പഴയ കാലത്തെ ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടുന്ന ചിലത് പുത്തൻസങ്കേതമായി എങ്ങനെ പാകപ്പെടുത്തിയെടുക്കാമെന്ന് നമുക്ക് കാണിച്ചുതരുന്ന ചില കഥകൾ ഇന്ന് പരിചയപ്പെടാം. ശ്രവണ പേടകവും പ്രവാസ ജീവിതവും തീറ്റയുമൊക്കെ പുത്തൻ മാനങ്ങൾ തേടുന്ന സങ്കേതങ്ങളായി മാറുന്ന കാഴ്ച അനുവാചകനെ ആനന്ദിപ്പിക്കാതിരിക്കില്ല.

ശ്രവണപേടകം (കലാകൗമുദി)
…………………………..
ശ്രീ.ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘ശ്രവണപേടകം’ യാഥാർത്ഥ്യം, ഭാവന, ഭൂതം വർത്തമാനം എന്നിങ്ങനെയുള്ള അതിരുകളെ മായ്ച്ചുകളഞ്ഞുകൊണ്ട് വായനക്കാരെ വിഭ്രമത്തിന്റേയും അനുഭവത്തിന്റേയും ഇന്ദ്രിയജ്ഞാനങ്ങളിലൂടെ സഞ്ചരിപ്പിക്കുന്ന കഥയാണ്. മാനവചരിത്രത്തിന്റെ തുടക്കംമുതൽ കാലികകാലംവരെയുള്ള നിരന്തര അയനത്തിന്റെ രേഖപ്പെടുത്തൽകൂടെയാകുന്നു ഇക്കഥ.

അടിസ്ഥാനവർഗ്ഗവും ജനാധിപത്യവഴികളും തമസ്കരിക്കപ്പെടുന്ന ഒരു കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്ന് കഥാകാരൻ ഓർമ്മപ്പെടുത്തുന്നത് പല കാലങ്ങളിലെ ഓർമ്മകളിലൂടെയുള്ള ഒരുവന്റെ സഞ്ചാരങ്ങളെ തുറന്നു കാട്ടിക്കൊണ്ടാണ്. അതിനായി ഒരു സങ്കേതംതന്നെ മെനഞ്ഞെടുത്തിട്ടുമുണ്ട് – ഒരു ശ്രവണപേടകം. കാലത്തിനപ്പുറത്തുള്ള ചരിത്രത്തിന്റെ കാലൊച്ചകൾ മുതൽ ഇന്നിന്റെ സ്പന്ദനങ്ങൾവരെ ഓർമ്മകളുടെ ഒച്ചകളായി എത്തി ബാബുക്കുട്ടന്റെ സ്വൈരതയിൽ ആഘാതമേൽപ്പിക്കുമ്പോൾ മൂല്യച്യുതികളുടെ ചുഴിയിൽ വീണുപോയ മനുഷ്യകുലത്തിന്റെ പതനവഴികളേയും അതിജീവനത്തിന് അസാദ്ധ്യമായ നിസ്സഹായതയേയും വായനക്കാർ പൊള്ളലോടെ തിരിച്ചറിയുന്നു.

ഒച്ചകളുടെ അഭാവത്താൽ നിത്യജീവിതത്തിൽ സങ്കീർണ്ണതകൾ വന്നുപെടുമ്പോഴാണ് ബാബുക്കുട്ടൻ ഒരു ശ്രവണപേടകത്തിന്റെ സഹായം തേടുന്നത്. എന്നാൽ അത് കാതിൽത്തിരുകുമ്പോൾ അതിവിദൂരകാലത്തിലെ ചരിത്രങ്ങൾ ഓർമ്മകളുടെ ഒച്ച കളായി ബാബുക്കുട്ടനെ തേടിയെത്തുന്നു.അവിടെ ബില്ലിയാൻകാണി എന്ന കാടിന്റെ കരുത്തിനോട് ,ഒച്ചയുടെ ആണടയാളത്തോട്, അയാളുടെ കുലത്തോട് മനുഷ്യൻ കാണിച്ച കൊലച്ചതിയുടെയും പിടിച്ചടക്കലിന്റെയും, സമൃദ്ധിയിൽ നിന്ന് ദാരിദ്യക്കയത്തിലേക്കു വലിച്ചെറിയപ്പെട്ട നിസ്സഹായസഹനത്തിന്റെയും കഥകൾ ആ ഏകാകിയുടെ ഭൂതകാലത്താഴ്ചകളുടെ ഒച്ചകളിലൂടെ ശ്രവണപേടകം ബാബുക്കുട്ടനിലെത്തിക്കുന്നു. ജനാധിപത്യത്തിന്റെ ആധിപത്യ മുഖത്തിലേക്കുള്ള കൂടുമാറ്റങ്ങളാണ് പിന്നീടുള്ള ഓരോ ദിവസവും പഴയോർമ്മകളുടെ ഒച്ചകളായി ശ്രവണ പേടകത്തിലൂടെ ബാബുക്കുട്ടനിലെത്തുന്നത്.

