Wednesday, January 19

പാത്ത് ഓഫ് ബ്ലഡ്: തിന്മയുടെ പഠനം – അല്‍ ഖ്വയിദ വീഡിയോ ഫുട്ടേജ് ഉപയോഗിച്ചതിനെ ന്യായീകരിച്ച് സംവിധായകന്‍ ജോനാതന്‍ ഹാക്കെര്‍

തന്‍റെ ഡോക്യുമെന്‍ററിയായ പാത്ത് ഓഫ് ബ്ലഡില്‍ അല്‍ ഖ്വയിദ തീവ്രവാദികള്‍ ഷൂട്ട് ചെയ്ത വീഡിയോ ഫുട്ടേജ് ഉപയോഗിച്ചതിനെ ന്യായീകരിച്ചുകൊണ്ട് സംവിധായകന്‍ രംഗത്തെത്തി. 2006ല്‍ ബ്രിട്ടനിലെ ആദ്യ ആത്മഹത്യാബോംബുകളെപ്പറ്റി ഡോക്യുമെന്‍ററി ചെയ്ത ജോനാതന്‍ ഹാക്കെറുടെ പുതിയ ചിത്രമാണ് പാത്ത് ഓഫ് ബ്ലഡ്.

മരുഭൂമിയിലെ ജിഹാദി ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും സൗദി പട്ടാളം പിടിച്ചെടുത്ത അഞ്ഞൂറ് മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന വീഡിയോകളില്‍ നിന്നാണ് ഹാക്കെര്‍ ഫുട്ടേജ് ഉപയോഗിച്ചിട്ടുള്ളത്. തീവ്രവാദികളുടെ ഫുട്ടേജ് ഉപയോഗിച്ചതില്‍ എതിര്‍ത്തുവന്ന ജനാഭിപ്രായത്തിന് മറുപടിയായി ഹാക്കെര്‍ പറയുന്നത് ഇപ്രകാരമാണ്, തീവ്രവാദികളുടെ വിശ്വാസങ്ങളെയും മനോഘടനയെയും മനസ്സിലാക്കിയേ നമുക്ക് അവരോട് യുദ്ധം ചെയ്യാനാവൂ.

ഈ സിനിമയുടെ നിര്‍മ്മാണം ഒരു തീവ്രശ്രമമായിരുന്നു. ജല്പനങ്ങളും ഗ്രാമ്യഭാഷയും കഠിനമായ ഉച്ചാരണങ്ങളും നിറഞ്ഞ ഭാഷയെ വിവര്‍ത്തനം ചെയ്തെടുക്കാന്‍ അഞ്ചു മാസം വേണ്ടി വന്നു. കൈകളില്‍ ഇളകുന്ന ക്യാമറകള്‍കൊണ്ട് ഷൂട്ട് ചെയ്തിട്ടുള്ള ദൃശ്യങ്ങളില്‍, റിയാദിനടുത്തുള്ള ജനവാസകേന്ദ്രങ്ങളിലും സുരക്ഷാകേന്ദ്രങ്ങളിലും ഓയില്‍ റിഫൈനറികളിലും ആത്മഹത്യാ ബോംബാക്രമണം നടത്താനുള്ള ആസൂത്രണമാണുണ്ടായിരുന്നത്. തീവ്രവാദികള്‍ ചെറുപ്പക്കാരും നിഷ്കളങ്കരുമാണ്, അവരില്‍ പലരും ശുദ്ധമണ്ടന്മാരുമാണ്. എങ്കിലും തിന്മ ചെയ്യാനുള്ള അവരുടെ കരുത്ത് നിങ്ങള്‍ക്ക് ഈ വീഡിയോകളില്‍ കാണാം.

പാത്ത് ഓഫ് ബ്ലഡിലെ കാണികളെ അലട്ടുന്ന പല ഭാഗങ്ങളും തീവ്രവാദം സാധാരണമായിരുന്ന 2003 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലേതാണ്. ഫുട്ബാള്‍ കളിച്ചും മരുഭൂമിയില്‍ വാഹനമത്സരം നടത്തിയും അലസമായി കോഫി കുടിച്ചും ഇരിക്കുന്ന തീവ്രവാദികള്‍ പെട്ടെന്ന് മുന്നിലെത്തുന്ന വാഹനങ്ങളില്‍ കേറി പ്രവര്‍ത്തനത്തിന് പോകുന്നത് കാണാം.

ഇത്തരം ദൃശ്യങ്ങളെ ഒരു നാടകീയസിനിമയില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ഇത് സത്യമല്ലെന്ന് കാണികള്‍ പറയും. അമേരിക്കന്‍ ബന്ദിയായ പോള്‍ മാര്‍ഷല്‍ ജോണ്‍സനെ വായ് മൂടി കെട്ടിയിട്ട് അടിക്കുന്ന ഭയാനകദൃശ്യം സിനിമയിലെ പ്രധാന സംഭവമാണ്. സൗദി അറേബ്യയിലെ അപ്പാച്ച ഹെലികോപ്ടേഴ്സില്‍ എഞ്ചിനീയറായിരുന്ന ജോണ്‍സനെ 2004 പിടിച്ചുകൊണ്ടുപോയി ക്രൂരമായി വധിക്കുന്ന ദൃശ്യം തന്നെ അങ്ങേയറ്റം പീഡിപ്പിക്കുന്നതായിരുന്നുവെന്ന് പറയുന്ന ഹാക്കെര്‍ തന്‍റെ സിനിമ തീവ്രവാദികളുടെ മാനസികഘടന തുറന്നു കാട്ടുന്നതാണെന്നും പറയുന്നു. ചിത്രം ജൂലൈ 13ന് തിയേറ്ററിലെത്തുകയാണ്.

Spread the love