യൂത്ത് കോണ്‍ഗ്രസുകാരായ ശരത് ലാൽ , കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി അടക്കം രണ്ടുപേര്‍ അറസ്റ്റിലായി . ഏരിയാ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ച കേസിനാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഉച്ച കഴിഞ്ഞ് ഇരുവർക്കും ഉപാധികളോടെ ജാമ്യം ലഭിച്ചു. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം നല്‍കിയത്. 25000 രൂപ കെട്ടിവയ്ക്കണം. രണ്ട് ആൾ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നിൽ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. കൊലയ്ക്കുശേഷം പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ നശിപ്പിക്കാനുൾപെടെയുള്ള കാര്യങ്ങൾ ചെയ്തതു മണികണ്ഠന്റെ നിർദേശപ്രകാരമാണെന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കല്യോട്ട് വെച്ചുണ്ടായ കൊലപാതകത്തിനു ശേഷം പ്രതികള്‍ ഉദുമയ്ക്കടുത്തുള്ള വെളുത്തോളിയില്‍ എത്തുകയും ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനുമായി ബന്ധപ്പെടുകയും ചെയ്തു എന്നാണ് വ്യക്തമായിരിക്കുന്നത്. .

പെരിയ കൊലപാതകം സംബന്ധിച്ച കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

കല്യോട്ട് സ്കൂൾ–ഏച്ചിലടുക്കം റോഡിൽ കാറിലെത്തിയ സംഘമാണു തടഞ്ഞു നിർത്തി ആക്രമിച്ചത്. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ശരത് ലാലിനും ശരീരമാസകലം വെട്ടേറ്റിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്. സമീപത്തെ ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു കൃപേഷും ശരതും.

ഇരട്ടക്കൊലപാതകത്തെ തുടർന്നു രാത്രി കല്യോട്ട് വ്യാപക അക്രമമാണ് ഉണ്ടായത്. സിപിഎം ഓഫിസ് തകർക്കുകയും സിപിഎം അനുഭാവികളുടെ വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. സിപിഎം – കോൺഗ്രസ് സംഘർഷം നിലനിന്നിരുന്ന കല്യോട്ട് സാഹചര്യം സാധാരണ നിലയിലേക്കു തിരിച്ചുവരുന്നതിനിടെയായിരുന്നു നാടിനെ ഞെട്ടിച്ച് യുവാക്കളുടെ കൊലപാതകം. .

കൊലപാതകത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കോൺഗ്രസ്സ് നേതൃത്വം പരാതി ഉന്നയിച്ചിരുന്നു.  പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം ശരിയായ രീതിയിലല്ലെന്നും കേസ്  സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മേയ് 25ന് പരിഗണിക്കുന്നുണ്ട്. ഇതിനു മുന്‍പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. ഇതിന്റെ അവസാനഭാഗമായാണ് ഇപ്പോള്‍ പ്രതികളുടെ അറസ്റ്റിലേയ്ക്ക് നീങ്ങിയിരിക്കുന്നതെന്നാണ് സൂചന.

മെയ് 13 ആം തീയതി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പെരിയയിലെ ഇരട്ടക്കൊലപാതകം കോൺഗ്രസ് മുഖ്യപ്രാചാരണ വിഷയമാക്കിയിരുന്നു

..

Read Also  സി പി എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here