Sunday, November 29

പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐക്ക് വിട്ടു ; അന്വേഷണത്തിൽ രാഷ്ട്രീയചായ് വെന്ന് ഹൈക്കോടതി

വിവാദമായ പെരിയ ഇരട്ടക്കൊല കേസിലെ അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടു. നേരത്തെ കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി നിരീക്ഷിച്ചു

ഏറെ രാഷ്ട്രീയകോളിളക്കമുണ്ടാക്കിയ പെരിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്, കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയത്.

ബന്ധുക്കളെയല്ല പകരം പ്രതികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടത്. ഇതിൽ രാഷ്ട്രീയചായ്വ് പ്രകടമാണു. കൊല്ലപ്പെട്ടയാൾക്കുവേണ്ടി സാക്ഷികള്‍ പറഞ്ഞ കാര്യങ്ങള്‍ക്കു വേണ്ടത്ര പ്രാധാന്യം പൊലീസ് കല്‍പ്പിച്ചിട്ടില്ല. ഫൊറന്‍സിക് സര്‍ജന്റെ മൊഴി പൊലീസ് യഥാസമയം രേഖപ്പെടുത്തിയിട്ടുമില്ല. ഈ കുറ്റപത്രം വച്ചുകൊണ്ടു വിചാരണ നടത്തിയാല്‍ ഒരാള്‍ പോലും ശിക്ഷിക്കപ്പെടില്ലെന്ന കോടതി നിരീക്ഷിച്ചു.

കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ നേരെ പോയത് സിപിഎം ഓഫിസിലേക്കാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയോയെന്ന് കോടതി ആരാഞ്ഞു. രാഷ്ട്രീയ കൊലപാതകമാണ് നടന്നതെന്ന എഫ്‌ഐആറില്‍ തന്നെ വ്യക്തമാണ്. സിപിഎമ്മിന് ഇതിലുള്ള പങ്ക് തള്ളിക്കളയാനാവില്ല. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി കുറ്റപ്പെടുത്തി.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  പോലീസിൽ വിശ്വാസമില്ല, കേസ് സി ബി ഐക്ക് വിടണമെന്ന് കൃപേഷിൻ്റെ പിതാവ്

Leave a Reply