പണിയെടുക്കാതെ എങ്ങനെ ജീവിക്കാമെന്ന് കാണിച്ചുതരുന്ന ലക്ഷക്കണക്കിന് പാർട്ടിപ്രവർത്തകർ, അവരെ തീറ്റിപ്പോറ്റുന്ന ഉദ്യോഗസ്ഥവൃന്ദങ്ങൾ, അവർക്കായി നികുതിപ്പണം നൽകുന്ന സാധാരണക്കാർ, രാഷ്ട്രീയക്കോമരങ്ങളെ സംരക്ഷിക്കുന്ന ക്രിമിനൽ ഗുണ്ടകൾ, ഒടുവിൽ സഹായംചെയ്യുക എന്ന കൂലിപ്പണി മതിയാക്കി സ്വയം രാഷ്ട്രീയക്കാരായി അവരോധിക്കുന്ന ഗുണ്ടകൾ, ഇലക്ഷൻ കാലത്ത് അന്ധവിശ്വാസങ്ങളെപ്പോറ്റുന്ന ജനാധിപത്യത്തിന്റെ പിണിയാളുകൾ, പണമാണ് ജനാധിപത്യം എന്ന് തെളിയിക്കുന്ന ഒരു കൂട്ടം താരപ്രഭകൾ ഇവരെയെല്ലാം ബാബുക്കുട്ടന്റെ ശ്രവണപേടകം നരസിംഹം ഹിരണ്യകശിപുവിനെ എന്നപോൽ വലിച്ചുകീറി പുറത്തിട്ട് വായനക്കാർക്ക് സംഭ്രമാത്മക സത്യങ്ങൾ വെളിപ്പെടുത്തുമ്പോൾ പ്രതിഷേധങ്ങളുടെ കുടൽമാല കഴുത്തിലണിഞ്ഞത് കഥാകാരൻതന്നെ.

ഋണാത്മകതയുടെ ഒരു ലോകം മുഴുവൻ ബാബുക്കുട്ടനു മുമ്പിൽ നീണ്ടു നിവർന്ന ഒച്ചകളാകുമ്പോൾ പ്രകൃതി സമ്മാനിച്ച മൃദുവും ലളിതവും സൗന്ദര്യാത്മകവുമായ സ്പന്ദനങ്ങളൊന്നും ആ ശ്രവണ പേടകത്തിന് പിടിച്ചെടുക്കാനാകുന്നില്ല. ഒരു പൂവിരിയുന്നതിന്റെ ഒച്ച, വൃക്ഷത്തടിയിൽ വെള്ളം സഞ്ചരിക്കുന്ന ഒച്ച, വൃക്ഷത്തെ പുണരുന്ന വള്ളിച്ചെടിയുടെ സീൽക്കാരത്തിന്റെ ഒച്ച ,ഇഷ്ടപ്രണയത്തിന്റെ ഒച്ച, തൂവൽ പൊഴിയുന്ന ഒച്ച – ഒന്നും അയാളിൽ എത്തുന്നില്ല. ആനന്ദത്തോടെ ജീവിക്കേണ്ടുന്ന ഭൂമി നശിപ്പിക്കുന്ന മനുഷ്യന്റെ അനാവശ്യ തേർവാഴ്ചകളിൽ അയാൾക്ക് ഭൂമിയിലെ സ്വാസ്ഥ്യ ജീവിതംതന്നെ ഇല്ലാതാകുന്നു. മനുഷ്യന്റെ ദുരന്ത പരിണാമംമാത്രം ആർത്തലച്ച് ഉള്ളിലെത്തിക്കുന്ന ശ്രവണപേടകത്തെ വലിച്ചെറിഞ്ഞ് ബാബുക്കുട്ടൻ നിത്യജീവിതത്തിന്റെ അശാന്തികളിൽനിന്ന് രക്ഷപ്പെടുന്നു. ചുറ്റുമുള്ള അനേകരുടെ ഒച്ചയിൽ നിന്ന് അവനവനിലേക്കും പ്രകൃതിയിലേക്കുമുള്ള ഒരു മടക്കം അങ്ങനെ ഭംഗിയായി,അനുസ്യൂതമായി, വിശ്വാസ്യതയോടെ കഥാകാരൻ ആവിഷ്കരിക്കുന്നു.

