെട്ട ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് എങ്ങനെ കുടിവെള്ളം വിതരണം ചെയ്യുമെന്നറിയാതെ ഉഴലുകയാണ് പഞ്ചായത്ത് അധികൃതര്‍.
കുടിവെള്ള ക്ഷാമം കമ്പനിയോടുള്ള പൊതുരോഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാ ഗ്രാമീണര്‍ക്കും ഖനിയില്‍ ജോലി നല്‍കുമെന്നായിരുന്നു തുടക്കത്തിലുള്ള വാഗ്ദാനം. എന്നാല്‍ പിന്നീട് അത് ‘ശേഷിക്കനുസരിച്ച്’ എന്ന് മാറ്റി. സ്വന്തം ഭൂമി ഖനിക്കായി വിട്ടുനല്‍കേണ്ടി വന്ന ഗീത ഭായി ഇപ്പോള്‍ കമ്പനിയിലെ ശൗച്യാലയങ്ങള്‍ വൃത്തിയാക്കുന്ന ജോലി കൊണ്ടാണ് ജീവിക്കുന്നത്. അവരുടെ ശൗച്യാലയങ്ങള്‍ വൃത്തിയാക്കുന്നതിന് വേണ്ടിയാണോ തന്റെ കൃഷി ഭൂമി കമ്പനിക്ക് വിട്ടുനല്‍കിയതെന്ന് ഗീത ഭായി രോഷത്തോടെ ചോദിക്കുന്നു.
ഉല്പാദിപ്പിക്കുന്ന ഒരു ടണ്‍ കല്‍ക്കരിക്ക് പകരം കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വമായി അഞ്ചു രൂപയാണ് കമ്പനി മാറ്റിവെക്കുന്നത്. ഈ പണത്തില്‍ ഒരു ഭാഗം ഗ്രാമത്തിലെ ഒരു സ്കൂള്‍ നടത്തിപ്പിനായി ഉപയോഗിക്കുന്നു. സ്കൂള്‍ നടത്തിപ്പില്‍ ഗ്രാമീണര്‍ക്ക് പരാതികളില്ല. എന്നാല്‍, മിക്കപ്പോഴും ആവശ്യത്തിന് സീറ്റുകളില്ല എന്ന കാരണം പറഞ്ഞ് ഗ്രാമത്തിലെ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നതിലാണ് അവര്‍ക്ക് രോഷം. പ്രവേശനം നേടാനുള്ള യോഗ്യത ഗ്രാമത്തിലെ കുട്ടികള്ക്കില്ലെന്നാണ് പലര്‍ക്കും ലഭിക്കുന്ന വിശദീകരണം.
ഖനിയുടെ അടുത്ത് താമസിക്കുന്നതിന്റെ എല്ലാ പ്രത്യാഘാതങ്ങളും അനുഭഴിക്കുന്നവരാണ് പര്‍സയിലെ ഗ്രാമീണര്‍. താമസിയാതെ തന്നെ തങ്ങളെ ഈ പ്രദേശത്ത് നിന്നും ഒഴിപ്പി്ക്കുമെന്നും മറ്റേതെങ്കിലും സ്ഥലത്തേക്ക് പറിച്ചു നടുമെന്നും അവര്‍ ഭയക്കുന്നു. എന്നാല്‍ അതിനെക്കാള്‍ അവര്‍ മുന്‍ഗണന നല്‍കുന്നത് ശുദ്ധമായ ജലത്തിന്റെ ലഭ്യതയ്ക്ക് തന്നെയാണ്.