Tuesday, August 4

രചനപരമായ മികവിനപ്പുറം ഒരു സാഹിത്യകാരൻ്റെ പൊതു ജീവിതം കൂടി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട് ; വി കെ അജിത്കുമാർ എഴുതുന്നു

”ഞാനൊരു എഴുത്തുകാരനാണ് എന്റെ വേരുകൾ ടോൾസ്റ്റോയിയിലാണ് ; എന്റെ വേരുകൾ ഹോമറിലും സെർവാന്റസ്സിലുമാണ്. എന്നെ സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കുക എന്നോട് ഇത്തരം ചോദ്യങ്ങൾ ഇനി ചോദിക്കാതിരിക്കുക.” സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഇത്തവണ ലഭിച്ച ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെ നിരന്തരമായി അദ്ദേഹത്തെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന വർത്തലേഖകന്മാർക്കു നൽകിയ മറുപടിയാണിത്. ”എന്റെ സാഹിത്യകൃതികളെക്കുറിച്ചല്ല നിങ്ങൾക്കറിയേണ്ടത് മറിച്ചു ഒരു വിഷയത്തിൽ ഞാൻ നടത്തിയ പ്രതികരണത്തെപ്പറ്റിയുള്ള പ്രതികരണമാണ് നിങ്ങൾക്കിപ്പോൾ ആവശ്യം.” ഹാൻഡ്കെ തുടർന്ന് പ്രതികരിക്കുന്നു.

ബോസ്നിയൻ ജർമൻ എഴുത്തുകാരനും 2019 ലെ ജർമൻ ബുക്ക് പ്രൈസ് അവാർഡ് ജേതാവുമായ സെസ സ്റ്റാനിസിക് കഴിഞ്ഞ ദിവസം ഫ്രാങ്ക് ഫർട്ടിൽ വച്ച് ഹാൻഡ്കെ യുടെ നോബൽ പുരസ്കാരത്തെ നിശിതമായി വിമർശിച്ചിരുന്നു. യാഥാർഥ്യത്തെ കളവാക്കിമാറ്റുകയായിരുന്നു ഹാൻഡിക്കെ അദ്ദേഹത്തിന്റെ രചനകളിലൂടെ എന്നാണ് സെസ സ്റ്റാനിസിക് പറയുന്നത്. സ്വന്തം അനുഭവങ്ങളിൽ നിന്നാണിങ്ങനെ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഹാൻഡ്കെയ്ക്കു ലഭ്യമായ നോബൽ പുരസ്കാരം ജർമനിയെ വീണ്ടും വിഭജിക്കുകയാണെന്ന അഭിപ്രായം പോലും ഉരുത്തിരിയുന്നതിനു കാരണമാകുന്നു. ഗ്രീൻ പാർട്ടിയുടെ ജർമ്മൻ പാർലമെന്ററി നേതാവ് ഫ്രിറ്റ്സ് കൂൺ നടത്തിയ പ്രതികരണം തന്നെ ഇതാണ് വ്യക്തമാക്കുന്നത്. ഹെൻഡ്കെയെ ആദരിക്കുന്നതു തന്നെ നോബൽ പുരസ്‌കാര സമിതി കോഴവാങ്ങിയിട്ടുണ്ടോ എന്ന സംശയമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല അത് സ്ലോബോഡൻ മിലോസെവിക്കിന്റെ കൂട്ടക്കുരുതിയ്ക്കിരയായവരുടെ മുഖത്തടിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറയുന്നു. 64000 ഡോളർ ഈ പുരസ്‌കാരത്തിനായി നൽകുന്ന ഡിസൽഡോർഫ് നഗരസമിതിയോടു അദ്ദേഹം പറയുന്നത് നോബൽ സമിതിയോട് ഈ തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടണമെന്നാണ് .
പീറ്റർ ഹാൻഡ്കെ അദ്ദേഹത്തിന്റെ രചനകളിൽ സത്യങ്ങളെ വെളിപ്പെടുത്തുവാനാണ് ശ്രമിക്കുന്നതെന്നും പൊതു അഭിപ്രായങ്ങൾ പിന്തള്ളിക്കൊണ്ട് കാവ്യാത്മക കാഴ്ചപ്പാടിലൂടെ അദ്ദേഹം പലതും വെളിപ്പെടുത്തുകയാണെന്നും നോബൽസമിതി വിലയിരുത്തുന്നു. പക്ഷെ ജൂറിയുടെ തീരുമാനം ഏകകണ്ഠമല്ല എന്നാണ് അറിയുന്നത്. മുൻ ബെർലിൻ കൾച്ചറൽ സെനറ്റർ കൂടിയായിരുന്ന ആംഗല മെർക്കലും മറ്റൊരു അംഗമായ ക്രിസ്റ്റോപ് സ്ട്രോൾസും ഈ തീരുമാനത്തെ അപ്പോൾ തന്നെ എതിർത്തിരുന്നു.

ഹാൻഡ്കെയുടെ രാഷ്ട്രീയ നിലപാടുകളിലാണ് ഇത്തരം ആരോപണങ്ങൾ അദ്ദേഹത്തെ തേടിവരുന്നത്. അതുനോബൽ സമിതിയുടെ വിശ്വാസ്യതയെ തന്നെ തകിടം മറിക്കുന്ന നിലയിലാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. ഒരുപക്ഷെ പഴയ സോവിയറ്റ് റഷ്യൻ ഭരണകാലങ്ങളിലോ മറ്റോ ഉണ്ടായിരുന്ന നോബൽ സാഹിത്യ പ്രതിഷേധങ്ങൾക്കു ശേഷം ഇപ്പോഴാണ് ലോക സാഹിത്യരംഗം അതിന്റെ ഭൂരിപക്ഷ രാഷ്ട്രീയം ശക്തിയായി പുറത്തെടുക്കുന്നത്.
രചനപരമായ മികവുകൾക്കപ്പുറം ഒരു സാഹിത്യകാരന്റെ പൊതു ജീവിതം കൂടി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട് എന്ന തിരിച്ചറിവുകൂടിയാണ് ഇപ്പോൾ ഈ വിവാദത്തിലൂടെ വെളിപ്പെടുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  മരണസംഖ്യ ഉയരില്ല അകലം തന്നെയാണ് ചെറുത്ത് നിൽപ്പിനാവശ്യം ചൈനയിലെ കൊറോണ മരണസംഖ്യ കൃത്യമായി നിഗമനം നടത്തിയ നോബൽ ശാസ്ത്രജ്ഞൻ

Leave a Reply