Read Also  വീണ്ടും കഥകളുടെ വസന്തകാലത്തിലേക്ക് മടങ്ങാം

മനോഹരമായ ഭാഷയിൽ നിർമ്മിച്ച ചിത്രസമാന പ്രയോഗങ്ങൾ ബാ കഥയെ ത്രിമാനാനുഭവമാക്കുന്നു. ‘എരിപ്പാട മേൽമീശ’യാക്കുന്ന ബില്ലിയാന്റെ കഞ്ഞികുടി , ഓർമ്മയിലെയും പ്രകൃതിയിലേയും ഒച്ചയും ഗന്ധവും തിരയുന്ന സോഫിയയുടെ സംഭാഷണങ്ങൾ, അടിസ്ഥാന വർഗ്ഗത്തിന്റെ അദ്ധ്വാനത്തെ മറന്നുപോകുന്ന മീൻകാരന്റെ ജനാധിപത്യനിഷേധമണിയടികൾ…… അങ്ങനെ കേൾക്കുന്നതും കേൾക്കാത്തതുമായ നൂറായിരം ഒച്ചകളുടെ അന്തരാർത്ഥങ്ങൾ കേൾപ്പിക്കാൻ വായനക്കാരുടെ മനസ്സിന്റെ കാതുകളിലേക്ക് കഥാകാരൻ തിരുകിയ ശ്രവണപേടകമായി ഈ കഥ.

സെന്റ് പീറ്റേഴ്സ്ബർഗിന്റെ ശേഷിപ്പുകൾ ( ചന്ദ്രിക ആഴ്ചപ്പതിപ്പ്)
……………………………….
ശ്രീ.തോമസ് ചെറിയാന്റെ സെന്റ് പീറ്റേഴ്സ് ബർഗിലെ ശേഷിപ്പുകൾ എന്ന കഥ പ്രവാസ ജീവിതത്തിന്റെ നൊമ്പരവും അമ്പരപ്പും കപട മുഖവും ഒരേ സമയം അനുഭവിപ്പിക്കുന്ന കഥയാണ്. അന്യനാട്ടിൽ ജീവിത സ്വപ്നങ്ങൾ പൂവണിയിക്കാനായി ആത്മാഭിമാനം അടിയറ വച്ച് പണിയെടുക്കുന്നവരുടെ ജീവിത സന്ത്രാസങ്ങളെ ഒപ്പിയെടുത്ത ഡെസ്മണ്ട് എന്ന കാർ ഡ്രൈവറുടെ യാത്രകളിലൂടെ കയറിയിറങ്ങുന്ന കുറേ ജീവിതങ്ങളുടെ രസതന്ത്രങ്ങൾകൂടെ കഥയിൽ അനാവൃതമാകുന്നു.

തന്റെ കാറിൽ കയറുന്ന യാത്രികരുടെ ലക്ഷ്യസ്ഥാനത്തിറങ്ങുന്നതുവരെയുള്ള ചലനങ്ങളിലൂടെ പല ജീവിതങ്ങളുടേയും ആന്തരികതകളെ വ്യവഛേദിക്കാനും ആ ഇഴകളെ പിരിച്ചുചേർത്ത് കഥയുടെ കണ്ണികൾ വിളക്കി മുന്നോട്ടു പോകാനും കഥാകാരൻ കഠിന പരിശ്രമം നടത്തിയിട്ടുണ്ട്.
തന്റെ വാഹനത്തിൽ കയറിയ മിക്കവരുടേയും ജീവിതങ്ങളിൽ അത്യന്താധുനിക നഗരവത്കരണവത്കരണങ്ങളുടെ പൊള്ളത്തരങ്ങൾ ഡെസ്മണ്ട് ദർശിക്കുന്നു. പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ പ്രവാസിക്കനുകൂലമാവാത്ത നിയമക്കുരുക്കുകളിൽപ്പെട്ട് പണവും മാനവും നഷ്ടപ്പെടുന്ന ആ കാർ ഡ്രൈവർ പ്രവാസ ജീവിതത്തിന്റെ പരിഛേദം തന്നെയാകുന്നു. വാഹനത്തിൽ കയറുന്നവർ പണമോ ലൈംഗികതയോ ഒക്കെത്തരുന്ന താല്ക്കാലിക സുഖത്തിനു പിന്നാലെ സഞ്ചരിക്കുന്നവരാണ്. അക്കൂട്ടത്തിൽ വേശ്യാവൃത്തി ചെയ്യുന്നവളെങ്കിലും സ്വഭാവവൃത്തി പുലർത്തുന്നവളായി അയാൾ ദർശിക്കുന്ന അന്ന എന്ന റഷ്യൻ വനിത അവസാന ട്വിസ്റ്റ് വരെ നമുക്കും അഭിമതയാണ്.

എല്ലാ പ്രവാസികളുടേയും കുടുംബാംഗങ്ങളെപ്പോലെ അയാളിൽ ജീവിത പ്രതീക്ഷ പുലർത്തി മുന്നോട്ടു പോകുന്ന അമ്മയെ തൃപ്തിപ്പെടുത്താനായി പണം സ്വരൂപിക്കാൻ വല്ലാതെ പണിയെടുക്കുന്നുവെങ്കിലും ലക്ഷ്യം കാണാനാവാതെ അവരിൽനിന്ന് അകന്നു നിൽക്കുന്നത് സ്നേഹക്കുറവാലല്ലാ. ചതിയുടെയും വഞ്ചനയുടെയും പ്രലോഭനങ്ങളുടേയും മാത്രമായ ആ ലോകത്ത് ശരിയും തെറ്റുമില്ലാ. പണം നേടാനുള്ള ആർത്തി മാത്രം. സമ്പാദിക്കുന്നവർ സമ്പാദിക്കുന്നു. ഇല്ലാത്തവർക്ക് ഒന്നുമില്ല എന്നതാണ് അവസ്ഥ.

അന്ന എന്ന പ്രലോഭനത്തിൽ അടിതെറ്റി വീണുപോകുന്ന അയാൾ തന്റെ ഏകാകിത്വത്തിന് മറുമരുന്നായി അന്നയെ കാണുന്നത് സ്വാഭാവികംതന്നെ.
അമ്മയ്ക്ക് ആവശ്യമായ പണം സ്വരുക്കൂട്ടി അയയ്ക്കാനൊരുമ്പെടുമ്പോൾ വായനക്കാരെയും കഥാനായകനെയും അപ്രതീക്ഷിതമായ കഥാന്ത്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കഥാകാരൻ ഞെട്ടിക്കുന്നു. അന്നയുടെ കപടമുഖം അടർന്നുവീഴുന്നതോടൊപ്പം അത്യന്താധുനിക ജീവിതത്തിൽ മാനുഷികമൂല്യങ്ങൾക്കുണ്ടാകുന്ന തകർച്ചയുടെ പാരമ്യംകൂടെ നമ്മൾ തിരിച്ചറിയുന്നു. സുഖഭോഗത്തിനും പണത്തിനും പിന്നാലെ പായുന്ന മനുഷ്യത്വം രാക്ഷസീയതയ്ക്ക് വഴിമാറുമ്പോൾ മനുഷ്യത്വത്തിന്റെ അവസാനകണികയെങ്കിലും ബാക്കിയുണ്ടായിരുന്ന ഡെസ്മണ്ട് തിൻമകളുടെ ഇരയായി ദിക്കും ദിശയുമറിയാത്ത ഇരുട്ടിൽ മൃതപ്രായനായി കിടക്കുന്നു.
പ്രവാസ ജീവിതത്തിന്റെ യാതനകളും കഠിന പ്രതിസന്ധികളും പല രൂപത്തിൽ പരിചയപ്പെട്ടിട്ടുള്ള കഥാസാഹിത്യത്തിൽ പ്രമേയത്തെ ഉരുക്കിയൊഴിച്ചിരിക്കുന്ന അച്ചിന്റെ വ്യത്യസ്തത കൊണ്ടാണ് ഈ കഥ ശ്രദ്ധേയമാകുന്നത്.

ആദ്യഭാഗത്ത് അല്പം സ്ഥൂലതയും ഇഴച്ചിലും വായനക്കാർക്ക് അനുഭവപ്പെടാമെങ്കിലും മദ്ധ്യഭാഗത്തിനുശേഷം മിന്നൽ വേഗത്തിൽ ആകർഷകമായി മുന്നേറുന്ന കഥ, അന്ത്യത്തിലെത്തുമ്പോൾ വായനക്കാരുടെ ചിന്തകളെ തകിടം മറിച്ചുകൊണ്ട് കഥാകാരന്റെ കഥാലക്ഷ്യത്തിൽവന്ന് ഫോട്ടോഫിനിഷിംഗ് നടത്തുന്നു. അവധാനതയോടെ മുന്നേറിയാൽ ഒരു മികച്ച കഥാകാരനെ വായിക്കാനുള്ള അവസരം അനുവാചകർക്കുണ്ടാകുമെന്ന് പറയട്ടേ.

Read Also  ഹിന്ദുസ്ഥാനി  മുസൽമാൻ  ; പൗരത്വ നിയമത്തിനെതിരെ ഹുസ്സൈൻ ഹൈദരിയുടെ പ്രശസ്തമായ കവിത

തീറ്റ ( ശാന്തം മാസിക)
…………………….
കെ.എസ്.രതീഷിന്റെ ‘തീറ്റ’ എന്ന കഥയിൽ വിശപ്പിനുള്ള ഭക്ഷണത്തിന്റെ രുചിഭേദങ്ങളെ മറികടന്ന് മനുഷ്യമനസ്സിന്റെ വിശപ്പുകളെത്തേടി സഞ്ചരിക്കുന്ന കാഴ്ചയാണ് വായനക്കാർക്ക് സമ്മാനിക്കുന്നത്.ഭക്ഷണം എന്നത് ഓർമ്മകളുടെകൂടെ രുചിഭേദങ്ങളാണ് എന്ന് ഓർമ്മിപ്പിക്കുന്ന രചന.

നാട്ടിൽപുറങ്ങളിലെ പേരുപോലും അന്യമായ സാദാ ഹോട്ടലുകൾ ഒരു കാലത്ത് നാട്ടിന്റെതന്നെ സ്പന്ദനവും രുചിക്കൊപ്പം കരുതലും സ്നേഹവും വിളമ്പുന്നിടവും കൂടെയായിരുന്നു. നാട്ടിൻപുറത്തുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകാൻകൂടെപ്പോരുന്ന സ്നേഹ സംരക്ഷണങ്ങൾ കിട്ടുന്നിടം. അങ്ങനൊരു മൂപ്പലോട്ടലിന്റെ കഥയിലൂടെ ഇഴപിരിക്കാനാവാത്ത സ്നേഹബന്ധങ്ങളുടെ ഇരിപ്പിടമായ നാട്ടിൻപുറഹോട്ടലിൽനിന്ന് ‘രുചി ഓൺ വീൽസ്’ എന്ന പുത്തൻ സംസ്കാരത്തിലേക്ക് ചേക്കേറിയ മനുഷ്യന്റെ രുചിഭേദങ്ങളുടെ കഥകൂടെയാണ് കഥാകാരൻ പറയുന്നത്.

അമ്മ മരിച്ചപ്പോൾ അച്ഛന്റെ വിരലിൽത്തൂങ്ങി വിശപ്പിനുള്ള ഭക്ഷണം തേടി മൂപ്പരോട്ടലിൽ എത്തുന്ന കഥാനായകന് മൂപ്പരോട്ടൽ അമ്മ സ്‌നേഹത്തിന്റെ രുചിയും മണവും തന്നെയായിരുന്നു. വിവാഹം കഴിക്കുന്നതുവരെ അച്ഛനോടുള്ള കടമയായി, അമ്മയുടെ നിറവാത്സല്യമായി സ്നേഹം ഊട്ടിയ മൂപ്പരോട്ടലിലേക്കു പോകാനുള്ള വീട്ടുവഴി മാഞ്ഞു പോയിട്ടും ആ ഓർമ്മകൾ കറുപ്പിലും വെളുപ്പിലും വരച്ച ചിത്രങ്ങളായി അയാളുടെ വൈകാരികതയിൽ പടർന്നുപന്തലിച്ചുകിടപ്പുണ്ട്.

എന്നാൽ കാലത്തിന്റെ മാറ്റങ്ങളിൽ മൂപ്പരോട്ടലിലെ രുചികൾ അപ്രസക്തമാകുകയും പുത്തൻ തീറ്റസംസ്കാരം ബൈക്കിലെത്തി പിസയും ബർഗറുമൊക്കെയായി വീട്ടുകാരെ കൈയടക്കുമ്പോൾ മനംപിരട്ടലോടെ അതിനോട് പൊരുത്തപ്പെടാതെ നിൽക്കാനേ അയാൾക്കാവുന്നുള്ളു.
കുഞ്ഞിന്റെ പിറന്നാൾസദ്യയ്ക്ക് രുചി ഓൺ വീൽസിലെ ഭക്ഷണമെത്തിച്ച് അച്ഛനമ്മമാരുമായുള്ള പുനഃസമാഗമം ആഘോഷിക്കുന്ന ആ കൊച്ചുവീടിന്റെ മുറ്റത്ത് അടിപിടി നടത്തുന്നത് മൂപ്പരും സെബാനുമല്ലാ രണ്ട് ഭക്ഷണ സംസ്കാരങ്ങളാണ്.സെബാൻ ജയിക്കുന്നിടത്ത് ഭക്ഷണത്തിന്റെ ഡോർ ടു ഡോർ ഡെലിവറികൂടെ വിജയിക്കുന്നത് കഥാകാരൻ ഭംഗിയായി ആവിഷ്കരിക്കുന്നു. ജീവിക്കാൻ കാലത്തിനൊപ്പം കോലം കെട്ടണമെന്ന തിരിച്ചറിവിൽ മൂപ്പരോട്ടലിന് താഴിട്ട് നഗരത്തിലെ രുചികളെ നാട്ടിലെത്തിക്കാൻ ചക്രം പിടിപ്പിച്ച ഹോട്ടലായി മൂപ്പരും പായാൻ തുടങ്ങുന്നിടത്ത് കഥയവസാനിക്കുന്നു.

പേര് പര്യായങ്ങളായാലും രുചിയും സംസ്കാരവും ഒന്നാവാൻ സാദ്ധ്യമല്ലെന്ന് പത്മ, ജലജ എന്നിവരിലൂടെ അമ്മയും, രണ്ടാനമ്മയും വെളിപ്പെടുത്തുന്നിടത്തുതന്നെ കഥയുടെ താക്കോൽ കിടപ്പുണ്ട്. നമ്മുടെ വൈകാരികതകളിൽ നഗര സംസ്കാരത്തിന്റെ കടന്നുകയറ്റങ്ങൾ ആഹ്ലാദമായെത്തുമ്പോൾ വേരുകൾ മറക്കാനാവാത്തവർക്കും മനംപിരട്ടലോടെയെങ്കിലും അത് സ്വീകരിക്കാതെ വയ്യാ എന്ന് കഥാകാരൻ അടിവരയിടുമ്പോൾ ഭക്ഷണമെന്നത് സംസ്കാരമാകുന്നതെങ്ങനെയെന്നും കാലത്തിന്റെ മാറ്റങ്ങൾ ഭക്ഷണത്തിന്റെ രൂപത്തിലും രുചിയിലും വിപണന ത്തിലും വരുത്തിയ ക്രയവിക്രയതന്ത്രങ്ങളെന്തെന്നും വരികൾക്കിടയിലൂടെ നാം വായിക്കുന്നു.

മരിച്ചു പോയ സാറിന്റെ പറ്റിലെഴുതി ഭക്ഷണം കൊടുത്തിരുന്ന മൂപ്പരോട്ടലിന്റെ ഹൃദയവായ്പിൽനിന്ന് ബിൽത്തുക അടച്ച് വീട്ടിന്നുള്ളിലിരുന്നു തന്നെ ഭക്ഷണം വാങ്ങുന്ന കാലത്തിന്റെ മാറ്റങ്ങളിലേക്കുള്ള യാത്രയിൽ ‘മുടക്കം’ എന്ന് നാം ബോർഡ് തൂക്കുന്നത് നൻമയുടെ നാട്ടുവഴികളിലുംകൂടെയാണ് എന്ന് കഥാകാരൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.പ്രമേയത്തിലെ വ്യത്യസ്തതയും, ഭാഷയിലെ മനോഹര സാധ്യതകൾ കൊണ്ടും അനുവാചകന്റെ ഹൃദയത്തിൽ കയറിപ്പറ്റിയ കഥയാവുന്നു ‘തീറ്റ’.

കാലത്തിന്റെ കോലം കെട്ടലിനോടുള്ള അടങ്ങാത്ത പ്രതിഷേധസ്വരം കൂടെയാവാൻ മൂന്നു കഥകൾക്കും കഴിഞ്ഞിട്ടുണ്ട്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here